Friday, December 23, 2022

കുറച്ച് ചോദ്യങ്ങൾ: ലളിതമായ കുറച്ച് ചോദ്യങ്ങൾ.

കുറച്ച് ചോദ്യങ്ങൾ:

ലളിതമായ കുറച്ച് ചോദ്യങ്ങൾ: 

ചോദ്യം ഒന്ന്: 

ജനിച്ചത് തീരുമാനിച്ച് തെരഞ്ഞെടുത്താണോ?

അല്ല.

പകരം ജനിച്ചപ്പോൾ തെരഞ്ഞെടുപ്പായി മാറിയതാണ്.

തീരുമാനിക്കാനും തെരഞ്ഞെടുക്കാനും ജനിക്കുന്നതിന് മുൻപ് ഞാൻ ഉണ്ടായിരുന്നില്ല. 

ജനിക്കുന്നതിന് മുൻപ് ഉണ്ടായിരുന്നതായി ജനിക്കുന്നതോടെ രൂപപ്പെട്ട്, പ്രവർത്തിക്കുന്ന ഈ തലച്ചോറ് കൊണ്ട് ഓർക്കാൻ സാധിക്കുന്നില്ല.


ചോദ്യം രണ്ട്:

ജനിച്ചത് ജീവിതം എന്തെന്ന് മുൻകൂട്ടി അറിഞ്ഞാണോ?

അല്ല.

മുൻപ് പറഞ്ഞത് പോലെ അങ്ങനെ മുൻകൂട്ടി അറിയാൻ ജനിക്കുന്നതിനും ജീവിക്കുന്നതിനും മുൻപ് ഞാനുണ്ടായിരുന്നില്ല.

ജീവിക്കുമ്പോൾ മാത്രം ഞാനുണ്ടായി, ഞാനുണ്ടാവുന്നു.

ജീവിക്കുമ്പോൾ മാത്രം ജീവിതമെന്തെന്നറിയുന്നു. 


ചോദ്യം 

ജീവിക്കുമ്പോൾ അറിയുന്നുവോ ജീവിതമെന്തെന്ന്, എന്തിനെന്ന്?

ഇല്ല.

ജീവിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നുവെന്നറിയുന്നു.

സംഭവിച്ചത് കൊണ്ടായി.

സംഭവിക്കുന്നത് കൊണ്ടാവുന്നു.

*****

ചോദ്യം നാല്:

വിശ്വാസങ്ങൾ ഉണ്ടോ?

ഉണ്ട്.

നിഷേധം പോലും എൻ്റെ വിശ്വാസമാണ്.


ചോദ്യം അഞ്ച്:

നീ വിശ്വസിക്കുന്നത് ശരിയാണോ?

അറിയില്ല.

പക്ഷേ, ശരിയാണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നു.


ചോദ്യം ആറ്:

പക്ഷേ, അങ്ങനെ വിശ്വസിക്കുന്നത് ശരിയാണോ എന്നറിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

അതും അറിയില്ല.


ചോദ്യം ഏഴ്:

ശരിയാണോ എന്നറിയില്ലെങ്കിൽ ചുരുങ്ങിയത് നിൻ്റെത് മാത്രം ശരിയെന്ന് കരുതാതിരിക്കുക എന്നത് ചെയ്യേണ്ടേ?

അറിയാത്ത നിൻ്റെ അറിവുകേടിനെ നീ മനസ്സിലാക്കേണ്ടെ? 

വേണം.


ചോദ്യം എട്ട്:

അറിയാത്ത നിൻ്റെ അറിവുകേടിനെ നീ സഹിക്കുന്നില്ലേ, കൊണ്ടുനടക്കുന്നില്ലേ?

അതേ, ഉണ്ട്.


ചോദ്യം ഒൻപത്:

എങ്കിൽ അത് മറ്റുളളവർക്കും അതുപോലെ തന്നെ ബാധകമല്ലേ?

അതേ, ബാധകമാവണം.


ചോദ്യം പത്ത്:

മറ്റുള്ളവരുടെ വിശ്വാസത്തിന് അവരവർക്ക് ആധാരമായി എടുത്ത അവരുടെ അറിവുകേടിനെയും നീ മനസ്സിലാക്കേണ്ടെ,, സഹിക്കേണ്ടെ, കൊണ്ടുനടക്കാൻ അവരെയും അനുവദിക്കേണ്ടെ?

വേണം 


ചോദ്യം പതിനൊന്ന്

നീയും അവരും ഒരുപോലെ ഒരേ തോണിയിലാണെന്ന് മനസ്സിലാക്കേണ്ടെ?

വേണം.


ചോദ്യം പന്ത്രണ്ട്:

അറിവില്ലായ്മ എന്ന തോണിയിൽ എല്ലാവരുമെന്ന് മനസ്സിലാക്കേണ്ടെ?

അതേ, വേണം.


ചോദ്യം പതിമൂന്ന്

ചിന്തിക്കാതിരിക്കാൻ വിശ്വാസമായി കൊണ്ടുനടക്കുന്ന തോണി തന്നെയല്ലേ അറിവില്ലായ്മ തരുന്ന വിശ്വാസം എന്ന എളുപ്പം?

അതേ.

*****

ഇനിയും ചോദിക്കട്ടെ:


ചോദ്യം പതിനാല്

അറിവില്ലായ്മ തന്നെയായ നിൻ്റെ വിശ്വാസം നിനക്ക് എവിടെനിന്നു കിട്ടി?

അധികഭാഗവും മാതാപിതാക്കളിൽ നിന്ന്. 

പിന്നെ ചുറ്റുപാടിൽ നിന്ന്.


ചോദ്യം പതിനഞ്ച്:

അപ്പോൾ നീ പഠിച്ചും മനസ്സിലാക്കിയും താരതമ്യം ചെയ്തും ഒന്നിനേക്കാൾ നല്ലത് മറ്റത് എന്ന നിലക്ക് മനസ്സിലാക്കി തെരഞ്ഞെടുത്തതല്ല, അല്ലേ?

അതേ, അല്ല. 


ചോദ്യം പതിനാറ്:

ഇങ്ങനെ തന്നെയല്ലേ നീയല്ലാത്തവരും?

അതേ, ആയിരിക്കണം  


ചോദ്യം പതിനേഴ്:

നിൻ്റെ മാതാപിതാക്കൾ പഠിച്ചും മനസ്സിലാക്കിയും താരതമ്യം ചെയ്തും ഒന്നിനേക്കാൾ നല്ലത് മറ്റത് എന്ന നിലക്ക് അവർക്ക് വേണ്ടി നിനക്ക് വേണ്ടിയോ മനസ്സിലാക്കി തെരഞ്ഞെടുത്തതാണോ?

അല്ല.

ആവാനിടയില്ല. 


ചോദ്യം പതിനെട്ട്:

ഇത് തന്നെയല്ലേ, നിൻ്റെത് പോലുള്ള കഥ തന്നെയാവില്ലെ നീയല്ലാത്തവരുടെ കഥയും.?

ആയിരിക്കും.


ചോദ്യം പത്തൊൻപത്:

എങ്കിൽ നീയും അവരും തമ്മിൽ വിശ്വാസത്തിൻ്റെ കാര്യത്തിൽ എന്ത് വ്യത്യാസം?

ഒന്നും ഒരു വ്യത്യാസവും ഇല്ല, കാണുന്നില്ല.


ചോദ്യം പത്തൊൻപത്:

നിൻ്റെത് കേമം എന്നും മറ്റവൻ്റെത് കേമമല്ല എന്നും പറയാൻ നിനക്കെന്തു ന്യായം?

ഒരു ന്യായവും ഇല്ല.

No comments: