ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭാര്യ:
"തിന്നലും ഉറങ്ങലും തന്നെ.
പിന്നെ, അതുറപ്പിക്കാന്‍ ജോലി ചെയ്യലും അഹങ്കരിക്കലും.
എന്താ കഥ, അല്ലേ?”
*********
"ഗുരോ, എവിടെയും പരാജയപ്പെടുന്നില്ല;
മക്കളുടെ മുന്നിലൊഴികെ. കാരണം?"
"സ്വയം അര്‍ത്ഥമറിയാതെ
വേറൊരുവനെ ജനിപ്പിച്ചതിലെ കുറ്റബോധം.”
********
"ഗുരോ, അപ്പോൾ ബോധോദയം നേടണമെന്നുമില്ല, അല്ലേ?"
"ഇല്ല. രണ്ടായാലുമൊന്ന്.
ഇല്ലേല്‍ വേണം. കാമം പോലെ.
ഉണ്ടേല്‍ നിസ്സംഗ നിര്‍വികാരത.”
********
കുട്ടികൾ കഴിവ്കെട്ടവർ ആകുന്നുവോ?
മാതാപിതാക്കള്‍ക്ക് കുറ്റബോധമേറും.
സ്നേഹമെന്ന് വിളിക്കുന്ന
ഉത്തരവാദിത്വം കൂട്ടുന്ന കുറ്റബോധം.
*********
പണ്ട് വര്‍ഗീയത രഹസ്യം, അപകീര്‍ത്തി,
അശക്തി, അയോഗ്യത, വെറും ആരോപണം.
ഇന്നത് പരസ്യം, യോഗ്യത,
ശക്തി, ആവശ്യം, തുറന്ന്പറച്ചില്.
********
ഗുരോ, എങ്കിൽ അറിഞ്ഞവനും അറിയാത്തവനും തമ്മില്‍?"
"നീന്തുന്നവനും മുങ്ങുന്നവനും തമ്മിലുള്ളത്.
രണ്ടാളും കടലില്‍.
നീന്തിയും മുങ്ങിയും.”
********
2."ഗുരോ, സത്യം അറിഞ്ഞില്ലേല്‍,
ബോധോദയം നേടിയില്ലേല്‍ എന്ത്?"
"അപ്പോഴും എന്തുണ്ടാവാന്‍? ജീവിക്കും.
വെറുതെയങ് ജീവിക്കും. അത്ര തന്നെ”
********
1. ”ഗുരോ, സത്യം അറിഞ്ഞാല്‍,
ബോധോദയം നേടിയാൽ പിന്നെന്ത്?"
"പിന്നെന്തുണ്ടാവാന്‍? ജീവിക്കും.
വെറുതെയങ് ജീവിക്കും. അത്ര തന്നെ."
**********
നാം തിരഞ്ഞെടുക്കുന്നില്ല.
നിസ്സഹായതയെ തിരഞ്ഞെടുപ്പെന്നു വിളിക്കുന്നു.
ശേഷം, ആ നിസ്സഹായതയെ നാം
നിലപാടാക്കി മാറ്റുന്നു, പറയുന്നു.
********
ആരും കുട്ടികളെ ജനിപ്പിച്ചത് ബോധപൂര്‍വ്വമല്ല,
ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തിയല്ല.
അത്കൊണ്ട് കുട്ടികളുടെ കാര്യത്തില്‍ കുറ്റബോധം.
*******
നിന്നിടത്ത് നിന്നാല്‍ മുന്നോട്ട് പോകാനാവില്ല.
മുന്നോട്ട് പോകാൻ നിന്നിടത്തെ
നഷ്ടപ്പെടുത്തണം, പിറകിലാക്കണം.
എങ്കിൽ, സത്യാന്വേഷണം?
**********
പരാജിതന്‍ കോപിക്കും- നിരാശ മറച്ചുവെക്കാന്‍.
കുറ്റം മറ്റുള്ളവരില്‍ ആരോപിക്കും - ഒളിച്ചോടാന്‍.
അസൂയപ്പെടും - മരീചികയെ ദാഹജലമാക്കാന്‍.
***********
തലച്ചോറുണ്ടാക്കുന്ന 'ഞാന്‍', 'ഞാന്‍ ബോധം'
ഓര്‍ക്കപ്പെടുകയോ?
ഒരോര്‍മ്മയും ഒരു തലമുറക്കപ്പുറം പോകില്ല.
അയാഥാര്‍ത്ഥ സങ്കല്‍പമായല്ലാതെ
*********
അരിയുടെയും വെള്ളത്തിന്റെയും വിറകിന്റെയും
സ്വഭാവം നഷ്ടപ്പെടുത്താതെ
എങ്ങിനെ ചോറ്? എങ്കില്‍, നിങ്ങൾ തേടുന്ന
സത്യവും മോക്ഷവും നേടാനോ?
*******
നഷ്ടപ്പെടേണ്ടതിനെ കുറിച്ച് ആലോചന വരുന്നില്ല.
നഷ്ടപ്പെടാതെ നേടാമോ?
വിത്ത് സ്വയം നഷ്ടപ്പെടാന് തയാറാവണം.
ഒരു സസ്യം ആയി മുളച്ചു വളരാൻ ആവണം എങ്കിൽ.
എങ്കിൽ നാം ഓരോരുവരും നാം തേടുന്ന കാര്യത്തിനു വേണ്ടി
നഷ്ടപ്പെടുന്ന കാര്യത്തിനു വേണ്ടിയും തയാറാവണം.
******
ജീവിതത്തിൽ ജോലി ജീവിതം.
ജീവിതത്തിന്റെ ശമ്പളം ജീവിതം.
ജീവിതം കൊണ്ടുള്ള നേട്ടവും നഷ്ടവും ജീവിതം.
വിഷുദിന ആശംസകൾ.
No comments:
Post a Comment