Thursday, July 4, 2019

ഗുരുവും പുരോഹിതനും തമ്മിലെ വ്യത്യാസം. സൂചിയും നൂലും തമ്മിലുള്ളത് .

"ഗുരോ, ഗുരുവും പുരോഹിതനും തമ്മിലെ വ്യത്യാസം?" 

"സൂചിയും നൂലും തമ്മിലുള്ളത് ."

"ഗുരോ, എന്നു വെച്ചാല്‍?"

"സൂചി - എവിടെയും നില്‍ക്കില്ല. പുതിയ വഴിയുണ്ടാക്കി കൊണ്ടേയിരിക്കും. അപരിചിതതത്വത്തെ വസ്ത്രമാക്കും. അരക്ഷിതത്വത്തെ ഊന്നുവടിയാക്കി കടന്നു പോകും. ഗുരു.

"സ്വയം ഉണ്ടാക്കിയ വഴിയില്‍ നില്‍ക്കുകയും ബാധ്യതയല്ല സൂചിക്ക്. ഉപജീവനത്തിന് ആരെയും വഴിയാക്കി ഉപയോഗിക്കേണ്ടതില്ലാത്തവന്‍ സൂചി, ഗുരു."

"നൂല്‍ - ആരോ, ഏതോ സൂചി ഉണ്ടാക്കിയ വഴിയില്‍ നിൽക്കാൻ വിധിയുള്ളവന്‍. പരിചിതത്വവും അധികാരവും ബഹുമാനവും നിര്‍ബന്ധമായവന്‍. സുരക്ഷിതത്വത്തെ തലയിണയാക്കി ഉറങ്ങുന്നവന്‍. സ്ഥിരമായി ഒരിടത്ത്അനുകരിച്ച് നില്‍ക്കുന്നവന്‍. നൂല്, പുരോഹിതന്‍.

സ്വന്തം സുരക്ഷിതത്വത്തിനും ഉപജീവനത്തിനും വേണ്ടി മാത്രം സൂചിയെയും നിന്നെയും ഉപയോഗിക്കുന്നവന്‍, വഴിയാക്കുന്നവന്‍ "

********

"ഗുരോ, പണ്ഡിതനും ഗുരുവും തമ്മിലെ വ്യത്യാസം?"

" പ്രവൃത്തി കൊണ്ടും ജീവിതം കൊണ്ടും സൂചിയും നൂലും തമ്മിൽ ഉള്ളത് തന്നെ. എന്നിരുന്നാലും.... ?" 

" ഗുരോ, എന്നിരുന്നാലും....?" 

"അവര്‍ക്കിടയില്‍  സ്വഭാവം കൊണ്ട്പ്രകടമായ വ്യത്യാസം ഉണ്ട്. കുഴിമാടവും (ശ്മശാനവും) തോട്ടവും തമ്മിലെ വ്യത്യാസം." 

" ഗുരോ, എന്ന് വെച്ചാല്‍?"

"കുഴിമാടം - പണ്ഡിതന്‍. ഭയപ്പെടുത്തും. മടുപ്പിക്കും. പഴയതും ജീര്‍ണ്ണതയും ദുര്‍ഗന്ധവും കൊണ്ടു നടക്കും. ഓര്‍മയെന്ന ഓമനപ്പേരില്‍


തോട്ടം - ഗുരു. കൊതിപ്പിക്കും. പൂമ്പാറ്റയെയും തുമ്പിയെയും എന്ന പോലെ നിന്നെയും മധുവൂട്ടും. പുതിയത് മാത്രം പ്രദാനം ചെയ്യും. ഇന്നലത്തെത് ഇന്നില്ല എന്ന മട്ടില്‍. എന്നും പുതിയതാവും. അതിന്റെ സുഗന്ധവും വൈവിധ്യവും സൗന്ദര്യവും നല്‍കിക്കൊണ്ട്.”

No comments: