Sunday, November 27, 2022

ഒരു ബിന്ദുവിലേക്ക് പല ബിന്ദുക്കളിൽ നിന്ന് പല വഴികളുണ്ട്.

ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്കുള്ള ഒരേയൊരു നേർരേഖ അന്വേഷിക്കുകയല്ല സത്യാന്വേഷണം, ദൈവത്തിലേക്കുള്ള വഴി. 

അങ്ങനെയുള്ള ഒരേയൊരു ബിന്ദുവല്ല സത്യവും ദൈവവും. 

*****

ഇനി അങ്ങനെയുള്ള ഒരേയൊരു ബിന്ദു തന്നെയാണ് നാം അന്വേഷിക്കുന്ന സത്യവും ദൈവവും എന്ന് തന്നെ വെക്കുക. 

എങ്കിലറിയുക. അന്വേഷിക്കുന്നവർ എല്ലാവരും ഒരേയൊരു ബിന്ദുവല്ല, ഒരേയൊരു ബിന്ദുവിലല്ല. 

അതുകൊണ്ട് തന്നെ ഒരു ബിന്ദുവിലേക്ക് പല ബിന്ദുക്കളിൽ നിന്ന് പല വഴികളുണ്ട്. 

പല ബിന്ദുക്കളിലേക്ക് പല ബിന്ദുക്കളിൽ നിന്ന് പല വഴികളുണ്ട്. 

*****

അതിനാൽ തന്നെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്കുള്ള ഒരേയൊരു നേർരേഖയായ ഒരേയൊരു സത്യമതവും, ഒരേയൊരു സത്യാന്വേഷണ വഴിയും, ഒരേയൊരു അവസാന വഴിയും ഇല്ല. 

ഒരു നൂറായിരം സാധ്യതകളും വഴികളും മാത്രമേയുള്ളൂ

എല്ലാ ഓരോ രേഖയും ഓരുപോലെ നേരെയുള്ളതും നേരേയല്ലാത്തതും തന്നെ.

*****

ചോദ്യം:  അപ്പോഴും ആ ശരിക്ക് അത് ഒരേയൊരു ശരി മാത്രമല്ലേ? 

ആ ശരി ഒന്നു മാത്രമല്ലേ?

ഉത്തരം:

അതേ.

പക്ഷേ, അത് ആത്യന്തികതക്ക് മാത്രമായ ഒരേയൊരു ശരി.

ആത്യന്തികതയിൽ ശരിയെന്നും തെറ്റെന്നും തന്നെയില്ല.

ആത്യന്തികതയിൽ ഒന്നുമില്ല, ഒരാവശ്യവുമില്ല.. 

ആത്യന്തികതയിൽ എല്ലാം എല്ലാമാണ്.

ആത്യന്തികതയിൽ ഒന്നും ഒന്നുമല്ല.

ആപേക്ഷികതയിലുള്ളവർക്ക് മാത്രമാണ് അത് നൂറായിരം ശരികൾ. 

ഓരോരുത്തനും അകപ്പെട്ട മാനവും വിതാനവും പോലെ ഓരോരുവൻ്റെയും ശരിയും തെറ്റും.

പഞ്ചസാരക്ക് മധുരം എന്ന ശരി പോലും നമ്മുടെ നാക്കും അതിലെ മുകുളങ്ങളും ഉണ്ടാക്കുന്നത്, നിശ്ചയിക്കുന്നത്. 

പൂച്ചയ്ക്ക് അതങ്ങിനെയായിരിക്കുമെന്ന് ഇപ്പോഴും ഒരുറപ്പുമില്ല. 

അതിനാൽ തന്നെ പഞ്ചസാരക്ക് മധുരം എല്ലാവർക്കും ഒരൂപോലെയെന്ന ഒരേയൊരു വാദവും, അവസാനവാദവും സത്യവുമില്ല.

No comments: