ഫുട്ബോൾ ലോകകപ്പ്...
ഫ്രാൻസ് തുടർച്ചയായി രണ്ട് നേടുമോ? 38ൽ ഇറ്റലിയും 62ൽ ബ്രസീലും ചെയ്തത് പോലെ. അതല്ലെങ്കിൽ കഴിഞ്ഞ 35 കളികൾ തുടർച്ചയായി തോൾക്കാതെ വരുന്ന അർജൻ്റീന 36 വർഷത്തെ അവരുടെ ലോകകപ്പ് കപ്പ് ദാരിദ്ര്യം തീർക്കുമോ? പിന്നെയും ഒരേറെ, ഇന്നോടെ കാണാം.
*****
എന്ത് പറയണം?
എന്തെങ്കിലും പറയട്ടെ...
പ്രത്യേകിച്ചും എല്ലാവരും എന്തൊക്കെയോ പറയുമ്പോൾ....
(ഈയുള്ളവൻ്റെ ടീം ബെൽജിയം, പിന്നെ ഹോളണ്ട്, പിന്നെയും പോയാൽ ഇംഗ്ലണ്ട്).
****
ഒരു പ്രത്യേകത ഈ കളിക്കും ലോകകപ്പിനും. അത് എപ്പോഴുമുള്ള പ്രത്യേകത കൂടി.
സ്വന്തം നാടായ ഇന്ത്യ ഈ കളിയിലും കപ്പിലും അടുത്തെവിടെയും ഇല്ലേയില്ല.
എന്നതിനാൽ എല്ലാ ഇന്ത്യക്കാർക്കും ഈ കളിയുടെയും കപ്പിൻ്റെയും കാര്യത്തിൽ മുഴുസ്വാതന്ത്ര്യം.
മുഴുവൻ ഇന്ത്യക്കാരുടെയും പിന്തുണയും ഇഷ്ടവും വെറുപ്പും ഒരുതരം ഭീതിയും വകതിരിവും ഇല്ലാതെ രാജ്യാതിർത്തിക്ക് പുറത്ത്, ഏതെല്ലാമോ രാജ്യങ്ങൾക്കും ടീമുകൾക്കും മാത്രമായി വീതിക്കപ്പെടുന്നു ഈ കളിയിൽ...
****
പിന്നെയും എപ്പോഴും തോന്നിയ ഒരു പ്രത്യേകത ഈ കളിക്ക്.
എല്ലാവരുടെയും സാമാന്യയുക്തിക്ക് എളുപ്പം വഴങ്ങുന്ന ഒരു കളി ഈ കളി.
അതുകൊണ്ട് തന്നെ ഭൂമിയിൽ എല്ലാ രാജ്യങ്ങളിലും ഒരുപൊലെ കളിക്കപ്പെടുന്ന, കാണപ്പെടുന്ന കളി ഈ കളി.
എവിടെനിന്നും എപ്പോഴും വളരേ കുറഞ്ഞ ചിലവിൽ വളരേ കൂടുതൽ പേർക്ക് ഒരുമിച്ച് കളിക്കാവുന്ന, കാണാനാവുന്ന കളി ഈ കളി.
ഒരുതരം കണക്ക്കൂട്ടലുകളും വേണ്ടാത്ത, സാധിക്കാത്ത കളി.
എല്ലാവർക്കും ഒരുപോലെ മനസ്സിലാവുന്ന കളി. ഒരു കുട്ടിക്ക് പോലും മനസിലാകാത്ത, ബുദ്ധിപരമായ കെട്ടിക്കുടുക്കുകൾ ഒന്നുമില്ലാത്ത കളി.
അത്രക്ക് ലളിതമായ സൂത്രങ്ങളും ന്യായങ്ങളും നിയമങ്ങളും ലക്ഷ്യങ്ങളും ഉള്ള കളി.
എന്നതൊക്കെയും ഈ കളിയുടെയും ലോകകപ്പിൻ്റെയും ജനസ്വീകാര്യതയെ ലോകമാകെ ഏറ്റമേറ്റം വർദ്ധിപ്പിക്കുന്നു.
അതിനാൽ നമ്മളും ഇങ്ങനെയൊക്കെ സംസാരിക്കുന്നു
****
അതുകൊണ്ട് തന്നെ ഇനിയും ചിലത് എന്തുകൊണ്ട് എങ്ങിനെ ആരെ പിന്തുണക്കുന്നു എന്നത് പറഞ്ഞ് തുടങ്ങട്ടെ....
*****
ജർമ്മനിയെ ഇഷ്ടപ്പെടുന്നു.
എക്കാലവും നല്ല കരുത്തുറ്റ, വീറുള്ള, നിശ്ചയദാർഡ്യം കൈമുതലായ ടീം.
മനോവീര്യവും കായികബലവും ഒത്തുചേരുന്ന ടീം.
കളിയെ ചെസ്സ് പോലെ കണ്ട്, കളിയിൽ കണക്ക് കൊണ്ടുവന്ന്, അതിൽ പവർ (ശക്തി) കൊണ്ടുവന്ന ടീം.
അധ്വാനം കുറച്ച്, നേടേണ്ട കാരൃം എളുപ്പം നേടാൻ വിദ്യയും കെല്പുമുള്ള ടീം.
അവസാനനിമിഷം വരെയും പിന്നിൽനിന്നാലും ഏത് സമയവും മുന്നിൽ വരാൻ കഴിവുള്ള ടീം.
എന്ത് ചെയ്താലും അത് ഏറ്റവും ഉയർന്ന നിലവാത്തിലുള്ളതാക്കുന്ന ഒരു രാജ്യത്തിൻ്റെ ടീം.
എന്നാലും ഇക്കാലംവരെയും ജർമ്മനിയെ പിന്തുണച്ചില്ല.
എന്തുകൊണ്ടോ ജർമ്മനിയെ പിന്തുണക്കാൻ ഒരിക്കലും തോന്നിയില്ല.
ജർമ്മനിയേക്കാൾ അർഹതയുള്ള ഒരു കുറേ ടീമുകൾ ജർമ്മനിക്ക് കിട്ടിയത്ര കപ്പും അംഗീകാരവും കിട്ടാതെ പോകുന്നത് തുടർച്ചയായി കണ്ടപ്പോൾ തന്നെ.
ലാറ്റിൻ അമേരിക്കൻ ടീമുകളുടെ കഥയും അത് തന്നെ.
വർത്തമാനത്തിൽ കിട്ടേണ്ട അർഹതയിൽ കൂടുതൽ പാരമ്പര്യം പറഞ്ഞു കിട്ടുന്ന ശ്രദ്ധയും അംഗീകാരവും പിന്തുണയും അവർക്ക് കിട്ടുന്നും.
ഒരു യാഥാസ്ഥിക മതത്തിന് കിട്ടുന്ന പിന്തുണ പോലെ ബ്രസീലിനും അർജൻ്റീനക്കും കിട്ടുന്ന പിന്തുണ.
*****
ഒരു ടീമിനെ ഇഷ്ടപ്പെടുന്നത് മറ്റൊരു ടീമിനോടുള്ള വെറുപ്പല്ല.
ഒരു ടീമിനെ ഇഷ്ടപ്പെടുന്നത് മറ്റെല്ലാ ടീമുകളും തീരെ മോശമായത് കൊണ്ടുമല്ല.
ഏതൊരു ടീമും പലപ്പോഴും കപ്പുകൾ നേടാത്തത് അവർ കഴിവുകെട്ടവർ ആയത് കൊണ്ടുമല്ല.
കാരണം, എത്ര നന്നായി കളിച്ചാലും ജയിച്ചു കൊള്ളണമെന്ന് ഒരു നിർബന്ധവും ഇല്ലാത്ത ഒരു കളിയാണ് ഫുട്ബാൾ.
എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് കളി ജയിക്കില്ലെങ്കിൽ അതുവരെ കളിച്ച കളി വെള്ളത്തിൽ വരച്ച വര പോലെയാവുന്ന കളി.
മുഴുവൻ കളിയും ഒറ്റയടിക്ക് ഇല്ലാതാവും ഈ കളിയിൽ അവസാന നിമിഷം വീഴുന്ന (അബദ്ധത്തിൽ വരെ വീഴാവുന്ന) ഒരു ഗോളിലൂടെ, അല്ലെങ്കിൽ ഒരു പെനാൽടിയിലൂടെ.
അതുവരെ കളിച്ച നല്ല കളി മുഴുവൻ വൃഥാവിലാവുന്ന കളി.
ശ്രമിച്ച് പ്ലാൻ ചെയ്ത് വന്ന ചാൻസുകൾ നഷ്ടപ്പെടുകയും എന്നാലോ, ഭാഗ്യം എന്ന് പേരുള്ള അബദ്ധത്തിൽ വീണുകിട്ടുന്നത് മാത്രം വിജയം നിശ്ചയിക്കുകയും ചെയ്യുന്ന കളി.
ഒരു കളിയിൽ ഇംഗ്ലണ്ട് തോൽക്കാൻ ദൈവത്തിൻ്റെ കൈകൾ ഉപയോഗപ്പെട്ടു എന്ന് മറഡോണ തന്നെ പറഞ്ഞത് ഓർക്കുക. അതുപോലെയായിരുന്നു ചിലതെന്നല്ല, പല കളികകുടെയെങ്കിലും വിധി.
ചോക്കോസ്ലാവാക്യയോട് അനീതിപൂർവ്വം തോറ്റ് കുവൈത്ത് ലോകകപ്പ് ബഹിഷ്കരിച്ച് പുറത്ത്പോയ സന്ദർഭവും ഇതോടൊപ്പം ഓർക്കുക.
അതുപോലെ തന്നെ ആയിരുന്നു ജർമ്മനിക്കെതിരെ ഒരു ഗോൾ ഇംഗ്ലണ്ടിന് അനുവദിച്ചുകൊടുക്കാതെ, എന്നാലോ അതേ ഇംഗ്ലണ്ടിനെതിരെ അതേ മത്സരത്തിൽ ഒരു ഓഫ്സൈഡ് ഗോൾ ജർമ്മനിക്ക് അനുവദിവെച്ചുകൊടുക്കുകയും ചെയ്ത് ഇംഗ്ലണ്ടിനെ തോല്പിച്ച കളി.
അങ്ങനെ ചിലപ്പോഴെങ്കിലും അർഹതയുള്ള ടീമിനെ തോൾപിക്കുകയും അർഹതയില്ലാത്ത ടീമിനെ ജയിപ്പിക്കുകയും ചെയ്യുന്ന, ചെയ്ത കളി.
*****
അങ്ങനെയും അല്ലാതെയും ഒരിക്കലും കപ്പ് നേടാതെ പോയ ഒരു നല്ല ടീമാണ്, മേൽപറഞ്ഞതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഹോളണ്ട് എന്ന മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്ന നെതർലാൻഡ്സ്.
ഡച്ചുകാർ.
യോഹാൻ ക്രൈഫിൻ്റെയും ഗുള്ളിറ്റിൻ്റെയും ഡെന്നിസ് ബെർഗ്കാമ്പിൻ്റെയും ക്ലൈവർട്ടിൻ്റെയും കോക്കുവിൻ്റെയും ഓവർമാർസിൻ്റെയും നിസ്റ്റൽ റൂയിയുടെയും റൂബൻ്റെയും ഹോളണ്ട്.
*****
ഒരു ടീമിനെ ഇഷ്ടപ്പെടുന്നത് കുട്ടിക്കാലം മുതൽ രൂപപ്പെട്ട നൂറായിരം സ്വാധീനങ്ങൾ കൊണ്ട് കൂടിയാണ്.
പിന്നീട് ആ ഇഷ്ടത്തിന് വേണ്ടി നാം അറിഞ്ഞും അറിയാതെയും കണ്ടെത്തുന്ന നൂറായിരം ന്യായങ്ങളും ന്യായീകരണങ്ങളും വേറെ.
നാം പിടിച്ച മുയലിന് നാല് കൊമ്പ് എന്ന് പറയാൻ നിർബന്ധിതരായി, അങ്ങനെ വെറുമൊരു പരമ്പരാഗത വിശ്വാസിയെ പോലെ പറഞ്ഞ് പറഞ്ഞങ്ങ് പിടിച്ചത് കൊണ്ടുനടക്കൽ ബാധ്യതയായുവുന്ന ഇഷ്ടം.
വിശ്വാസം തന്നെയാവുന്ന ഇഷ്ടം.
താൻ കുലുങ്ങിയാൽ, തൻ്റെ വാൽ കുലുങ്ങിയാൽ ലോകം തന്നെ കുലുങ്ങും എന്ന് വിചാരിക്കുന്ന വാലാട്ടിപ്പക്ഷിയുടെത് പോലുള്ള വിശ്വാസവും ഇഷ്ടവും പിന്തുണയും.
*****
ഈയുള്ളവന് ഓർമ്മയുള്ള കാലം മുതൽ എക്കാലവും ഇഷ്ടം തോന്നിയ ടീം നെതർലൻഡ്സ് എന്ന് പേരുള്ള ഈ ഹോളണ്ട് തന്നെയായ ഡച്ചുകാർ തന്നെ.
എപ്പോഴും അർഹതയുണ്ടായിട്ടും ഒരിക്കലും കപ്പ് നേടാതെ പോയ ഒരു ടീം.
ക്രിക്കറ്റിലെ സൗത്ത് ആഫ്രിക്ക പോലെ ഒരു ടീം.
സാഹിത്യത്തിലെ ഖലീൽ ജിബ്രാൻ പോലെ ഒരു ടീം.
ശാസ്ത്രത്തിലെ നിക്കോളാസ് ടെസ്ല പോലെ ഒരു ടീം.
കവിത തുളുമ്പുന്ന ടീം.
നെതർലൻഡ്സ് എന്ന് പേരുള്ള ഈ ഹോളണ്ട് തന്നെയായ ഡച്ചുകാർ.
****
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ടീമിനെ മനസ്സറിഞ്ഞ് കയ്യയഞ്ഞ് പിന്തുണക്കുമ്പോഴും യാഥാർത്ഥ്യത്തിൻ്റെയും വസ്തുതകളുടെയും ലോകത്തായിരിക്കാൻ ശ്രമിക്കാറുണ്ട്.
അതിനാൽ അവിടവിടെ അതാത് ടീമിനെ പിന്തുണക്കാനും.
ഒരു പിന്തുണയും ഇഷ്ടവും വിശ്വാസവും നമ്മെ മറ്റുള്ളതിനെതിരെ അന്ധരാക്കിക്കൂട, അസഹിഷ്ണുക്കൾ ആക്കിക്കൂട, തീവ്രവാദികൾ ആക്കിക്കൂട എന്നതിനാൽ.
വസ്തുതകളെ അംഗീകരിക്കുന്ന, വസ്തുനിഷ്ഠതയിൽ ഊന്നിയുള്ള പിന്തുണ മാത്രം. ആർക്കും എപ്പോഴും.
യാഥാസ്ഥിതികൻ ആവാതിരിക്കാനുള്ള, നിലനിൽക്കുന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് അതിനോട് നീതിപുലർത്തുന്ന പിന്തുണ.
*****
അതുകൊണ്ട് തന്നെ എന്നും കരുത്തരായ, പക്ഷെ കരുത്തിനനുസരിച്ച റിസൽട്ട് ഉണ്ടാക്കാൻ സാധിക്കാത്ത മറ്റൊരു ടീമിനെയും പിന്തുണയുടെയും ഇഷ്ടത്തിൻ്റെ രണ്ടാം സ്ഥാനത്ത് വെക്കാറുണ്ട്.
നമ്മുടെ ഇംഗ്ലണ്ടിനെ.
1966ൽ മാത്രം കപ്പ് നേടിയ, ഒരു കുറേ ഫുട്ബോൾ പ്രതിഭകൾക്ക് ജന്മം നൽകിയ, മിക്കവാറും ക്രിക്കറ്റ്, ഫുട്ബോൾ പോലുള്ള എല്ലാ കളികളുടെയും ജൻമസ്ഥലവും കൂടിയായ ഇംഗ്ലണ്ടിന്. ഭാഗ്യം തീരേ പിന്തുണക്കാത്ത ഇംഗ്ലണ്ടിന്.
*****
ഇംഗ്ലണ്ടിനെയും ഹോളണ്ടിനെയും എക്കാലത്തും പിന്തുണക്കുമ്പോഴും ഒരു കുറേ ടീമുകളെ വീണ്ടൂം ഇഷ്ടമായിട്ടുണ്ട്.
ഇറ്റലിയും സ്പൈനും മെക്‌സികോയും ഉൾപ്പെടെ ഒരു കുറേ ടീമുകളെ.
ആഫ്രിക്കൻ ടീമുകളായ കാമറൂണും മൊറോക്കോയും അൾജീരിയയും പോലുളള ടീമുകൾ വരെ.
അങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടൊക്കെയോ ഒരിക്കൽ പോലും പിന്തുണക്കാൻ തോന്നിയിട്ടില്ലാത്ത ചില വമ്പന്മാരെന്ന് തോന്നിപ്പിക്കുന്ന ടീമുകളുമുണ്ട്.
ബ്രസീലും അർജൻ്റീനയും അടങ്ങുന്ന ടീമുകൾ.
ബ്രസീലും അർജൻ്റീനയും അടങ്ങുന്ന ടീമുകളെ ഒരിക്കലും പിന്തുണക്കാൻ തോന്നിയില്ല എന്നത് മാത്രമല്ല, ഈ ടീമുകൾക്ക്, ചില മതങ്ങൾക്കെന്ന പോലെ, ചില രാഷ്ട്രീയ പാർട്ടികൾക്കെന്ന പോലെ, ചില നേതാക്കൾക്കെന്ന പോലെ അർഹിക്കുന്നതിലും കൂടുതൽ പിൻതുണ ലഭിക്കുന്നതായി തോന്നുകയും ചെയ്തിട്ടുണ്ട്.
ഇവരും ഇവർക്കുള്ള പിന്തുണയും ഒരുതരം യാഥാസ്ഥിതിക മതം പോലെയെന്നും, അത് മഹാഭൂരിപക്ഷം ഉള്ളതാണെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്.
*****
എന്നിരുന്നാലും ഈ കഴിഞ്ഞ പ്രാവശ്യം പിന്തുണച്ചതും ഇപ്രാവശ്യം ശക്തമായി പിന്തുണക്കുന്നതും വേറൊരു ടീമിനെ.
എപ്പോഴും ഫുട്ബോളിൽ മിനിമം ഗ്യാരണ്ടി കാണിച്ച ഒരു ടീം. ബെൽജിയം.
ലുക്കാക്കുവിൻ്റെയും ഡിബ്രുനെയുടെയും ഹസാർഡിൻ്റെയും കമ്പനിയുടെയും ഫെല്ലനിയുടെയും ശക്തരായ ബെൽജിയം
ഇപ്രാവശ്യവും ഒന്നാമതായി ബെൽജിയത്തെ പിന്തുണക്കുന്നു. രണ്ടാമതും മൂന്നാമതുമായി ഹോകളണ്ടിനെയും ഇംഗ്ലണ്ടിനെയും പിന്തുണക്കുന്നു.
ഇക്കുറി വിജയിക്കുന്നവർ ആരുമാവട്ടെ... പിന്തുണ ബെൽജിയത്തിന്, പിന്നെ ഹോളണ്ടിനും ഇംഗ്ലണ്ടിനും.
*****
No comments:
Post a Comment