Saturday, November 12, 2022

ഉത്തരമായി വെറുതേ പുഞ്ചിരിക്കാം....

അറിയില്ല എന്ന് മാത്രമറിയുന്ന ഒരാളിവിടെ. 

അയാൾ ആ അറിവില്ലായ്മ മാത്രം അറിവാക്കി സംസാരിക്കുന്നു. വാക്കുകൾ ഉണ്ടാക്കുന്ന, ഭാഷ ഉണ്ടാക്കുന്ന സ്വാധീനവും മുൻധാരണയും വരെ എങ്ങിനെ ഒഴിവാക്കാം എന്നറിയാതെ. 

എല്ലാറ്റിനും പുഞ്ചിരി മാത്രം ഉത്തരമാക്കാം എന്ന പ്രതീക്ഷയോടെ.

*****

വാക്കുകളെ പോലും, ഭാഷയെ പോലും ആശ്രയിക്കാതെ, അവയുടെയൊന്നും സ്വാധീനം ഇല്ലാതെ, ഉത്തരം പറയാൻ കഴിയണം എന്നുണ്ട്. 

അതിന് ചോദ്യകർത്താവ് മുൻപിൽ വേണം.

ഉത്തരമായി വെറും വെറുതെ പുഞ്ചിരിച്ച് കാണിക്കാൻ.

അപ്പോഴും ചോദ്യകർത്താവിന് ഉത്തരം മനസിലായില്ല എന്ന് പറയാം. 

അപ്പോഴും ഉത്തരമായി വെറുതേ  പുഞ്ചിരിക്കാം...

*****

ചിന്തയിൽ സ്വാതന്ത്ര്യം നടത്താത്തവരും നേടാത്തവരും പ്രവൃത്തിയിലും പ്രയോഗത്തിലും സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. 

എല്ലാവർക്കും ഫലം വേണം; പക്ഷേ പ്രക്രിയയിലൂടെ പോകാൻ തയാറായല്ല. 

ചോറ് വേണം; തിളക്കുന്ന വെള്ളത്തിൽ അരി ഇടാൻ തയാറല്ല. 

വിജയം വേണം;  പ്രക്രിയയിലൂടെ പോകുന്ന പരിശ്രമം സാദ്ധ്യമല്ല.

*****

ഭീരുവും ശക്തനും ന്യായം ഇല്ലാത്തവനും കോപിക്കും. 

തൻ്റെ ഭീരുത്വത്തിനും അശക്തിക്കും ന്യായമില്ലയ്മക്കും ന്യായം ഉണ്ടാക്കാനും അവയെ മറച്ചുപിടിക്കാനും മുൻകൂട്ടി എടുക്കുന്ന ആയുധമാണ് കോപം.

****

ദൈവത്തെ അറിയുകയോ അറിയാതിരിക്കുകയോ ചെയ്യുക. 

പക്ഷേ അത് സ്വർഗവും നരകവും നിശ്ചയിക്കുന്നതല്ല.

*****

അലസതയുടെ ഭാഗമായ മതവും വിശ്വാസവും മാത്രമേ ഇവിടെയുളളൂ. 

അന്വേഷണത്തിൻ്റെയും അറിവിൻ്റെയും വളർച്ചയുടെയും ഭാഗമായ മതവും വിശ്വാസവും ഇല്ല.

No comments: