മറ്റാരേക്കാളും ശക്തമായി ദൈവത്തെ നിഷേധിക്കുന്നു.
അതേസമയം മറ്റാരേക്കാളും ശക്തമായി ദൈവത്തിൽ വിശ്വസിക്കുന്നു.
*****
നിഷേധിക്കുന്നു: മതങ്ങൾ പറയുന്ന, ബാധ്യതയായ, പേടിയായ ദൈവത്തെ.
വിശ്വസിക്കുന്നു: മതങ്ങൾ പറയാത്ത, ബാധ്യതയാവാത്ത, പേടിയാമാവാത്ത ദൈവത്തെ
*****
ഇല്ലെന്ന് വിശ്വസിക്കാമെങ്കിൽ ഉണ്ടെന്നും വിശ്വസിക്കാം.
രണ്ടിനും ഒരേ അധ്വാനം, ഒരേ ചിന്ത, ഒരേ ഫലം.
ഒന്ന് മാത്രം.
നിനക്ക് തോന്നുന്നത് പോലെ മാത്രം നീ വിശ്വസിച്ചാലും നിഷേധിച്ചാലും മതി.
എങ്കിൽ രണ്ടും ഒന്നാണ്.
രണ്ടും വിശ്വാസമാണ്, രണ്ടും നിഷേധമാണ്.
ആരെങ്കിലും പറയുന്ന ഒന്നും നിനക്ക് ബാധകമല്ല.
ആരെങ്കിലും പറയുന്നത് നിൻ്റെ വിശ്വാസവും നിഷേധവും ആവില്ല
*****
ഇല്ലാത്തത് പരലോകമല്ല.
ഞാന്‍ ഇല്ലാത്ത എല്ലാ ലോകവും പരലോകമാണ്.
ഇല്ലാത്തത് ഞാനാണ്.
പരലോകമുണ്ട്.
പക്ഷേ ഞാനില്ല.
ഞാനുണ്ടാവില്ല.
******
വല്ലാതെ ചെറുതും വല്ലാതെ വലുതും കാണില്ല, കേൾക്കില്ല.
അണുവേയും ആകാശത്തെയും കാണില്ല.
കണ്ണിനോട് ഒട്ടിനിന്നടുത്തതും വല്ലാതെ ദൂരെയും കാണില്ല.
എന്നിട്ടും കാണുന്നതും അനുഭവിക്കുന്നതും മാത്രം ഉള്ളത്???
നീയും ഞാനും പോലും അനുഭവത്തിൽ, അനുഭവിക്കുമ്പോൾ മാത്രം.
അല്ലാതെയില്ല.
*****
എന്തെല്ലാം വിപ്ലവം നാക്ക് കൊണ്ട് ബാഹ്യമായി പറയുമ്പോഴും, നമ്മൾ ഉപബോധമനസ്സിൻ്റെ തടവറയിൽ തന്നെ.
പലതും ശീലാമാക്കി കുട്ടിപ്രായത്തിൽ കയറ്റിവെച്ചതിൽ രൂപപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും, അതിൻ്റെ കലവറയായ ഉപബോധമനസ്സ്.
അത് തന്നെയാണ് എല്ലാവരെയും തടവിലിട്ട് വാർദ്ധക്യം വരേ കാതലായ ഒരു മാറ്റവും ഇല്ലാതെ കൊണ്ടുനടക്കുന്നത്.
****
എല്ലാം താൽക്കാലികമായ ഒരുക്കൂട്ടുകൾ മാത്രം.
താൽക്കാലികമായ ഒരുക്കൂട്ടുകൾ ഉണ്ടാക്കുന്ന ഞാൻ മാത്രം.
അല്ലാത്ത ഞാനില്ല.
അല്ലാത്ത ഒന്നുമില്ല.
No comments:
Post a Comment