Saturday, December 31, 2022

സത്യം ഇളക്കമാണ്. സ്ഥാനമാനങ്ങളും നിന്നിടവും നഷ്ടമാക്കും.

അറിവും കാഴ്ച്ചയും അനുഭവവും ഉള്ളവന് എന്ത് വിശ്വാസം, എന്തിന് വിശ്വാസം? 

അറിവും കാഴ്ചയും അനുഭവവും തന്നെ ആവുന്നവന് എന്ത് വിശ്വാസം, എന്തിന് വിശ്വാസം?

*****

കൂടെ ആരെങ്കിലുമുണ്ടാവുമെന്ന് കരുതി 

സത്യം പറയേണ്ട, 

സത്യം പറയാൻ നിൽക്കേണ്ട. 


പറയുന്നത് സത്യമാണെങ്കിൽ, 

ആരും കൂടെയുണ്ടാവില്ല. 

ആർക്കും കൂടെനിൽക്കാനാവില്ല. 


കാരണം, 

സത്യം ഇളക്കമാണ്. 

സ്ഥാനമാനങ്ങളും നിന്നിടവും 

നഷ്ടമാക്കും. 


നിങ്ങളും പറഞ്ഞതും 

വെറും കളവും കാല്പനികവും 

കഥയും കഥാപാത്രവും 

ആവുമ്പോൾ ഒഴികെ. 


അതിനാൽ, 

ശരിക്കും തോന്നുന്നുവെങ്കിൽ മാത്രം, 

തോന്നുന്നത് കൊണ്ട് മാത്രം, 

അനുകരിക്കാതെ മാത്രം, 

പ്രതീക്ഷകൾ ഒന്നും വെക്കാതെ മാത്രം, 

സത്യം പറയുക.

*****

അതുവരെ ഉണ്ടായിരുന്ന, 

അല്ലെങ്കിൽ അപ്പപ്പോൾ 

അവിടവിടെ നിലനിന്നിരുന്ന 

ഏതെങ്കിലും ഒരു കുടയുടെയും 

സംഘത്തിൻ്റെയും 

തോളിൽ കയറിയും, 

അവരുടെയൊക്കെ മറയിയിലും 

പിന്തുണയിലുമല്ല, 

അങ്ങനെ അത്തരം 

വിശ്വാസങ്ങളുമായി ഓർത്തുപോകുന്നവരായിട്ടല്ല 

ബുദ്ധനും മുഹമ്മദും 

യേശുവും കൃഷ്ണനും 

നാരായണനും ശങ്കരനും 

സോക്രട്ടീസും രമണനും റൂമിയും?


പിന്നെന്താണ് 

ആരെയെങ്കിലും പിന്തുടരാതെ 

എങ്ങിനെ എന്ന ചോദ്യം?


കുടയുടെയും 

സംഘബലത്തിൻ്റെയും ആവശ്യം 

ഭീരുക്കൾക്കാണ്. 

സ്വന്തമായി തെളിച്ചമില്ലാത്തവർക്ക്. 

അനുകരിച്ച് പോകുന്നവർക്ക്. 

ഒറ്റക്ക് നിൽക്കാൻ കഴിയാത്തവർക്ക്.


No comments: