Wednesday, December 21, 2022

യഥാർത്ഥ മനോരോഗി ആര്?

എല്ലാവരിലും ഏതെങ്കിലും നിലക്കുള്ള ഒരു മനോരോഗിയുണ്ട്.

അത് വളരാനുള്ള സാധ്യത ഒത്തുവന്നാൽ മനോരോഗി എല്ലാവരിലും വളരും.

വെച്ചുകുത്തിയ ഇടത്ത് തന്നെ കാൽ വീണ്ടും  വീണ്ടും വെച്ചുകുത്തി പഴുക്കുന്നത് പോലെ, വേദനിക്കുന്നത് പോലെ.

ശ്രദ്ധിക്കേണ്ടത് അത്തരം വീണ്ടും വീണ്ടും വെച്ചുകുത്തുന്ന  സാഹചര്യങ്ങളെയാണ്, അവ ഒഴിവാക്കുകയാണ്.

വിത്ത് മുളക്കാനുള്ള മണ്ണിലും ചുറ്റുപാടിലും മാത്രമേ വിത്ത് മുളക്കൂ.

******

നിർബന്ധമായും ചെയ്യേണ്ടത് ചെയ്യാതിരിക്കാൻ നിസ്സാരമായ കാരണങ്ങൾ പറയും. 

വീട് കത്തുമ്പോൾ അണക്കില്ല, 

പകരം അണക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ വൃത്തികേടിനെ കുറിച്ച് വാചാലരാവും.

*****

ചില പ്രശ്നങ്ങൾ ഇല്ലാത്തത്,  പരിഹാരമില്ലാത്തത്. 

അവ ജീവിതത്തെയാസകലം ബാധിക്കില്ലെങ്കിൽ, പരിഹാരമില്ലാത്തതാണെന്ന് തന്നെ മനസ്സിലാക്കി, അവഗണിച്ച് ഒത്തുപോകണം, മുന്നോട്ട് പോകണം. 

പ്രശ്നങ്ങൾ പലതും മനസ്സ് ഉണ്ടാക്കുന്നതുമാവും. 

വെറുതെ തോന്നുന്നത്. 

അവയ്ക്കുള്ള പരിഹാരം മറ്റുള്ളവരിലില്ല. 

അത്തരം പ്രശ്നങ്ങൾ മറ്റുള്ളവർ ഉണ്ടാക്കിയതാണെന്ന് ആരോപിച്ചിട്ട് കാര്യവുമില്ല. 

സ്വയം മാറി പൊരുത്തപ്പെട്ട് പോകുക മാത്രം പരിഹാരം.

****

യഥാർത്ഥ മനോരോഗി:  

തനിക്കനുകൂലമായത് മാത്രം ഓർക്കും. 

താൻ രോഗിയാണെന്ന് മനസിലാക്കില്ല. 

പകരം, താനല്ലാത്ത എല്ലാവരും രോഗി എന്ന് കരുതും. 

സ്വയം ഒരു വല നെയ്ത് പ്രശ്നങ്ങളിൽ കുരുങ്ങും. 

എന്നിട്ടോ, എളുപ്പം ആരോപിക്കും പ്രശ്നങ്ങൾ മുഴുവൻ മറ്റുള്ളവർ ഉണ്ടാക്കിയതാണെന്ന്.

*****

യഥാർത്ഥ മനോരോഗി:  

യഥാർഥത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. 

പക്ഷേ അവർ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തും. 

അത് മറ്റുളള ആരൊക്കെയോ ഉണ്ടാക്കിയതാണെന്നും വരുത്തും. 

എന്തിന്? 

ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒളിച്ചോടാൻ.

*****

രണ്ടും മനസ്സ് ചെയ്യുന്നത്. 

ഒന്ന്: ഭീരുത്വം. 

മറ്റുള്ളവരിൽ കുറ്റമാരോപിച്ച്, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, ഒളിച്ചോടി, അടഞ്ഞിരുന്ന്, മറ്റുള്ളവരുടെ ചിലവിൽ സുരക്ഷിതമാവുക. 

രണ്ട്: ധീരൻ. സ്വയം കുറ്റബോധപ്പെട്ട്, തിരുത്തി, ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത്, വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ട് പോകുക.

*****

യഥാർത്ഥ മനോരോഗി: 

ചുറ്റുമുള്ളവരെ മുൾമുനയിൽ നിർത്തി, ഭീഷണിപ്പെടുത്തി, കാര്യം നടത്താൻ ന്യായവും സൂത്രവും കാണും. 

സ്വയം കുലുങ്ങിയിരിക്കുന്ന ആൾ പറയും ഞാൻ കുലുങ്ങുന്നില്ല, പകരം ലോകം മുഴുവൻ കുലുങ്ങുന്നു. 

******

മനോരോഗിയോട് പറയാൻ പറ്റാത്ത പ്രധാന കാര്യം: 

അയാൾ മനോരോഗിയാണെന്നത്. 

മനോരോഗിക്ക് വേണ്ടി ചയ്യാൻ സാധിക്കാത്ത പ്രധാന കാര്യം: 

അയാൾക്ക് വേണ്ട ചികിത്സ കൊടുക്കുക എന്നത്.

*****

രോഗി: തനിക്ക് യഥാർഥത്തിൽ വേണ്ടത് വേണ്ടെന്ന് വെക്കും, തനിക്ക് യഥാർഥത്തിൽ വേണ്ടാത്തത് വേണമെന്ന് വെക്കും. 

മനോരോഗി: തന്നെ നശിപ്പിക്കുന്നതിനെ സ്നേഹിക്കും, വളർത്തും. തന്നെ വളർത്തുന്നതിനെ വെറുക്കും, നശിപ്പിക്കും.

വേരിനെ മുറിച്ച് ചിതലിനെ സ്നേഹിച്ച് പുണരും.

*****

എന്ത് നിലപാട്? 

ഒരു മനോരോഗിയുടെ യഥാർത്ഥ പ്രശ്നം നിലപാടില്ലാത്തതാണ്. 

നിലപാട് ഉണ്ടാക്കാൻ സാധിക്കാത്തതാണ്. 

പരിഹാരമില്ലാത്ത ഒരുകുറേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഉയർത്തുന്നതുമാണ്.

തൻ്റെ മനോരോഗത്തെ നിലപാടായി ധരിക്കുന്നതും അവകാശപ്പെടുന്നതുമാണ്. 

അനുകരിക്കുന്നില്ല എന്ന് പറഞ്ഞും അനുകരണം നിലപാടാകുന്നതാണ്.

*****

നൂറ് ശതമാനം താൻ മാത്രം ശരിയെന്ന് എപ്പോഴും വിചാരിക്കുന്ന ആൾ. 

തനിക്ക് തെറ്റ് പറ്റുന്നുണ്ടെന്ന് മനസ്സിലാക്കാത്ത ആൾ. 

വല്ലവിധേനയും തെറ്റ് മനസ്സിലാക്കിയാലും, ആരെങ്കിലും മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചാലും, അത് തിരുത്താതിരിക്കാൻ നൂറ് ന്യായങ്ങൾ കല്പിച്ചുണ്ടാക്കി പ്രതിരോധിക്കുന്ന ആൾ. 

പ്രതിരോധിക്കുന്ന വഴിയിൽ ആ തെറ്റ് മറ്റുള്ളവരിൽ ആരോപിക്കുന്ന ആൾ. 

ഏത് അർഥത്തിലും തനിക്ക് ഒരു പ്രശ്നമവുമില്ലെന്ന് വരുത്തുന്ന ആൾ.

*****

മനോരോഗിക്ക് ന്യായവും യുക്തിയും ബാധകമല്ല. 

അവൻ തന്നെയല്ലാത്ത, അവൻ്റേത് തന്നെയല്ലാത്ത ന്യായവും യുക്തിയും ഇല്ല.

നിങൾ എത്ര നല്ല മറുപടി കൊടുക്കുന്നുവോ അത്രക്ക് മനോരോഗിയുടെ മനോരോഗം കൂടിക്കൂടി വരും. 

*****

മനോരോഗിക്ക് പരിഹാരം അവനുണ്ടാക്കുന്ന പ്രശ്നമാണ്.

അവൻ നിൻ്റെ പരിഹാരത്തേയും പ്രശ്നമാക്കി മാറ്റും. 

അവൻ കുഴിക്കുന്ന കുഴിയിൽ അവൻ തന്നെ വീഴുന്നത് മാത്രം അവൻ്റെ പരിഹാരം. 

ശേഷം നിങൾ വീഴ്ത്തിയതാണെന്ന് പറയുന്നതും  അവൻ്റെ പരിഹാരം.

*****

കാരണം മനോരോഗി നിഴലുകളിലാണ് ജീവിതം കാണുന്നത്, ദാഹം ശമിപ്പിക്കുന്നത്.

അവൻ്റെ ചങ്ങാത്തവും യുദ്ധവും നിഴലുകളുമായാണ് 

അവന് ശരിയായ മുന്തിരി ശരിയായ രീതിയിൽ തിന്നാൻ കഴിയില്ല. 

ചിത്രത്തിലെ മുന്തിരിക്ക് വേണ്ടി അവൻ ശരിയായ മുന്തിരി നശിപ്പിക്കും, വേണ്ടെന്ന് വെക്കും.

No comments: