കാമം നടന്നുകിട്ടാന്‍ മനുഷ്യന്‍
എത്രക്ക് കൃത്രിമമായ, കപടമായ,
ദീര്‍ഘമേറിയ, അഭിനയത്തിന്റെ വഴി തേടുന്നു?
പ്രണയം, വിവാഹം, മക്കള്‍, ബാധ്യത.
(വളച്ചു കെട്ടില്ലാതെ പറയണമല്ലോ? ഹോര്‍മോണ്‍ ഉണ്ടാക്കുന്ന കാമം, സ്വന്തമായി നിയന്ത്രണം ഇല്ലാത്ത വികാരം. വിത്ത് വിതരണവും സ്വീകരണവും നടക്കാനുള്ള ഒരുപാധി. അറിഞ്ഞാലും ഇല്ലേലും. ജീവിതം ജീവിതത്തിന്റെ തുടര്‍ച്ചക്ക് വേണ്ടി ഉണ്ടാക്കുന്ന ബോധം, കെണി, കളി.
ജീവിതത്തിന് ലക്ഷ്യം ജീവിതം, അതിന്റെ തുടര്‍ച്ച, വളർച്ച. അതിനു വേണ്ട എത്രയും എത്രയും ആയ വിത്ത് വിതരണം. എങ്ങിനെയും അതിജീവനവും തുടര്‍ച്ചയും വളര്‍ച്ചയും ഉറപ്പാക്കുന്ന വിത്ത് വിതരണം.
ഓരോ പെണ്‍കുട്ടിയും ആണ്കുട്ടിയും, അറിഞ്ഞും അറിയാതെയും, പ്രണയത്തിലും വിവാഹത്തിലും എത്തിപ്പെടുന്നത്, എത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നത് വിത്ത് വിതരണം ഉറപ്പാക്കുന്ന ഈ ഹോര്‍മോണ്‍ ഉള്ളത് കൊണ്ടും, കാമം ഉള്ളത് കൊണ്ടും തന്നെ. ഭംഗി വാക്കിന് എന്ത് മറച്ചുവെച്ച് പറഞ്ഞാലും. വികാരരഹിതന്‍, ഹോര്‍മോണ്‍ ഇല്ലാത്തവന്‍, കാമം ജനിക്കാത്തവന്‍ പ്രേമത്തിന് മുതിരുന്നില്ല. വിവാഹത്തിനും.
പ്രേമവും വിവാഹവും തുടങ്ങുന്നത് ഒളിച്ചുവെച്ച കാമം കൊണ്ട് തന്നെ. അതിനു വേണ്ട മറക്കു വേണ്ടി തന്നെ. അവസരം തുറന്ന് എടുക്കാന്‍ തന്നെ. അത് നടപ്പാക്കി കിട്ടാന്‍ തന്നെ. അതല്ലേല്‍ നിഷേധിക്കപ്പെടുന്ന കാമം കൊണ്ട് തന്നെ. തുടക്കത്തിലെങ്കിലും അതങ്ങനെ മാത്രം.
പിന്നീടതിന് എന്തെല്ലാം കാല്‍പനികവും ധാര്‍മ്മികവും സാമുഹ്യവും ആയ തലങ്ങള്‍ ഉണ്ടാവുന്നു എന്നത് വേറെ കാര്യം. അത് അതിന്റെ പരിണതിയാണ്. പല സമ്മര്‍ദ്ദങ്ങൾ കൊണ്ടും ഉണ്ടാവുന്ന നിര്‍ബന്ധിതമായ പരിണതി.
പുരുഷന്റെ (ഒരളവോളം സ്ത്രീയുടെയും) യാഥാര്‍ത്ഥ പ്രകൃതത്തില്‍ വിവാഹം എന്നതും, ഒന്ന് മാത്രം എന്നതും ഒരു നിലക്കും ഇല്ല. സാമൂഹ്യ സുരക്ഷിതത്വം മാറ്റി നിര്‍ത്തിയാല്‍.
വിവാഹം പുരുഷനെ പെണ്ണിന് വേണ്ടി കെട്ടി ഇടുന്ന ഒരു ഏര്‍പ്പാടു മാത്രം ആണ്. അവന്‍ വിത്ത് വിതരണം നടത്തി ഒളിച്ചോടാതിരിക്കാന്‍. ബാധ്യതയും ഭാരവും ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍. പെണ്ണിന് സംരക്ഷണവും ജീവിതവും കൊടുക്കാൻ.
അങ്ങനെ എന്തെല്ലാം ഉണ്ടായാലും, തുടങ്ങാൻ കാരണം ആയത് അതല്ലാതെയാവുന്നില്ല. കാമം കാമം തന്നെ അല്ലാതെ ആവുന്നില്ല
മക്കള്‍, കുടുംബം എന്ന ബാധ്യതയും നനുത്ത വികാരവും സെന്റിമെന്റ്സും ഒക്കെ പിന്നീട് ഉണ്ടാവുമെങ്കിലും. അടുപ്പം പിന്നീട് കാമം തോന്നാത്തത്ര (മറ്റാരോടു തോന്നിയാലും) പുച്ഛവും മടുപ്പും സൃഷ്ടിക്കുമെങ്കിലും.
കാമം നിഷേധിക്കപ്പെടുന്നില്ലേല്‍ നമ്മില്‍ എത്ര പേർ വിവാഹം നിര്‍ബന്ധമായും വേണം എന്ന് വെക്കും?
ഒരര്‍ത്ഥത്തില്‍ മതങ്ങൾ പോലും, അവരുടെ വാഗ്ദാനത്തിലെ സ്വര്‍ഗത്തില്‍, ഇല്ലാത്തത് എങ്കിലും, വിവാഹം എന്നത് ഉണ്ടെന്ന് പറയാത്തത് അത് കൊണ്ട് ആണ്. അവിടെ സ്വര്‍ഗത്തില്‍ കാമം വെറും സ്വാഭാവികം ആയത് മാത്രം. സ്വാഭാവികമായും നടക്കേണ്ടത് മാത്രം. സ്വതന്ത്രമായത് മാത്രം. നിഷേധങ്ങളും നിരോധങ്ങളും പേടിപ്പിക്കലും ഇല്ലാത്തത്.)
താങ്കള്‍ ഇപ്പോൾ പറഞ്ഞത്ര തന്നെയേ ഈയുള്ളവനും ഉദ്ദേശിച്ചുള്ളൂ. താങ്കള്‍ അത് കുറച്ച് കൂടി നന്നായി, വേറെ ഒരു പ്രതലത്തിലൂടെ പറഞ്ഞു. നന്ദി. സന്തോഷം.
ഇങ്ങനെ കുറെ ഹോര്‍മോണുകളും രസതന്ത്രങ്ങളും ഉണ്ടാക്കുന്ന, തോന്നിപ്പിക്കുന്ന 'ഞാനും' 'നീയും' നമ്മുടെ 'നമ്മൾ' എന്ന 'ബോധവും' ജീവിതവും തന്നെയേ ഉള്ളൂ.
സ്ഥായിയായ എന്നും തുടർന്നു, വേറിട്ട് നിലനില്‍ക്കുന്ന ഒരു 'ഞാനും' 'നീയും' നമ്മുടെ ബോധവും വികാരവും വിചാരവും ഇല്ല. നമ്മില്‍ ആരിലും തന്നെയും അങ്ങനെ ഇല്ല.
സന്ദര്‍ഭവും രസതന്ത്രവും ഉണ്ടാക്കുന്നതും തീരുമാനിക്കുന്നതും അല്ലാതെ.
ജീവിതത്തിന്റെ ജീവിതമായുള്ള അതിജീവനത്തിന്റെ വേണ്ടി അല്ലാതെ.
സ്ഥിരമായത് ജീവിതം മാത്രം. ഞാനും നീയും ഇല്ലാത്ത, ഉണ്ടെങ്കിൽ, മാറി മാറിവരുന്ന ഞാനും നീയും മാത്രമുള്ള ജീവിതം.
അതിൽ വിവാഹം എന്നത് സമൂഹം സുരക്ഷിതത്വം മുന്‍നിർത്തി ഉണ്ടാക്കി എടുത്തതാണ്. പുരുഷനെ പിടിച്ചു നിര്‍ത്താനുള്ള ഒരു ഏര്‍പ്പാട് ആയിട്ട്.
കാമം നടന്നു കിട്ടാന്‍, കൂടെ ജീവിക്കണം എന്ന് ഉണ്ടാവും. തുടക്കത്തിൽ. എന്നല്ലാതെ, ആരും വിവാഹം എന്നത് അപ്പടി ആയി തന്നെ വേണം എന്ന് സ്വാഭാവികമായും ഉദ്ദേശിക്കുന്നില്ല. അല്‍പബോധത്തില്‍ നിന്ന് 'ഇവളെ' അല്ലെങ്കിൽ 'ഇവനെ' എനിക്ക് നഷ്ടപ്പെട്ടുകൂടാ എന്നും തോന്നാം. വളരെ ആയുസ്സ് കുറഞ്ഞ, കിട്ടി അനുഭവിക്കുന്നത് വരെ മാത്രം ജീവിക്കുന്ന ഒരു തോന്നൽ.
സമൂഹവും, സമൂഹം ഉണ്ടാക്കിയ വിവാഹവും മറിച്ച് നിര്‍ബന്ധിക്കുന്നില്ലായെങ്കിൽ.
കുടുംബം, മക്കള്‍ എന്നത് വിവാഹത്തിന് മുമ്പ് ആരുടെയും പ്രഥമ ഉദ്ദേശം അല്ല. നമ്മളില്‍ എത്ര പേർ ഉണ്ടാവും മക്കള്‍ വേണമെന്ന് വിവാഹത്തിനു മുമ്പ് ആഗ്രഹിച്ചു വിവാഹം കഴിച്ചവർ? പ്രത്യേകിച്ചും പുരുഷന്മാർ. തീരേ ഇല്ലെന്നു തന്നെ പറയാം. കുട്ടികൾ ആവുമ്പോള്‍ നമ്മൾ അത് ഏറ്റെടുത്തു നടന്നു പോകുന്നുണ്ട് എങ്കിലും.
കാമം കൊണ്ട് മാത്രമാണ് കുടുംബവും ജീവിതവും എന്ന് സൂചിപ്പിച്ചില്ല. കാമം നടന്നു കിട്ടാനുള്ള ദൈര്‍ഘ്യവും കാപട്യവും കൃത്രിമത്വവും, അത് കൊണ്ട് മാത്രം ഉണ്ടാവുന്ന കെട്ടുപാടുകളും എത്രമാത്രം എന്ന് സൂചിപ്പിച്ചുവെന്നെ ഉള്ളൂ.)
No comments:
Post a Comment