ഒന്നുറപ്പിച്ച് പറയാം.
എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ അഹങ്കാരമാണ്.
ഞാൻ വലുതാവുമ്പോൾ ദൈവമാണ് വലുതാവുന്നത്.
എൻ്റെ അഹങ്കാരം ദൈവത്തെ വലുതാക്കലാണ്, ദൈവത്തിനുള്ള സ്തുതിയാണ്, പ്രകീർത്തനമാണ്.
******
ഒരു വാക്കിൻ്റെ അർത്ഥമാണ് ആ വാക്കിൻ്റെ അഹങ്കാരം. ഞാൻ എന്ന വാക്കിൻ്റെ അർത്ഥം എൻ്റെ അഹങ്കാരം. ഏത് വാക്കിൻ്റെയും അർത്ഥം അതു ഉച്ചരിച്ചവൻ്റെ ഉദ്ദേശം, അഹങ്കാരം.
*****
സമ്മാനങ്ങകളുടെ വലുപ്പം അത് തന്നതിൻ്റെ, അല്ലെങ്കിൽ അത് തന്നവൻ്റെ വലുപ്പമാണ്.
സംഭവങ്ങളുടെ വലുപ്പം അത് സംഭവിപ്പിച്ചതിൻ്റെതാണ്. അല്ലെങ്കിൽ അത് സംഭവിപ്പിച്ചവൻ്റെതാണ്.
സംഭവിപ്പിച്ച സംഗതിയെ അവനെന്നോ അതെന്നോ അവളെന്നോ വിളിക്കുന്നത് നിങ്ങളുടെ സൗകര്യം.
****"
ഒന്ന് മാത്രം വ്യക്തമാണ്.
എൻ്റെതൊന്നും എൻ്റേതല്ല.
ഞാൻ തന്നെയും എൻ്റേതല്ല.
എന്നെ ഞാൻ സ്വന്തമാക്കുന്നില്ല.
ഞാൻ എൻ്റെ തന്നെ സ്വന്തമോ സൃഷ്ടിയോ അല്ല.
എന്നെ ഞാനാക്കുന്ന നൂറായിരം കോടി കാര്യങ്ങളിൽ ഒന്നും ഞാൻ നിശ്ചയിച്ചതല്ല.
എന്നെ ഞാനാക്കുന്ന നൂറായിരം കോടി കാര്യങ്ങളിൽ ഒന്നിനെയും ഞാൻ നിയന്ത്രിക്കുന്നില്ല.
*****
എങ്കിൽ ഞാനെന്ന ഈ സംഭവത്തിൻ്റെ, സമ്മാനത്തിൻ്റെ അഹങ്കാരം ആരുടേതാണ്, ആർക്ക് വേണ്ടിയാണ്? എന്തിൻ്റെതാണ്, എന്തിന് വേണ്ടിയാണ്?
എൻ്റെ അഹങ്കാരം ഈ എന്നെ തന്നതിൻ്റെതാണ്, സംഭവിപ്പിച്ചതിൻ്റെതാണ്. അല്ലെങ്കിൽ തന്നവൻ്റെതാണ്, സംഭവിപ്പിച്ചവൻ്റെതാണ്.
(അതായാലും അവനായാലും അവളായായാലും ഒന്ന്.)
ഞാനും എൻ്റേതും ആരുടെയോ എന്തിൻ്റെയോ സമ്മാനമാണെങ്കിൽ, ഞാനും എൻ്റേതും ആരോ എന്തോ സംഭവിപ്പിച്ചതാണെങ്കിൽ, എൻ്റെ വലുപ്പം അത് തന്നതിൻ്റെതാണ്, അത് സംഭവിപ്പിച്ചതിൻ്റെതാണ്. അത്രയേ ഉള്ളൂ.
മറ്റാരെങ്കിലും മറ്റെന്തെങ്കിലും സംഭവിപ്പിച്ച, എൻ്റെതെന്ന് തോന്നുന്ന ഞാൻ മാത്രം.
എന്നെ സമർത്ഥിക്കാനും സ്ഥാപിക്കാനുമെന്ന് തോന്നിപ്പിക്കുന്ന എൻ്റെ അഹങ്കാരം.
ആ ഞാൻ ബോധവും അഹങ്കാരവും ആരുടേതാണ്, ആർക്ക് വേണ്ടിയാണ്?
ആ ഞാൻ ബോധവും അഹങ്കാരവും സംഭവിപ്പിച്ചതിൻ്റെതാണ്, സംഭവിപ്പിച്ചതിന് വേണ്ടിയാണ്.
ഞാനും എൻ്റേതും ആരോ എന്തോ സംഭവിപ്പിച്ച സംഭവം മാത്രം.
ഞാനും എൻ്റേതും ആരുടെയോ എന്തിൻ്റെയോ സമ്മാനം മാത്രം.
എങ്കിൽ അതിൻ്റെ വലുപ്പം അത് തന്നവൻ്റെത്, അത് സംഭവിപ്പിച്ചവൻ്റെത്.
അഥവാ എൻ്റെ വലുപ്പം എന്നെ തന്നതിൻ്റെത്, എന്നെ സംഭവിപ്പിച്ചതിൻ്റെത്.
*****
No comments:
Post a Comment