സ്വാതന്ത്ര്യം അഗ്നിജ്വാല പോലെ.
കാഴ്ചയിലും സങ്കല്പത്തിലും സുന്ദരം.
ഒന്നുമറിയാത്തവരേവരും ഭോഗതൃഷ്ണയാൽ അതിലേക്ക് ആകൃഷ്ടരാവും.
മഴപ്പാറ്റ പോലെ.
എന്നിട്ടോ?
വന്ന് വീണ് കരിഞ്ഞ് തീരും.
ഭോഗവും വേണ്ടാതവുന്നതെ, ഭോഗവും ഇല്ലാതാവുന്നതേ യഥാർത്ഥ സ്വാതന്ത്ര്യമാവൂ എന്ന് മനസിലാക്കണം.
*****
മരിച്ചാൽ മാത്രമല്ല,
ജീവിക്കുമ്പോഴും
വിഷ്ണുപാദത്തിൽ തന്നെ,
ദൈവത്തോടൊപ്പം തന്നെ.
മരിക്കുമ്പോൾ നീയും ഞാനും ഇല്ലാതാവും എന്നല്ലാതെ,
പ്രത്യേകിച്ച് എങ്ങോട്ടോ മടങ്ങുന്നില്ല.
വിഷ്ണുപാദം പൂകി,
ദൈവത്തിലേക്ക് മടങ്ങി
എന്നൊക്കെ പറഞ്ഞാൽ
ആകെമൊത്തം പ്രാപഞ്ചികതയുടെ ഭാഗമായി,
നിലനില്പിൻ്റെ ഭാഗമായി എന്നർത്ഥം.
വിഷ്ണു എന്നാലും
ദൈവമെന്നാലും
നിലനിൽപ് എന്ന് മാത്രമർത്ഥം.
*****
അപ്പോൾ കർമ്മഫലം?
എല്ലാം കർമ്മഫലം തന്നെ.
ഉള്ളതും,
ഉണ്ടാവുന്നതും,
ഉണ്ടായതും,
പിന്നെ ഉണ്ടാക്കിയ എല്ലാ മാറ്റങ്ങളും
കർമ്മഫലം തന്നെ.
ഞാനും നീയും ഉള്ള,
എന്നിലേക്കും നിന്നിലേക്കും നീളുന്ന,
നമ്മളിലേക്ക് തന്നെ തിരിച്ചുവരുന്ന കർമ്മഫലമില്ല.
കാരണം നമ്മളില്ല.
ഞാനും നീയും ഇല്ലാത്ത
ജീവിതമായിത്തീരുന്ന,
തുടർച്ചയായ ജീവിതത്തിൽ നിഴലിടുന്ന
കർമ്മഫലം മാത്രം.
****
ജീവിക്കുമ്പോൾ ജീവിച്ചുകൊണ്ട് തന്നെയുള്ള മോക്ഷം മാത്രം.
മരണാനന്തരം സംഭവിക്കേണ്ട, നേടേണ്ട മോക്ഷമില്ല.
ഒന്നും ഒന്നുമല്ലെന്നറിയുന്ന, നീയും ഞാനും ഇല്ലെന്നറിയുന്ന മോക്ഷം മാത്രമേ ഉള്ളൂ.
മരിച്ചാൽ നീ തന്നെയില്ല.
പിന്നെയാണോ മോക്ഷം?
മരിച്ചാൽ ഏറിയാലുള്ളത് നീയില്ലാതാവുന്ന മോക്ഷം.
No comments:
Post a Comment