മനസിലാകാത്ത ഒരേയൊരു കാര്യം,
എങ്ങിനെയൊക്കെയോ പറഞ്ഞുഫലിപ്പിച്ച ഒരു സിദ്ധാന്തം, ധാരണ തന്നെ.
(അബദ്ധസിദ്ധാന്തമെന്നും അബദ്ധധാരണയെന്നും വേണമെങ്കിൽ പറയാം).
പണ്ട് പണ്ടൊരു കാലത്ത്....
ഓർക്കണം, ഒന്നും ഒരു സൗകര്യവും പുരോഗതിയും വിനിമയരീതികളും ഇല്ലാതിരുന്ന കാലത്ത്...
ആര്യന്മാർ എന്നൊരു സുസംഘടിത വിഭാഗം കൃത്യമായ അർഥത്തിൽ ഗൂഢമായ പദ്ധതികളുമായി മദ്ധ്യേഷ്യയിൽ ഉണ്ടായിരുന്നു.
മദ്ധ്യേഷ്യയിൽ തന്നെ.
ഇങ്ങിവിടെ ഇന്ത്യ എന്ന ഒരു രാജ്യവും ഇതേ പേരിലും ഭൂമിശാസ്ത്രത്തിലും, ഇന്ന് മനസിലാക്കുന്നത് പോലെ തന്നെ, കൃത്യമായ അർത്ഥത്തിൽ ഉണ്ടായിരുന്നു.
ആ ഇന്ത്യയിൽ ദ്രാവിഡരെന്ന ഒരേയൊരു വിഭാഗം മാത്രം വേറൊരർത്ഥത്തിൽ കൃത്യമായ സുസംഘടിത വിഭാഗമായി ഉണ്ടായിരുന്നു.
ആര്യന്മാർ കുടിലബുദ്ധി ഉള്ളവരും ദ്രാവിഡൻമാർ പാവങ്ങളും ശുദ്ധന്മാരുമായിരുന്നു.
ആര്യന്മാർ ബോധപൂവ്വം ദുരുദ്ദേശത്തോടെ കൂടിയാലോചന നടത്തി, പദ്ധതിയിട്ടു.
ഇന്ത്യയിൽ അധിനിവേശം നടത്തണം, ദ്രാവിഡൻമാരെ നശിപ്പിക്കണം.
മേൽ പറഞ്ഞത് പോലെ കൃത്യമായ പ്ലാനും പദ്ധതിയുമായി ആര്യന്മാർ ഇന്ത്യയിൽ വന്നു, അധിനിവേശം നടത്തി. ദ്രാവിഡരെ കീഴ്പ്പെടുത്തി, കീഴാളരാക്കി.
ഇതൊക്കെ വിശ്വസിക്കണം.
കണ്ടത് പോലെയും, കണ്ടവൻ പറഞ്ഞത് കേട്ട പോലെയും വിശ്വസിക്കണം.
ഏതായിരുന്നു കാലം?
അക്കാലത്ത് മനുഷ്യൻ എങ്ങനെയൊക്കെ ജീവിച്ചവരായിരുന്നു?
എന്നതൊന്നും അന്വേഷിക്കരുത്, ചിന്തിക്കരുത്.
ഇന്ന് ഈ കാലത്തെ ലോകത്തെ നാം മനസിലാക്കുന്നത് പോലെ തന്നെ അന്ന് ആ കാലത്തെ ലോകത്തെ നാം മനസിലാക്കിക്കൊള്ളണം.
ആര്യന്മാർ സംഘടിതമായ ആസൂത്രണവും കൂടിയാലോചനയും പദ്ധതിയും വെച്ച് തന്നെ അധിനിവേശം നടത്തി എന്ന് വിശ്വസിക്കണം.
അതിന് മാത്രം വിനിമയങ്ങളും ആലോചനകളും പദ്ധതികളും നടക്കുന്ന കാലമായിരുന്നു പണ്ട് പണ്ടെന്നും വിശ്വസിക്കണം.
അല്ലാതെ മേയ്ച്ചും വേട്ടയാടിയും കൃഷിചെയ്തും ജീവിക്കാൻ കഷ്ടപ്പെട്ട ഏതെല്ലാമോ മനുഷ്യവിഭാഗങ്ങൾ അതിൻ്റെ ഭാഗമായി ജീവിക്കാൻ പറ്റിയ ഏതെല്ലാമോ സ്ഥലങ്ങളിലേക്ക് എങ്ങിനെയൊക്കെയോ പോയി, ചെന്നുപെട്ടു, ജീവിച്ചു എന്നൊന്നും മനസിലാക്കിപ്പോകരുത്.
യാദൃശ്ചികമായി എന്തൊക്കെയോ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ സംഭവിച്ചു എന്നും മനസ്സിലാക്കരുത്. അതിൽ ആര്യന്മാരെന്നും ദ്രാവിഡരെന്നും രണ്ട് വിഭാഗങ്ങൾ കൃത്യമായ അർത്ഥത്തിൽ വകതിരിച്ചില്ലെന്നും മനസിലാക്കിപ്പോകരുത്
സംഭവിച്ചതെല്ലാം എന്തൊക്കെയോ എങ്ങനെയൊക്കെയോ എവിടെയൊക്കെയോ സംഭവിച്ചു എന്നും മനസിലാക്കിപ്പോകരുത്.
എല്ലാറ്റിനും മുൻകൂട്ടി തയാറാക്കിയ എന്തൊക്കെയോ രേഖയും പദ്ധതിയും ഗൂഢതന്ത്രവും ഒക്കെ ഉണ്ടായിരുന്നു എന്ന് തന്നെ മനസിലാക്കണം.
അതും പണ്ട് പണ്ട്. വളരേ പണ്ട്.
ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യൻ്റെ ആദ്യകാലങ്ങളിൽ.
സംഭവിച്ചതെന്തെന്ന് എന്നതിന് കൃത്യമായ ചരിത്രരേഖയോ വിവരമോ തരാൻ ആരും ഒന്നും ഇല്ലെങ്കിലും നമ്മൾ ഇങ്ങനെയൊക്കെ തന്നെ മനസിലാക്കണം, വിശ്വസിക്കണം, പറഞ്ഞുപരത്തണം.
ആര്യന്മാർ ഇന്ത്യയിൽ അധിനിവേശം നടത്തി എന്ന് തന്നെ.
എങ്ങനെയൊക്കെയോ ആരൊക്കെയോ എവിടെയെല്ലാമോ വന്നുപെട്ടു ജീവിച്ചു എന്ന് മനസിലാക്കുന്നതിന് പകരം.
No comments:
Post a Comment