Thursday, July 11, 2019

എന്താണ്‌ യോഗ? ആസനമുറകളല്ല. ആസനമുറകള്‍ മരുന്നും ലഹരിയും അദ്ധ്വാനവും പോലെ മാത്രം.

ഗുരോ, എന്താണ്‌ യോഗ?
കുഞ്ഞേ, എവിടെ നിന്ന് കിട്ടി ഈ വാക്ക്? അതിനാല് അതിനെ ചുറ്റിപ്പറ്റിയുള്ള ഈ ചോദ്യവും?
ഗുരോ, അറിയായ്കയില് നിന്നും അറിവില് നിന്നും ചോദ്യം.
ഇത് ഒട്ടും അറിയാത്തത് കൊണ്ടുള്ള ചോദ്യം. കേട്ടുകേള്വി ഉണ്ടാക്കിയ ചോദ്യം.
കുഞ്ഞേ, യോഗ എന്ന് കേട്ടല്ലോ? എന്താണ്‌ യോഗ എന്നും കേട്ടോ?
ഗുരോ, ഇല്ല. പക്ഷെ കുറെ ആസനമുറകളിലൂടെ എന്തോ നേടിയെടുക്കുന്ന എന്തോ ആണെന്ന് കേട്ടു.
ആരോഗ്യം നന്നാക്കുന്ന, മനസ്സിന്‌ ആശ്വാസമേകുന്ന എന്തോ ആണെന്ന വിശ്വാസം കേട്ടു.
കുഞ്ഞേ, യോഗ എന്തോ അല്ല. യോഗ വിശ്വാസവും അല്ല. അത് ജീവിതവും ജീവിതത്തിലൂടെ മാത്രവും സാധിക്കുന്ന ഒന്ന്. സ്വാഭാവികതയെ വീണ്ടെടുക്കുന്ന ഒന്ന്.
ഗുരോ, എങ്കിൽ എന്താണ്‌ യോഗ?
കുഞ്ഞേ, ആസനമുറകളല്ല. ആസനമുറകളിലൂടെ നടക്കുന്നതും നേടുന്നതുമല്ല യോഗ.
ഗുരോ, എങ്കിൽ ആസനമുറകളും അതിലൂടെ നേടുന്നതും?
കുഞ്ഞേ, ആസനമുറകള് മരുന്നും ലഹരിയും അദ്ധ്വാനവും പോലെ മാത്രം.
മരുന്നിലൂടെയും ലഹരിയിലൂടെയും കിട്ടുന്നത്‌ പോലെ ആസനമുറകളിലൂടെയും കിട്ടും, കിട്ടുന്നു. അധ്വാനത്തിന് കിട്ടുന്ന ഉത്പന്നം, അല്ലേല് ശമ്പളം.
ഗുരോ, പിന്നെ എന്താണ്‌ യോഗ?
കുഞ്ഞേ, നിന്നെ നീ കണ്ടെത്തുക യോഗ.
കണ്ടെത്തുന്ന മാത്രയില് നീ ഇല്ലെന്ന് അറിയുക യോഗ.
അങ്ങനെ, നീ ഇല്ലെന്ന് വരികയാല് നിനക്ക് മോക്ഷം നല്കുന്നത് യോഗ.
നീയും ജീവിതവും ഒന്ന് എന്ന് വരിക.
ജീവിതത്തിൽ ജീവിതമായ് നീയും ദൈവവും ഒന്നാകുന്ന, യോജിക്കുന്ന സാധാരണ അവസ്ഥ യോഗ.
ഗുരോ, വ്യക്തമാവുന്നില്ല.
കുഞ്ഞേ, യോഗ എന്നാല് രണ്ട് ഒന്നാകുന്ന അവസ്ഥ.
യോഗ എന്തെന്ന് എന്നതിനേക്കാള്, എന്തല്ലെന്ന് പറയുക എളുപ്പം.
എന്തെന്ന് പറയാന് എളുപ്പമല്ല. കാരണം അത് വസ്തുനിഷ്ഠമല്ല.
എന്തല്ലെന്ന് പറയുക എളുപ്പം. കാരണം, അത് ആത്മനിഷ്ടം.
കുഞ്ഞേ നിനക്ക് വീണുകിട്ടിയ, വീണുകിട്ടേണ്ട വെറും വാക്കല്ല യോഗ. അത് ജീവിതവും അനുഭവവും ആണ്.
അതൊരവസ്ഥയാണ്. നീ പോലും ഇല്ലാതാവുന്ന അവസ്ഥ. ജീവിതം മാത്രം ബാക്കിയാവുന്ന അവസ്ഥ.
യോഗ ശാരീരിക ആരോഗ്യം ലക്ഷ്യം വെച്ച് ചെയ്യുന്ന അദ്ധ്വാനവും ആസനമുറകളും അല്ല.
അങ്ങിനെയുള്ള അദ്ധ്വാനവും മുറകളും ചെയ്യുമ്പോള് കിട്ടുന്ന ആശ്വാസം അല്ല യോഗയും, യോഗയുടെ ഫലവും ലക്ഷ്യവും.
അത്തരം ആശ്വാസങ്ങൾ കിട്ടാൻ മരുന്നും ലഹരിയും തൊഴിലും പോലെ ഏറെ വഴികള് വേറെയും ഉണ്ട്. അവയില് ചിലത് മാത്രം ആസനമുറകള്
ഗുരോ, പിന്നെ?
കുഞ്ഞേ, യോഗയെന്നാല് ആയിരിക്കും പോലെ ആയിരിക്കല്. സ്വാഭാവികനായിരിക്കല്.
ആയിരിക്കുന്ന അവസ്ഥയില് യോജിച്ചായിരിക്കല്.
അങ്ങനെ ആവുന്നത് പോലെയാവാന് സാധിക്കുകയാണ് യോഗ.
ഗുരോ, എന്നാലും വ്യക്തമാവുന്നില്ല.
കുഞ്ഞേ, യോഗയെന്നാല് കണ്ടുമുട്ടലാണ്. ആത്യന്തികമായ കണ്ടുമുട്ടല്.
ആത്യന്തികമായത് കൊണ്ട്‌ തന്നെ, രണ്ടില്ലാതാവുന്ന കണ്ടുമുട്ടല്.
വിപരീതം ഇല്ലാതെ ഒന്ന് മാത്രമാവുന്ന കണ്ടുമുട്ടല്.
ഒന്ന് മാത്രമെന്ന് വന്നാല്, അഥവാ ഒന്ന് മാത്രമായാല്, പ്രതിയോഗി ഇല്ലെന്ന് വരികയാല്, ഒന്നുമില്ലാതാവുന്ന കണ്ടുമുട്ടൽ.
ഒന്നുമില്ലായ്മ ശരിയും, പിന്നെ അത് തന്നെ എല്ലാമാവുന്ന കണ്ടുമുട്ടല്.
നീ നിന്നെ കണ്ടുമുട്ടല്.
അങ്ങനെ കണ്ടു മുട്ടുമ്പോള് നീ അറിയുക നീ പോലും ഇല്ലെന്ന്.
ഉള്ളി പൊളിച്ച പോലെ ഉള്ളില് നീ ഇല്ലെന്നറിയുക.
ഉള്ളില് ഒന്നും ഇല്ലാതെ വരിക.
യോഗയില് അങ്ങനെ നീ ഇല്ലാതാവും.
രണ്ടു ഒന്നാവുമ്പോൾ രണ്ടും ഇല്ലാതായി, രണ്ടുമല്ലാത്ത ഒന്നുമാത്രം അവശേഷിക്കുന്ന കണ്ടുമുട്ടല്.
യോഗ എന്നാല് നീ ഇല്ലെന്നറിയുന്ന, നീ ഇല്ലെന്നറിയാനുള്ള, നിന്റെ കണ്ടുമുട്ടല്.

ഗുരോ, ഒന്ന് കൂടി വ്യക്തമാക്കിയാല്?
കുഞ്ഞേ, നീ നിന്നില് നിന്ന് മരിക്കും. നീയും നിന്നിലെ നീയും മരിക്കും.
നീ ഇല്ലാതാവും.
അതിനാല്, മോക്ഷം നേടേണ്ടിയും തേടേണ്ടിയും വരുന്ന നീ ഇല്ലാതാവും.
യോഗ അങ്ങിനെ മോക്ഷവുമാവും.
ഗുരോ മോക്ഷമെന്നാല്?
കുഞ്ഞേ, മോക്ഷം തേടേണ്ടിവരാത്ത മോക്ഷം.
ശിഷ്ടമായ മോക്ഷം തിരിച്ചറിയാന് നീ ഇല്ലാതാവുന്ന മോക്ഷം.
മോക്ഷം തേടി നേടേണ്ടി വരാതെയാവുന്ന മോക്ഷം.
വെറും ശാരീരിക അതിജീവനത്തിന്റെ നീ മാത്രം ബാക്കിയാവുന്ന മോക്ഷം.
അങ്ങനെ ഒന്നും തേടേണ്ടിയും നേടേണ്ടിയും വരാത്ത അവസ്ഥയാണ് യോഗ.
കണ്ട് മുട്ടേണ്ടത് കണ്ടുമുട്ടിയതിനാല് പിന്നെ ഒന്നും വേണ്ടിവരാത്ത അവസ്ഥ.
സ്വയംപൂര്ണ അവസ്ഥ.
ഗുരോ, യോഗയെന്നാല് അന്വേഷണവും ശ്രമവും അല്ലെന്നോ?
ഗുരോ, ഒന്നും അന്വേഷിക്കുകയും ശ്രമിക്കുകയും വേണ്ടെന്നോ?
കുഞ്ഞേ, എല്ലാ അന്വേഷണങ്ങളും ശ്രമങ്ങളും നില്ക്കുമ്പോള് നടക്കുന്നതാണ് യോഗ. അഥവാ നീ നിന്നെ കണ്ടുമുട്ടുക എന്നത്‌. നീ ഇല്ലെന്ന് നീ അറിയുക എന്നത്‌. തെളിഞ്ഞിരുന്നാല് മാത്രം സംഭവിക്കുന്നത്. ഒഴിഞ്ഞിരുന്നാല് മാത്രം നടമാടുന്നത്.
യോഗ ശ്രമം അല്ല.
പകരം, ശ്രമിക്കാതെ ഇരിക്കുകയാണ് യോഗ. തെളിഞ്ഞിരിക്കുക, ഒഴിഞ്ഞിരിക്കുക.
ശ്രമങ്ങളും അന്വേഷണങ്ങളും നിന്നെ കൂടുതൽ കൂടുതൽ ഉള്ളതും മൂര്ത്തതും ആക്കും.
അവ, യഥാര്ത്ഥത്തില് ഇല്ലാത്ത നീ, കൂടുതൽ കൂടുതൽ ഉണ്ടെന്ന് വരുത്തും.
ഗുരോ, അപ്പോൾ യോഗ?
കുഞ്ഞേ, യോഗ തന്നെയാണ് മോക്ഷം.
ഇല്ലാത്ത നിനക്ക് തേടാനും നേടാനും ഉള്ള മോക്ഷവും ഇല്ലെന്ന് അറിയിക്കുന്ന മോക്ഷം യോഗ.
മോക്ഷവും വേണ്ട, മോക്ഷവും വേണ്ടെന്ന് വരുന്ന, എന്ന അവസ്ഥ.
മോക്ഷം വേണ്ടാതാവും, സ്വമേധയാ.
നീ തന്നെ ഇല്ലെങ്കില് എന്ത് മോക്ഷം എന്ന് തിരിച്ചറിയുന്ന അവസ്ഥ.
ഗുരോ, മോക്ഷവും വേണ്ടതാവുകയോ?
നീ നിന്നില് യോജിക്കുന്നതും നീയുമായ് യോജിക്കുന്നതും യോഗ.
നിന്നെ നീയെന്ന് കാണുന്ന നീ ഇല്ലാതാവും.
കാണുന്ന നീ ഇല്ലെങ്കില് കാണപ്പെടുന്ന നീയും ഇല്ലാതാവും.
അങ്ങനെ നീയായ് കാണപ്പെട്ട, കരുതപ്പെട്ട നീയും ഇല്ലാതാവും.
ഒന്നുണ്ടെങ്കിൽ മാത്രമേ രണ്ടുണ്ടാവൂ.
ഒന്നില്ലെങ്കില് രണ്ടാമത്തേതും ഇല്ല.
രണ്ടാമത്തേതില്ലെങ്കില് ഒന്നും ഒന്നാമത്തേതും ഇല്ല.
ദൈവം മാത്രമുള്ളിടത്ത് ദൈവവും ഇല്ല.
നീ തന്നെ രണ്ടില്ലെന്ന് വരുന്നത്, അതിനാല് ഒന്നും ഇല്ലെന്ന് വരുന്നത്‌ യോഗ.
അതിനാല് നിനക്ക് നീയുമായ് സംഘർഷപ്പെടേണ്ടി വരാതിരിക്കുക യോഗ.
നിന്നെ തെളിയിക്കാന് ബാഹ്യലോകവും, ബാഹ്യമായ സംഗതികളും, മുഴുകലും നിനക്ക് വേണ്ടെന്ന് വരിക യോഗ.
ഗുരോ, എങ്ങിനെയാവും പിന്നെ യോഗയില്?
കുഞ്ഞേ, എങ്ങിനെയും.
ഇങ്ങിനെയും അങ്ങനെയും തന്നെയാവണം എന്ന് മാത്രമില്ലാതെ.
ഗുരോ, അപ്പോൾ ഇവിടെ കാണുന്ന ആസനമുറകള്?
എന്ത്‌ ആസനമുറകള്?
അതൊക്കെ ശരീരം ഭാരമായവര്ക്ക്‌ തോന്നിയതല്ലേ?
നിഷേധത്തിന്റെയും ശീലങ്ങളുടെയും ലഹരിക്കും സുഖത്തിനും വേണ്ടില്ലേ?
******
കുഞ്ഞേ, അറിയുക, യോഗ ജീവിതം തന്നെയാണ്.
ജീവിതത്തിൽ ജീവിതമായ് നീയും ദൈവവും ഒന്നാകുന്ന, യോജിക്കുന്ന സാധാരണ അവസ്ഥ യോഗ.
ശ്വാസന പ്രക്രിയ നടത്തുന്ന എല്ലാവരും എപ്പോഴും നടത്തുന്നത് യോഗ.
ആര്ക്കെങ്കിലും മാത്രം സാധിക്കുന്ന കാര്യമല്ല യോഗ.
അറിഞ്ഞാലും അറിഞ്ഞില്ലേലും, എല്ലാവര്ക്കും എപ്പോഴും സാധിക്കുന്നത് യോഗ.
എല്ലാവരും എപ്പോഴും ആയിരിക്കുന്ന അവസ്ഥ യോഗ.
ജീവിതത്തിലൂടെ തന്നെയായ യോഗ.
ജീവിതത്തിന്റെ സ്വാഭാവികതയായ യോഗ.
ജീവിതനിരാസത്തിലും നിഷേധത്തിലും അല്ല യോഗ.

No comments: