Monday, July 1, 2019

"ഗുരോ, സമ്പന്നന്‍ ആര്?" "മതിയെന്ന് തോന്നിയവന്‍"

പ്രാര്‍ത്ഥിച്ചത് തന്നെ പ്രാര്‍ത്ഥിച്ച്
പറഞ്ഞത് തന്നെ പറഞ്ഞ്‌, 
ഒച്ചയും ബഹളവും ഉണ്ടാക്കി
ദൈവത്തെ വെറുപ്പിച്ചോ ആവോ....? 
മഴയില്ല.

*******

സത്യം പ്രചരിച്ച് ജനപിന്തുണ നേടുമ്പോഴേക്കും 
കളവായിത്തീരും
കളവ് സ്ഥാപനവും മതവുമാവും
അവക്കുള്ളില്‍ സത്യം വെന്തുമരിക്കും.

***********

കളവിന് എളുപ്പം പ്രചാരവും 
അധികാരവും ജനപിന്തുണയും കിട്ടും
സത്യം ഒറ്റപ്പെടും
ഇന്ത്യൻ രാഷ്ട്രീയവും സ്ഥാപിത മതങ്ങളും 

ഒരുപോലെ തെളിവ്.

******

******
ഗുരോ, അതെന്തേ 
മതിയാവാത്തവന്‍ സമ്പന്നനല്ലെന്ന് പറഞ്ഞത്?

കുഞ്ഞേ, മതിയാവാത്തവന്ന് വിശപ്പ് ബാക്കി
വിശപ്പ് ബാക്കിയുള്ളവര്‍ ദരിദ്രര്‍.

********

എല്ലാ സ്വാര്‍ത്ഥതയിലും സ്വാര്‍ത്ഥന്‍ അറിയാത്ത 
ഒരു നിസ്വാര്‍ത്ഥതയുണ്ട്.

എല്ലാ നിസ്വാര്‍ത്ഥതയിലും നിസ്വാര്‍ത്ഥന്‍ അറിയുന്ന 
ഒരു സ്വാര്‍ത്ഥതയും ഉണ്ട്.

ജീവിതത്തെ ജീവിതമായി നിലനിര്‍ത്തുന്ന, തുടര്‍ത്തുന്ന 
സ്വാര്‍ത്ഥ-നിസ്വാര്‍ത്ഥത.

******

നാം ഉണ്ടാക്കിയ വ്യവസ്ഥിതിയും 
അതിലെ തൊഴിലും സ്ഥാനവും വലുത് തന്നെ
എന്ന് വെച്ച് മനുഷ്യനും അവന്റെ ജീവിതവും വലുത് എന്ന് അര്‍ത്ഥമില്ല.


******

"ഗുരോ, സമ്പന്നന്‍ ആര്?" 
"മതിയെന്ന് തോന്നിയവന്‍
"ഗുരോ, ആര് വിജയിച്ചവന്‍?" 
"സന്തോഷമുള്ളവന്‍
"ഗുരോ, മാനവും മാനദണ്ഡവും?" 
അവനവന്റെത്


********

ശരിക്കും ജനിക്കാത്ത ചോദ്യം 
പാകമാവാത്ത, കുഴയാത്ത മാവ്
ഉത്തരം നൽകുന്നവന്‍ ചൂടാവാത്ത കല്ല്
പരസ്പരം നശിപ്പിക്കും, വൃത്തികെടുത്തും.

********

"കുഞ്ഞേ, എന്ത് തോന്നുന്നു ജീവിതം?" 
"ഗുരോ, ജീവിക്കാനുള്ള പാടും പോരാട്ടവും
ജീവിക്കാന്‍ തൊഴിലെടുക്കും
തൊഴിലെടുക്കാന്‍ ജീവിക്കും.”

*******

മാനങ്ങള്‍ക്കള്ളിലെ മാനദണ്ഡം വെച്ചു 
നാം കാണുന്ന ഗുണങ്ങളും ഉപമകളും
എങ്ങിനെ മാനങ്ങള്‍ക്കപ്പുറത്തെ ശക്തിക്ക് 
യോജിക്കും, ബാധകമാവും?

No comments: