Monday, November 7, 2022

മരണവും മരണാനന്തരവും: നാടൻ രീതികളും ചടങ്ങുകളും തരുന്ന കാഴ്ചപ്പാട്.

ഹൈന്ദവതയിൽ മരണവുമായി ബന്ധപ്പെട്ട് ആരാധനാകർമ്മങ്ങൾ ഒന്നും കാണുന്നില്ല, അഥവാ പ്രാർത്ഥനകൾ ഇല്ല. 

മരണത്തിനും മരണാനന്തര ചടങ്ങിനും  അമ്പലവുമായും അമ്പലത്തിലെ കർമ്മങ്ങളുമായും ഒരു ബന്ധവും ഇല്ല, ഒരു ബന്ധവും പാടില്ല. ശവം അമ്പലത്തിൽ കൊണ്ടുപോകാനേ പാടില്ല. 

ഇത് ഇന്ത്യയിൽ ആകമാനം കണ്ടുവരുന്നു. 

ഇത് മരണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ രീതി എന്ന നിലക്ക് മാത്രം ഹൈന്ദവം എന്ന് പറയുന്നു. 

ശവവും കൊണ്ട് പള്ളിയിലേക്ക് പോകുന്ന സെമിറ്റിക് രീതികൾക്ക് തീർത്തും വിപരീതമാണ് ഇത് എന്നതിനാലും.


*****


ആലോചിച്ച് വരുമ്പോൾ ഇതിന് ഒരേയൊരു കാണാം. 

ജീവിതമാണ് ദൈവം.

ജീവിതത്തിന് വേണ്ടിയാണ് ദൈവം.

ജീവിതത്തിലൂടെയാണ് ദൈവം.

ജീവിതത്തെ പൂജിക്കലാണ് ദൈവത്തെ പൂജിക്കൽ. 

ജീവിതത്തിന് വേണ്ടി ചെയ്യുന്നത് മുഴുവൻ പ്രാർത്ഥന, പൂജ, പുണ്യം, ധർമ്മം.

ജീവിതത്തിൻ്റെ എല്ലാ ഭാവവും രൂപവും ദൈവത്തിൻ്റെ ഭാവവും രൂപവും.

ജീവിക്കുമ്പോൾ തന്നെ അറിഞ്ഞും അറിയാതെയും ദൈവത്തെ പൂജിക്കുന്നു, ദൈവത്തോട് പ്രാർത്ഥിക്കുന്നു.

ജീവിതം തന്നെയാണ് പൂജ, പ്രാർത്ഥന, പുണ്യം, ധർമ്മം.

*****

മരണം ഒന്നും ഇല്ലാതാക്കുന്നില്ല.

മരണം എന്നത് യഥാർഥത്തിൽ ഇല്ല.

അഥവാ യഥാർഥത്തിൽ ഇല്ലാത്ത നീയും ഞാനും ഇല്ലാതാവുന്ന പ്രക്രിയ മാത്രം മരണം.

അത് മനസിലാക്കിത്തരാൻ മാത്രമായിരിക്കണം മരണാനന്തര കർമ്മങ്ങൾ. കത്തിച്ച് പഞ്ചഭൂതങ്ങൾ ആക്കിമാറ്റുന്ന ഏക പരിപാടി.


അത് മാറ്റിനിർത്തിയാൽ മരണത്തിലൂടെയും ജീവിതം തുടരുന്നു.


അതിനാൽ മരണത്തിനും മരണാനന്തരത്തിനും വേണ്ടി പ്രത്യേകിച്ച് ദൈവത്തെയോ അമ്പലത്തെയോ സമീപിക്കേണ്ടതില്ല, പ്രാപിക്കേണ്ടതില്ല. 

ഒന്നും ചെയ്യേണ്ടതില്ല.

ചെയ്യുന്ന തെന്തും മുഴുവൻ പ്രാപഞ്ചികതക്കും വേണ്ടി മാത്രമല്ലാതെ. 

ബലിയിടുമ്പോൾ നടത്തുന്ന പ്രാർത്ഥന പോലെ. 

പ്രത്യേകിച്ചൊരു വ്യക്തിക്ക് വേണ്ടി മാത്രമല്ലാതെ. 

മുഴുവൻ പ്രാപഞ്ചികതക്കും വേണ്ടി മാത്രം. 

മുഴുവൻ ചരാചരങ്ങൾക്കും വേണ്ടി. 


****


മരണവും മരണാനന്തരവും: 

നാടൻ രീതികളും ചടങ്ങുകളും തരുന്ന കാഴ്ചപ്പാട് മേൽപറഞ്ഞത് പോലെ. 


മരണത്തെ എങ്ങിനെ കാണുന്നു, നേരിടുന്നു എന്നതിലുണ്ട് ജീവിതവും മരണാനന്തരവും എന്തെന്നും എന്തല്ലെന്നുമുള്ള കൃത്യമായ വ്യക്തത.


മരണത്തെ ധീരമായി നേരിടുന്നവന് ജീവിതവും മരണാനന്തരവും എന്തെന്നും എന്തല്ലെന്നും കൃത്യമായ വ്യക്തതയുണ്ടെന്ന് സാരം.


*****


ഇതെഴുതുന്നത് വേദങ്ങളും ഉപനിഷത്തുകളും വായിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലല്ല. പാണ്ഡിത്യം അടിസ്ഥാനമാക്കിയും അല്ല.


പകരം ഇതെഴുതുന്നത് ജീവിതം മാത്രമാണ്, ജീവിതത്തിന് വേണ്ടി മാത്രമാണ് എല്ലാം എന്ന സാമാന്യയുക്തി വെച്ചാണ്. 


ആ ജീവിതത്തിൽ ഞാനും നീയും ഇല്ല എന്ന സാമാന്യയുക്തി വെച്ച്. 


ജീവിതത്തിന് വേണ്ട, ജീവിതം ജീവിതത്തിന് വേണ്ടി അപ്പപ്പോൾ ഉണ്ടാക്കുന്ന ഞാനും നീയും മാത്രമേ ഉള്ളൂ എന്ന സാമാന്യയുക്തി വെച്ച്. 


ആ ജീവിതത്തെ ദൈവമെന്നോ ആത്മാവെന്നോ പദാർത്ഥമെന്നോ ഊർജ്ജമെന്നോ ബോധമെന്നോ, അതല്ല മറ്റെന്തെങ്കിലുമെന്നോ നാം വിളിച്ചാലും വിളിച്ചില്ലെങ്കിലും സംഗതി ഒന്ന്, കാര്യം ഒന്ന് എന്ന ബോധം വെച്ച്.


*****


ജീവിച്ചവർ മരണാനന്തരത്തിൽ അതുപോലെ, അതേ ഞാൻ നീ ബോധം വെച്ച് ബാക്കിയാവുന്നില്ല. 


ജീവിക്കുമ്പോൾ മാത്രം അവരായി എന്നല്ലാതെ. ഏത് സമയവും പൊട്ടി ഇല്ലാതാവുന്ന കുമിള പോലെ. 


ജനിക്കുന്നതിനു മുൻപും മരിച്ചതിന് ശേഷവും അവർ അവർ തന്നെയായി ഇല്ല. കുമിള കുമിളയായി ഇല്ല 


*****


എന്നത് കൊണ്ടാണോ എന്ന് തോന്നുംവിധമുള്ള, തോന്നിപ്പിക്കുംവിധമുള്ള കാഴ്ചപ്പാടും ചടങ്ങുകളും ഇന്ത്യയിൽ ആകമാനമുള്ള നാടൻ രീതിയിൽ നിറയെ കാണാം.


ഒന്നാമതായി മരിച്ച ശവത്തെ പൂർണമായും കത്തിച്ചു കളയാനുള്ള ഉറപ്പും ധൈര്യവും. 


മരിച്ചാൽ കത്തിച്ചുകളയാനുള്ള ധൈര്യം. അതിലുണ്ട് ഞാനും നീയുമില്ല, ഒന്നുമില്ല, ഒന്നുമല്ല എന്ന ഉറപ്പ്. 

ശവം എന്തുമാക്കി മാറ്റാനാവുന്ന, എന്തിനും ഉപയോഗിക്കാനാവുന്ന വസ്തു മാത്രമെന്ന  ആ ഉറപ്പ് വല്ലാത്തൊരുറപ്പാണ്. തെളിച്ചവും വെളിച്ചവും ഒത്തുവരുന്ന ഉറപ്പ്.


അതും ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ കത്തിച്ച് ദഹിപ്പിക്കണം എന്ന നിർബന്ധം.


മരിക്കുന്നത് കുട്ടികളാണെങ്കിൽ മാത്രം കുഴിച്ചിടുക. 


അതിനും ചില കാരണങ്ങൾ ഉണ്ടാക്കാം.


ജീവിച്ചിരിക്കെ തന്നെ സ്വതന്ത്ര വ്യക്തിത്വം കുട്ടികൾക്ക് ഇല്ല എന്ന ന്യായം.  അതുകൊണ്ട് കത്തിച്ച് ഇല്ലാതാക്കി എന്ന് വരുത്തേണ്ടതുമില്ല എന്ന് തോന്നിപ്പിക്കും വിധം.


മരിച്ചവൻ ഒരു നിലക്കും ബാക്കിയില്ല, അവനെ പൂർണമായും പഞ്ചഭൂതങ്ങളിലേക്ക് തിരിച്ചയക്കുന്നു. അവനെ പഞ്ചഭൂതങ്ങളാക്കി പ്രപപഞ്ചം തന്നെയാക്കി മാറ്റുന്നു എന്നത് ബാക്കിയുള്ളവരെ കൂടി കൃത്യമായും വ്യക്തമായും ബോധ്യപ്പെടുത്തുന്നത് പോലെ തന്നെ ഒരു കത്തിച്ചുകളയൽ.


കത്തിക്കുമ്പോൾ ഓരോരുത്തരുമായ ഊർജ്ജം പലതായി മാറും എന്ന ഉറപ്പ് ധൈര്യം. 


ഊർജ്ജം എന്നത് പോലും വ്യാവഹാരികമായി മനസിലാക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന പദം, ബിംബം) 


അതിനാൽ ഫലത്തിൽ പ്രാപഞ്ചികതയിലെ തന്നെ കാക്കയും പൂച്ചയും പുല്ലും പൂവും പഴവും ഉറുമ്പും പാറ്റയും അണുവും ആകാശവും ഭൂമിയും ഓരോരുത്തനും മാറും എന്ന ഉറപ്പ്.


മോക്ഷം പോലും മരിച്ചതിന് ശേഷം വേറെ എവിടെയോ വെച്ച് കിട്ടേണ്ടതല്ല എന്ന ഉറപ്പ്, ധൈര്യം.


ജീവിക്കുമ്പോൾ തന്നെ ഒന്നും ഒന്നുമല്ല എന്നറിയുന്നത് കൊണ്ട് കിട്ടുന്ന, അതുകൊണ്ട് തന്നെ വാനപ്രസ്ഥത്തിനും സന്യാസത്തിനും ഒരുങ്ങുന്ന അതേ ഉറപ്പും ധൈര്യവും. 


പിന്നെ ഏറിയാൽ മരണത്തോടെ ഇല്ലാതായിത്തീർന്ന് എല്ലാവരും അവരല്ലാതായിത്തീർന്ന് നിർബന്ധമായും കിട്ടുന്ന മോക്ഷം മാത്രമെന്ന ഉറപ്പും ധൈര്യവും. 


ഓരോരുത്തരും ഞാനും ഞാനും ആണെന്ന് തോന്നുന്നു തടവറ മാത്രമേ ഉള്ളൂ, ആ തടവറയിൽ നിന്നും കിട്ടേണ്ട മോക്ഷമമേ ഉളളൂ എന്നറിയുന്ന ഉറപ്പും ധൈര്യവും.


*****


അതുകൊണ്ട് തന്നെ ആ ധൈര്യവും ഉറപ്പും വാനപ്രസ്ഥത്തിൽ നിന്നും സന്യാസത്തിൽ നിന്നും തുടങ്ങുന്നു എന്നറിയുമ്പോൾ കത്തിച്ച് കളയുന്നതിലെ യുക്തി ഒന്ന് കൂടി വ്യക്തമാവും. 


എല്ലാം ഉപേക്ഷിക്കുന്ന, എല്ലാം സ്വയം വിട്ടൊഴിവാക്കി, അറിയായ്കയിലേക്കും അപരിചിതത്വത്തിലേക്കുമുള്ള ഒഴിഞ്ഞുപോക്കിൽ നിന്ന്, വാനപ്രസ്ഥത്തിൽ നിന്നും സന്യാസത്തിൽ നിന്നും തുടങ്ങുന്നു കത്തിച്ചുകളയുന്ന ഈ ഉറപ്പും ധൈര്യവും. 


ഒന്നുമില്ല, ഒന്നുമല്ല എന്ന ഉറപ്പ്, അത് നൽകുന്ന ധൈര്യം.


ഒന്നുമില്ല, ഒന്നിനും വേണ്ടി കാത്തിരിക്കേണ്ടതില്ല എന്ന ഉറപ്പിൽ നിന്നുള്ള ധൈര്യം പോലെ തന്നെ വാനപ്രസ്ഥം, സന്യാസം, പിന്നെ കത്തിച്ചുകളയൽ.


******


മരണവുമായി ബന്ധപ്പെട്ട് ചെയ്യുന്ന ഒന്നും ഇവിടെ ആത്മീയമായതല്ല.


മരണത്തിന് ശേഷം എന്തെങ്കിലും നേടിത്തരേണ്ട ആത്മീയത തന്നെ ഇല്ല എന്ന് തന്നെ സാരം.


*****


നോക്കൂ... 


മരണത്തിൻ്റെ, മരണാനന്തരം നടത്തുന്ന എല്ലാ കർമ്മങ്ങളും ആൻ്റിക്ലോക്ക്വൈസ്. 


വന്നെത്തിയിടത്ത് നിന്ന് തിരിച്ചു പോകും പോലെ. 


ഉറവയിലേക്കുള്ള തിരിച്ചൊഴുക്ക് പോലെ. 


അസാധാരണമായ രീതിയിൽ. 


താഴെ നിന്നും മുകളിലോട്ടുള്ള ഒഴുക്ക്. 


ആപേക്ഷിക രീതികൾ തകിടംമറിക്കുന്ന കോലത്തിൽ.


*****


അമ്പലത്തിൽ പോയാൽ വലംവയ്ക്കുന്നത് ക്ലോക്ക്വയ്സിൽ. 


മരണാനന്തര ചടങ്ങിൽ വലംവയ്ക്കുന്നത് ആൻ്റിക്ലോക്ക്വയ്സിൽ


മരണാനന്തര ചടങ്ങിൽ നടത്തുന്ന എല്ലാ കർമ്മങ്ങളും എല്ലാ സംഗതികളും സാധനങ്ങളും അമ്പലത്തിലും പൂജയ്ക്കും ഉപയോഗിക്കാത്തത് മാത്രം.


ശവശരീരം അമ്പലത്തിൽ കൊണ്ടുവരികയോ അതിൻ്റെ മുൻപിലൂടെ പോകുകയോ പോലും സാധാരണഗതിയിൽ ചെയ്യില്ല...


കർമ്മങ്ങൾ ചെയ്യുന്ന ആരും തന്നെ, ആ വീട്ടുകാരും അമ്പലത്തിൽ പോകില്ല, പോകാൻ പാടില്ല...


മരിച്ചവരുടെയോ അവരുടെ അടുത്ത ബന്ധുക്കളുടെയോ വീടുകളിൽ വിളക്ക് കത്തിക്കില്ല..


മരിച്ചവരുടെയോ അവരുടെ അടുത്ത ബന്ധുക്കളുടെയോ വീടുകളിൽ ആരാധനാ കർമ്മങ്ങൾ ഉൾപ്പെടെ പ്രാർത്ഥനകൾ ഒന്നും നടത്തില്ല...


പത്ത് ദിവസം കഴിയുന്നത് വരെ..


ചുരുങ്ങിയത്, പത്ത് ദിവസം കൊണ്ട് മരിച്ച ശരീരത്തിലെ, പ്രത്യേകിച്ചും കത്തിക്കുന്നത് കൊണ്ട് പഞ്ചഭൂതങ്ങളെ പ്രാപഞ്ചികതയിലേക്ക് മടക്കുന്നു എന്ന് വരുത്തും വിധം കാര്യങ്ങൾ.


ശവത്തിൻ്റെ അടുത്ത് നിന്ന് ഒരുതരം വേദപാരായണവും പ്രാർത്ഥനയും നടത്തില്ല എന്ന് മാത്രമല്ല, മരിച്ച വീട്ടിലും എല്ലാതരം വേദപാരായണവും പ്രാർത്ഥനയും നിർത്തും...


പതിനൊന്നാം ദിവസം കുളി കഴിയുന്നത് വരെ...


അമ്പലത്തിൽ മരിക്കില്ല, മരിക്കരുത്. മരിച്ചാൽ വലിയ ശുദ്ധികലശം നടത്തേണ്ടി വരും..


പരേതാത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്ന പരിപാടി ഇല്ല. 


മരണത്തെ പൂർണമായും ദൈവികമായ പ്രകീർത്തനങ്ങളിൽ നിന്നും മാറ്റിനിർത്തുന്നു.


***** 


എന്താണ് പുനർജന്മം? 


നിൻ്റെയും എൻ്റെയും മരണത്തിന് ശേഷവും ജീവിതം ജീവിതമായി തുടരുന്നു. 


നീയും ഞാനും തുടരുന്നില്ല. 


ജീവിതം എൻ്റെയും നിൻ്റെയും ഈ ഞാൻ നീ ബോധവുമായി തുടരാതെ തുടരുന്നു. 


പകരം പല വ്യത്യസ്ത രൂപങ്ങളായി, അവസ്ഥകളായി, ജന്മങ്ങളായി ജീവിതം തുടരുന്നു. നീയും ഞാനും എന്നത് ബാധകമാവാതെ. 


അതിനാൽ പറയുന്നു കാക്കയും പൂച്ചയും പൂവും പഴവും ഉറുമ്പും പാമ്പും ഒക്കെയായി എന്ന് തോന്നിപ്പിക്കും വിധം പൊതുവായി പറയുന്നു.


എങ്കിൽ എന്താണ് പൂർവ്വജന്മം? 


നിൻ്റെയും എൻ്റെയും ജനനത്തിന് മുൻപും ജീവിതം ജീവിതമായി തുടർന്നിരുന്നു. നീയും ഞാനും ഇല്ലാതെ. 


ജീവിതം എൻ്റെയും നിൻ്റെയും ഈ ഞാൻ നീ ബോധമില്ലാതെ തുടർന്നിരുന്നു. പല വ്യത്യസ്ത രൂപങ്ങളായി, അവസ്ഥകളായി, ജന്മങ്ങളായി. നീയും ഞാനും എന്നത് ബാധകമാവാതെ.


ഫലത്തിൽ നീ ഞാൻ ബോധം സ്ഥിരമല്ല.

 

അതിനാൽ തന്നെ നീ, ഞാൻ, അവൻ അവൾ എന്നത് കേന്ദ്രീകരിച്ച്, അതിന് തുടർച്ചയുണ്ട് എന്ന് കരുതി ദൈവത്തോട് ഒന്നും പ്രാർത്ഥിക്കാനില്ല എന്നർത്ഥം വരുന്നുവോ എന്ന് തോന്നിപ്പിക്കും വിധം ഇവിടെയുള്ള മരണാനന്തര ചടങ്ങുകളും ആചാരങ്ങളും.


*****


എങ്കിൽ പൂർവ്വജന്മത്തിൽ കാക്കയോ പൂച്ചയോ ഉറുമ്പോ പാറ്റയോ ആയിരിക്കാം എന്ന് പറയുന്നതിൻ്റെ അർത്ഥം എന്താണ്?


അതുപോലെ തന്നെ പുനർജന്മത്തിൽ കാക്കയോ പൂച്ചയോ ഉറുമ്പോ പാറ്റയോ ആവാം എന്ന് പറയുന്നതിൻ്റെ അർത്ഥം എന്താണ്?


ഞാനും നീയുമായ ബോധവും രൂപവും തുടരുന്നില്ല എന്നത് അതിൻ്റെ അർത്ഥം.


ഞാൻ നീ ബോധമുള്ള എനിക്കും നിനക്കും ഇതേ ഞാൻ നീ ബോധവും രൂപവും വെച്ചുള്ള പുനർജന്മം ഉണ്ടാവില്ല, പൂർവ്വ ജന്മം ഉണ്ടായിരുന്നില്ല എന്നർത്ഥം.


തുടരുന്നത് ഞാനും നീയും തുടരാത്ത ജീവിതം മാത്രം എന്നർത്ഥം.


ആ ജീവിതത്തിൽ കാക്കയും ഉറുമ്പും ഞാനും നീയും എല്ലാം ഒന്ന് എന്നർത്ഥം.


അതിനാൽ ഞാനും നീയും ഏത് പോലെ ജനനത്തിന് മുൻപ് എല്ലാമായിരുന്നുവോ, അതുപോലെ ഇനിയും മരണത്തോടെ എല്ലാമാകാൻ പോകുന്നു എന്നർത്ഥം.


അവിടെയാണ് കാക്കയും പൂച്ചയും മറ്റെന്തുമാണ് പൂർവ്വജന്മത്തിലും പുനർജന്മത്തിലും എന്ന് പറയുന്നതിൻ്റെ അർത്ഥം. 


ഞാനും നീയും അവനും അവളും ആയ ബോധത്തിൽ ആരും മരണാനന്തരം തുടരുന്നില്ല, ജനനത്തിന് മുൻപ് ഉണ്ടായിരുന്നില്ലാത്തത് പോലെ. 


ഞാനും നീയും പ്രാപഞ്ചികതയിൽ  പ്രാപഞ്ചികതയായി പ്രാപഞ്ചികഘടകമായി മാത്രം ആയിരുന്നു, ഇനിയും അങ്ങനെ തന്നെയായി മാറും എന്നർത്ഥം. 


അങ്ങനെയാവും എന്നത് നമുക്ക് മനസ്സിലാവുന്ന രീതിയിൽ പറയുന്നത് മാത്രം കാക്കയും പൂച്ചയും ഉറുമ്പും പാറ്റയും ആയിരുന്ന്, ആവും എന്നത്.


അതുകൊണ്ട് തന്നെയായിരിക്കണം ബലിതർപ്പണത്തിൽ ബലി ഇടുമ്പോഴുള്ള  പ്രവർത്തിയും പ്രാർത്ഥനയും വരെ പേരെടുത്ത് പറയുന്ന ഒരു പ്രപിതാവിനോ കുടുംബക്കാരനോ വേണ്ടി അല്ല എന്നത്. 


ബലിതർപ്പണത്തിൽ നടത്തുന്ന പ്രവർത്തിയും പ്രാർത്ഥനയും മുഴുവൻ പ്രാപഞ്ചികതക്കും പ്രാപഞ്ചികഘടകങ്ങൾക്കും വേണ്ടിയാണ് എന്നത്.

*****

മരിച്ചാൽ മാത്രമല്ല ജീവിക്കുമ്പോഴും വിഷ്ണുപാദത്തിൽ തന്നെ, ദൈവത്തോടൊപ്പം തന്നെ. 

മരിക്കുമ്പോൾ നീയും ഞാനും ഇല്ലാതാവും എന്നല്ലാതെ, പ്രത്യേകിച്ച് എങ്ങോട്ടോ മടങ്ങുന്നില്ല. 

വിഷ്ണുപാദം പൂകി, ദൈവത്തിലേക്ക് മടങ്ങി എന്നൊക്കെ പറഞ്ഞാൽ ആകെമൊത്തം പ്രാപഞ്ചികതയുടെ, നിലനില്പിൻ്റെ ഭാഗമായി എന്നർത്ഥം. 

വിഷ്ണു എന്നാലും ദൈവമെന്നാലും നിലനിൽപ് എന്ന് മാത്രമർത്ഥം.

****

ജീവിക്കുമ്പോൾ ജീവിച്ചുകൊണ്ട് തന്നെയുള്ള മോക്ഷം മാത്രം. 

മരണാനന്തരം സംഭവിക്കേണ്ട, നേടേണ്ട മോക്ഷം ഇല്ല. 

ഒന്നും ഒന്നുമല്ലെന്നറിയുന്ന, നീയും ഞാനും ഇല്ലെന്നറിയുന്ന മോക്ഷം മാത്രമേ ഉള്ളൂ...


അപ്പോൾ കർമ്മഫലം?

എല്ലാം കർമ്മഫലം തന്നെ. 

ഇവിടെ ഉള്ളതും, ഉണ്ടാവുന്നതും, ഉണ്ടായതും, ഒപ്പം നാം ഉണ്ടാക്കുന്ന എല്ലാ മാറ്റങ്ങളും കർമ്മഫലം തന്നെ. 

ഞാനും നീയും ഉള്ള, എന്നിലേക്കും നിന്നിലേക്കും തന്നെ നീളുന്ന, നമ്മളിലേക്ക് തന്നെ തിരിച്ചുവരുന്ന കർമ്മഫലമല്ല. 

ഞാനും നീയും ഇല്ലാത്ത ജീവിതമായിത്തീരുന്ന, തുടർച്ചയായ ജീവിതത്തിൽ നിഴലിടുന്ന കർമ്മഫലം. 

*****

മരിച്ചാൽ കത്തിച്ചുകളയാനുള്ള ധൈര്യം. 

അതിലുണ്ട് ഞാനും നീയുമില്ല, ഒന്നുമില്ല, ഒന്നുമല്ല എന്ന ഉറപ്പ്. 

ശവം എന്തുമാക്കി മാറ്റാനാവുന്ന, എന്തിനും ഉപയോഗിക്കാനാവുന്ന വസ്തു മാത്രമെന്ന ആ ഉറപ്പ് വല്ലാത്തൊരുറപ്പാണ്. 

തെളിച്ചവും വെളിച്ചവും ഒത്തുവരുന്ന ഉറപ്പ്.

ഏത് കാലം മുതൽ ഇത് ഇന്ത്യയിലാകമാനം ഉണ്ടായിരുന്നു എന്നിടത്ത് കിടക്കുന്നു ജീവിതത്തെ കുറിച്ചും മരണാനന്തരത്തെ കുറിച്ചും ഇന്ത്യ കണ്ടെത്തിയ ദാർശനികത്തിളക്കം എവിടെ വരെ എത്രത്തോളം ഉണ്ടായിരുന്നു എന്നത് ...





No comments: