Thursday, December 8, 2022

സോക്രട്ടീസ് ചോദിച്ച ചില ചോദ്യങ്ങളുണ്ട്.

സോക്രട്ടീസ് ചോദിച്ച ചില ചോദ്യങ്ങളുണ്ട്. അവക്കുള്ള ഉത്തരങ്ങളും. ഇന്നും പ്രസക്തമായത് 

"ആരാണ് ചെരുപ്പ് നന്നാക്കുക?" 

"അതറിയുന്നവന്‍. ചെരുപ്പ്കുത്തി."

"ആരാണ് ഫര്‍ണിച്ചര്‍ ഉണ്ടാക്കുക?"

"അതറിയുന്നവന്‍. ആശാരി."

"ആരാണ് വീടുണ്ടാക്കുക?"

"അതറിയുന്നവന്‍. പെരിതേരി."

"ആരാണ് രോഗിയെ ചികിത്സിക്കുക?"

"അതറിയുന്നവന്‍. വൈദ്യന്‍."

എങ്കിൽ ആരാണ് രാജ്യം ഭരിക്കേണ്ടത്?

ഉത്തരമില്ല.


ഉള്ള ഉത്തരം: (സോക്രട്ടീസ് പറഞ്ഞു) "ഭരിക്കാന്‍ അറിയുന്നവർ."


ഇനി നമുക്ക് ചോദിക്കാം.

കാലമൊക്കെ മാറി.

ജനാധിപത്യമെന്ന് പേര്‌ പറയുന്ന കൊടുംചൂഷണത്തിന്റെ ഭരണക്രമത്തിലെത്തി നില്‍ക്കുന്നു നാം.

അതിനാല്‍, ഇപ്പോൾ നമ്മളും ചോദിക്കണം.

ഭരിക്കാനറിയുന്നവരാണോ നമ്മെ ഭരിക്കുന്നത്?

"അല്ല. ഉറപ്പില്ല. അറിയില്ല." 

"ഭരണമറിയാൻ, ഭരിക്കുന്നതെങ്ങിനെ എന്നറിയാന്‍, വല്ല യോഗ്യതയും പരിശീലനവും നേടിയാണോ അവർ ഭരിക്കുന്നത്?"

"അല്ല. അവരുടെ പാർട്ടി അവരുടെ യോഗ്യത."

"സാധാരണഗതിയില്‍ എങ്ങിനെയാണ് ഭരണാധികാരികളും മറ്റാരും എന്തെങ്കിലും അറിയുന്നത്? പ്രത്യേകിച്ചും ഭരിക്കാനറിയുന്നത്?" 

"അവരത് പഠിച്ചാല്‍. അതിന്‌ പരിശീലനം നേടിയാല്‍."

"നിലവിലുള്ള ഭരണാധികാരിള്‍ ആരെങ്കിലും ആ നിലക്ക് എവിടെ നിന്നെങ്കിലും  എന്തെങ്കിലും പഠിച്ചുവോ, പരിശീലനം നേടിയോ?" 

"ഇല്ല."

"ഇനി അതല്ല, നാം അറിയാതെയെങ്കിലും ആരെങ്കിലും അവരെ എന്തെങ്കിലും എവിടെ നിന്നെങ്കിലും പഠിപ്പിച്ചുവോ?"

"ഇല്ല."

"ചില പാര്‍ട്ടികളില്‍ ചേരുക എന്നത്‌ മാത്രമാണോ അവരുടെ യോഗ്യത?"

"അതേ."

"അവരുടെ പാർട്ടികൾ ആ നിലക്ക് യോഗ്യത നല്‍കുന്ന സര്‍വകലാശാലകളാണോ?"

"അല്ല."

"രാജ്യമാകുമ്പോള്‍ പിന്നെ എന്തും എങ്ങിനെയുമാവാം എന്നാണോ?"

"അതേ. അങ്ങനെ തോന്നുന്നു. അതിനപ്പുറം ഒന്നും പറയാനറിയില്ല. കാട്ടിലെ മരം തേവരുടെ ആന. വാലിയെടാ വലി."


പക്ഷേ, ഒന്നുണര്‍ത്തട്ടെ.

മേല്‍ ചോദ്യങ്ങള്‍ ചോദിച്ച, സോക്രട്ടീസ് തടവിലായി, കൊല്ലപ്പെട്ടു.

നാട് കുട്ടിച്ചോറാകുമ്പോള്‍ ആ ചോദ്യങ്ങൾ ഇന്നും പ്രസക്തം.

ഇന്നും ഭരിക്കാന്‍ അറിയുന്നവർ ഭരിക്കുന്നില്ല. നാട് കുട്ടിച്ചോറും ആകുന്നു. 

"ഈ ചോദ്യങ്ങളും ഈ ഉത്തരങ്ങളും ഭരണാധികാരികളുടെ മുഖത്ത്നോക്കി ചോദിക്കുന്നവനും പറയുന്നവനും ഇന്നും ഏതെങ്കിലും നിലയില്‍ കൊല്ലപ്പെടുമോ?" 

"ചോദിക്കും പോലെ ചോദിക്കാന്‍ തന്നെ പേടിയാണ്, ആളില്ല." 

"പിന്നെയല്ലേ ചോദിക്കുന്നവന്‍ കൊല്ലപ്പെടുമോ എന്ന അടുത്ത ചോദ്യം!!! 

നമുക്ക് നിസ്സഹായരായി നോക്കിനില്‍ക്കാം.

സാക്ഷികള്‍ പോലും ആവാന്‍ തയ്യാറാകാതെ.

കാട്ടിലെ മരം തേവരുടെ ആന. വാലിയെടാ വലി.

No comments: