എല്ലാ ബീജവും ഗർഭം ധിരിപ്പിക്കുന്നില്ല.
എല്ലാ വിത്തുകളും മുളക്കുന്നുമില്ല.
എന്നിരുന്നാലും ഒരായിരം വിത്തുകൾ, ഒരു കോടി ബീജങ്ങൾ.
വെറും വെറുതെ എന്ന പോലെ. പരാജയങ്ങൾ വിജയത്തേക്കാൾ ഒരേറെ എന്ന പൊലെ എല്ലാ ബീജങ്ങളും ശ്രമങ്ങളും ചോദ്യങ്ങളും.
മണ്ണും വിണ്ണും മുഴുവൻ ശരീരങ്ങളും അതിന് സാക്ഷി, തെളിവ്.
*******
അതുപോലെ തന്നെ ഒരുത്തരത്തിന് ഒരു നൂറായിരം ചോദ്യങ്ങൾ. വ്യത്യസ്ത ദിശകളിൽ നിന്ന്, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്ന് പല ചോദ്യങ്ങൾ.
ഒരു ചോദ്യത്തിന് ഒരു നൂറായിരം ഉത്തരങ്ങൾ. എല്ലാ വ്യത്യസ്ത ദിശകളെയും പശ്ചാത്തലങ്ങളെയും കൈകാര്യം ചെയ്യാൻ ഒരു കുറേ ഉത്തരങ്ങൾ.
*****
അങനെ നൂറായിരം ഉത്തരങ്ങളും ചോദ്യങ്ങളും വെറും വെറുതെ ആകുമെന്ന ഉറച്ച ബോധ്യത്തിൽ തന്നെയാണ് അപ്പൂപ്പൻ താടികൾ പാറിപ്പറന്നു നടക്കുന്നത്.
ഉത്തരം തേടുന്ന ചോദ്യങ്ങളായും ചോദ്യങ്ങൾ തേടുന്ന ഉത്തരങ്ങളായും.
കാലവും സ്ഥലവും കടന്ന് എവിടെയെങ്കിലും എപ്പോഴെങ്കിലും മുളക്കാൻ. മുളക്കുമെന്ന ആ ഉറപ്പ് വെച്ച്.
******
ചോദിക്കുന്നവന് വേണ്ടി മാത്രമല്ല ഉത്തരം.
ചോദിക്കുന്നവർ വെറും ഒരു കരണം മാത്രം. ചോദ്യവും അപ്പടി.
ഉത്തരമായ കാര്യം കാരണത്തിനും മുൻപേ ഉണ്ട് എന്നത് കൊണ്ടുണ്ടാവുന്ന കാരണം, ചോദ്യം, ചോദ്യകർത്താവ്.
കാരണത്തിനും മുൻപും കാര്യം ഉള്ളത് കൊണ്ടുണ്ടാവുന്ന ചോദ്യമായ ചോദ്യ കർത്താവായ കാരണം.
*****
ചോദിക്കുന്നവൻ്റെ ഒരേയൊരു ചോദ്യം കേട്ടുമല്ല ഉത്തരം.
ചോദിക്കുന്നവനിൽ ഒരു നൂറായിരം മറ്റ് ചോദ്യകർത്താക്കൾ കൂടിയുണ്ട് ഉത്തരം പറയുന്നവന്.
ഒന്ന് കാണുമ്പോൾ ഒരു നൂറായിരം കാണാൻ കഴിയുന്നവൻ യഥാർത്ഥ ഉത്തരം പറയുന്നവൻ.
ഒരു ഡിഎൻഎ എന്ന സൂചന കൊണ്ട് മാത്രം ഒരു വലിയ ശരീരവും മുഴുജീവിതരീതികളും മുൻകൂട്ടി കാണാനാവുന്നവനും ഉണ്ടാക്കാനാവുന്നവനും യഥാർത്ഥ കാഴ്ചയുള്ളവൻ, ഉത്തരം പറയുന്നവൻ.
ഒരു ചോദ്യത്തിൽ ഒരു നൂറായിരം മറ്റ് ചോദ്യങ്ങളും ഉണ്ട് ഉത്തരം പറയുന്നവന്.
ചോദിക്കുന്നവൻ ചോദിക്കാത്തതും ഉത്തരം പറയുന്നവന് ചോദ്യങ്ങളായി കേൾക്കാം.
*****
ഏറിയാൽ ചോദിക്കുന്നവന് കൂടിയാണ് ഉത്തരം എന്ന് വന്നേക്കാം.
പക്ഷേ ചോദിക്കുന്നവന് വേണ്ടി മാത്രമല്ല ഉത്തരം.
അതുകൊണ്ട് തന്നെ ചോദിക്കുന്നവൻ്റെ ചോദ്യത്തിൻ്റെ വേര് മുറിക്കാനും പശ്ചാത്തലം കൈകാര്യം ചെയ്യാനും മാത്രമായിരിക്കില്ല ഉത്തരം.
മറ്റ് നൂറായിരം വേരുകൾ കൂടി മുറിക്കാനും, മറ്റ് നൂറായിരം പശ്ചാത്തലങൾ കൂടി കൈകാര്യം ചെയ്യാനും വേണ്ടിയായിരിക്കും ഉത്തരം.
ചോദിക്കുന്നവനെ പോലെ ഒരു നൂറായിരം പേർക്ക് അതുപോലുള്ള ചോദ്യങൾ വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്ന്, വ്യത്യസ്തമായ വേരിറക്കിക്കൊണ്ട് ഉണ്ട്, ഉണ്ടാവും എന്ന് ഉത്തരം പറയുന്നവൻ അറിയുന്നതിനാൽ.
******
ചോദിക്കുന്നവന് വേണമെന്നത് കൊണ്ട് ഉണ്ടെന്ന് പറയാനല്ല ഉത്തരം.
ചോദിക്കുന്നവന് വേണ്ട എന്നത് കൊണ്ട് ഇല്ലെന്ന് പറയാനുമല്ല ഉത്തരം.
ഉത്തരം യഥാർഥത്തിൽ ഉളളത് വെച്ചും യഥാർഥത്തിൽ ഇല്ലാത്തത് വെച്ചുമാണ്. ഉത്തരം പറയുന്നവൻ്റെ അത്തരത്തിലുള്ള ബോധ്യത വെച്ച്.
ചോദിക്കുന്നവർ ആവശ്യപ്പെടുന്ന മേമ്പൊടികൾ മാത്രം ചേർത്ത് പറയുന്നതുമല്ല ഉത്തരം.
അങ്ങനെയല്ല ഉത്തരം പറയുന്നത്. ഏറിയാൽ ഷീലയും അളവും ചോദിക്കുന്നവൻ്റെത് കൂടിയാവും എന്ന് മാത്രം.അങ്ങനെ അല്ലാതെയും ആവും.
ഉത്തരം പറയുന്നത് വെറും വസ്ത്രം തുന്നുന്നത് പൊലെ മാത്രമല്ല.
ചോദ്യകർത്താവിന് വേണ്ടി മാത്രമല്ല; സർവർക്കും വേണ്ടിയാണ് യഥാർത്ഥ ഉത്തരം. സർവകാലത്തേക്കും വേണ്ടി.
ഉത്തരം പറയുന്നവൻ്റെ കൊമ്പുകൾ ഉയരുന്നത് ആകാശത്തേക്കാണ്. ചോദ്യങ്ങൾ ഉയിരിട്ട മണ്ണിലേക്കല്ല.
ചോദിക്കുന്നവൻ്റെ വാശിയിലും നിർബന്ധത്തിലും നിർവചനത്തിലും കുടുങ്ങി ഒതുങ്ങാനുള്ളതല്ല ഉത്തരവും ഉത്തരം പറയുന്നവനും.
മണ്ണിൻ്റെ തനി നിറവും മണവും തന്നെ തണ്ടിലും ഇലയിലും പൂവിലും പഴത്തിലും പ്രതീക്ഷിക്കരുത്.
വിത്ത് മണ്ണിനെയും മണ്ണ് വിത്തിനെയും ചുരുക്കുന്നില്ല. ആവുന്നത് സാധിക്കുകയും സാധിപ്പിക്കുകയും അല്ലാതെ. പരസ്പരം അവരവരുടെ പാട്ടിന് വിട്ടുകൊണ്ട്.
******
പലർക്കും അവർക്ക് ബോധ്യപ്പെട്ട, അവരിൽ നിന്നും യഥാർഥത്തിൽ വരുന്ന, അവർക്ക് തന്നെ തോന്നുന്ന ചോദ്യങ്ങൾ ഇല്ല, ഉണ്ടാവണം എന്നില്ല.
എന്നത് കൂടി കൊണ്ടാണ് ഉത്തരം അങ്ങനെ പല ദിശകളിലേക്ക് പല മാനങ്ങൾ തേടി ആവുന്നത്. അപ്പൂപ്പൻ താടി പോകും പൊലെ.
യഥാർത്ഥ ചോദ്യം വേറെ എവിടെയെങ്കിലും, വേറെ ഏതെങ്കിലും ദിശയിൽനിന്നും മാനത്തിൽ നിന്നും കൂടി ഉണ്ടാവും എന്നതിനാൽ.
യഥാർത്ഥ മുളപ്പിക്കുന്ന മണ്ണ് പിന്നെയും വേറെ എവിടെയൊക്കെയോ ഉണ്ടാവും എന്ന ഉത്തമ ബോധ്യത്തോടെ.
******
എന്നാലും ചിലർ ചോദിക്കും, ചോദിക്കുന്നത് പോലെ തോന്നിപ്പിക്കും.
അങനെ വെറും വെറുതെ ചോദിക്കുന്നവർ ചോദ്യം ഗർഭം ധരിക്കില്ല.
വെറും വെറുതെ ചോദിക്കുന്നവർക്ക് ഗർഭം ധരിക്കാൻ സാധിക്കില്ല. അവർ പ്രായപൂർത്തി ആയവരല്ല. ഗർഭം ധരിക്കാനുള്ള ഗർഭപാത്രം അവർക്കില്ല. അതവരുടെ കുറ്റവും അല്ല.
എല്ലാ കല്ലുകളും മാവ് വെക്കാൻ മാത്രം ചൂടായിരിക്കില്ല. നിങൾ കുഴച്ച് വെച്ച മാവ് കേടാവും.
ആ വഴിയിൽ (നിങ്ങളുടെ ഉത്തരം കൊണ്ട്) ആ കല്ലും കേടാവും. അനുകരിച്ച് വിശ്വസിച്ച ഓരോ വിശ്വാസിയേയും പോലെ.
താങ്ങാൻ പറ്റാത്തത്, ആരോ പറഞ്ഞത് പൊലെ, കഴുത പേറും പോലെ പേറുന്നവവർ മാത്രമവർ.
നാക്കിൽ ആരോ വെച്ച് കൊടുത്ത ചോദ്യം അവരിലും ഉണ്ടാവും. നാക്ക് ചോദിച്ചത് കൊണ്ട് മാത്രം ചോദിക്കുന്നവർ ചോദ്യം ചോദിക്കുന്നില്ല.
പുസ്തകം ഭാരമായി പേറുന്നത് കൊണ്ട് മാത്രം കഴുത പുസ്തകങ്ങളുടെ ഉള്ളടക്കം അറിയുന്നില്ലാത്തത് പൊലെ.
****
അവർ യഥാർഥത്തിൽ ഗർഭം ധരിക്കുമായിരുന്നുവെങ്കിൽ മറ്റാരും അവർക്ക് ഉത്തരം നൽകേണ്ടി വരില്ല. അവരിൽ നിന്ന് തന്നെ അവർക്ക് ഉത്തരം ജനിക്കുമായിരുന്നു.
കുഞ്ഞ് ജനിക്കും പോലെ. മുട്ട വിരിയും പോലെ. വിത്ത് തന്നെ വൃക്ഷം ആകും പോലെ. സ്വയം ഇണ തേടി ഗർഭം ധരിക്കും.
നിങൾ നൽകുന്ന ഉത്തരവും (ബീജം മാത്രം) അവരുടെ ഉത്തരം പോലെ ആകുമായിരുന്നു.
അവർക്ക് അവരോട് പറയാനുള്ള ഉത്തരം പോലെ.
അവരിൽ നിന്ന് തന്നെ ഉത്തരം ജനിക്കാത്തവർക്ക് മാറ്റര് എന്തുത്തരം നൽകിയാലും മതിയാവില്ല.
എന്നല്ല അവർ നിങൾ നൽകുന്ന ആ ഉത്തരത്തിൽ പ്രശ്നവും പ്രയാസവും കുറ്റവും കുറവും കണ്ടെത്തും.
കാരണം, ചോദ്യം ഇല്ലാത്തവന് വിശപ്പില്ല. അവന് ഉത്തരം രുചിക്കാൻ സാധിക്കില്ല. വിശക്കാത്തവന് ഭക്ഷണം രുചിക്കാൻ സാധിക്കാത്തത് പോലെ.
അവൻ ഭക്ഷണത്തിന് ഒരേറെ കുറ്റം പറയും, കണ്ടെത്തും.
യഥാർഥത്തിൽ അവന് വിശപ്പ് ഇല്ലാത്തതാണ് പ്രശ്നം എന്ന് മനസിലാക്കാതെ. ഭക്ഷണം രുചിക്കാൻ കഴിയാത്ത രോഗം അവനുണ്ട് എന്നറിയാതെ.
കാമം ഇല്ലാത്തവനും ഇല്ലാത്തവൾക്കും എന്ത് പുരുഷൻ, എന്ത് സ്ത്രീ?
അവൻ ഭാഗ്യവാൻ. നിർഗുണൻ.
ഒരു ഗുണവും തിരിച്ചറിയാൻ സാധിക്കാത്ത, ഒരു ഗുണവും പ്രതിബിംബിക്കാത്ത നിർഗുണൻ.
No comments:
Post a Comment