Saturday, December 31, 2022

വിത്ത് ശല്യമാണെന്ന് വരെ വന്നേക്കും.

വിത്ത് മുളക്കും. 

വിത്ത് മരമാകും. 

മരത്തിൽ  നൂറായിരം വിത്തുകളുണ്ടാവും. 

വിത്ത് സാധാരണ സംഭവമാവും. 

വിത്ത് വിലയില്ലാത്തതാവും. 

വിത്ത് ശല്യമാണെന്ന് വരെ വന്നേക്കും. 


എന്നാലും അറിയണം....

മരത്തെ മരമാക്കിയത് വിത്തല്ലെന്ന് വരില്ല. 

വിത്തിൻ്റെ വിലയും വലുപ്പവും 

ഏതൊരു മരത്തിൻ്റെതും 

മരത്തിനേക്കാളുമാണ്. 

നമ്മെ നമ്മളാക്കിയ ഓരോ കാര്യവും 

ഓരോ വിത്ത് തന്നെ. 

പുതുവത്സരാശംസകൾ. 

*****

നമ്മുടെ വർഷം തുടങ്ങുന്നത് 

നമ്മുടെ ജന്മദിനം തൊട്ട്. 


നമ്മൾ പോലുമറിയാതെ 

നമ്മൾ കയറിവന്നുണ്ടായി. 


നമ്മൾ പോലുമറിയാതെ 

നമ്മൾ ഇറങ്ങിപ്പോയില്ലാതാവും. 


അത്രതന്നെ. 


ജീവിതം സ്വയം മാറും. 

ആ വഴിയിൽ നമ്മളെയും മാറ്റും. 


അല്ലാതെ നമ്മൾ സ്വയം മാറാനില്ല. 

സമൃദ്ധിയും പൊരുത്തവും ഉണ്ടാവട്ടെ.


പുതുവസരാശംസകൾ...

*****

അതുവരെ ഉണ്ടായിരുന്ന, 

അല്ലെങ്കിൽ അപ്പപ്പോൾ 

അവിടവിടെ നിലനിന്നിരുന്ന 

ഏതെങ്കിലും ഒരു കുടയുടെയും 

സംഘത്തിൻ്റെയും 

തോളിൽ കയറിയും, 

അവരുടെയൊക്കെ മറയിയിലും 

പിന്തുണയിലുമല്ല, 

അങ്ങനെ അത്തരം 

വിശ്വാസങ്ങളുമായി ഓർത്തുപോകുന്നവരായിട്ടല്ല 

ബുദ്ധനും മുഹമ്മദും 

യേശുവും കൃഷ്ണനും 

നാരായണനും ശങ്കരനും 

സോക്രട്ടീസും രമണനും റൂമിയും?


പിന്നെന്താണ് 

ആരെയെങ്കിലും പിന്തുടരാതെ 

എങ്ങിനെ എന്ന ചോദ്യം?


കുടയുടെയും 

സംഘബലത്തിൻ്റെയും ആവശ്യം 

ഭീരുക്കൾക്കാണ്. 

സ്വന്തമായി തെളിച്ചമില്ലാത്തവർക്ക്. 

അനുകരിച്ച് പോകുന്നവർക്ക്. 

ഒറ്റക്ക് നിൽക്കാൻ കഴിയാത്തവർക്ക്.

No comments: