Saturday, November 26, 2022

വാക്ക് ശ്രമമാണ്, കൃത്രിമമാണ്. ശ്രമം വ്യത്യസ്തങ്ങളാണ്.

വാക്ക് ശ്രമമാണ്, കൃത്രിമമാണ്. 

ശ്രമം വ്യത്യസ്തങ്ങളാണ്. 

അത്കൊണ്ട് തന്നെ, വ്യത്യസ്തമായ ഭാഷകളിൽ വ്യത്യസ്തമായ വാക്കുകൾ ഉണ്ട്. 

പറയാനുള്ളത് മണ്ണ് പോലുളള സത്യമാണെന്ന് വെക്കുക. 

എങ്കിൽ അത് പറഞ്ഞവതരിപ്പിക്കാനുള്ള വ്യത്യസ്തമായ ശ്രമങ്ങളും വാക്കുകളും ഭാഷയുമാണ് വ്യത്യസ്തങ്ങളായ വൃക്ഷങ്ങളും ഇലകളും പൂക്കളും പഴങ്ങളും ധാന്യങ്ങളും.

പ്രവൃത്തി ഇല്ലാത്ത വാക്ക്, പ്രവൃത്തിയല്ലാത്ത വാക്ക്, ജീവിതം തന്നെയല്ലാത്ത വാക്ക്, വെറും കൃത്രിമം, ശ്രമം. പലപ്പോഴും പൂവും പഴവും ഇലയും ധാന്യവും പോലും പുറത്ത് കൊണ്ടുവരാത്തത്.

ശ്രമങ്ങൾ ഒക്കെയും സ്വാഭാവികമായ ചിലത് സ്വാഭാവികമായി നടക്കാത്തത് കൊണ്ട്. 

ശ്രമങ്ങൾ ഒക്കെയും അസ്വാഭാവികമായി ഉണ്ടാവുന്നത്. നിസ്സഹായത കൊണ്ടുണ്ടാവുന്നത്. ജീവിതം തന്നെയല്ലാതെ ഉണ്ടാവുന്നത്. ജീവിതത്തിന് പകരമായി ഉണ്ടാവുന്നത്. 

പല ശ്രമങ്ങളിലലും നിഷേധിക്കപ്പെട്ട ജീവിതമുണ്ട്, നഷ്ടമായ സ്വാഭാവികതയുണ്ട്. അതിനാൽ വാക്കുകളിലും.

അതുകൊണ്ട് തന്നെ വാക്ക് യഥാർത്ഥമല്ല. വാക്ക് യഥാർത്ഥമായതിനെ ഗർഭം ധരിക്കുന്നില്ല. വാക്ക് യഥാർത്ഥമായത് ഗർഭം ധരിക്കാൻ പര്യാപ്തമല്ല. 

യഥാർത്ഥമായ ഒരു വികാരത്തെയും അനുഭവത്തെയും അറിവിനേയും (അത് എരിവായാലും പുളിയായാലും വേദനയായാലും ദുഃഖമായാലും സന്തോഷമായാലും ശരിയായ അറിവായാലും) പ്രകടിപ്പിക്കാൻ വാക്കുകൾ മതിയാവാത്തത് അതുകൊണ്ട് മാത്രമാണ്.

കഷ്ടപ്പെട്ട് ചെയ്യുന്നത് ശ്രമം, ജോലി. വാക്കുകൾ പലപ്പൊഴും അങ്ങനെയൊരു ശ്രമം. ചില മൗനങ്ങളും.

ഇഷ്ടപ്പെട്ടു ചെയ്യുന്നത് ജോളി, കളി. പല മൗനങ്ങളും ചില വാക്കുകളും അങ്ങനെ.

വാക്കിനെ എങ്ങിനെ വേണമെങ്കിലും സയമെടുത്ത് കോർത്ത് പറയാം. പ്രത്യേകിച്ചും എഴുതുമ്പോൾ, പ്രസംഗിക്കുമ്പോൾ. വളരേ കൃത്രിമമായി.

ഏതെങ്കിലും വിഷയം വെച്ച് എഴുതുമ്പോൾ, പിന്നെ ഏകപക്ഷീയമായി, ഒരു തരം പ്ലാൻ്റേഷൻ പോലെ, ഒരേയൊരു വിഷയം വെച്ച് പ്രസംഗിക്കുമ്പോൾ അത് തീർത്തും കൃത്രിമം. 

കാരണം പ്രകൃതിപരതയിൽ (അഥവാ സ്വാഭാവികതയിൽ) ഒന്നേ ഒന്ന്, ഒരേ വിഷയം വെച്ച്, ഒരിടത്തൊരുമിച്ച്, ഏകപക്ഷീയമായി എന്നതില്ല. 

എല്ലാം ഇടകലർന്ന്  മാത്രം സ്വാഭാവികത, പ്രകൃതിപരത. 

മനസിനെയും ചിന്തയെയും വരെ നിരീക്ഷിച്ചു നോക്കുക. 

ചിന്തകളും മനസും പോലെ സ്വാഭാവികത, പ്രകൃതി. എന്തും എപ്പോഴും എവിടെയും. മാനങ്ങൾ അനുവദിക്കുന്നത് വെച്ച്.

എന്തും എപ്പോഴും എവിടെ വെച്ചും വിചാരിച്ചും ചിന്തിച്ചും പോകും. 

കക്കൂസിൽ വെച്ച് അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കാം. 

കുളിക്കുമ്പോൾ ന്യൂക്ലിയർ ഫിസിക്സിനെ കുറിച്ചും ചിന്തിച്ചുപോകും. 

പച്ചമാങ്ങ കടിച്ചുതിന്നുമ്പോൾ തന്നെ വിമാനത്തെ കുറിച്ചും കടലിൽ നീന്തുന്നതിനെ കുറിച്ചും ആലോചിക്കും. 

കാരണം പ്രകൃതിപരതയിലെ ക്രമം ക്രമരാഹിത്യത്തിൻ്റെതാണ്. 

സ്വാഭാവികതയുടെ താളവും അങ്ങനെ ക്രമരാഹിത്യത്തിൻ്റെത്. 

എന്തും എങ്ങനെയും എവിടെയും. ജീവിക്കുന്ന മാനത്തിൻ്റെ സാധ്യതക്കനുസരിച്ച്.

തെങ്ങും പ്ലാവും മാവും പുല്ലും കമ്യൂണിസ്റ്റപ്പയും എല്ലാം ഇടകലർന്ന്. 

പ്ലാൻ്റേഷനിൽ സംഗതി മറിച്ചും. ഒന്ന് മാത്രം. പ്രസംഗത്തിലും ലേഖനത്തിലും എന്ന പോലെ. വളരേ കൃത്രിമമായി.

അങ്ങനെ എഴുതുന്ന, പറയുന്ന വാക്ക് പലപ്പോഴും വെറും സ്വയംഭോഗം ചെയ്യുന്നത് പോലെ. കൃത്രിമം. വെറും ശ്രമം. മറിച്ച് സ്വാഭാവികമായത് നടക്കാത്തത് കൊണ്ട്.

ദൂരെനിന്ന് അനുവാചകനെ സങ്കല്പിച്ച് എഴുതി പറയുന്നത്, സംസാരിക്കുന്നത്, എഴുത്ത്, പ്രസംഗം. പലപ്പോഴും അപ്പുറത്ത് രതിമൂർച്ച നൽകില്ല, നൽകുന്നില്ല. 

മലമുകളിൽ നിന്ന് താഴ്‌വരയിൽ ഉള്ളവരോട് വിപ്ലവം പറയുന്നത് പോലെ പല വാക്കുകളും. താഴ്വാരത്തെ സംഗതികൾ തൊട്ടറിയാതെ, കണ്ടറിയാതെ. സങ്കല്പിച്ച് മാത്രം. കൃത്രിമമായി. വെറും വാക്ചാതുരി വെച്ച്.

വിവാഹം പോലും കഴിച്ചിട്ടില്ലാത്ത ബ്രഹ്മചാരിയും സന്യാസിയും ഭാര്യാഭർതൃ ബന്ധത്തെയും കുടുംബജീവിതത്തെയും കുട്ടികളെ സ്നേഹിക്കുന്നതിനെയും കുറിച്ച് വാതോരാതെ ഭംഗിയായി സംസാരിക്കുന്നത് പോലെ പല വാക്കുകളും. തീർത്തും കാല്പനികമായത്, കൃത്രിമമായത്. ഇടപാടുകൾക്കിടയിലെ അപ്പപ്പോഴുണ്ടാവുന്ന താളവ്യത്യാസവും ശ്വാസനിശ്വാസവും എന്തെന്നറിയാതെ. അതിലെ ചൂടും ചൂരും തൊട്ടറിയാതെ. അതിൽ പരാജയപ്പെടും എന്നിരിക്കെ.

വാക്ക്, യഥാർഥത്തിൽ  വൈകൃതം മാത്രമായ തൻ്റെ നഗ്നതക്ക് വസ്ത്രം ഇടുന്നത് പോലെ. യഥാർഥത്തിൽ ഇല്ലാത്ത ഗുണവും വിശേഷണവും തനിക്കുണ്ടെന്ന് കാണിക്കുന്നത്.

വാക്ക് സ്വ-ഭാവത്തിൽ നിന്നും വളരെ ദൂരെയുള്ള വേറൊരു ഭാവം കാണിക്കുന്നു. യഥാർഥത്തിൽ ഇല്ലാത്ത ഭാവം. 

പറയുന്ന, എഴുതുന്ന വാക്കുകൾ സ്വ-ഭാവത്തെ, ദൂരെയുള്ള ചന്ദ്രനെയും നക്ഷത്രങ്ങളെയും സുന്ദരമായി കാണിക്കുന്നത് പോലെ കാണിക്കുന്നു.  യഥാർഥത്തിലുള്ള ചൂടും ചൂരും കുണ്ടും കുഴിയും ഒന്നും കാണിക്കാതെ.

എഴുതുന്ന വാക്ക് ദൂരെ നിന്ന് കാണുന്നത് മാത്രം. അടുത്ത് പോയാലുള്ള യാഥാർത്ഥ്യവുമായി പുലബന്ധം ഇല്ലാത്തത്. 

അതുകൊണ്ട് തന്നെയാണ് പല ഗുരുക്കന്മാരും സാഹിത്യകാരന്മാരും മാനേജർമാരും ഒരു പരിധിവരെ ദൂരം നിർബന്ധമാക്കുന്നത്. 

ദൂരം എന്ന ഈ വസ്ത്രം വെച്ച് അവർ ബഹുമാനവും ആദരവും ഉറപ്പാക്കുന്നു. 

കല്പന നടക്കാൻ, നടപ്പാക്കാൻ ആദരം പിടിച്ചുപറ്റാൻ ദൂരം വേണം, മറ വേണം. 

അടുപ്പം ഉണ്ടാക്കുന്ന പുച്ഛം ഒഴിവാക്കാനും ദൂരം വേണം, മറ വേണം.

അങ്ങനെ മാത്രം ബഹുമാനം, ആദരവ്, അതിന് വേണ്ട ദൂരം, അതുണ്ടാക്കുന്ന സൗന്ദര്യം, ആകർഷണം.

വെറും വാക്കുകൾ വെച്ച്, അത് തന്നെ ദൂരമാക്കി, വസ്ത്രമാക്കി, അതിനെതന്നെ കിട്ടേണ്ട ബഹുമാനത്തിനു വേണ്ട ആയുധമാക്കി, അങ്ങനെ അണികളുടെയും ശിഷ്യന്മാരുടെയും മുൻപിൽ അത് തന്നെ ഉപജീവന മാർഗമാക്കി, അവർ ജീവിച്ച് പോകുന്നതങ്ങനെയാണ്. 

സ്വന്തം വീട്ടിൽ, ചുറ്റുപാടിൽ നടപ്പാക്കാൻ കഴിയാത്ത സ്നേഹവും ആദർശവും ലോകത്തോട് പറഞ്ഞ് വലുതാകുന്നതങ്ങനെയാണ്. 

വാക്കുകളെ വെറും കച്ചവടച്ചരക്കാക്കിക്കൊണ്ട്. വാക്കുകളെ തിളങ്ങുന്ന പാക്കറ്റുകൾ (ആവരണങ്ങൾ) ആക്കിക്കൊണ്ട്. 

ഉള്ളിലെ യഥാർത്ഥ ബിസ്കറ്റുമായി യാതൊരു ബന്ധവും ഇല്ലാത്ത തിളങ്ങുന്ന ആവരണങ്ങൾ. മണവാട്ടിയുടെ വസ്ത്രം പോലുളള ആവരണങ്ങൾ. പലപ്പോഴും മനവാത്യിക്ക് തന്നെ വെറും ഭാരം, വിറളി പിടിപ്പിക്കുന്നത്.

ഇട്ടാവട്ടത്തിൽ ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവൻ, അതിൽ നിന്നും ഒളിച്ചോടുന്നവൻ, വലിയ വട്ടത്തിൽ വലിയ കാര്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച് സുന്ദരമായി സംസാരിക്കുന്നു, എഴുതുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന, കൃത്രിമമായി കോർത്ത് വെക്കുന്ന വാക്കുകൾ വെച്ച്.

ചെറിയ ലോകത്തെ സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാതെ, സംരക്ഷിക്കാതെ അവർ ലോകത്തോട് സ്നേഹം പറയും. ലോകത്തെ സ്നേഹിക്കാനും സംരക്ഷിക്കാനും ഇറങ്ങി പുറപ്പെടും. 

ആഗോള താപനവും അന്തരീക്ഷ മലിനീരണവും വരെ അങ്ങനെ അവർക്ക് വലിയ വിഷയമാവും. സ്വന്തം വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് കവറുകൾ ഒരു കുറ്റബോധവും മുൻപിൻ ചിന്തയും ഇല്ലാതെ കത്തിച്ചു കൊണ്ട് തന്നെ.

വാക്കുകൾ മിക്കതും ഊതിവീർപ്പിച്ച സുന്ദരങ്ങളായ ബലൂണുകൾ മാത്രം. 

യാഥാർത്ഥ്യം തന്നെയായ വെയിലും മുള്ളും തട്ടിയാൽ പോട്ടിപ്പോകും ഈ ബലൂണുകൾ.

No comments: