Tuesday, December 6, 2022

അഗ്നിയായി തെളിഞ്ഞ്, സ്വയം കൊളുത്തി മറുപടി തരിക

ചില ഇല്ലാക്കഥകളും 

പെരുംനുണകളും വിശ്വസിക്കാൻ

ഏറെയിഷ്ടം.


ഇല്ലാക്കഥകകൾക്കും  

പെരുംനുണകൾക്കും

നല്ല ചന്തമാണ്, ചൂടാണ്.


അതുകൊണ്ട് തന്നെ 

ചോദിക്കട്ടെ..


ഈയുളളവനുള്ളിടത്തോളം

നിനക്കു വേണ്ടി 

ഈയുള്ളവൻ വിളക്ക് കൊളുത്തും.


ശരിയാണ്. 


പക്ഷേ ഒരിക്കൽ

ഈയുളളവനും ഇല്ലതാവും.


അപ്പോൾ പിന്നെ, 

ഈയുള്ളവൻ ഇല്ലാതായാൽ,

നിനക്കുവേണ്ടി 

ആര് വിളക്ക് കൊളുത്തും?


ചന്തത്തിലും ചൂടിലും 

ഇല്ലാക്കഥകളും 

പെരുംനുണകളും

അഗ്നിയെയും തോൽപ്പിക്കും.


ഈയുള്ളവനെ 

അസ്വസ്ഥപ്പെടുത്തുന്നത് 

അതാണ്.

അത് മാത്രം.


മഴപ്പാറ്റകൾ കണക്കെ

ആകർഷിച്ച് വീഴുന്ന

അനേകായിരങ്ങൾ തെളിവ്.


ഈയുള്ളവൻ മാത്രമല്ലേ 

നിന്നെ അറിയൂ.

ഈയുളളവനറിയാനാവുന്നത് പോലെ 

ആർക്കറിയാനാവും നിന്നെ.


അത് പോട്ടെ...


ഈയുള്ളവന് ശേഷം 

ഈയുള്ളവന് വേണ്ടി ആരെങ്കിലും 

വിളക്ക് കൊളുത്തും.


മഴപ്പാറ്റകൾ ഒടുങ്ങാനുള്ള അഗ്നി

എപ്പോഴും എവിടെയും തെളിയുന്നത്

അതിന് തെളിവ് 


പക്ഷെ, അവർ കൊളുത്തുന്ന 

വിളക്കുകൾ 

നിനക്ക് വേണ്ടി കൂടിയാവുമോ? 


അതാണ് 

ഈയുള്ളവൻ്റെ സംശയം.

സംശയമായി മാറിയ ആഗ്രഹം. 


സംശയം തീരാൻ ഉത്തരം 

നീ തന്നെ പറഞ്ഞുതരണം.


അഗ്നി

ഒടുക്കാനുള്ളത് മാത്രമാണോ?

അഗ്നി

ഒരുക്കാനും കൂടിയുള്ളതല്ലേ? 


പിന്നീട് ഈയുള്ളവന് വേണ്ടി 

വിളക്ക് കൊളുത്തിയവരും 

അവർക്ക് ശേഷമുള്ളവരുമൊക്കെ

ഇല്ലാതാവും.


അവരൊക്കെയും ഇല്ലാതായാൽ പിന്നെ ആരൊക്കെയോ 

ആർക്കൊക്കെയോ വേണ്ടി 

വിളക്ക് കൊളുത്തും


ആ കൊളുത്തുന്ന വിളക്കുകളും 

നിനക്ക് വേണ്ടി നിനക്കുള്ളതാവുമോ?


ഈയുളളവന് വേണ്ടിയുള്ളതാവില്ല

അവയെങ്കിലും

നിനക്ക് വേണ്ടിയുള്ളതെങ്കിലുമാവണം. 

എന്നത് ഈയുളളവൻ്റെ പ്രാർത്ഥന.

*****

ചില ഇല്ലാക്കഥകളും 

നുണകളും വിശ്വസിക്കാനിഷ്ടം.

അതുകൊണ്ടെങ്കിലും 

നീ അഗ്നിയായി തെളിഞ്ഞ്

സ്വയം കൊളുത്തി

മറുപടി തരിക.

******

പ്രണയിക്കുമ്പോഴുള്ള സൗന്ദര്യം മാത്രം ജീവിതത്തിന്. 

പ്രണയമാണെങ്കിൽ ഇല്ലാത്തതും ഇല്ലാത്തത് കൊണ്ടും. 

മരീചിക തേടിയുള്ള യാത്ര തന്നെ ജീവിതവും പ്രണയവും 



No comments: