Monday, December 5, 2022

എല്ലാം താൽക്കാലികമായ ഒരുക്കൂട്ടുകൾ മാത്രമാണെങ്കിൽ.

കണ്ണിൽ കാണാത്തത് ഇല്ലെന്നു കരുതുന്നവൻ മൂഢൻ.

ഒരു സുഹൃത്ത് ഉണർത്തി.

ഇങ്ങനെയൊരു സുഹൃത്തിൻ്റെ പറച്ചിലിന് കാരണം താഴേ പറഞ്ഞത് പോലെ ഈയുള്ളവൻ പറഞ്ഞത്.

"ഇല്ലാത്തത് പരലോകമല്ല. ഞാന്‍ ഇല്ലാത്ത എല്ലാ ലോകവും പരലോകമാണ്. ഇല്ലാത്തത് ഞാനാണ്. പരലോകമുണ്ട്. പക്ഷേ ഞാനില്ല, ഞാനുണ്ടാവില്ല."


ഇനി ഈയുള്ളവന് തിരിച്ചു പറയാനുള്ളത്.

ശരിയാവാം. 

ആപേക്ഷിക ലോകത്തെ നാം നിശ്ചയിച്ച അളവുകോൽ ഒന്നും മതിയാവില്ല എല്ലാം മനസ്സിലാക്കാൻ. 

പ്രത്യേകിച്ചും നമ്മുടെ മാനത്തിനപ്പുറമുള്ളതും ആത്യന്തികമായതും. 

നമ്മുടെ ഇന്ദ്രിയങ്ങൾ മുഴുവൻ ആപേക്ഷികമായത് അനുഭവിക്കാനും അറിയാനും മാത്രം ഉതകുന്നത്.

അതുകൊണ്ട് തന്നെ തീർത്തും പദാർത്ഥപരമായി പറഞാൽ പോലും:

വല്ലാതെ ചെറുതും വല്ലാതെ വലുതും കാണില്ല, കേൾക്കില്ല. 

അണുവേയും  ആകാശത്തെയും കാണില്ല. 

കണ്ണിനോട് ഒട്ടിനിന്നടുത്തതും വല്ലാതെ ദൂരെയും കാണില്ല. 

എന്നിട്ടും കാണുന്നതും അനുഭവിക്കുന്നതും മാത്രം ഉള്ളത്??? 

നീയും ഞാനും പോലും അനുഭവത്തിൽ, അനുഭവിക്കുമ്പോൾ മാത്രം. അല്ലാതെയില്ല.

അതുകൊണ്ട് തന്നെ കാണുന്നു, കാണുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് ഒന്നിനെയും നിഷേധിക്കാൻ പറ്റില്ല, പാടില്ല.

നാം കാണുമ്പോഴേ നാം കാണുന്ന ഈ ലോകം നിലനിൽക്കുന്നുള്ളൂ എന്നത് നമുക്ക് ഏകപക്ഷീയമായി പറഞ്ഞ് ശരിയാക്കാൻ സാധിക്കുമെങ്കിലും അതപ്പടി ശരിയല്ല. 

******

ഇനി മേൽ വിഷയത്തിൽ, മേൽ വിഷയം പറഞ്ഞതിനുള്ള യുക്തി വെച്ച് മറിച്ചൊന്ന് പറയട്ടെ... 

കണ്ണിൽ കാണുന്നത് തന്നെ യഥാർഥത്തിൽ സ്ഥായിയായി ഇല്ല എന്നാണെങ്കിൽ. 

എല്ലാം താൽക്കാലികമായ ഒരുക്കൂട്ടുകൾ മാത്രമാണെങ്കിൽ.  

താൽക്കാലികമായ ഒരുക്കൂട്ടുകൾ ഉണ്ടാക്കുന്ന ഞാൻ മാത്രമേഉള്ളൂവെങ്കിൽ. 

അല്ലാത്ത ഞാനില്ലെങ്കിൽ. 

അല്ലാത്ത ഒന്നുമില്ലെങ്കിൽ.

പിന്നെങ്ങിനെ കണ്ണിൽ കാണാത്തത് മാത്രം, കണ്ണിൽ കാണുന്നില്ല എന്നത് കൊണ്ട് മാത്രം ഉള്ളതാവും? 

കാണുന്നില്ല എന്നതും കാണുന്നു എന്നതും ഒരു സംഗതി എപ്പോഴും സ്ഥായിയായി ഉള്ളതാണ് എന്നതിന് ന്യായമല്ല.

അതുകൊണ്ട് തന്നെ കണ്ണിൽ കാണുന്നത് തന്നെ ഇല്ലെന്ന് കരുതുന്നവൻ പിന്നെന്ത് പറയണം?

അവന് ബാധകമായ പരലോകം ഇല്ലെന്നല്ലാതെ.. 

അഥവാ ഈ കാണപ്പെടുന്ന  ഞാൻ സ്ഥിരമായ അർത്ഥത്തിൽ ഇല്ലെന്ന് കരുതുന്നു, പറയുന്നു.

ഈ ഞാൻ സ്ഥായിയായി ഉണ്ടെങ്കിലല്ലേ ഈ എനിക്ക് ബാധകമായ പരലോകമുളളൂ..

ഈ ഞാൻ ഇല്ലാത്ത പരലോകം ഇല്ലെന്ന് പറയുന്നുമില്ലല്ലോ? 

ഞാൻ ഇല്ലാത്ത ലോകം മുഴുവൻ പരലോകം എന്ന് പറയാൻ മടിക്കുന്നുമില്ല.

****

ഇല്ലെന്ന് വിശ്വസിക്കാമെങ്കിൽ ഉണ്ടെന്നും വിശ്വസിക്കാം. 

രണ്ടിനും ഒരേ അധ്വാനം, ഒരേ ചിന്ത, ഒരേ ഫലം. 

ഒന്ന് മാത്രം. 

നിനക്ക് തോന്നുന്നത് പോലെ മാത്രം നീ വിശ്വസിച്ചാലും നിഷേധിച്ചാലും മതി. 

എങ്കിൽ രണ്ടും ഒന്നാണ്. 

രണ്ടും വിശ്വാസമാണ്, രണ്ടും നിഷേധമാണ്. 

ആരെങ്കിലും പറയുന്ന ഒന്നും നിനക്ക് ബാധകമല്ല. 

ആരെങ്കിലും പറയുന്നത് നിൻ്റെ വിശ്വാസവും നിഷേധവും ആവില്ല 


No comments: