Saturday, December 31, 2022

ദൈവത്തോട് നാം ക്ഷമിക്കുക. ദൈവം ക്ഷമിക്കാൻ ഒരുക്കമല്ല.

ഏറ്റം നിഷ്കളങ്കമായ കാര്യമാണ് 

ചില മത വിശ്വാസ പ്രകാരം

ഒരിക്കലും പൊറുക്കപ്പെടാത്ത, 

ഏറ്റവും വലിയ ശിക്ഷ കിട്ടുന്ന, 

ഏറ്റവും വലിയ പാപം. 


എന്താണത്? 


ഒരാൾക്ക് മനസ്സിലാവുന്ന വിധത്തിലുള്ള 

ദൈവത്തെ ആരാധിക്കുന്നത്. 


ഒരാൾക്ക് മനസ്സിലാവാത്ത ദൈവത്തെ 

നിഷേധിക്കുന്നത്. 


ഒരാൾക്ക് മനസ്സിലാവുന്ന ദൈവസങ്കല്പവും ജീവിതസങ്കല്പവും വെക്കുന്നത്.

****

മലം എത്ര കഴുകിയാലും മലം തന്നെ. 

വൃത്തിയാവില്ല. 

വൃത്തിയാക്കാൻ ശ്രമിക്കുന്ന കൈകൾ വൃത്തികേടാവും.

******

ദൈവമല്ലാത്ത ദൈവമില്ലെന്ന് 

ഒരാൾ  സ്വയം  കണ്ടെത്തിയാൽ, 

അറിഞ്ഞാൽ, 

പറഞ്ഞാൽ, 

അത് അതിഗംഭീരം തന്നെ. 


പക്ഷേ, 

അത് ദൈവം സ്വയം പറയുന്നു, 

ദൈവത്തിന് തന്നെക്കുറിച്ച് സ്വയം 

പറയേണ്ടിവരുന്നു 

എന്നുവന്നാൽ 

മഹാഅബദ്ധം തന്നെ.

****

ദൈവത്തോട് നാം ക്ഷമിക്കുകയാണ് നല്ലത്.

ദൈവം എന്തായാലും ക്ഷമിക്കാൻ ഒരുക്കമല്ല.

*****

ആപേക്ഷിക മാനത്തിൽ 

എല്ലാ വികാരവിചാരങ്ങളും ഉള്ള, 

നമ്മുടേത് പോലെ തന്നെ തലച്ചോറുള്ള 

അല്പനായ ഏകദൈവം.

മതം പരിചയപ്പെടുത്തുന്ന ദൈവം.

*****

എവിടെയായാലും ജീവിതം ഒന്ന് തന്നെ, ജീവിതത്തിന് ഒരേ ഭാവവും കോലവും തന്നെ. 

ഇക്കരെ നിന്ന് അക്കരെ എന്ന് തോന്നും. 

അക്കരെ എത്തിയാലോ? 

ആദ്യത്തെ ഇക്കര അക്കരയാവും. 

അല്ലെങ്കിൽ വേറെ അനേകം അക്കരകൾ ഉണ്ടാവും. 

പ്രയാണം തുടരും.

*****

ഓരോരുവനും അവൻ്റെ സങ്കൽപം പോലെ അവൻ്റെ ദൈവം. 

നിഷേധിക്കുന്നതും വിശ്വസിക്കുന്നതും അറിവുകേട് കൊണ്ട്. 

ഇത് സാമാന്യയുക്തിയിൽ മനസിലാക്കിയാൽ സഹിഷ്ണുതയായി, വിശാലതയായി. 

മതവും വിഭജനവും പരസ്പരമുള്ള വെറുപ്പും ഇല്ലാതായി.

******

ചിലർക്ക് പറയുന്ന വ്യക്തിയും വ്യക്തിഅധിക്ഷേപവും ആണ് വിഷയം.

അതുകൊണ്ട് തന്നെ അത്തരം ചിലർ എപ്പോഴും കടന്നാക്രമിച്ചു വ്യക്തിപരമായി ഇടിച്ചുതാഴ്ത്താൻ ശ്രമിക്കുന്നത് കാണും.

ഒരു പ്രത്യേക കാരണവും ഇല്ലാതെ.

എന്ത് പറഞ്ഞാലും പറഞ്ഞ വ്യക്തിയിലേക്ക് കാര്യം ചുരുക്കിക്കൊണ്ട്. അദ്ദേഹത്തെ കൊച്ചാക്കാൻ ശ്രമിച്ചുകൊണ്ട്.

ഒരുതരം അധമബോധത്തിൽ നിന്നും അപകർഷതാബോധത്തിൽ നിന്നും അസൂയയിൽ നിന്നും ഉയരുന്ന അസഹിഷ്ണുത നിറഞ്ഞ, വെറുപ്പ് പോലെ.

കാലേക്കൂട്ടി നിശ്ചയിച്ച സ്വരം പോലെ.

തുടരെത്തുടരെ.

സംവാദത്തിൽ സൂക്ഷിക്കേണ്ട മര്യാദ തൊട്ടുതീണ്ടാതെ.

അത് മറ്റൊന്ന് കൊണ്ടുമല്ല.

ഏകസത്യാവാദവും അവസാനവാദവും ഉണ്ടാക്കിയ അനിവാര്യമായ തീവ്രതയും അസഹിഷ്ണുതയും അവരറിയാതെയും പുറത്ത് വരുന്നതാണ്.

പിന്നെ വ്യക്തിപരമായ വെറുപ്പും കുശുമ്പും അസൂയയും അതിൻ്റെ കൂടെ കൂടിക്കലരുന്നത്.

ചരിത്രത്തിൽ അബൂജഹലുമാർക്ക് സംഭവിക്കുന്നത്.

നേരിട്ടറിയുകയോ കാണുകയോ ചെയ്യാത്ത ഒരാളുടെ നേരെ പോലും.

അല്ലാതെ ആശയത്തിൻ്റെ നേരെ ആശയം വെച്ച് തന്നെയല്ല.

സ്വന്തമായ ന്യായന്യായതകൾ വെച്ചുമല്ല.

ശരിയും അത് പറയുന്നതുമല്ല അത്തരക്കാർക്ക് വിഷയം.

പറയുന്ന വ്യക്തി വലിയ ആൾ ആയിപ്പോകുന്നുവോ ആരെങ്കിലും അങ്ങനെ കരുതിപ്പോകുന്നുവോ എന്നതാണ് അവരെ കൂടുതൽ ബാധിക്കുന്നത്.

ഏതോ എന്തോ പഴയ ചിലത്, ഒന്ന് മാത്രമെന്നത്, ഓരാൾ മാത്രമെന്നത്, ഒരു ഗ്രന്ഥം മാത്രമെന്നത്, കിണഞ്ഞ് പരിശ്രമിച്ച് പ്രതിരോധിക്കാനുള്ളത് പോലെ അത്തരക്കാർ.

ആരോ പറഞ്ഞുവിട്ടതും പറഞ്ഞേല്പിച്ചതും പോലെ.

No comments: