Thursday, July 4, 2019

ഗുരു വേരുകൾ ആഴ്ന്ന, ഉറപ്പും വ്യക്തതയും ഉള്ള, വന്‍വൃക്ഷമായിത്തീരണം.

ഒരാൾ തന്റെ അധ്യാപനം തുടങ്ങുന്ന ദിവസം ഇന്നെന്ന് fb യിലൂടെ അറിയിച്ചപ്പോൾ, മറുപടിയായി അയച്ച സന്ദേശത്തിന്റെ പൂര്‍ണരൂപം (comment box ല്‍ കൊള്ളാത്തതിനാല്‍

നല്ലത്വരട്ടെ. നല്ലത്തന്നെ വരും

വിത്തായി മുളച്ചവന്‍ ഗുരു. അതിനാല്‍ വൃക്ഷമായി വളരുക

വേരുകൾ ആഴ്ന്ന, ഉറപ്പും വ്യക്തതയും ഉള്ള, വന്‍വൃക്ഷമായിത്തീരണം ഗുരു.

ആരും കാണാത്ത ഗുണങ്ങളെല്ലാം മണ്ണില്‍ ഉണ്ടെന്ന് കണ്ട്, സ്വയം കഷ്ടപ്പെട്ട് വേരുകള്‍ ആഴ്ത്തി, പഴവും പൂവും നൽകുന്ന വന്‍വൃക്ഷം തന്നെയാവണം ഗുരു.

അത് കുട്ടികളെ കാണിക്കണം ഗുരു. കുട്ടികളത് കാണണം. ഇല്ലാത്ത രുചികളും നിറങ്ങളും എങ്ങിനെ ഉണ്ടാവുന്നുവെന്ന്

എന്ന് വെച്ചാല്‍, ഗുരു വന്‍വൃക്ഷമായിത്തന്നെ വളരണം എന്നര്‍ത്ഥം.

അമൂര്‍ത്തമായ വെളിച്ചത്തെ മൂര്‍ത്തമായ വസ്തുവായിക്കണ്ട് ഭക്ഷണമാക്കി വന്‍വൃക്ഷമായി വളരണം, വളര്‍ത്തണം ഗുരു.

അങ്ങനെ നൂറായിരങ്ങള്‍ക്ക് വകതിരിവില്ലാതെ തണലും കൂടും പഴവും പൂവും വിറകും നല്‍കുന്ന വന്‍വൃക്ഷം ഗുരു.

എത്ര പൊഴിച്ചാലും, പൊഴിച്ചതിലും കൂടുതൽ പിന്നേയും പിന്നേയും തളിര്‍പ്പിക്കാനാവുന്ന, അറിയുന്ന ഗുരു.

ശമ്പളം തരുന്ന തൊഴില്‍ അല്ല ഗുരുവിന് ഗുരുത്വം.

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള മറയും, തന്നെ തനിക്ക് തെളിയിക്കാനും സമര്‍ത്ഥിക്കാനുമുള്ള ഒരായുധവും അരങ്ങുമല്ല ഗുരുവിന് ഗുരുത്വം.

അങ്ങിനെ തെളിയിക്കുന്നവനും മറപിടിക്കുന്നവനും മാത്രം ആയിപ്പോകരുത് ഗുരു.

അറിയാത്ത വഴികളില്‍ മുന്‍പേ പറന്നു വഴി കാണിക്കുന്നവന്‍ ഗുരു.

വഴിതെളിച്ച് കൊടുക്കുന്ന സൂചി പോലെ.

മുമ്പേ നടന്ന്, ഒരിടത്തും ഉറച്ച് നില്‍ക്കാതെ, മടിയനാവാതെ, നിന്നിടത്ത് തന്നെ നില്‍ക്കുന്ന യാഥാസ്ഥിതികനാവാതെ, നൂലുകള്‍ക്ക് വാസമൊരുക്കുന്നവന്‍ ഗുരു. അങ്ങനെ തുണി തുന്നുന്നവന്‍ ഗുരു. വസ്ത്രം ഒരുക്കുന്നവന്‍ ഗുരു

ഗുരു കണ്ണാടിയും ആവണം.

സ്വന്തം മുഖം കാണാനും തിരിച്ചറിയനുമല്ല. സ്വസൗന്ദര്യം കണ്ട് ആത്മരതിയില്‍ അകപ്പെടാനുമല്ല.

അങ്ങനെ ഒരു ഗതികേട് ഗുരുവിന് വരരുത്, ഉണ്ടാവരുത്

പകരം, കുട്ടികള്‍ക്ക് അവരുടെ പരിധികളും പരിമിതികളും ആകാശവും കണ്ടറിഞ്ഞ് തിരുത്തി ഉയരാനും വളരാനുമുള്ള കണ്ണാടിയാവണം ഗുരു

കുട്ടികൾ അവരെ ഗുരുവില്‍ നിഴലിട്ട് പ്രതിബിംബിച്ച് കാണണം

അറിയുക: ഗു   രു എന്നാണ്.

എന്നുവെച്ചാല്‍, ഇരുട്ടിനെ ഇല്ലാതാക്കുന്നവന്‍.

വെളിച്ചം നല്‍കുന്നവന്‍.

വെളിച്ചം തന്നെയാകുന്നവന്‍

അതാവണം ഗുരു.

ടോര്‍ച്ച് പോലെ ഗുരു.

സ്വയം ഇരുട്ടിലിരിക്കും.

അങ്ങിനെ ഇരുട്ടിൽ ഇരുന്നാലും, മുന്‍പില്‍ പ്രകാശം വിരിയിക്കും

സ്വയം ഇരുട്ടില്‍ ഇരുന്ന് തന്നെയാണ്ടോര്‍ച്ച് മുന്‍പില്‍ വെളിച്ചം പകരുന്നത്.

വേരും അത് പോലെ.

വേര് പഴവും പൂവും നല്‍കുന്നതും, തണല്‍ നല്‍കുന്ന ശാഖകളെ ഉയര്‍ത്തുന്നതുമങ്ങിനെ. സ്വയം ഇരുട്ടില്‍ കഷ്ടപ്പെട്ട്

സ്വയം നഷ്ടപ്പെട്ട് വളരുന്നവന്‍, വളര്‍ത്തുന്നവന്‍ ഗുരു.

ശിഷ്യരില്‍ ഗുരുവേ ഉണ്ടാക്കുന്നവന്‍ ഗുരു.

ശിഷ്യരെ ഗുരുവാക്കി വളര്‍ത്തുന്നവന്‍ ഗുരു

നഷ്ടപ്പെടുത്തി തന്നെ വളരണം എന്ന് കുട്ടികളെ അറിയിക്കുന്നു ഗുരു.

അരി നഷ്ടപ്പെടുത്താതെ ചോറ്ലഭിക്കില്ലെന്ന് അറിയിക്കുന്നു

വിത്തും മുട്ടയും നഷ്ടപ്പെട്ട് മാത്രമേ വൃക്ഷവും കുഞ്ഞും നേടാനാവു  എന്നുമറിയിക്കുന്നു

കാണേണ്ടതും കാണിക്കേണ്ടതും വെറും വെളിച്ചമല്ലെന്ന് ഗുരു അറിയണം, അറിയിക്കണം

പകരം, വെളിച്ചം കൊണ്ട്കാണേണ്ട കാര്യങ്ങളും വസ്തുതകളും വാസ്തവങ്ങളും ആണ് കാണേണ്ടത്, കാണിക്കേണ്ടത് എന്നറിയണം, അറിയിക്കണം

ഓരോ കുഞ്ഞുകുട്ടിയിലും സൃഷ്ടിയും സ്ഥിതിയും സംഹാരവും സാധിക്കണം ഗുരു.

അതാണ് 'ഗുരു ബ്രഹ്മ, ഗുരുര്‍ വിഷ്ണു, ഗുരു ദേവോ മഹേശ്വര' എന്നതിന്റെ അര്‍ത്ഥം.

അങ്ങിനെയൊക്കെ ആയ ഗുരു അതിനപ്പുറവും പോയി നിസ്വാര്‍ത്ഥ നിര്‍ഗുണ നിരാകാര ഭാവം വരിക്കണം. ഒന്നിന്റെയും ആരുടേയും ആളല്ലാതെ. ഒരു പക്ഷത്തുമല്ലാതെ.

അതാണ്  'ഗുരു സാക്ഷാല്‍ പരബ്രഹ്മം' എന്നതിന്റെ സാരം എന്നും ഗുരു അറിയണം, അറിയിക്കണം

തുടക്കത്തിലെ ഗുരുവിന് ഏറെ സ്വപ്നവും ആവേശവും.

പക്ഷെ അത് തുടര്‍ത്തി ഒടുക്കം വരെ നിലനിര്‍ത്താന്‍ ഗുരുവിന് കഴിയും, കഴിയണം.

ക്ഷീണിക്കുന്നവന്‍ ആവരുത് ഗുരു.

നിരാശ ഇല്ലാത്ത, പാടില്ലാത്ത, ഉപാധികള്‍ക്ക് വിധേയപ്പെടാത്ത പരബ്രഹ്മം ഗുരു

കുട്ടികൾ ഭാവിയുടെത്. നാം പഴയത്, ഭൂതത്തിന്റെത് എന്ന് ഓരോ ഗുരുവും മനസ്സിലാക്കണം.

നിലക്ക് കുട്ടികളെ കൈകാര്യം ചെയ്യണം.

ഭൂതത്തില്‍ നിന്ന് പാഠം കൊടുക്കാം. ഭാവിയില്‍ലേക്ക് വളരാൻ.

ഭൂതം വേരിറങ്ങാനുള്ള ഭൂമി മാത്രം. പടർന്നു പന്തലിക്കേണ്ട ആകാശം ഭാവി.

ഭാവിയെ ഭൂതം കൊണ്ട്തടസ്സപ്പെടുത്തിക്കൂടാ ഒരു ഗുരുവും. തടസ്സപ്പെടുത്താനാവരുത് ഒരു ഗുരുവും ശ്രമിക്കുന്നതും

നിലക്ക് ഗുരു ഒരേ സമയം കൃഷിയിടവും കര്‍ഷകനും ആവണം.

കുട്ടികൾ അവിടെ, ഗുരുവിന്റെ മുന്‍പില്‍, കൃഷിയിടത്തില്‍ വീഴുന്ന വിത്തുകളും

ഒരര്‍ത്ഥത്തില്‍ കുട്ടികൾ കാരണം അന്നം നേടുന്നു എന്ന് മനസിലാക്കി വിനയവും ഭവ്യതയും കുട്ടികളോട് കാണിക്കണം ഗുരു. അങ്ങനെ അന്നം നേടുന്നുവെങ്കിൽ

കുട്ടികൾ നിലക്ക്  തങ്ങളുടെ യജമാനന്‍മാരും, ഗുരു (അധ്യാപകര്‍) നിലയില്‍ കുട്ടികളുടെ  അടിമയും, ആണെന്ന് ഓരോ ഗുരുവും അറിയണം

ക്രമേണ ജീവിതത്തിലും കുടുംബജീവിതത്തിലും ഗുരുവിന് ഉണ്ടായേക്കാവുന്ന നിരാശയും സമ്മര്‍ദ്ദവും കുട്ടികളില്‍ അടിച്ചേല്പിക്കല്‍ ആവരുത് അധ്യാപനം.

നിലക്കുള്ള ശിക്ഷയും ക്രൂരതയും ആവരുത് പാഠം

കുട്ടികളില്‍ ജനാലകളും വാതിലുകളും ഉണ്ടാക്കുന്നവന്‍ ഗുരു.

കുട്ടികളുടെ പുറത്തേക്ക്പോകാനുള്ള വാതിലും ജനവാതിലും തന്നെയാവണം ഗുരു.

അല്ലാതെ, അവരിലെ വാതിലുകളും ജനവാതിലുകളും ഇല്ലാതാക്കുന്നക്കുന്നവനും, അടച്ചു കളയുന്നവനും ആവരുത് ഗുരു.

അന്തിമമായി കുട്ടികള്‍ക്ക് കയറിക്കളിക്കാനും, പഴവും പൂവും പറിച്ചു തിന്നാനും, തണല്‍ കൊള്ളാനും, കൂട്  ഒരുക്കാനുമുള്ള ഒരു പടുവൃക്ഷം തന്നെയാവണം ഗുരു.


നൂറായിരം വിത്തുകളെ ഒരുമിച്ച് വീഴ്ത്തുന്ന വന്‍വൃക്ഷം തന്നെയാവണം ഗുരു.

No comments: