Wednesday, November 30, 2022

ബോറടിക്കുന്നുവോ? നിനക്ക് നിന്നെ വേണ്ടെന്നർത്ഥം.

'ചെയ്യുന്ന ജോലിയുടെ അര്‍ത്ഥം ജീവിതത്തിന്' എന്ന് മനുഷ്യന്‍. 

'പക്ഷേ അതെങ്ങനെ? ജീവിക്കാൻ വേണ്ടി ചെയ്യേണ്ടി വരുന്നതല്ലേ ജോലി?' എന്ന് ജീവിതം.

*****

ഒറ്റക്കാവുമ്പോൾ, ഒന്നും ചെയ്യാതിരിക്കുമ്പോൾ ബോറടിക്കുന്നുവോ? 

എങ്കിൽ നിനക്ക് നിന്നെ വേണ്ടെന്നർത്ഥം.

ബോറടിമാറ്റാൻ സമയം കൊല്ലുക എന്നത് ലക്ഷ്യവും ആവശ്യവും ആക്കേണ്ടി വരുന്നോ?  

എങ്കിൽ അപ്പോഴൊക്കെയും നീ നിന്നെ കൊല്ലുന്നു, നീ ആത്മഹത്യ ചെയ്യുന്നു എന്നർത്ഥം. 

അറിയണം, നീ കൊല്ലുന്ന, നിനക്ക്  വേണ്ടാത്ത സമയം തന്നെയാണ് നീയും നിൻ്റെ ജീവിതവും.

അക്കരപ്പച്ച കണ്ട് നീ ഇക്കരയെ വെറുക്കുന്നതാണ് ബോറടി. 

പക്ഷേ, നീ വെറുക്കുന്ന ഇക്കരെയാണ് നീയും ജീവിതവും. 

അക്കരെ എത്തിയാലും അത് നിനക്ക് വീണ്ടും ഇക്കരേയും നീയും തന്നെ ആയിത്തീരും.

ഒറ്റക്ക് ഒന്നും ചെയ്യാതിരിക്കുമ്പോൾ ബോറടിക്കുന്ന നീ സ്വർഗവും സമാധിയും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും എന്തിന്?

നിനക്ക് പിന്നെ എങ്ങിനെ നിനക്ക് സ്വർഗ്ഗത്തിലും സമാധിയിലും ആയിരിക്കാൻ സാധിക്കും?  എല്ലാം നിറഞ്ഞാലും തികഞ്ഞാലും പിന്നെ എന്ത് ചെയ്യാൻ?

ആയിരിക്കും പൊലെ ആയിരിക്കാൻ സാധിക്കുകയാണ് സ്വർഗവും സമാധിയും. 

ആയിരിക്കുന്ന അവസ്ഥയിൽ മതിയും പൂർണ്ണതയും കണ്ടെത്തുകയാണ് സ്വർഗ്ഗവും സമാധിയും. 

ആവശ്യങ്ങൾ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുകയും, ആവശ്യങ്ങൾ നിറവേറ്റാൻ എന്തോക്കെയോ ചെയ്യേണ്ടി വരികയും വരാതിരിക്കുകയാണ് സ്വർഗവും സമാധിയും.

നീ മാത്രമാവുമ്പോഴുള്ള നീയുമായും ജീവിതവുമായും ഉള്ള നിൻ്റെ പൊരുത്തമാണ് സ്വർഗവും സമാധിയും.

ഉള്ളത് എന്താണോVഅതിൽ ആയിരിക്കലും, പിന്നെ വേറൊന്ന് അന്വേഷിക്കേണ്ടി വരാതിരിക്കലുമാണ് സമാധി, സ്വർഗം. 

അക്കരേയും അക്കരപ്പച്ചയും ഇല്ലാതിരിക്കുക സമാധി, സ്വർഗം.  

ബാക്കിയാവുന്ന അർത്ഥരാഹിത്യത്തിലും ശൂന്യതയിലും അർത്ഥവും പൊരുത്തവും കണ്ടെത്താൻ കഴിയുന്ന നിനക്കക്കേ ജീവിക്കാൻ യോഗ്യതയും അർഹതയും ഉള്ളൂ. അങ്ങനെയുള്ള ജീവിതത്തിന് മാത്രമേ സ്വർഗവും സമാധിയും ഉളളൂ.

ബാഹ്യമായി നീ ഉടമപ്പെടുത്തുന്ന ഒന്നിൻ്റെയും അല്ല നീയും ജീവിതവും.

നിൻ്റെ അർത്ഥവും വ്യക്തിത്വവും അതുമൂലം കിട്ടുന്ന നിറവും ജീവിക്കാൻ വേണ്ടി നീ ചെയ്യേണ്ടി വരുന്ന അതും ഇതും ആയ എന്തെങ്കിലും കാര്യങ്ങളുടെയും ജോലികളുടെയും അല്ല.

ഒന്നും ചെയ്യാനില്ലെന്ന് വന്നാൽ ബോറടിക്കുന്ന നിനക്ക് നിന്നെയും ജീവിതത്തെയും വേണ്ടെന്നാണർത്ഥം. 

എപ്പോഴും എന്തെങ്കിലും ചെയ്തേ തീരൂ, എന്തിലെങ്കിലും മുഴുകിയേ തീരൂ എന്നുണ്ടെങ്കിൽ നിനക്ക് നിന്നെ ഒഴിവാക്കേണ്ടി വരുന്നു, നിന്നെ മറച്ചുപിടിക്കാൻ മറ്റ് പലതും വേണ്ടിവരുന്നു എന്നാണർത്ഥം. 

ഇല്ലാത്ത നിന്നെ മറ്റെന്തോക്കെയോ വെച്ച് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കേണ്ടി വരുന്നു എന്നർത്ഥം. 

അല്ലെങ്കിൽ തന്നെ ഇല്ലാത്ത നീ ജീവിതത്തിൽ നിന്നും നിന്നിൽ നിന്നും ഒളിച്ചോടുന്നു എന്നർത്ഥം. 

ശരിക്കും അങ്ങിനെ ബോറടിക്കുന്നുവെന്ന് പറയേണ്ടി പോലും വരരുത്. 

അങ്ങിനെ ബോറടിക്കുന്നുവെന്ന് പറയേണ്ടി വരുന്ന നിമിഷം നീ ജീവിക്കാൻ അനർഹനാവുന്നു. ജീവിതം നിനക്ക് വേണ്ടാത്തതാവുന്നു. നിനക്ക് നീ വേണ്ടാത്തതാവുന്നു.

ആ വഴിയിൽ നീ ജീവിതത്തിന് ഇല്ലാത്ത അർത്ഥം ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നു. 

ആ ശ്രമത്തിൻ്റെ ഭാഗമായി മറ്റെന്തിലോ മുഴുകുന്നു. 

സമയം തന്നെ ജീവിതം എന്നറിയാതെ നീ സമയത്തെ കൊല്ലാൻ ശ്രമിക്കുന്നു. 

അങനെ നീ ജീവിതത്തെ തന്നെ  കൊല്ലുന്നു. 

ഫലത്തിൽ നീ എപ്പോഴും ആത്മഹത്യ ചെയ്യുന്നു.

എങ്കിൽ നീ ഒന്ന്മറിച്ച് ചിന്തിച്ചു നോക്കുക.

നീ കൊതിക്കുന്ന, കിട്ടേണമെന്ന് ആഗ്രഹിച്ച്  പ്രാർത്ഥിക്കുന്ന സ്വർഗ്ഗത്തിൽ എത്തിയാൽ നീ എന്ത് ചെയ്യും? 

അവിടെ നിനക്ക് ഒന്നും ചെയ്യാൻ ഉണ്ടാവില്ലല്ലോ? 

അവിടെ നിനക്ക് ബോറടി വരില്ലേ? 

*******

എങ്കിൽ നീ ചോദിക്കും.  

ബോറടി എന്നതിന് എന്താണ് പരിഹാരം? 

നീ അറിയുമോ, നിനക്ക് നിന്നെയും നിൻ്റെ ജീവിതത്തെയും യഥാർഥത്തിൽ വേണ്ടാതാവുന്നതാണ് ബോറടി?

അതിനുള്ള ഏക പരിഹാരം ഒന്നുകിൽ നീ നിന്നെ വേണ്ടെന്ന് വെക്കുക. അതായത് ജീവിതം തന്നെ വേണ്ടെന്ന് വെക്കുക. വേറെ എന്തൊക്കെയോ ആണ് ജീവിതം എന്ന് ധരിക്കുന്നത് വേണ്ടെന്ന് വെക്കുക.

അതല്ലെങ്കിൽ, നീ നീയുമായി രമ്യതയിൽ ആവുക. 

നിനക്കും ജീവിതത്തിനും അർത്ഥം ഇല്ലെങ്കിൽ ആ അർത്ഥമില്ലായ്മയാണ് അർത്ഥം എന്ന് അംഗീകരിക്കുക. 

ആ അർത്ഥമില്ലായ്മയുമായി ഒത്തുപോകുക. 

ജീവിതം ഇത്രയേ ഉള്ളൂ, ഇത്രക്കെ ഉള്ളൂ എന്ന് ഉള്ളുകൊണ്ട് ശരിക്കും അംഗീകരിക്കുക. 

ബാക്കിയെല്ലാം, ജീവിതം മറ്റെന്തൊക്കെയോ ആണെന്ന് വരുത്തിത്തീർക്കാനുള്ള നിൻ്റെ വെറും കാട്ടിക്കൂട്ടലുകൾ മയ്ത്രമാണെന്ന് സമ്മതിക്കുക. 

അങനെ നീ നീയുമായും ജീവിതവുമായും പൊരുത്തത്തിൽ ആവുക. 

എന്താണോ അതായി. 

എങ്ങനെയാണോ അങ്ങനെ.

എന്നുവെച്ചാൽ, ബോറടിക്ക് പരിഹാരം അർത്ഥരാഹിത്യം അംഗീകരിച്ച് ഒത്തുപോവുക മാത്രം. 

നീ നീയുമായി പൊരുത്തത്തിലാവുക മാത്രം. 

നീ നിന്നിൽ രമിക്കുന്ന രാമനാവുക മാത്രം. 

ഭക്തി, ലഹരി, ജോലി, അധികാരം, സാമൂഹ്യസേവനം, സ്ഥാനം, മാനം എന്നിത്യാദി വെച്ച് ഒരുപക്ഷേ നിന്നെയും അർത്ഥരാഹിത്യത്തെയും നിനക്ക് താൽകാലികമായി ഒളിപ്പിച്ചുവെക്കാം, മൊഞ്ചുള്ളതാക്കാം, മറച്ചുപിടിക്കാം. 

പക്ഷേ, ആ അർത്ഥമില്ലായമ അവിടെ തന്നെയുണ്ട്. 

ഒളിച്ചുപിടുത്തം അത് പരിഹരിക്കില്ല, ഇല്ലാതാക്കില്ല. കൂടുതൽ പഴുപ്പിക്കുക മാത്രമല്ലാതെ.

അറിയണം ആരെങ്കിലും അറിയുന്നതും ആർക്കെങ്കിലും അറിയാനാവുന്നതും അല്ല  നീയും നിൻ്റെ ജീവിതവും.

ആരും നമ്മളെ അറിയാതിരിക്കുമ്പോഴും എല്ലാവരും നമ്മെ മറക്കുമ്പോഴും ആണ് നമ്മുടെ സ്വാതന്ത്ര്യവും ജീവിതവും തുടങ്ങുന്നതും ആഘോഷിക്കപ്പെടുന്നതും. 

നമ്മൾ നമ്മളെ അറിയുന്നതും അറിഞ്ഞ് തുടങ്ങുന്നതും അപ്പോഴാണ്. 

ഒപ്പം ശരിക്കുമുള്ള ചുറ്റുപാടും ലോകവും നാം ശരിക്കും കാണുന്നതും അപ്പോൾ മാത്രമാണ്.

മറ്റുള്ളവരുടെ നമ്മെ കുറിച്ച അറിവ് അയഥാർത്ഥവും നമ്മുടെ സ്വതന്ത്ര്യം വിലക്ക് വാങ്ങുന്നതും ജീവിതംകളയുന്നതുമാണ്. 

അവ നമ്മെ നമുക്ക് യഥാർഥത്തിൽ ഇല്ലാത്തത് വെച്ച് നിർവചിച്ച് ശ്വാസം മുട്ടിക്കും. 

നാം അതിന് വേണ്ടി അഭിനയിച്ച് കപടൻമാരായി ജീവിക്കേണ്ടിയും വരും.

അറിയണം, നീയും ഞാനും വലുതാകുന്നതിൻ്റെ പേരല്ല അഹംബ്രഹ്മാസ്മി, അനൽഹഖ്, തത്വമസി. 

നീയും ഞാനും ഇല്ലാതാവുന്നതിൻ്റെയും നീയും ഞാനും ഇല്ലെന്ന് പറയുന്നതിൻ്റെയും ചെറുപ്പമാണ് അഹംബ്രഹമാസ്മി, അനൽഹഖ്, തത്വമസി.

No comments: