ചോദ്യം:
ഹിന്ദുമതം ലോകത്ത് ആകെ പ്രചരിപ്പിക്കുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?
ഉത്തരം: dear Adv Anil Kumar നല്ല ചോദ്യം.
മതം എന്ന നിലക്കല്ല.
മതം കൊണ്ട് താങ്കള് ഉദ്ദേശിച്ചത് എന്തെന്നും അറിയില്ല.
ദൈവവും സത്യവുമായി ബന്ധപ്പെട്ടതാണ് മതം എന്ന നിലക്ക് ആണെങ്കിൽ അത് തെറ്റാണ്.
മതത്തിന് ദൈവവും സത്യവുമായി ഒരു ബന്ധവും ഇല്ല.
ഒരുപക്ഷെ, കാഴ്ചയും ചിന്തയും മുട്ടിക്കുന്ന, കാഴ്ച മങ്ങിയാല് രൂപപ്പെടുന്ന ആകാശം. ഇല്ലാത്ത, മേല്ക്കൂര എന്ന് തോന്നിപ്പിക്കുന്ന ആകാശം. അത് മാത്രമാണ് മതം. വസ്ത്രം എന്ന് തോന്നിപ്പിക്കുന്ന ചിതല്. അന്വേഷണ ബുദ്ധിയെ കാർന്നു തിന്നുന്നത്.
അലസന് കിടന്നുറങ്ങാൻ ഉപയോഗിക്കുന്ന തലയണ.
അറിവ് ഇല്ലാത്തവന്റെ മറയും ആയുധവും.
ഹിന്ദു മതം എന്ന വാദം എനിക്കില്ല. ഇത് മാത്രം ശരി, ഇങ്ങിനെ മാത്രം ശരി, ഇതല്ലാത്ത എല്ലാം തെറ്റ് എന്ന് പറയുന്ന ഒരു ഹിന്ദു മതം ഇല്ല. അതിനാല് തന്നെ തീവ്രവാദവും അസഹിഷ്‌ണുതയും ജനിപ്പിക്കുന്ന, നിര്ബന്ധങ്ങളുടെ ഒരു ഹിന്ദുമതം ഇല്ല.
പകരം, എല്ലാ വിശ്വാസങ്ങളെയും വ്യത്യാസങ്ങളെയും ഒരു പോലെ ഉള്ക്കൊള്ളുന്ന ഒരു umbrella സംസ്കാരം. ഒന്നും നിര്ബന്ധം ഇല്ലാത്ത സംസ്കാരം. ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും ദൈവനിഷേധവും ഒരുപോലെ ആവുന്ന സംസ്കാരം. പള്ളിയും അമ്പലവും ചര്ച്ചും ദേവാലയങ്ങള് എന്ന് നിഷ്കളങ്കമായി കാണുന്ന ഹിന്ദുവിന്റെ ഹിന്ദു സംസ്കാരം.
നിങ്ങൾ ആരാധിക്കുന്നുണ്ടോ ഇല്ലേ, എങ്ങിനെ ആരാധിക്കുന്നു ആരാധിക്കുന്നില്ല, അമ്പലത്തില് പോകുന്നുണ്ടോ ഇല്ലേ എന്നതൊന്നും ചോദ്യവും ഉത്തരവും ആകാത്ത ഹിന്ദു സംസ്കാരം.
നിങ്ങളുടെ സങ്കല്പ വലുപ്പ - ചെറൂപ്പത്തിനനുസരിച്ച് ദൈവത്തെയും സത്യത്തെയും സങ്കല്പിക്കാനും സമീപിക്കാനും പ്രാപിക്കാനും അനുവാദം ഉള്ള സംസ്കാരം.
സഗുണ ഭാവത്തെയും നിര്ഗുണ ഭാവത്തെയും ആകാരത്തെയും നിരാകാരത്തെയും ഒരുപോലെ സ്വീകാര്യമാക്കുന്ന വിശ്വാസ സംസ്കാരം.
ബിംബം സ്വീകരിച്ചും സ്വീകരിക്കാതെയും ദൈവത്തെ കാണാന് സ്വാതന്ത്ര്യവും സൗകര്യവും തരുന്ന സംസ്കാരം.
അതിനാല് തന്നെ മതേതരത്വം അന്തര്ലീനമായ, ജീവിത സ്വാഭാവം തന്നെയായ സംസ്കാരം.
ആ നിലക്ക് ലോകത്ത് വേണ്ടത് ഹിന്ദു സംസ്കാരം തന്നെ. ലോകത്തെ, വൈവിധ്യം നിലനിര്ത്തിക്കൊണ്ട് തന്നെ, ഒന്നായി ഒരുമിപ്പിക്കാന് സാധിക്കുന്ന സംസ്കാരം.
ആ നിലക്ക് തന്നെയാണ് എല്ലാ വിശ്വാസ സംസ്കാരങ്ങളും ഇവിടെ സ്ഥാനവും സ്വീകാര്യതയും നേടിയത്.
ലോകത്തുള്ളത് മുഴുവന് ഇവിടെയുണ്ട്. അത്കൊണ്ട് തന്നെ ഇവിടെയുളള സംസ്കാരം ലോകത്ത് മുഴുവന് ആകാം.
ഈ പറയുന്നതിനെ ഇന്ത്യയില് തെറ്റായി നടമാടുന്ന, നടപ്പാക്കിയ ജാതീയതയിലെ പ്രശ്നം പറഞ്ഞ് പര്വ്വതീകരിച്ചു നിരാകരിക്കരുത്.
ജാതീയത വേറെ തന്നെ ചർച്ച ചെയ്യേണ്ടതാണ്. അതിന് വിശ്വാസ വ്യത്യാസവുമായും, സ്വാതന്ത്ര്യവുമായും, വിശ്വാസസ്വാതന്ത്ര്യ നിഷേധവുമായും ഒരു ബന്ധവും ഇല്ല.
ജാതി സമ്പ്രദായം തൊഴിൽ വിഭജനത്തിന്റെയും തൊഴിൽ വിതരണത്തിന്റെയും തെറ്റായി നടപ്പാക്കപ്പെട്ട ഒരു വലിയ രാഷ്ട്രമീമാംസ ചിന്തയാണ്.
അങ്ങനെയുള്ള തൊഴിൽ വിതരണവും വിഭജനവും കൂടാതെ ലോകത്ത് ഒരു വ്യവസ്ഥിതിയും തൊഴിൽശാലയും നിലകൊള്ളുന്നില്ല, പ്രവർത്തനക്ഷമമാകുന്നില്ല.
No comments:
Post a Comment