Thursday, December 1, 2022

തുടക്കമുള്ളതെല്ലാം ഒടുക്കത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്നത്.

കടലിനെന്ത് ലക്ഷ്യം? 

കടൽ തന്നെയല്ലാതെ 


കടലിന് എവിടെയെത്താനുള്ള ലക്ഷ്യം?

കടലിൽ തന്നെയല്ലാതെ.


അതുകൊണ്ട് തന്നെ

കടൽ എന്തിനൊഴുകണം?


കടൽ വെറും വെറുതേ 

ആയിരിക്കുക മാത്രം.

നിറഞ്ഞ് നിൽക്കുക മാത്രം.


കടൽ 

വേറെന്ത് ചെയ്യാൻ? 


ലക്ഷ്യമില്ലാതെ, 

ഉദ്ദേശമില്ലാതെ 

കടൽ.


ആയിരിക്കും പോലെ ആയിരുന്ന്,

അവനവനിൽ തിരകളിളക്കി, 

നൃത്തം ചവിട്ടുന്നു കടൽ. 


തനിക്ക് താൻ മാത്രം 

ലക്ഷ്യവും തുടക്കവും 

ഒടുക്കവും ഉദ്ദേശവും 

ഉദ്ദേശരാഹിത്യവുമാക്കി

കടൽ.


ലക്ഷ്യമുള്ളതല്ലേ ഒഴുകുക? 


അതിനാൽ പുഴ ഒഴുകുന്നു.


തുടക്കള്ളത് ഒഴുകുന്നു.


തുടക്കള്ളത് മുഴുവൻ

ഒടുക്കത്തിലേക്ക് ഒഴുകുന്നു.


തുടക്കള്ളത്

നശിക്കാൻ ഒഴുകുന്നു.


തുടക്കത്തിനും ഒടുക്കത്തിനുമിടയിലുള്ള

താൽക്കാലികതയുടെ തടവിൽ നിന്നും 

നശിക്കാൻ ഒഴുകുന്നു.


പുഴ ഒഴുകുന്നു.

വളർച്ചയെന്ന് പേരുള്ള

നാശത്തിന് വേണ്ടി.


എല്ലാ ഓരോ നിമിഷവും 

മരിച്ചു കൊണ്ട്

പുഴ ഒഴുകി വളരുന്നു.


വളർച്ച അന്വേഷിച്ചുകൊണ്ടൊഴുകുന്ന

പുഴ തളർച്ച നേട്ടമാക്കും 


വളർന്നുകൊണ്ട് തളർന്നൊഴുകുന്നു

പുഴ.


പുഴക്ക് ലക്ഷ്യമുണ്ട്. 

കടലിലെത്താനുള്ള ലക്ഷ്യം. 


കാരണം,

തുടക്കമുള്ളത് മുഴുവൻ 

ഒടുക്കവുമുള്ളത്. 


കാരണം,

തുടക്കമുള്ളത്ത് മുഴുവൻ 

അതിൻ്റെ ഒടുക്കം കൂടി അന്വേഷിക്കുന്നു.


അതിൻ്റെ തന്നെ

ഒടുക്കം അന്വേഷിക്കുന്നതാണ് 

പുഴയുടെ ഒഴുക്ക്.


തുടക്കമുള്ളത് മുഴുവൻ വളരുന്നത് 

തളരാൻ, ഒടുങ്ങാൻ

എന്ന് പുഴ

ഒഴുകിക്കൊണ്ട് പറയും.


തുടക്കമുള്ളതെല്ലാം

ഓരോ നിമിഷവും 

തളർന്നുകൊണ്ടും 

ഒടുങ്ങിക്കൊണ്ടും 

വളരുന്നു.

പുഴയെ പുഴയാക്കുന്ന

പുഴയുടെ ഭാഷ്യമാണത് 


തുടക്കമുള്ളതെല്ലാം 

ഒടുക്കത്തിലേക്ക് 

ഓടിക്കൊണ്ടിരിക്കുന്നത്.


അതിനാൽ പുഴയും 

ഓടിക്കൊണ്ടിരിക്കുന്നത്.


തന്നത്താൻ ഒടുക്കാൻ.


തുടക്കവും ഒടുക്കവുമില്ലാത്ത

അതിനാൽ ലക്ഷ്യമില്ലാത്ത

കടലാക്കി തന്നെ

മാറ്റി ഒടുക്കാൻ.

No comments: