ഗുരോ, സത്യം?
കുഞ്ഞേ, സത്യം ജീവിതത്തിൽ നിന്നുള്ളതല്ല ; ജീവിതം തന്നെയാണ് .
സത്യം ദൈവത്തില്‍ നിന്നുള്ളതല്ല; ദൈവം തന്നെയാണ് .
സത്യം പദാര്‍ത്ഥത്തില്‍ നിന്നുള്ളതല്ല ; പദാര്‍ഥം തന്നെയാണ്.
ഗുരോ, ജനങ്ങളോട് പറയേണ്ട സത്യം.
കുഞ്ഞേ, പറയാനില്ല; അനുഭവത്തില്‍ ആണ്. അനുഭവം തന്നെയാണ്. ജീവിതം തന്നെ. ജീവിച്ച് കൊണ്ടിരിക്കുന്നത്.
ഗുരോ, എന്നാലും സത്യമെന്നാല്‍?
കുഞ്ഞേ, സത്യമെന്നാല്‍:
നീയാവുന്നത് മാത്രം. നിനക്കാവുന്നത് മാത്രം.
പരസ്യമായി പറയാവുന്നത്.
പണ്ഡിതനും പരമാരനും ഒരുപോലെ ആയത്.
ലളിതമായത്.
രഹസ്യമുറികളില്‍ ഒളിച്ച് പറയേണ്ടി വരാത്തത്.
എല്ലാവർക്കും എപ്പോഴും മനസ്സിലാവുന്നത്.
വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലാത്തത്.
വെള്ളവും വായുവും വെളിച്ചവും പോലെ സര്‍വര്‍ക്കും ഒരുപോലെ ബാധകമായത്.
എല്ലാവർക്കും അവരവരുടെ വിതാനത്തിനനുസരിച്ച് ആഗിരണം ചെയ്യാവുന്നത് .
ഭാഷയുടെയും കാലത്തിന്റെയും തടവിലാവാത്തത്.
ആരുടെയും ഉടമസ്ഥതയില്‍ വരാത്തത്.
ആരിലും തുടങ്ങാത്തത്.
ആരിലും ഒരു ഗ്രന്ഥത്തിലും അവസാനിക്കാത്തത്.
ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ലാത്തത്.
***
കുഞ്ഞേ ചിലത് കൂടി:
ജീവിതത്തിൽ നിന്നുള്ള സത്യം ഇല്ല. ജീവിതം തന്നെയായ സത്യമേ ഉള്ളൂ.
കാരണം, ജീവിതത്തിൽ നിന്നുള്ളത് പലതുണ്ടാവും.
പലതുണ്ടായാല്‍ അര്‍ത്ഥമാകുന്നത് അതിലെ ഓരോന്നും ആപേക്ഷികമെന്ന്.
ആപേക്ഷികമായതിനാല്‍ പലത്.
ആത്യന്തികതയില്‍ എല്ലാം ഒന്ന്.
അതിനാല്‍ ജീവിതം തന്നെയായ സത്യം മാത്രം.
കുഞ്ഞേ, അതിനാല്‍ ഒന്ന് കൂടി:
ദൈവത്തില്‍ നിന്നുള്ള സത്യം ഇല്ല.
പദാര്‍ത്ഥത്തില്‍നിന്നുള്ള സത്യം ഇല്ല ;
ദൈവവും പദാര്‍ത്ഥവും തന്നെയായ സത്യമേ ഉള്ളൂ.
No comments:
Post a Comment