Monday, November 28, 2022

രാജധർമ്മം എന്നതില്ലേ?

നമുക്ക് അനുകൂലമാണേൽ എന്തും ഏതും ചെയ്യുന്നത് ആവശ്യം, സാമൂഹ്യം (social).  

നമുക്ക് എതിരാണേൽ എന്തും ഏതും അനാവശ്യം,സാമൂഹ്യ വിരുദ്ധം (anti social).

എന്ന് വരുന്നു കാര്യങ്ങളും നീക്കങ്ങളും ഇവിടെ. 

ഇങ്ങനെയാണെങ്കിൽ നമ്മൾ ഒന്ന് മനസിലാക്കണം.

എല്ലാവർക്കും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് നിർവചനങ്ങൾ ഉണ്ടാവും, ഉണ്ടാവാം. 

അങ്ങനെ ശരി തെറ്റും, തെറ്റ് ശരിയും ആകും. ആർക്കും, എന്തും, എപ്പോഴും.

എല്ലാവർക്കും അവർ ചെയ്യുന്നത് നന്മ, ധർമ്മം എന്ന നിർവചനം. എളുപ്പം ഉണ്ടാക്കാവുന്ന നിർവചനം.

അങ്ങനെയാണ് എല്ലാവരും കാര്യങ്ങളെ അവരവരുടെ വൃത്തത്തിലും ചുറ്റുപാടിലും സൗകര്യപൂർവം അവതരിപ്പിക്കുന്നത്. അവർ ചെയ്യുന്നതിനും ലക്ഷ്യം വെക്കുന്നതിനും നന്മ, ധർമ്മം എന്നീ പേരും വിശേഷണവും നൽകിക്കൊണ്ട്.

എല്ലാ തീവ്രവാദികൾക്കും ഭരണാധികാരികൾക്കും ഏകാധിപതികൾക്കും പാർട്ടികൾക്കും മതങ്ങൾക്കും ഇത് തന്നെ ന്യായം. ധർമ്മസംസ്ഥാപനം. അവർ ഉദ്ദേശിക്കുന്ന, അവരുടെ നിർവചന പ്രകാരമുള്ള ധർമ്മസംസ്ഥാപനം.

എല്ലാവർക്കും അവരുടെ ലക്ഷ്യം നേടുക അവരുടെ ധർമ്മം. അവരുടെ കർമ്മത്തെ ധർമ്മമാക്കുന്ന ധർമ്മം, നിർവചനം അവരുടേത്.

അങ്ങനെ ധർമ്മസംസ്ഥാപന വഴിയിൽ തന്നെ അവരവടുടെ നിർവചന പ്രകാരം എല്ലാവരും. 

ആ നിർവചനം നടപ്പാക്കുന്ന വഴിയിൽ എല്ലാവർക്കും അവരുടെ ലക്ഷ്യം അവരുടെ ഏത് വഴിയെയും ന്യായീകരിക്കുന്നതാക്കുന്നു. എന്ത് തെറ്റും ക്രൂരതയും ചെയ്യാം എന്നാക്കുന്നു.

****

ഒന്നോർക്കുക. 

വലിയ തെറ്റിനെ നേരിടാൻ ചെറിയ തെറ്റ് എന്നത് തന്നെയാണ് എല്ലാവരുടെയും ന്യായം. 

എല്ലാ തീവ്രവാദികളും ഭീകരവാദികളും മത, രാഷ്ട്രീയ പാർട്ടികളും ഏകാധിപതികളും അണികളെ സൗകര്യപൂർവം പറഞ്ഞ് പഠിപ്പിക്കുന്നത് അത് തന്നെയാണ്. 

അത് പറഞ്ഞ് മനസിലാക്കി തന്നെയാണ് എല്ലാവരും തങ്ങളുടെ അണികളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നത്.

അത് തന്നെയാണ് മത, രാഷ്ട്രീയ നേതൃത്വം അവർ ചെയ്യുന്ന, ചെയ്യിക്കുന്ന എല്ലാ കളവിനും ക്രൂരതക്കും ന്യായമായും മറയായും പിടിക്കുന്നത്. 

ധർമ്മം എന്ന വാക്ക് ഓരോരുത്തരും അവരുടെ നിക്ഷിപ്ത താല്പര്യ സംരക്ഷണത്തിന് വേണ്ടി തന്ത്രപൂർവം ഉപയോഗിക്കുന്നു.

എല്ലാവർക്കും തെറ്റിനെ ശരിയായി കാണിക്കാനും ന്വായീകരിക്കാനും അവരവരുടെതായ ഇത്തരം നിർവചനം, ന്യായം, മറ മാത്രം മതി. 

ഗീതയും ഖുർആനും ബൈബിളും എല്ലാം തങ്ങളുടെ താൽപര്യത്തിന് വേണ്ടി സൗകര്യപൂവ്വം ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു, വ്യാഖ്യാനിക്കപ്പെടുന്നു

രാജ്യസ്നേഹവും രാജ്യദ്രോഹവും വരെ ഈ നിലക്ക്, നമ്മുടെ നാട്ടിൽ പ്രത്യേകിച്ചും, ഇവ്വിധം വ്യാഖ്യാനിക്കപ്പെടുന്നു, ദുരുപയോഗം ചെയ്യപ്പെടുന്നു. 

എല്ലാവരും വേഗം വീണു പോകുമെന്ന് അധികാരികൾ അറിയുന്ന ആ കെണിയിൽ എല്ലാരും വീണുപോകുകയും ചെയ്യുന്നു.

കാരണം കഴുത്തിൽ കത്തിവച്ച് പേടിപ്പിച്ച് വീഴ്ത്തുന്നതാണ് എല്ലാ ബാർബർമാരുടെയും സ്ഥിരം പയറ്റുന്ന ആ കെണി, വിദ്യ.

*****

എങ്കിൽ ഒരു ചോദ്യം:

രാജധർമ്മം എന്നതില്ലെ?

പ്രത്യേകിച്ചും ഭരണാധികാരികളും അവരുടെ പാർട്ടികളും അവർ ചെയ്യുന്നതിന് ന്യായങ്ങൾ അവതരിപ്പിക്കുമ്പോൾ ഇങ്ങനെ ചോദിക്കും. 

കാര്യങ്ങൾ തങൾക്കനുകൂലമാക്കാൻ ഇങ്ങനെ കാര്യങ്ങളെ അവതരിപ്പിക്കും.

എങ്കിൽ തിരിച്ചും ചിലത് ചോദിക്കാം.

രാജധർമ്മം ശരി. 

എല്ലാ പാർട്ടികളും എന്തും ചെയുന്നത് രാജധർമ്മമോ?

അധികാരത്തിന് വേണ്ടി എന്തക്രമവും കളവും ചെയ്യുന്നത് രാജധർമ്മമോ?

പ്രതിപക്ഷത്ത് നിന്ന് വേണ്ടതും വേണ്ടാത്തതും ചെയ്തത് രാജധർമ്മമോ?

വർഗീയ കലാപങ്ങൾ അഴിച്ചു വിട്ടതും വിടുന്നതും  ജനങ്ങൾക്കിടയിൽ വേർതിരിവുകളും അകൽച്ചയും ഉണ്ടാക്കിയതും ഉണ്ടാക്കുന്നതും രാജധർമ്മമോ?

Mob lunchingങ്ങും ഹലാൽ സമരവും രാജധർമ്മമോ?

അധികാരം കിട്ടാൻ പ്രതിപക്ഷത്ത് നിന്ന് ഒരുകൂട്ടർ വേണ്ടതും വേണ്ടാത്തതും ചെയ്തത് രാജധർമ്മമാണെങ്കിൽ ഇപ്പൊൾ പ്രതിപക്ഷത്ത് മറുകൂട്ടർ ചെയ്യുന്ന എന്തും ഏതും രാജധർമ്മം തന്നെയല്ലേ? 

അത് മാത്രം എങ്ങിനെ anti Social ആവുന്നു?

No comments: