Tuesday, December 13, 2022

കളിക്ക് പകരം കളവ് ജയിക്കുന്നുവോ? അർജൻ്റീനയെന്ന ടീമിന് എതിരല്ല.

അർജൻ്റീനയെന്ന ടീമിന് എതിരല്ല. 

അർജൻറീനയുടെ നല്ല കളിക്കും എതിരല്ല. 

എന്ന് മാത്രമല്ല, ഒരു ടീമിനും എതിരല്ല. 

ആരുടെയും നല്ല കളിയെ കളിയായി തന്നെ അംഗീകരിച്ചു പോകും. 

കാരണം ഒന്ന് മാത്രം. 

കളിയെ ഇഷ്ടപ്പെടുന്നു. 

കളിയുടെ പേരിലായാലും മറ്റെന്തിൻ്റെ പേരിലായാലും കളവിനെ ഇഷ്ടപ്പെടുന്നില്ല.  

അതുകൊണ്ട് തന്നെയാണ് പലപ്പോഴായി പല ടീമുകളെ പിന്തുണച്ച് പോകുന്നത്. 

അതുകൊണ്ട് തന്നെയാണ് ഒരു ടീമിൽ മാത്രം കുരുങ്ങി മറ്റ് ടീമുകളെ വെറുക്കാതിരിക്കുന്നത്. 

അതുകൊണ്ട് തന്നെയാണ് മറ്റ് ടീമുകളുടെ കളിയെ കാണാതെ പോകാതിരിക്കുന്നത്.

*****

കളവിനെയും തെറ്റിനെയും എതിർക്കുമ്പോൾ ടീമിനെയും വ്യക്തിയെയും ശത്രു ആക്കുന്നതായി കണക്കാക്കരുത്. 

ഭൂരിപക്ഷം പിന്തുണ ഉള്ളത് കൊണ്ട് അവർക്കെതിരെ ശരി പറയുന്നതിന് മടിക്കുകയും അരുത്.

ഭൂരിപക്ഷമല്ല ശരി നിശ്ചയിക്കാനുള്ള അളവുകോൽ.

ഭൂരിപക്ഷം എപ്പോഴും ശക്തൻ്റെയും അധികാരത്തിൻ്റെയും വിജയത്തിൻ്റെയും നിലവിലുള്ളതിൻ്റെയും കൂടെയാണ് നിലയുറപ്പിക്കുക. ചരിത്രം സാക്ഷി.

*****

ശരിയാണ്. 

അർജൻ്റീന കളിച്ചു. 

അർജൻ്റീന നന്നായി കളിച്ചു. 

അർജൻ്റീന എപ്പോഴും നന്നായി കളിക്കുന്ന നല്ല ടീം തന്നെയാണ്.

പക്ഷേ, ഇന്നലത്തെ ക്രൊയേഷ്യയുമായുള്ള കളിയിൽ അർജൻ്റീന എപ്പോൾ മുതൽ നന്നായി കളിച്ചു? 

ഒരേയൊരു തെറ്റായ പെമാൽടിക്ക് ശേഷം. 

ആ തെറ്റായ പെനാൽറ്റി ഗോളായതിന് ശേഷം.

ഏത് പോലെ? 

ഓർക്കാപ്പുറത്ത് അടികിട്ടി വീണവനെ വീണ്ടും വീണ്ടും അടിച്ചതും അടിക്കുന്നതും പോലെ. 

വളരേ എളുപ്പം, വളരേ സാധാരണം. 

വീണവൻ വീണിടത്ത് നിന്ന് എങ്ങിനെയൊക്കെയോ തിരിച്ചടിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും ക്രൂരമായി കൗണ്ടർ അറ്റാക്ക് ചെയ്തു കൊണ്ട്.

അക്കാര്യത്തിൽ ആദ്യം കൊടുത്ത തെറ്റായ പെനൽറ്റി എന്ന ഒരേയൊരു ചെറിയ സഹായം മതി അർജൻ്റീനക്ക്. ആ പിടിവള്ളിയിൽ പിടിച്ച് അർജൻ്റീന അങ്ങ് കയറി. 

നാം പോലും അറിയാതെ ഒരനീതി നൂറ് അനീതികളായി മാറും ഇരട്ടിക്കും. 

അപ്പോൾ നമുക്കും ആർക്കും തോന്നും അർജൻ്റീന തന്നെയായിരുന്നു നന്നായി കളിച്ചതെന്ന്. 

ഇത് എന്ത് കൊണ്ടും അർജൻ്റീന അർഹിച്ച വിജയമെന്ന്.

മൃഗീയഭൂരിപക്ഷം നേടുന്ന അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഫലങ്ങൾ നമ്മളെ വിശ്വസിപ്പിക്കും പോലെ. ആർക്കും പിന്നിട് ഒന്നും ചിന്തിക്കാനും മറുത്ത്പറയാനും സാധിക്കാത്ത വിധം. 

അധികാരിയായ റഫറിയുടെയും ഫിഫയുടെയും ഭാഗത്ത് നിന്ന് അത് മതി. 

പിന്നെ എല്ലാം ആ വഴിയിൽ നടക്കും. 

അങ്ങനെ ചത്തവനെ വീണ്ടും വീണ്ടും അടിച്ചുകൊല്ലാം. 

ചത്തവൻ യഥാർഥത്തിൽ ജീവിക്കാൻ അർഹത ഇല്ലാത്തത്ര ദുർബലനായിരുന്നുവെന്നും അങ്ങനെ വരുത്താം.

അടിയിൽ നിന്ന് ഒരേയൊരു കലം വലിച്ചാൽ മതി. പിന്നെല്ലാം തനിയേ വീണുകൊള്ളും. 

ഇക്കാര്യം വലിക്കുന്നവന് നന്നായറിയാം. 

കാണുന്നവന് മനസ്സിലാവില്ല. 

അഥവാ കാണുന്ന വനു മനസ്സിലാവാത്തവിധം ചെയ്യാനും അവനറിയാം. 

യഥാർത്ഥത്തിൽ ഗോളിയെ ഫൗൾ ചെയ്തു എന്ന് വരെ എടുക്കാവുന്ന തീരുമാനത്തിന് പകരം പെനാൽറ്റി എന്ന വിപരീത തീരുമാനം ആക്കുന്നിടത്താണ് മിടുക്ക്. 

അത് ശരിയെന്ന് നമ്മളെക്കൊണ്ട് വരെ പറയിപ്പിക്കുന്നിടത്തും 

ഗോളി യഥാർഥത്തിൽ എന്ത് ചെയ്തു? 

ഏതൊരു ഗോളിയും ചെയ്യുന്നതും ചെയ്യേണ്ടതും ചെയ്തു.

ബോൾ തടുക്കാൻ കൈകൾ ഉയർത്തുന്നു.

നിമിഷാർദ്ധ തീരുമാനവും ആക്ഷനും.

അത്രമാത്രം...

ഗോളിയുടെ മേൽ കളിക്കാരൻ വീഴുകയായിരുന്നു എന്ന് വരെ വേണമെങ്കിൽ പറയാം, കരുതാം. 

അങ്ങനെ, വേണമെങ്കിൽ ആ കളിക്കാരന് മഞ്ഞക്കാർഡ് കൊടുക്കാം. 

പക്ഷേ ഒരേ കാര്യത്തെ നമ്മൾ ആരെ അനുകൂലിക്കുന്നു എന്നതിനനുസരിച്ച് എങ്ങിനെ വേണമെങ്കിലും നമുക്ക് കാണാം, വ്യാഖ്യാനിക്കാം. 

എല്ലാവർക്കും അങ്ങനെ ചെയ്യാം. 

പക്ഷേ കളി നിയന്ത്രിക്കുന്ന , തീർത്തും നിഷ്പക്ഷനാവേണ്ട റഫറി കൂടി അങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് യഥാർഥത്തിൽ അനീതി നടക്കുന്നത്. 

നമ്മളൊക്കെയും എതിർക്കുന്നതും അനുകൂലിക്കുന്നതും ഒരു നിലക്കും തിരുത്താൻ സാധിക്കാത്ത ആ അനീതിക്ക് ശേഷം മാത്രവും. 

തെറ്റായ തീരുമാനത്തിന് ശേഷം മാത്രം. 

തുടർച്ചയായി ഒരേയൊരു ടീമിന് അനുകൂലമായി മാത്രം നടക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് ശേഷം മാത്രം. 

ഈ അനീതിയുടെ ആനുകൂല്യം തുടർച്ചയായി അനുഭവിക്കുന്നതോ അർജൻ്റീന എന്ന ടീം മാത്രവും. 

ഇതിനകം തന്നെ മൂന്ന് പെനൽറ്റികിക്കുകൾ. 

മൂന്നും ഒരു ന്യായവും ഇല്ലാതെ. 

അമ്മയെ തല്ലിയാലും നാലഭിപ്രായം ഉണ്ടാവുന്നത് പോലെ ഇക്കാര്യത്തിലും അധികാരിയുടെ തെറ്റായ തീരുമാനത്തേയും വിജയിച്ച ടീമിനെയും ഒരു കുറേ ആളുകൾ അനുകൂലിക്കുന്നു.

അവർ ചോദിക്കുന്നു. 

അപ്പോൾ പിന്നെ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകളോ.? 

ശരിയാണ്. 

രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ നല്ല ഗോളുകൾ തന്നെയായിരുന്നു. 

പക്ഷേ ആ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ വീഴാനും, ആ രണ്ട് ഗോളുകൾ ഇത്ര നല്ല ഗോളുകൾ ആവാനും കാരണം എന്താണ്?

ആദ്യത്തെ തെറ്റായ തീരുമാനം കൊണ്ടുള്ള ഗോൾ. 

അതവർക്ക് മനസ്സിലാവുന്നില്ല. 

അതവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഒരു തെറ്റായ തീരുമാനവും  പെനാൽറ്റിയും ചില കളിയുടെ മൊത്തം താളം തെറ്റിക്കും. 

അങ്ങനെ ഏത് ടീമും വീണ്ടൂം വീണ്ടൂം ഗോളുകൾ അടിക്കും. 

ഈ ലോകകപ്പിൽ ഒരു ടീമിന് വേണ്ടിയും കളിക്കാത്ത ഇബ്റാഹീമോവിച്ച് വരെ പറയേണ്ടി വന്ന ഫിഫയുടെ അജണ്ട അങ്ങനെ നടപ്പാകും.

അറിയണം, അർജൻ്റീനക്ക് മാത്രം വീണ്ടും വീണ്ടും തെറ്റായ പെനൽറ്റികൾ കിട്ടുന്നു. മൂന്നാം തവണ. മൂന്നും തെറ്റായിട്ട്. 

കളിക്ക് പകരം കളവ് ജയിക്കുന്നുവോ എന്ന് എല്ലാവരും പേടിക്കുക സാധാരണം. 

കളവിന് വേണ്ടി കളി തോൽക്കുന്നുവോ എന്നും എല്ലാവരും പേടിക്കുക സാധാരണം. 

നമ്മൾ ഒരു ടീമിനെ അനുകൂലിക്കുന്നു എന്നത് കൊണ്ട് മാത്രം അവർക്ക് അനുകൂലമായി ഭവിച്ച അനീതിയെ മനസ്സിലാക്കില്ല. 

അതുകൊണ്ട് കൂടിയായിരിക്കും ഇബ്റാഹീമോവിച്ച് കൂടി പറഞ്ഞു പോയത്.  അർജൻ്റീനക്ക് വേണ്ട ഫിഫയുടെ ഒത്തുകളി ജയിക്കുന്നുവോ എന്ന്.

ഒരേയൊരു ചെറിയ സഹായം റഫറിയുടെയും ഫിഫയുടെയും ഭാഗത്ത് നിന്ന്..... 

പിന്നെ എല്ലാം ആ വഴിയിൽ.

അടിയിൽ നിന്ന് ഒരു കലം വലിച്ചാൽ ബാക്കിയെല്ലാം തനിയേ വീണുകൊള്ളും. 

ഇത് തീർത്തും കുറ്റം പറയാൻ സാധിക്കാത്ത ഒരു പ്രായോഗിക സിദ്ധാന്തം. പിന്നിൽ നിന്ന് കളിക്കുന്നവർ അറിയുന്ന പ്രായോഗിക സിദ്ധാന്തം.

******

അർജൻ്റീനയുമായുള്ള കളിയിൽ ഇതുവരെ മുൻ പിൻ നോക്കാതെ എല്ലാ പെനാൽട്ടി തീരുമാനങ്ങളും അർജൻ്റീനക്ക് അനുകൂലമായി സംഭവിക്കുന്നതിൻ്റെ വ്യാകരണം മാത്രമാണ് മനസ്സിലാവാത്തത്.

*****

ശരിയാണ്. 

എല്ലാവരെയും എപ്പോഴും തൃപ്തിപ്പെടുത്തുന്ന തീരുമാനം ഒരു റഫറിക്കും എടുക്കാൻ കഴിയില്ല.

പക്ഷേ എപ്പോഴും ഒരു ടീമിന് മാത്രം അനുകൂലമായി, അവരെ തൃപ്തിപ്പെടുത്തുന്ന കോലത്തിൽ മാത്രം, എല്ലാ റഫറിമാരും തീരുമാനം എടുക്കുന്നതിൻ്റെ വ്യാകരണവും മനസ്സിലാവുന്നില്ല.

*****

ഇതുവരെ ദൈവത്തിൻ്റെ കൈകളുടെ ദുഷ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ റഫറിമാരുടെയും പിന്നെ മുതുമുത്തച്ചൻ ഫിഫയുടെയും കൈകളോടെ അർജൻ്റീന മുന്നോട്ട്പോകുന്നു. ഇതുവരെ റഫറിമാർ കനിഞ്ഞുനൽകിയത് നാല് പെനാൽട്ടികൾ. ആകയാൽ നടന്ന ആറ് കളികകിൽ നാല് കളികളിലും പേനാൽട്ടി കൊടുത്തു.

No comments: