ആർക്കും ഒന്നും ചെയ്യാനില്ലാത്ത ജീവിതം.
ജീവിക്കാൻ വേണ്ടി എല്ലാവരെക്കൊണ്ടും എന്തെങ്കിലും ചെയ്യിപ്പിക്കുന്ന ജീവിതം.
എന്തൊക്കെയോ ചെയ്യുന്നു, ചെയ്തുപോകുന്നുവെന്ന് തോന്നുമെങ്കിലും ആർക്കും ഒന്നും ചെയ്യാൻ സാധിക്കാതെ തന്നെ യഥാർത്ഥത്തിൽ ഈ ജീവിതം.
ആരും ബാക്കിയാവുന്നില്ല.
ജീവിതം മാത്രം ബാക്കിയാവുന്നു.
ജീവിതം ജീവിതത്തിന് വേണ്ടി ചെയ്യിപ്പിച്ചുണ്ടായ കാര്യങ്ങൾ. നാം പുരോഗതിയെന്ന് ഓമനിച്ച് വിളിക്കുന്നത്.
*****
പണ്ടൊരാൾ (മഹാൻ എന്നും പറയാം) ആവശ്യപ്പെട്ടിരുന്നു.
താൻ മരിക്കുമ്പോൾ തൻ്റെ ശവക്കല്ലറമേൽ, താഴെ കുറിക്കും പോലെ എഴുതിവെക്കാൻ:
"ഇത് എൻ്റെ മാതാപിതാക്കൾ ചെയ്ത തെറ്റ്. ഈ തെറ്റ് ഞാൻ ആരോടും ചെയ്തിട്ടില്ല, ആവർത്തിച്ചിട്ടില്ല."
*****
ജീവിതം എന്തെന്നറിയാത്തവർ.
സ്വയം ജീവിക്കാനറിയാത്തവർ.
സ്വയം ജീവിക്കാനുള്ള വഴിയും ലക്ഷ്യവും കണ്ടെത്താത്തവർ.
അവർ തന്നെ വീണ്ടും വീണ്ടും ജനിപ്പിക്കുന്നു.
*****
ഏതൊരു ശ്രമവും ഇരുതല മൂർച്ചയുള്ള കത്തി.
തന്നിലും ചുറ്റുപാടിലും ഒരുപോലെ അത് മുറിവുണ്ടാക്കുന്നു.
ശ്രമം കൊണ്ടുണ്ടാവുന്ന പുരോഗതി മറുഭാഗത്ത്, അല്ലേൽ ഇരുഭാഗത്തും മുറിവുണ്ടാക്കി മാത്രം സംഭവിക്കുന്നു.
******
ഒരർത്ഥവും ഇല്ല ഒന്നിനും എന്ന് തോന്നുന്നത് മാത്രമാണ് യഥാർഥത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന തിരിച്ചറിവും ബോധോദയവും മോക്ഷവും യോഗയും.
പിന്നെ, നിസ്സഹായത കൊണ്ടോ നിർബന്ധിതമായോ അതുമായി പൊരുത്തപ്പെട്ട് പോകുന്നതും.
****
നീയുമില്ല, നിൻ്റെതുമില്ല.
ഞാനുമില്ല, എൻ്റേതുമില്ല.
മരിച്ചാൽ എൻ്റെയും നിൻ്റെയും പേര് ശവം.
പിന്നെ മരണശേഷം കേൾക്കുന്ന നിൻ്റെയും എൻ്റെയും പേരോ?
അതൊക്കെ വെറും വെറുതെ.
പേര് മാത്രം.
കേൾക്കുന്നവന് ആരെയും എന്തിനെയും സങ്കല്പിക്കാവുന്ന പേര്.
ആർക്കും സ്വന്തമല്ലാത്ത പേര്.
വസ്ത്രം പോലെ മാറ്റാവുന്ന പേര്.
ആർക്കും എന്തിനും എടുക്കാവുന്ന പേര്.
നീയും ഞാനും ഇല്ലാത്ത പേര്.
*****
മരിച്ചാൽ കത്തിച്ചുകളയാനുള്ള ധൈര്യം.
അതിലുണ്ട് ഞാനും നീയുമില്ല,
ഒന്നുമില്ല, ഒന്നുമല്ല എന്ന ഉറപ്പ്.
ശവം എന്തുമാക്കി മാറ്റാനാവുന്ന,
എന്തിനും ഉപയോഗിക്കാനാവുന്ന വസ്തു മാത്രമെന്ന ആ ഉറപ്പ് വല്ലാത്തൊരുറപ്പാണ്.
തെളിച്ചവും വെളിച്ചവും ഒത്തുവരുന്ന ഉറപ്പ്.
No comments:
Post a Comment