Thursday, December 8, 2022

കുറ്റം ചെയ്യുന്നതും കുറ്റവാളി ആവുന്നതും കുറ്റം ചെയ്യുന്നത് കൊണ്ടല്ല.

തലച്ചോറിൽ ഏറ്റവും എളുപ്പം വളർന്നുവരുന്ന, വളർത്തിയെടുക്കാൻ കഴിയുന്ന വികാരം അസൂയയും വെറുപ്പും ശത്രുതയും തന്നെ. 

കാലാകാലമായി അസൂയയും വെറുപ്പും ശത്രുതയും താലോലിച്ച് വളർത്തിയെടുക്കുന്നവരുമുണ്ട്. വ്യക്തിപരമായും സാമൂഹികമായും. 

തങ്ങളിലുള്ള അസൂയയേയും വെറുപ്പിനേയും ശത്രുതയേയും  മറ്റുള്ളവരിൽ നിഴലിട്ട്, പ്രതിബിംബിച്ച് ആരോപിക്കുന്നവരാണ് അധികവും.

ഒരു കുറ്റവാളി കുറ്റം ചെയ്യുന്നതും കുറ്റവാളി ആവുന്നതും വെറും കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല. 

പകരം ആ കുറ്റം താനല്ല (തങ്ങളല്ല) ചെയ്തത് എന്ന് വരുത്തും വിധം അതൊളിപ്പിക്കുമ്പോഴും, ഒന്നുമറിയാത്ത മറ്റൊരു നിരപരാധിയിലോ നിരപരാധികളായ മറ്റൊരു വിഭാഗത്തിലോ ആരോപിക്കുമ്പോഴും കൂടിയാണ്.

ഒരുപക്ഷെ വർത്തമാന ഇന്ത്യൻ രാഷ്ട്രീയം ഏറ്റവും കൂടുതൽ, ഏറ്റവും നന്നായി പരീക്ഷിച്ച്  ഉപയോഗപ്പെടുത്തുന്നതും ഈ മൂന്ന് വികാരങ്ങളെയാണ്. അസൂയയും വെറുപ്പും ശത്രുതയും. ഒപ്പം ഈ മൂന്ന് വികാരങ്ങൾ മൂലം ഉണ്ടാവുന്ന അക്രമ പ്രവർത്തങ്ങൾ, സ്വയം ഒളിപ്പിച്ചു വെച്ച് മറ്റാരിലെങ്കിലും ആരോപിക്കുന്നതിലും.

നോട്ട് നിരോധനം മുതൽ വർഗീയതയിലും വർഗീയ കലാപങ്ങളിലും വരെ ഉപയോഗപ്പെടുത്തുന്നതും ഭരണകൂടവും തൽപര കക്ഷികളും ഈ വികാരങ്ങളെ തന്നെ. 

ഒരളവോളം വർത്തമാനകാല ഭരണകൂടം ഭരണവിരുദധ വികാരത്തെയും വിലക്കയറ്റ വിരുദ്ധ വികാരത്തെയും വഴിമാറ്റി ഒഴുക്കുന്നതും അതിജീവിക്കുന്നതും തങ്ങളുടെ അണികളിൽ ഈ മൂന്ന് വികാരങ്ങൾ ആളിപ്പടർത്തിക്കൊണ്ടും, എതിർ ചേരിയിൽ ആ വകയിൽ ഭീതി ഉണ്ടാക്കിക്കൊണ്ടുമാണ്.

ഈയൊരു വസ്തുത അതങ്ങനെയായിരിക്കെ അങ്ങനെയാണെന്ന് പറയുന്നു എന്ന് മാത്രം.

******

ഇനി ഇതിൻ്റെ മറ്റൊരു തലം. നിത്യജീവിതത്തിൽ, വ്യക്തി, കുടുംബ, സമൂഹ തലത്തിൽ

സ്വന്തക്കാർ, അടുത്തറിവുള്ളവർ, അടുത്തറിയുന്നവർ ഇവരൊക്കെ തന്നെയാണ് പലപ്പോഴും നിങ്ങൾക്ക് ശത്രുക്കളും അസൂയാലുക്കളും ആവുക. 

തൊട്ടറിവുള്ള വേറൊരുത്തൻ്റെ വളർച്ചയിലും ഉയർച്ചയിലും മഹാഭൂരിപക്ഷത്തിനും തോന്നുന്നത് കാര്യമായും അസൂയ, വെറുപ്പ്, ശത്രുത.

അടുപ്പവും അറിവുമാണ് ഇത്തരത്തിൽ  അസൂയയും വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നത്. ഒരുതരം സഹിക്കായ്‌ക. അസഹിഷ്ണുത. 

രാഷ്ടീയവും മതവും മറ്റ് സമുദായങ്ങളെ യും മതവിഭാഗങ്ങളെയും കാണിച്ച് വരെ ഇത് ഉണ്ടാക്കുന്നു, നടത്തുന്നു എന്ന് മാത്രം.

അറിയാത്തവർക്കും, അങ്ങനെ അറിയാത്തത് കൊണ്ടും അല്ലാതെയും, അകലെയുള്ളവർക്കും പ്രത്യേകിച്ച് ആരോടും അസൂയയും ശത്രുതയും തോന്നാനില്ല. 

പക്ഷേ രാഷ്ട്രീയവും മതവും അതും ഉണ്ടാക്കും.

അതുകൊണ്ട് തന്നെയാണ് എല്ലാ ബുദ്ധനും കൃഷ്ണനും മുഹമ്മദിനും യേശുവിനും ശങ്കരാചാര്യർക്കും ദാർശനികർക്കും വിപ്ലവകാരികൾക്കും കവികൾക്കും സാഹിത്യകാരൻമാർക്കും ആദർശധീരർക്കും സ്വന്തം നാട്ടിൽ നിൽക്കക്കളളി ഇല്ലാതെ പോയത്. എറ്റവും വലിയ എതിർപ്പും ശത്രുതയും പാരയും നേരിടേണ്ടി വന്നത് സ്വന്തക്കാരെന്ന് പറയുന്ന അറിയുന്ന, അടുത്ത ശത്രുക്കളിൽ നിന്നുമാണ് എന്ന് വന്നത്.

സ്വന്തക്കാർ ശത്രുക്കളാവുമ്പോൾ, സ്വന്തക്കാർ ഒറ്റപ്പെടുത്തുമ്പോൾ നാട്ടുകാരും ക്രമേണ ശത്രുക്കളാവുന്നു, ഒറ്റപ്പെടുത്തുന്നു. വിരളമായി കിട്ടാവുന്ന നല്ല ചില സുഹൃത്തുക്കൾ ഒഴികെ.

കാരണം മറ്റൊന്നുമല്ല. വ്യക്തിയെ കുറിച്ച് കുടുംബം എന്ത് പറയുന്നുവോ അതാണ് നാട്ടുകാർക്ക് കൂടുതൽ അറിയുക, സ്വീകാര്യമാവുക. 

വ്യക്തിയെക്കാൾ നാട്ടുകാർക്ക് പ്രധാനവും കുടുംബമാണ്. 

നാട്ടുകാർക്ക് പല ബന്ധങ്ങളും ആവശ്യങ്ങളും ഉണ്ടാവുക കുടുംബത്തെ കേന്ദ്രീകരിച്ചുമാണ്. അത്കൊണ്ട് തന്നെ അവർ വ്യക്തിയെ അവഗണിക്കും.

പ്രത്യേകിച്ചും വ്യക്തിക്ക് അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും മാന്ത്രികതയുടെയും പിൻബലം ഇല്ലെങ്കിൽ. 

കുടുംബം തള്ളിയവനെ, നാട്ടുകാരും തള്ളുന്നു, ഒറ്റപ്പെടുത്തുന്നു. അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും മാന്ത്രികതയുടെയും പിൻബലം ഇല്ലെങ്കിൽ എല്ലാവരും തള്ളുന്നു, ഒറ്റപ്പെടുത്തുന്നു.

കണ്ണിൽ എണ്ണയൊഴിച്ച് നോക്കിയാൽ കാണുന്ന വളരേ ചെറിയ അപവാദം മാറ്റി നിർത്തിയാൽ. അങ്ങനെയൊരു അപവാദം ഉണ്ടോ എന്ന് പോലും സംശയം.

*****

മഹാൽഭുതം അതാണ്. 

പരസ്പരം അസൂയപ്പെടുന്നവരായിട്ടും മനുഷ്യൻ സംഘടിച്ചു, സാമൂഹ്യജീവിയായി. 

അഭിനയിക്കാനും വിധേയപ്പെടാനുമുള്ള മനുഷ്യൻ്റെ ശേഷി കൂടിയാണത്.

No comments: