Tuesday, July 16, 2019

മുഖാമുഖം ഗുരു. ശ്രദ്ധയും ജാഗ്രതയും‌ ജീവിതം തന്നെയെന്നു പഠിപ്പിച്ച പൂച്ച.

മുഖാമുഖം ഗുരു.
ശബ്ദത്തില് നിശബ്ദത നിറച്ച് ചാലിച്ച ഗുരു.
നിശബ്ദതയില് ശബ്ദത്തിന്റെ നൃത്തം ചവിട്ടി കാണിച്ചുതന്ന ഗുരു.
ഇരുട്ടില് വെളിച്ചവും വെളിച്ചത്തിൽ ഇരുട്ടും ഉണ്ടെന്ന് പറഞ്ഞുതന്ന ഗുരു.
ശ്രദ്ധയും ജാഗ്രതയും എന്തെന്നും എങ്ങനെയെന്നും, അത്‌ ജീവിതം തന്നെയെന്നും പഠിപ്പിച്ച ഗുരു.
അടുത്തകലണം, അകന്നടുക്കണം സൗന്ദര്യം അനുഭാവമാക്കാന്, പിന്നെ സുരക്ഷിതനുമാവാന് എന്ന് പാഠം തന്ന ഗുരു.
അപരിചിതനാവുന്നതിലെ നിറവും, തടഞ്ഞു നില്ക്കാതെ വഴിപോകുന്നതിലെ വെളിവും വരച്ച് കാണിച്ച ഗുരു.
അത് ചിത്രത്തിലെ ദാഹം ശമിപ്പിക്കാത്ത വെള്ളമല്ലെന്ന്, വെറും അവകാശവാദമല്ലെന്ന് പ്രയോഗിച്ച് കാണിച്ച ഗുരു.
തുറന്ന ഇടത്തിലെ അരക്ഷിതത്ത്വത്തില് സുരക്ഷിതത്വം കാണിച്ച ഗുരു.
തുറന്ന ഇടത്തിലാണ്, തുറന്നാണ് സത്യവും ദൈവവും എന്ന് ശബ്ദമിടാതെ ധ്വനിപ്പിച്ച ഗുരു.
കാണാത്തത് കാണാമെന്നറിയിച്ച ഗുരു.
ഇല്ലാത്തത് ഉള്ളതെന്നും
ഉണ്ടെന്നും പഠിപ്പിച്ച ഗുരു.
കാണുന്നത് കാണാതിരിക്കാനും ഉള്ളത് ഇല്ലെന്നു കരുതാനും അറിയിച്ച ഗുരു.
തന്നെ സമീപിക്കുന്നവരെയൊക്കെ ഗുരുക്കന്മാര് തന്നെയായി പരിവര്ത്തിപ്പിക്കുന്ന ഗുരു.
ആരേയും ശിഷ്യന്മാര് തന്നെയായി സൂക്ഷിക്കാന് അറിയാത്ത, ശിഷ്യരെ സ്ഥാപനമാക്കി തണല് പറ്റി സുരക്ഷിതനാവാനറിയാത്ത, ശീലിങ്ങളില്ലാത്ത ഗുരു.
നിശബ്ദതയെ ശബ്ദമായി കേള്ക്കാന് പഠിപ്പിച്ച, നിശബ്ദമായി നടക്കുന്ന ഗുരു.
പിന്നില് കാലടയാളം ബാക്കിവെക്കാത്ത, അറിയാനില്ലാത്ത, അറിയപ്പെടാനില്ലാത്ത ഗുരു.
എന്റെ ഗുരു.
കൂട്ടവും കൂട്ടുമില്ലാതെ, ഒറ്റക്ക് മാത്രം ജീവിക്കുന്ന, താന്തോന്നിയായ എന്റെ ഗുരു.
നഗ്നതയെ തന്നെ തന്റെ വസ്ത്രവും കമ്പിളിയുമാക്കിയ ഗുരു.
എന്നെ 'ഞാന്' പോലുമല്ലാതാക്കിത്തീര്ത്ത എന്റെ ഗുരു.
പൂച്ച.

No comments: