Saturday, December 10, 2022

നെതർലാൻഡ്സിൻ്റെ തോൽവി അർജൻ്റീനയുടെ വിജയം.

നെതർലാൻഡ്സിൻ്റെ തോൽവി അർജൻ്റീനയുടെ വിജയം. 

കളിയെന്നാൽ കളവ് കൂടിയാണ് എന്ന് അർത്ഥം വരുന്നത് പോലെ. അതും പിന്നാമ്പുറത്ത് നിന്നും മുന്നിൽ നിന്നും കളവ് കളിക്കുന്ന കളി.

ഈ കളിയിൽ ശരിയോടൊപ്പം നിൽക്കുക എന്നത് ഏതെങ്കിലും ടീമിനെ വെറുക്കുകയല്ല. ഏതെങ്കിലും കളിക്കാരനെ മോശമായി കാണലുമല്ല. ആരോടെങ്കിലുമുള്ള ഇഷ്ടം മറ്റൊരാളോടുള്ള വെറുപ്പല്ല. നേരെ മറിച്ച്, ആരോടെങ്കിലുമുളള വെറുപ്പ് മറ്റൊരാളോടുള്ള ഇഷ്ടവും അല്ല.

******

അറിയണം....

ഹോളണ്ടിന് ഫാൻ base ഇല്ല....

അവർക്കുവേണ്ടി പറയാനും കരയാനും ആരുമില്ല...

കാരണം മറ്റൊന്നുമല്ല.

വ്യക്തിപമായി ഹീറോകളുള്ള ടീമിനാണ് കാര്യമായ ഫാൻ base. 

കാരണം, മനുഷ്യർ എക്കാലത്തും ആശയങ്ങൾക്കപ്പുറം, കാമ്പും കഴമ്പും കാണുന്ന തിനപ്പുറം വ്യക്തികളെ കാണുന്നു. ബിംബങ്ങളെ ആവശ്യപ്പെടുന്നു, ഇഷ്ടപ്പെടുന്നു. 

മനുഷ്യർക്ക് മനസ്സിലാവാൻ എക്കാലത്തും ഏതെങ്കിലും നിലക്കുള്ള വീരൻമാരായ ബിബങ്ങൾ വേണം. 

അതിനാൽ തന്നെ മനുഷ്യരിൽ മഹാഭൂരിപക്ഷവും എക്കാലത്തും ബിമ്പാരാധകർ തന്നെയാണ്. എത്ര അല്ലെന്ന് പറഞ്ഞാലും.

അതുകൊണ്ട് തന്നെ അങ്ങനെ വ്യക്തിപരമായ ഹീറോകൾ നിലവിലില്ലാത്ത ഹോളണ്ടിനും ജർമ്മനിക്കും ഒക്കെ ഫാൻ base തീരെ കുറവാണ്. 

അത്തരം നല്ല ടീമുകൾക്കുള്ളത് യഥാർത്ഥ ഫുട്ബാൾ ഇഷ്ടപ്പെടുന്ന വളരേ കുറച്ച് പേരുകൾ മാത്രം. അഹം ബ്രഹ്മാസ്മിയും ലാ ഇലാഹ ഇല്ലല്ലയും ശരിക്കും മനസ്സിലാവുന്ന വളരേ കുറച്ച് പേരെ പോലെ കുറച്ചുപേർ.

*****

ഇനി ഫുട്ബോൾ വിഷയത്തിലേക്ക്: 

നെതർലാൻഡ്സ് തോറ്റു. 

ശരിയാണ്. സാധാരണ ഗതിയിൽ തന്നെ രണ്ട് ടീമിനും ജയിക്കാൻ സാധിക്കില്ല. ഇതാണെങ്കിൽ നോക്കൗ്ട് ഘട്ടമാണ്.  രണ്ടാൾക്കും സമനില പോലും പിടിച്ച് തുടരാൻ പറ്റില്ല. ഒരു ടീം തോൽക്കുക നിർബന്ധം. എന്ത് വിലകൊടുത്തും ഒരാളെ തോൽപ്പിക്കുക സംഘാടകർക്ക് തന്നെ നിർബന്ധമായ നോക്കൗട്ട് ഘട്ടം. 

പക്ഷേ, പല ടീമുകളും തോൽക്കുന്നത് പോലെ മാത്രമായിരുന്നുവോ ഹോളണ്ട് തോറ്റത്? 

അല്ല. 

അല്ലെന്ന് പറയാൻ തോന്നുന്നു.

നന്നായി കളിച്ചത് ഹോളണ്ട് ആണെന്ന വാദം അശേഷം ഇല്ലാതെ തന്നെ, വെക്കാതെ തന്നെ.

എന്നാലും, നെതർലാൻഡ്സ് റഫറിയുമായി കളിച്ച് തോറ്റു എന്ന് തന്നെ പറയണം (ഗോളിൻ്റെ കാര്യത്തിൽ). അപ്പോഴും അർജൻ്റീന നന്നായി കളിച്ചു എന്നംഗീകരിക്കുന്നു.

ചെയ്യാത്ത ഫൗളിന്, അഥവാ ഫൗൾ ഉണ്ടെങ്കിൽ തന്നെ ഏറെക്കുറെ പെനാൽറ്റിബോക്‌സിന് തൊട്ടുപുറത്ത് നടന്ന, ഗോലിലേക്ക് നീങ്ങാത്ത ഒരു നിസ്സാര ഫൗളിന് റഫറി കൊടുത്ത തെറ്റായ പെനൽറ്റികിക്കിന് വേണ്ടി നെതർലാൻഡ്സ് തോറ്റു. 

സ്പാനിഷ് റഫറി സ്പാനിഷ് വംശജരും കോളനിയുമായ അർജൻ്റീനയെ കരുതിക്കൂട്ടി ജയിപ്പിക്കുകയായിരുന്നോ? 

അറിയില്ല.

ഇത് അർജൻ്റീനയോ അവരുടെ ഫാൻസോ ഫിഫായോ അംഗീകരിക്കില്ല.

മാത്രവുമല്ല, മറിച്ചാണ് കാര്യമെന്ന് വിശ്വസിപ്പിക്കാൻ വേണമെങ്കിൽ അവരും റഫറിയെ കുറിച്ച് കുറേ ആവലാതി പറഞ്ഞേക്കാം. ഒരു മുൻകൂർ ജാമ്യം പോലെ.

ഇനിയും പറയട്ടെ, അറിയില്ല.

ഈ റഫറിയെ കുറിച്ച് ഒരു കുറേ ആരോപണങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെയൊരു ആരോപണം ഇതുവരെ ആരും ഉയർത്തിയതായി കാണുന്നില്ല.

ഇനി അതല്ല, ഒരു ലാറ്റിനമേരിക്കൻ ടീമെങ്കിലും സെമിയിൽ വേണമെന്ന നിർബന്ധം ഫിഫക്കുണ്ടായിരുന്നോ?

ഫിഫ യെ ന്ന വൻ കോർപറേറ്റ് സ്ഥാപനം എന്ത് ലക്ഷ്യം വെക്കുന്നുവെന്ന് പറയാവതല്ല.

********

ചോദ്യം വരും.

അർജൻ്റീനക്കെതിരെയും റഫറി കുറേ ഫൗൾ വിളിച്ചില്ലെ?

ശരിയാണ്. 

അതിലും എത്രയോ കൂടുതൽ ഫൗൾ ചെയ്ത അർജൻ്റീനക്ക് അത്രയെങ്കിലും ഫൗൾ കൊടുക്കാതിരിക്കാൻ റഫറിക്ക് എത്ര മഹാമനസ്കത കൊണ്ടുനടന്നാലും സാധിക്കില്ലായിരുന്നു. എല്ലാവരെയും വിശ്വസിപ്പിക്കാനെങ്കിലും. അത്രക്ക് ഫൗൾ അർജൻ്റീനക്ക് എത്ര കൊടുത്താലും  കൊടുത്താലും മതിയാകുമായിരുന്നില്ല.

ഒരു വലിയ തെറ്റായ തീരുമാനം ഹോളണ്ടിനെതിരെ നിർണായകമായി ചെയ്ത്, അതിന് ശേഷം അതിന് പകരമായി നൂറ് ചെറുതുകൾ പ്രായശ്ചിത്തമായി അർജൻ്റീനയോട് ചെയ്യുന്നുവെന്ന് വരുത്തിയത് കൊണ്ട് കാര്യമില്ലല്ലോ? 

അർജൻ്റീന അഭിനയിക്കുന്നതിന് മുഴുവൻ ഹോളണ്ടിന് മഞ്ഞക്കാർഡ് കൊടുക്കുകയായിരുന്നുവോ മറ്റോരർത്ഥത്തിൽ റഫറി? 

യഥാർഥത്തിൽ റഫറിയെ തെറ്റിദ്ധരിപ്പിക്കുന്ന , റഫറിയെ കൊണ്ട് ഇല്ലാത്ത ഫൗളിന് ഇല്ലാത്ത പേനാൽടിയും മഞ്ഞക്കാർഡും ഡയറക്ട് / ഇൻഡയറക്റ് കിക്കും കൊടുപ്പിക്കുന്ന കളിക്കാരനെതിരേ ശക്തമായ നിലപാട് എടുക്കുന്ന നിയമം വരണം, ഫിഫ വരുത്തണം. ഇതേ var വെച്ച് തന്നെ. കാരണം കളിയുടെ ഗതിയെ കളിക്കാതെ കളവ് കൊണ്ട് മാറ്റാൻ ശ്രമിക്കുകയാണ് അവർ ചെയ്യുന്നത്. 

റഫറിയും ചോദ്യം ചെയ്യപ്പെടണം. 

മനുഷ്യൻ എന്ന നിലക്കുള്ള എല്ലാ സ്വാധീനവും ചായ്വും തെറ്റുകളും റഫറിക്കും ബാധകമാണ്. വർഗീയവും വംശീയവും ദേശീയവും സപത്തികവും വ്യക്തിപരവും ഒക്കെയായ സ്വാധീനങ്ങൾ.

******

ഇനി അതല്ലെങ്കൽ ഫിഫ മുൻകൂട്ടി തീരുമാനിച്ചു വെച്ചോ ഇക്കുറി അർജൻ്റീനയും പോർച്ചുഗൽലും തന്നെ ഫൈനൽ കളിക്കണമെന്ന്. 

റൊണാൾഡോ മെസ്സി ഫാൻ base കൊണ്ട് viewership കൂട്ടാൻ. എങ്കിൽ ഇന്ന് മൊറോക്കോയുടെ വിധി കണ്ടു തന്നെ കാണണം. പ്രത്യേകിച്ചും ബ്രസീൽ പുറത്തായ സ്ഥിതിക്ക്.

രണ്ട് ടീമുകൾക്കും (അർജൻ്റീനക്കും പോർച്ചുഗലിനും) നിലവിൽ തന്നെ ഒരു ന്യായവും ഇല്ലാതെ രണ്ട് കളികളിലായി രണ്ട് പേനാൽടികൾ ഫിഫ സൗജന്യമായി നൽകിക്കഴിഞ്ഞു. സഹായിച്ചു കഴിഞ്ഞു.

ഇതൊരു ചെറിയ സംശയം മാത്രം. ഇതിനേക്കാൾ വലിയ അജണ്ട ഫിഫ എന്ന വൻകോർപറേറ്റ് സ്ഥാപനത്തിന് ഉണ്ടാവും.

****

ഈ കളിയിലും ശരിയോടൊപ്പം നിൽക്കുക എന്നത് ഏതെങ്കിലും ടീമിനെ വെറുക്കുകയല്ല.

യഥാർത്ഥത്തിൽ കളി ഇഷ്ടപ്പെടുന്നവർക്ക് ഒരുപടി ടീമിനെ പല അവസരങ്ങളിലായി ഇഷ്ടപ്പെടും.

കാരണം അവർ ടീമിൻ്റെ കാര്യത്തിൽ  മതവിശ്വാസികളെ പോലെ ഒന്ന് മാത്രം ശരിയെന്ന് പറഞ്ഞ് ഉള്ള കാഴ്ച നഷ്ടപ്പെടുന്നവരല്ല. അസഹിഷ്ണുതയും തീവ്രതയും സൂക്ഷിക്കുന്നവരല്ല. ഒന്ന് മാത്രം ശരി, അവസാനത്തേത് എന്നവർ കരുതില്ല.

ഓരോ കളിയിലും അവർക്ക് ഇഷ്ടപ്പെടാൻ ഓരോ കാര്യവും ഓരോ ടീമും ഉണ്ടാവും. 

അപ്പപ്പോഴുള്ള കാരണവും ന്യായവും വെച്ച് അവർ അവരുടെ ഇഷ്ടവും ആസ്വാദനവും തുടർന്ന് കൊണ്ടേയിരിക്കും.

ഒരു ടീമിനെയോ ആളെയോ ഇഷ്ടപ്പെടുന്നത് മറ്റെല്ലാവരെയും വെറുക്കാനുള്ള ന്യായമല്ല അവർക്ക്.

Offside വിളിക്കുന്ന കാര്യത്തിൽ കാണിക്കുന്ന സൂക്ഷ്മത എന്തുകൊണ്ട് ഫിഫ പെനൽറ്റി കൊടുക്കുന്ന കാര്യത്തിലും, റഫറിയെ തെറ്റിദ്ധരിപ്പിക്കുന്ന കളിക്കാരുടെ അഭിനയത്തിൻ്റെ കാര്യത്തിലും നടത്തുന്നില്ല.

No comments: