Thursday, December 15, 2022

രാജ്യത്തെ ദ്രവിക്കാതെ സൂക്ഷിക്കുന്ന കവചം പട്ടാളക്കാർ, പൊലീസുകാർ.

പട്ടാളക്കരുടെ വില കുറച്ച് കാണുന്നില്ല. 

അത് കൂടുതൽ തന്നെ. 

പ്രത്യേകിച്ചും (വസുധൈവ കുടുംബകം എന്നത് വിട്ട്) രാജ്യമെന്ന സങ്കല്പം ഉണ്ടെങ്കിൽ. 

രാജ്യമെന്നതിൽ മാത്രം അള്ളിപ്പിടിക്കുന്നുവെങ്കിൽ. 

രാജ്യമെന്ന പരിപ്രേക്ഷ്യത്തിലൂടെ മാത്രം  നോക്കുമ്പോൾ. 

രാജ്യത്തിൻ്റെ തനതായ, സ്വതന്ത്രമായ നിലനിൽപിനായി പ്രവർത്തിക്കുമ്പോൾ. 

******

മനുഷ്യൻ സാമൂഹ്യമായി സംഘടിക്കുന്നതിൻ്റെയും പ്രതിരോധിക്കുന്നതിൻ്റെയും നിലവിലെ ഏറ്റവും വലിയ രൂപമാണ്, സാധ്യതയാണ് രാജ്യം. 

മനുഷ്യൻ  ഇനിയും വളർന്ന്, രാജ്യം എന്നതും വിട്ട് ഭൂമിലോകം തന്നെ ഒന്ന്, ഭൂമിലോകം തന്നെ ഒരൊറ്റ രാജ്യം എന്നും അടുത്ത ഭാവിയിൽ തന്നെ ആയിക്കൂടായകയില്ല.

******

രാജ്യം എന്നതുണ്ടെങ്കിൽ, ആ രാജ്യത്തിന് ബാഹ്യമായ ഭീഷണി എന്നതുണ്ടെങ്കിൽ പട്ടാളക്കാർ എന്നതുണ്ട്. 

ഭീഷണി കുറയുന്നത്ര, ആ നിലക്ക് മനുഷ്യസമൂഹം വളരുന്നത്ര, പട്ടാളവും കുറയും, ഇല്ലാതാവും.

പട്ടാളക്കാർ ഇല്ലാതെ നമ്മൾ സങ്കൾപിച്ചുണ്ടാക്കിയ നാടിൻ്റെ ശരീരം അക്കോലത്തിൽ നിലനിൽക്കില്ല. 

ശരീരം എങ്ങനെയെല്ലാം ബാഹ്യമായ അണുബാധയിൽ നിന്നും അതുമൂലം ഉണ്ടാകാവുന്ന രോഗങ്ങളിൽ നിന്നും ശരീരത്തെ പ്രതിരോധിച്ച് നിർത്തുന്നുവോ അതുപോലെ തന്നെ പട്ടാളവും പോലീസും രാജ്യത്തെ ഉള്ളിലെയും പുറത്തെയും പ്രശ്നങ്ങളിൽ നിന്നും ബാധയിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ആവത് സംരക്ഷിച്ചു നിർത്തുന്നു.

രാജ്യമെന്ന ശരീരത്തെ ദ്രവിക്കാതെ സൂക്ഷിക്കുന്ന കവചമാണ് പട്ടാളക്കാർ, പൊലീസുകാർ.

*****

എന്നുവെച്ച്, യുദ്ധത്തിൽ അല്ലാതെ സംഭവിക്കുന്ന പട്ടാളക്കരുടെ അപകടമരണത്തിൽ വരെ, സാധാരണ മരണത്തിൽ വരെ നാട്ടുകാരെ ഇത്രക്ക് വികാരം തുള്ളിക്കുന്നത് അപകടം പിടിച്ച, യൂറോപ്പിലും മറ്റും പരീക്ഷിച്ച് പരാജയപ്പെട്ട, തീവ്രദേശീയതയ്ക്ക് മാത്രമല്ലേ ഉപകരിക്കൂ.

പട്ടാളക്കരുടെ ജീവിതത്തിന് ഇത്രക്ക് വില നൽകുന്നതാണെങ്കിൽ അത്രതന്നെ നൽകണം പോലീസുകാർക്ക്. നാടിൻ്റെ നിത്യജീവിതത്തിൽ ഉളളിൽ കൂടെ നിന്ന് സഹിക്കുന്നതും പ്രയാസപ്പെടുന്നതും ഉപയോഗപ്പെടുന്നതും പൊലീസുകാരാണ്. 

നാടിനെ ഉള്ളിൽ നിന്ന് ഇടതടവില്ലാതെ പണിയെടുത്ത് നിലനിർത്തുന്നതും നാടിൻ്റെ ചൂടുംചൂരും ക്രമസമാധാനവും നിലനിലനിർത്തുന്നതും പോലീസുകാരാണ്. 

രക്തധമനി പോലെ എപ്പോഴും ഉണർന്നും പണിയെടുത്തും പോലീസുകാർ.

പോലീസുകാർക്കും അവരുടെ ജീവനും ജീവിതത്തിനും ഈപ്പറയുന്ന, നാട്ടുകാരെ മുഴുവൻ വികാരം കൊള്ളിക്കുന്ന വില കിട്ടുന്നില്ല. ഒരർത്ഥത്തിലും.

*****

'വസുധൈവ കുടുംബകവും' 'ലോകാ സമസ്ത സുഖിനോ ഭവന്തുവും' അടിസ്ഥാനമാക്കി ചിന്തിക്കുമ്പോൾ രാജ്യം എന്നത് അത്രക്ക് വലിയ നിർബന്ധമായ സ്ഥിരമായ, സ്ഥിരമായി നിന്ന, സ്ഥിരമായി നിൽക്കേണ്ട സത്യമല്ല. മനുഷ്യൻ്റെ ഇനിയങ്ങോട്ടുള്ള വളർച്ചയിൽ ഇല്ലാതാകാവുന്ന ഒന്നുമാണ്.

വസുധൈവ കുടുംബകവും' 'ലോകാ സമസ്ത സുഖിനോ ഭവന്തുവും' അടിസ്ഥാനമാക്കി ചിന്തിക്കുമ്പോൾ രാജ്യം എന്നത് വെറും താൽകാലികമായ അർത്ഥത്തിലും സാങ്കല്പികമായും മാത്രം ഉണ്ടായത്, ഉണ്ടാക്കിയത്. വേദങ്ങളായ വേദങ്ങളൊന്നും രാജ്യം എന്ന സങ്കല്പത്തെ കുറിച്ച് ഒന്നും പറയുന്നില്ല. 

വേദങ്ങളൊന്നും അതിർത്തികൾ നിശ്ചയിച്ച ഏതെങ്കിലും രാജ്യത്തിൻ്റെ പേരെടുത്ത് അതപ്പടിയെ സൂക്ഷിക്കണമെന്നും അതാണ് പുണ്യവും ധർമ്മവും മോക്ഷമാർഗവും എന്നും എവിടെയും പറയുന്നുമില്ല.

എങ്കിൽ അങ്ങനെ കൃത്രിമമായിമാത്രം ഉണ്ടായ രാജ്യത്തിൻ്റെ ചിലവിൽ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന പട്ടാളക്കാരൻ്റെയും രാഷട്രീയ നേതൃത്വത്തിൻ്റെയും മരണത്തെ എന്തോ വലിയ ഹിമാലയൻ സംഭവമായും കാണേണ്ടതുണ്ടോ? 

പ്രത്യേകിച്ചും രാജ്യത്തിൻ്റെ ചിലവിൽ ഒരുതരം ശമ്പളവും ആനുകൂല്യങ്ങളും പറ്റാത്തവരില്ലെങ്കിൽ. അതേ സമയം രാജ്യത്തെ മുഴുവൻ അന്നമൂട്ടുന്ന കർഷകൻ്റെയും മറ്റു ജനങ്ങളുടെയും ജീവിതത്തേയും മാരണത്തെയും നിസാരമായി കാണിക്കുമ്പോൾ. 

അങ്ങനെ വരുമ്പോൾ നമ്മൾ ഉയർത്തിപ്പിടിക്കുന്നത്  എന്ത് തരം ദേശീയതയാണെന്ന് മനസ്സിലാവുന്നില്ല. 

******

പ്രത്യേകിച്ചും ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആയിരിക്കെ. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത്. ഒരു നിലക്കും ഒരു സൈനിക രാജ്യമാവാൻ കൊതിക്കാത്ത ഇന്ത്യപോലുള്ള ഒരു രാജ്യത്ത്.

പട്ടാളത്തെ വല്ലാതെ പുകഴ്ത്തി സാധാരണ ജനങ്ങളുടെ ലോലവികാരത്തെ പ്രത്യേക വഴിയിൽ തിരിച്ചുവിട്ട് പോകുന്ന രാജ്യവും രാജ്യസങ്കല്പവും എങ്ങോട്ടേക്കാവും പോവുക?

പ്രത്യേകിച്ചും...., 

വസുധൈവ കുടുംബകം വെച്ച് ലോകം തന്നെ അതിർത്തികൾ ഇല്ലാതെയായി ഒന്നാവണം എന്ന് സ്വപ്നം കാണുമ്പോൾ... 

അതിനുളള സാധ്യതകൾ അതിവിദൂരമല്ലാതെ തെളിഞ്ഞു വരുമ്പോൾ. 

നിക്ഷിപ്തവും കുടിലവുമായ മത-രാഷ്ടീയ താൽപര്യങ്ങൾ ഒന്ന് മാറിനിന്ന് കൊടുക്കുമെങ്കിൽ.

*****

ചിലർക്ക് പട്ടാളക്കാർ മരിച്ചാൽ മാത്രം നാട്ടിന് ഉണ്ടാവുന്നത് തീരാനഷ്ടം എന്ന വാദം. രാജ്യത്തെ രക്ഷിക്കാനുള്ള പട്ടാളക്കാർ ശരീരകോശം പൊലെ, അനിവാര്യമായും ഒന്നല്ലെങ്കിൽ മറ്റൊന്ന് ഉണ്ടാവുമെന്ന് മനസിലാക്കാതെ. ഇപ്പറഞ്ഞ പോലെ ശരീരം ശരീരമായി ജീവനോടെ നിലനിൽക്കുന്നിടത്തോളം.

അവർ എങ്ങിനെയോ ഇന്ത്യ ഒരു പട്ടാളരാജ്യം ആണെന്ന് തെറ്റിദ്ധരിച്ചു മുന്നോട്ട് പോകുന്നു. രാജ്യം എന്നത് എന്നും പട്ടാളക്കാരെ വെച്ച് അടഞ്ഞ് ചുരുങ്ങി മാറിനിൽക്കേണ്ട സംഗതി ആണെന്നും.

അവരെസം ബന്ധിച്ചേടത്തോളം പാട്ടാളക്കാരല്ലാത്ത ബാക്കിയുള്ളവർ മരിച്ചാൽ രാജ്യത്തിന് തീരാനഷ്ടമില്ല. പിന്നെയോ? തീരാലാഭം.

അവരറിയുന്നില്ല പട്ടാളക്കാർ എന്ന് പറഞ്ഞ് ആരും ജനിക്കുന്നില്ല ഈ സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലും ലോകത്തും എന്ന്. ശരീരം തന്നെ അങ്ങനെയും വേഷം കെട്ടുന്നതാണെന്ന്.

അതല്ലെങ്കിൽ, ജോലിയായി മാത്രം, ശമ്പളവും ഉപജീവനവും സുരക്ഷിതത്വവും തേടി മാത്രം തന്നെ മഹാ മഹാ ഭരിപക്ഷവും പട്ടാളക്കാർ ആവുന്നത്. 

അതും, മിക്ക പട്ടാളക്കാരനും വളരേ കുറച്ച് കാലം മാത്രം ഒന്നും കാര്യമായി ചെയ്യേണ്ടിവരാതെ ജോലി ചെയ്ത്, ആ വകയിൽ ജീവിതകാലം മുഴുവൻ രാജ്യത്തിൻ്റെ ചിലവിൽ സൗജന്യമായി ജീവിച്ചു കൊണ്ട്. 

******

യുദ്ധം എന്നത് ഒരിക്കലും സംഭവിക്കാത്ത ഈ കാലത്ത് പട്ടാളം എന്നത് ജോലിയും ആവശ്യവും എന്നതിനേക്കാൾ അലങ്കാരം മാത്രം. 

അധികമൊന്നും ജോലി ചെയ്യേണ്ടി വരാത്ത, എന്നാൽ എപ്പോഴും വലിയ വില കൊടുത്ത് വാങ്ങി വെറുതെ കാത്ത്സൂക്ഷിക്കുന്ന, ഏറ്റവും വിലപിടിപ്പുള്ള അലങ്കാരം, പട്ടാളം. 

അലങ്കാരം ഏതും വലിയ വിലയുള്ളത് തന്നെ. പട്ടാളവും അപ്പടി.

എങ്കിൽ ഒരേയൊരു ചോദ്യം. 

ഇത്രക്ക് വേണോ പട്ടാളക്കാരുടെ മരണത്തെ മാത്രം പർവതീകരിക്കുന്നത്? അതും സാധാരണ അപകട മരണം വരെ.

തീവ്രദേശീയത ഉണ്ടാക്കുന്ന, അതിലൂടെ അധികാരം ഉറപ്പിക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് ഇതിലൂടെ ഉദ്ദേശിക്കുന്നില്ലെങ്കിൽ പ്രത്യേകിച്ചും....

ശമ്പളത്തിനും അനോകൂല്യങ്ങൾക്കും വേണ്ടിയല്ലാതെ, വെറും തൊഴിൽ എന്ന നിലക്കല്ലാതെ, പട്ടാളത്തിൽ ജോലി ചെയ്യുന്ന, രാജ്യത്തിന് വേണ്ടി മന്ത്രിയും എംഎൽഎയും എംപിയും ആവുന്ന ഒരാളെ എങ്കിലും ആർക്കെങ്കിലും കാണിക്കാൻ സാധിക്കുമോ? 

ഇല്ല. 

എങ്കിൽ എന്തിന് ഇത്രക്ക്?

No comments: