ഒരു സുഹൃത്ത് ( Mohamed Rafeeque ) നടത്തിയ ഉണർത്തൽ:
"താങ്കളുടെ വിശ്വാസം എന്തുമാവട്ടെ. അതിൽ ഇടപെടുന്നില്ല. പക്ഷേ, കുറെയായിട്ടുള്ള ഈ ഇസ്ലാംമത വിമർശനരീതി അത്ര ശരിയല്ല. അത് മതവിശ്വാസികൾക്ക് പ്രയാസമുണ്ടാക്കാം.
മറുപടി:
ഈയുള്ളവൻ്റെ ഈയടുത്ത കാലത്തുള്ള കുറിപ്പുകളിൽ എവിടെയും നേരിട്ടുള്ള ഇസ്ലാം മതവിമർശനം ഇല്ലല്ലോ?
മതം എന്ന് മാത്രമല്ലേ എല്ലായിടത്തും പറയുന്നുള്ളൂ...???
മതം എന്ന പൊതുപ്രയോഗം മാത്രം.
ആ നിലക്ക് മതങ്ങളെ മൊത്തമായി വിമർശിക്കുക മാത്രം.
ഉണ്ടെങ്കിൽ ഉള്ള ദൈവത്തിന് മതവുമായും, മതത്തിന് ദൈവവുമായും ഒരു ബന്ധവും ഇല്ലെന്ന മട്ടിൽ.
മതത്തെ പൊതുവേ വിമർശിക്കുമ്പോൾ അത് ഇസ്ലാമിനെ മാത്രമാണെന്ന് തോന്നുന്നത് മുസ്ലിംകളും ഇസ്ലാമിസ്റ്റ്കളും ഒരുതരം കുറ്റബോധമനസ്സ് സൂക്ഷിക്കുന്നത് കൊണ്ടാവില്ലേ?
മതം എന്നാൽ ഇസ്‌ലാം മാത്രമാണോ?
അതുമല്ലെങ്കിൽ, താങ്കൾ മേൽസൂചിപ്പിച്ചതിൻ്റെ അർത്ഥം വേറൊന്നാണോ?
ഞങ്ങൾക്ക് എല്ലാവരെയും വിമർശിക്കാം, ഞങ്ങളെ ആരും വിമർശിക്കരുത് എന്ന വാദമാണോ?
എങ്കിൽ മുസ്ലിംകളുടെയും ഇസ്ലാമിസ്റ്റ്കളുടെയും ഏകസത്യാവാദത്തിൽ നിന്ന് ഉരുത്തിരിയുന്ന ഔദ്ധത്യബോധത്തിൽ നിന്നായിരിക്കില്ലേ താങ്കൾ സൂചിപ്പിച്ച അങ്ങനെയൊരു തോന്നലും വേദനയും പ്രയാസവും ഉണ്ടാവുന്നത്?
ഞങ്ങൾക്ക് എല്ലാവരും സ്വാതന്ത്ര്യം നൽകണം, ഞങ്ങൾ ആർക്കും സ്വാതന്ത്ര്യം കൊടുക്കില്ലെന്ന ഏകപക്ഷീയ ഏകസത്യവാദ ബോധത്തിൽ നിന്ന് വരുന്ന നിലപാടല്ലേ അത്?
*******
ഇസ്‌ലാം മതത്തെ നേരിട്ട് വിളിച്ച് വിമർശിച്ച ഈയുള്ളവൻ്റെ അടുത്തകാലത്തുള്ള ഒരു പോസ്റ്റെങ്കിലും താങ്കൾ കാണിക്കൂ.
വിമർശിക്കാനുള്ള പേടി കൊണ്ടല്ല വിമർശിക്കാത്തത്.
തെറ്റ് ആരുടെ ഭാഗത്തായാലും തിരുത്തണം, വിമർശിക്കണം.
ഇസ്‌ലാം വിമർശനം ഈയുള്ളവന് അജണ്ട അല്ലാത്തത് കൊണ്ട് മാത്രം വിമർശിക്കാത്തതാണ്.
ഇസ്‌ലാം അതിന് മാത്രം ഇല്ലാത്തത് കൊണ്ട് മാത്രം വിമർശിക്കാത്തതാണ്.
പിന്നെ നിഷ്പക്ഷമായി ചില ശരി പറയുമ്പോൾ ആർക്കെങ്കിലും പൊള്ളുന്നുവെങ്കിൽ അത് പൊള്ളുന്നവൻ്റെ പ്രശ്നമാണ്, രോഗമാണ്.
ആർക്കും കുളിരാത്ത അന്തരീക്ഷത്തിൽ കുളിരുന്നവന് പനിയുണ്ട്, രോഗമുണ്ട് എന്നർത്ഥം.
അവന് മാത്രം കമ്പിളി വേണ്ടി വരും.
അത് കൊണ്ട് ഇസ്ലാമിനും വേണ്ടി വരും ഒരു കമ്പിളി.
ന്യായീകരണങ്ങളുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും പ്രതിരോധങ്ങളുടെയും കമ്പിളി.
സ്വയം എല്ലാവർക്കുമെതിരെ എപ്പോഴും പ്രാർത്ഥിച്ചും ഗൂഢാലോചനകൾ നടത്തിക്കൊണ്ടുമിരിക്കെ.
*****
ഇനി താങ്കൾ ആരോപിച്ചത് പോലെ ഇസ്ലാം മതത്തെ ഈയുള്ളവൻ വിമർശിക്കുന്നു എന്ന് തന്നെ കരുതുക.
കോടാനുകോടി ആളുകളുടെ ജീവിതത്തെ തെറ്റായോ ശരിയായോ സ്വാധീനിക്കുന്നു ഇസ്‌ലാം എന്നത് കൊണ്ട് മാത്രമാണത്.
ആ സ്വാധീനിക്കപ്പെടുന്ന കോടാനുകോടി ആളുകൾക്ക് വേണ്ടി, (അങ്ങനെ ജനിച്ച് കിട്ടിയത് കൊണ്ട് മാത്രം മഹാഭൂരിപക്ഷത്തിന് വേണ്ടി), തെറ്റായും ശയിയായും അതേ ഇസ്ലാമിനെ കൈകാര്യം ചെയ്യേണ്ടതില്ലേ?
കോടാനുകോടി ആളുകളുടെ കുടയായ ഇസ്‌ലാം മതം ഒരു പൊതുസ്വത്തല്ലേ?
പൊതുസ്വത്താവുമ്പോൾ പൊതുവായി തന്നെ കൈകാര്യം ചെയ്യേണ്ടതല്ലേ?
ആ കുട കീറിപ്പോളിഞ്ഞ കുടയാണെങ്കിൽ അതങ്ങനെ തന്നെ പറയേണ്ടതില്ലേ?
******
ഇനിയും ചോദിക്കട്ടെ.
ഇസ്ലാമിന് വേണ്ടി പ്രബോധന പ്രചാരണ പരിപാടികൾ നടക്കുന്നില്ലേ?
അതുപോലെ തന്നെയല്ലേ ഇസ്ലാമിക വിരുദ്ധരും മതവിരുദ്ധരും അവരുടെ വിശ്വാസത്തിൻ്റെയും നിഷേധത്തിൻ്റെയും (അത് സ്വാഭാവികമായും ഇസ്ലാമിക വിരുദ്ധമായിരിക്കുമല്ലോ?) പ്രബോധന പ്രചാരണ പരിപാടികൾ നടത്തുന്നത്?
ഇസ്ലാമിന് അനുകൂലമായി വ്യാഖ്യാനം പറയുന്നത് പോലെ തന്നെ സ്വാഭാവികമല്ലേ അതിന് എതിരെയും വ്യാഖ്യാനം പറയുന്നത്?
ഇസ്ലാമും ഇസ്ലാമിക പ്രസ്ഥാനങ്ങളും വളരുന്നത് മറ്റു മതങ്ങളെ വിമർശിച്ചും തെറ്റാണെന്ന് തെളിയിച്ചും തന്നെയല്ലേ?
ഖുർആൻ തന്നെ ബഹുദൈവ വിശ്വാസികളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും ദൈവനിഷേധികളെയും നിഷേധിച്ചും വിമർശിച്ചും തന്നെയല്ലേ ഉള്ളത്?
മറ്റ് മതങ്ങളെ വിമർശിക്കുന്ന, തെറ്റാണെന്ന് വരുത്തുന്ന എത്ര ഇസ്‌ലാമിക പുസ്തകങ്ങൾ ഉണ്ട്?
എത്രയെത്ര ക്ലാസുകളും പൊതുപരിപാടികളും ഇസ്ലാമിസ്റ്റുകൾ ഇസ്ലാമിനെ പരിചയപ്പെടുത്താനും മറ്റ് മതങ്ങളെയും അവിശ്വാസത്തേയും തെറ്റെന്ന് കാണിക്കാനും നടത്തുന്നു?
മുസ്ലിം സംഘടനകൾ തന്നെ എത്രയെത്ര വിമർശന പരിപാടികൾ പരസ്പരം എതിരേ നടത്തുന്നു?
എത്രയെത്ര പരസ്പരം വിമർശിക്കുന്നു?
അപ്പോഴൊന്നും ഇല്ലാത്ത വേവലാതി, ന്യായം പറഞ്ഞ് മാത്രം, വെറുതെ കണ്ണടച്ച് തെറി പറയാതെ, ഇസ്ലാമിനെ വിമർശിക്കുമ്പോൾ ഉണ്ടാവുന്നത് ശരിയാണോ?
No comments:
Post a Comment