വിഡ്ഢിത്തം വിളമ്പാതിരിക്കുക.
ഒരു നല്ല സുഹൃത്ത് ഉപദേശിച്ചു.
ഉപദേശിക്കാൻ കാരണം ഈയുള്ളവൻ താഴെ പറഞ്ഞത് പോലെ പറഞ്ഞത്.
'ഇല്ലാത്തത് പരലോകമല്ല. ഞാന്‍ ഇല്ലാത്ത എല്ലാ ലോകവും പരലോകമാണ്. ഇല്ലാത്തത് ഞാനാണ്. പരലോകമുണ്ട്. പക്ഷേ ഞാനില്ല, ഞാനുണ്ടാവില്ല."
ഉപദേശം സ്വീകരിച്ചു കൊണ്ട് തന്നെ ആ സുഹൃത്തിനോട് ഈയുള്ളവന് പറയാനുള്ളത്:
താങ്കൾ ഇങ്ങനെ വല്ലാതെ അസ്വസ്ഥപ്പെടാതിരിക്കൂ...
വിഡ്ഢികൾക്കും അവർക്ക് തോന്നിയത്, തോന്നിയത് പോലെ പറയണമല്ലോ?
അല്ലെങ്കിലും വിഡ്ഢികൾക്ക് മാത്രമേ ധൈര്യപൂർവം തോന്നിയത് വിളിച്ചുപറയാൻ സാധിക്കൂ...
വിഡ്ഢികൾക്കും ജീവിക്കേണ്ടതില്ലേ?
വിഡ്ഢികൾക്കും അവരുടേതായ സ്വാതന്ത്ര്യമില്ലേ?
ചുരുങ്ങിയത് മറ്റുള്ള ആരെയും ബുദ്ധിമുട്ടിക്കാതെ, അവരുടെ അകത്തളങ്ങളിൽ വരാതെ വിഡ്ഢികൾ പറയട്ടെ.....
പിന്നെ ഇങ്ങനെ എളുപ്പം വിധികളും മുൻവിധികളും പറയാൻ സാധിക്കുന്നത്... അത് ശരിക്കും ബുദ്ധിയും വിവേകവും ഉറച്ചവർക്ക് മാത്രമേ സാധിക്കൂ എന്നും തോന്നിപ്പോകുന്നു
ഇനി ആരാണ് വിഡ്ഢി എന്നത്.
തീർത്തും ആപേക്ഷികമായ കാര്യം.
പലപ്പോഴും വസ്തുനിഷ്ഠത ഇല്ലാത്ത വെറും ആത്മനിഷ്ഠമായ കാര്യം.
ആർക്കും മറ്റൊരാളെ കുറിച്ച് എളുപ്പം കരുതാനും പറയാനും സാധിക്കുന്നത്.
തനിക്ക് മനസ്സിലാവാത്തത് മറ്റൊരാൾ പറഞാൽ അങ്ങനെയുള്ള ഏതൊരു മറ്റൊരാളും വിഡ്ഡി തന്നെ.
മനസ്സിലാവാത്തവനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും പറഞ്ഞയാൾ വിഡ്ഢി തന്നെ.
അധികം ചിന്തിക്കാതിരിക്കാൻ എളുപ്പം അങ്ങനെ വിധിയും മുൻവിധിയും ഉണ്ടാക്കുന്നതും അങ്ങനെ രക്ഷപ്പെടുന്നതും തന്നെ.
ചരിത്രത്തിൽ അങ്ങോളമിങ്ങോളം അങ്ങനെ വിധിയെഴുതപ്പെട്ടു വിഡ്ഢികൾ ആയവർ എത്രയെത്ര....
ഇനി വേറൊരു സ്വകാര്യം പറയാം.
ജീവിക്കാൻ എളുപ്പം വിഡ്ഢികൾക്കാണ്.
കാരണം, വിഡ്ഡിക്ക് അവകാശവാദങ്ങൾ ഇല്ല.
വിഡ്ഡിക്ക് ആരേയും ഒന്നും ബോധ്യപ്പെടുത്താൻ ഇല്ല.
വിഡ്ഡിക്ക് തോന്നിയത് പോലെ ജീവിക്കാം.
വിഡ്ഡിക്ക് അഭിനയിക്കാനും വിധേയപ്പെടാനും ഇല്ല.
അറിയാമല്ലോ, ബുദ്ധിപരാത വല്ലാതെ അവകാശവാദങ്ങൾ ഉണ്ടാക്കും.
ബുദ്ധി പലരെയും പലതും ബോധ്യപ്പെടുത്താൻ നിർബന്ധിക്കും.
ബുദ്ധി അഭിനയവും കൃത്രിമത്വവും മസിൽപിടുത്തവും ആവശ്യപ്പെടും.
ബുദ്ധി സ്വാതന്ത്ര്യവും സ്വാഭാവികതയും നഷ്ടപ്പെടുത്തും. വിധേയത്വം കൂട്ടും...
അതല്ലെങ്കിൽ, ബുദ്ധി ഏറെയും രക്ഷപ്പെടാൻ സാധിക്കാതെ ചോദ്യം ചെയ്ത് ക്ഷീണിപ്പിക്കും.
അതിനാൽ ഈയുള്ളവൻ വളരേ സന്തോഷപൂർവം വിഡ്ഢിയായിത്തന്നെ, വിഡ്ഢിത്തം വിളമ്പി തന്നെ തുടരട്ടെ..
No comments:
Post a Comment