Tuesday, July 16, 2019

SFIയിൽ ഈ ക്രമിനൽസ് ഒക്കെ എങ്ങിനെ കയറിപ്പറ്റി? ഒരു ചെറിയ ചോദ്യം.

ഒരു ചെറിയ ചോദ്യം.

SFIയിൽ ഈ ക്രമിനൽസ് ഒക്കെ എങ്ങിനെ കയറിപ്പറ്റി?

ചോദിച്ചത്‌, നല്ലൊരു fb സുഹ്രുത്ത് അവരുടെ നല്ലൊരു fb പോസ്റ്റില്.

Dear Reshma Kottackatt..

താങ്കളുടെ സത്യസന്ധതയും ആത്മാര്ത്ഥതയും, നന്മക്ക് വേണ്ടി, ശരി പറയാൻ കാപട്യം ഏതുമില്ലാതെ കാണിക്കുന്ന ധീരതയും മനസ്സിലാക്കിയും അംഗീകരിച്ചുച്ചും തന്നെ പറയട്ടെ.

ഒരു പാർട്ടി അതിന്റെ ആശയവും ആദര്ശവും (എന്തെന്ന്) മറന്നു പോയാല്, എന്തിന്‌ വേണ്ടി ആ പാര്ട്ടി നിലകൊള്ളുന്നു എന്ന് അണികളെ ബോധ്യപ്പെടുത്താനും ആവേശം കൊള്ളിക്കാനും കഴിയാതായാല്, അധികാരത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതായാല്, മറ്റേതൊരു പാർട്ടിക്കും സംഭവിക്കുന്നത് മാത്രമേ ആ പാർട്ടിക്കും സംഭവിക്കൂ. വളരെ ജൈവികമായ പരിണിതി.

ആ പാർട്ടി ജീവൻ പോയ ശരീരമാകും. ശവം തന്നെയാകും.

ഒരു പാർട്ടി ശവം തന്നെ ആയാല്, ജീവനുണ്ടായിരുന്നെങ്കില് ഒരു ശരീരം എന്തൊക്കെ ചെയ്യുമായിരുന്നുവോ അതൊന്നും ചെയ്യില്ല. എന്തിനെയൊക്കെ അത്‌ തടഞ്ഞു നിര്ത്തുമായിരുന്നോ അവ മുഴുവന് ആ ശരീരത്തെ ആവേശിക്കും. അവ തന്നെയായ പുഴുവും ഉറുമ്പും ഈച്ചയും ഒക്കെ അതിൽ ചേക്കേറും. കൂട് കൂട്ടും. ശരീരം തന്നെ ജീര്ണിക്കും. ഇല്ലാതാവും.

ചീര്ത്ത് വീര്ത്ത് ജീര്ണിക്കുന്നതിനെ വലുപ്പമായും വലുതാവുന്നതായും തെറ്റായി മനസ്സിലാക്കാം. പക്ഷേ, ചിതലരിച്ച മരം പോലെ ആ പാര്ട്ടി ഏത് ചെറിയ കാറ്റിനെയും ഭയക്കും. ഏത് ചെറിയ കാറ്റിലും നിലംപോത്തും.

ഇക്കാലത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കും, അതിന്റെ വിദ്യാര്ത്ഥിവിഭാഗമായ SFI ക്കും, ഇത് തന്നെയേ സംഭവിച്ചിട്ടുള്ളൂ, സംഭവിക്കുന്നുള്ളൂ.

ഒന്ന് നോക്കുക.

ഇന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയിൽ, പ്രത്യേകിച്ചും SFI യില് Membership കൊടുക്കുമ്പോൾ FILTERING ഉണ്ടോ?

ഇല്ല.

ഒരു interview പോയിട്ട് ബോധവല്ക്കരണം പോലും പാർട്ടിയിൽ കയറുമ്പോളോ കയറിയതിന് ശേഷമോ ഉണ്ടോ?

ഇല്ല.

ആര്ക്കും എങ്ങിനെയും കയറാവുന്ന, കൊടുക്കുന്ന membership system അല്ലേ ഇപ്പോൾ, cader പാർട്ടി എന്ന് പറയുന്ന, ഈ കമ്യൂണിസ്റ്റ് പാര്ട്ടിക്ക് (അതിൽ SFI ക്ക്) ഉള്ളു?

അതെ.

പഴയത് പോലെ ലക്ഷ്യം സ്വപ്നം പേറി നടക്കുന്ന, സ്വപ്നം പറയുന്ന പാര്ട്ടിയും പ്രവര്ത്തകരും ഇപ്പോൾ ഉണ്ടോ?

ഇല്ല.

മതേതരത്വമോ ദേശസ്നേഹമോ ജനാധിപത്യമോ പോലും അണികള്ക്ക് വിഷയമാക്കിക്കൊടുക്കാത്ത ഏതൊരു പാർട്ടിയും പോലെയായില്ലേ ഈ പാര്ട്ടിയും?

അതെ.

നല്ല നിറമുള്ള, നല്ല പേരുള്ള വെറും പാക്കറ്റ് മാത്രല്ലേ ഉള്ളൂ ഈ പാർട്ടിക്കും ഇപ്പോൾ സ്വന്തമായി?

അതെ.

ഈ പാക്കറ്റിനുള്ളില് രുചി അനുഭവിപ്പിക്കാനുള്ള, വിശപ്പകറ്റുന്ന ബിസ്കറ്റ് ഇല്ലല്ലോ?

ഇല്ല.

ആ ഗതിയില് എത്തിച്ചതല്ലേ ഇന്നത്തെ ആ പാര്ട്ടി നേരിടുന്ന യാഥാര്ത്ഥ ആശയദാരിദ്ര്യം?

അതെ.

ഇന്നത്തെ കോടിയേരിയൊക്കെ എന്തിനെ പ്രതിനിധീകരിക്കുന്നു?

ആര്ക്കും ഒരു പിടുത്തവും ഇല്ല.

യഥാര്ത്ഥത്തില് അവരൊക്കെ എന്തിന്‌ വേണ്ടി നിലകൊള്ളുന്നു?

ആരറിയുന്നു. ആര്ക്കും ഒന്നുമറിയില്ല. അവര്ക്ക് പോലും.

യഥാര്ത്ഥത്തില് അവരൊക്കെ ജനങ്ങളുടെ രക്ഷയും നന്മയും ലക്ഷ്യമാക്കുന്ന എന്തിനെങ്കിലും വേണ്ടി നിലകൊള്ളുന്നുണ്ടോ? ജനങ്ങളെ നയിക്കാനുള്ള വല്ലതും കൊണ്ട്‌നടക്കുന്നുണ്ടോ?

തീർച്ചയായും ഇല്ല. ഉറപ്പുള്ള ഏക കാര്യം അത് മാത്രമാണ്.

അവരാരും നിലകൊള്ളുന്നത് ഒന്നിനും വേണ്ടിയല്ല. വീണു കിട്ടിയതിനെ, അനന്തിരമായി വെറുതെ കിട്ടിയതിനെ, വിറ്റ് കാശാക്കുന്നു എന്ന് മാത്രം. വെറും അധികാരത്തിന് വേണ്ടി. അതിലെ ലാഭത്തിന് വേണ്ടി. രാജ്യത്തെ കച്ചവടം ചെയ്യാൻ. മറ്റേതൊരു പാർട്ടിയെയും പോലെ.

ആ നിലയില് പഴയത്പോലെ സ്റ്റഡിക്ലാസുകൾ ഈ പാർട്ടിയിൽ ഇപ്പോൾ നടക്കുന്നുണ്ടോ?

ഇല്ല.
അടിത്തട്ടില് പൂർണ്ണമായും ഇല്ല.

കമ്യൂണിസത്തിന്റെ യാഥാര്ത്ഥ പാഠങ്ങൾ അറിയുന്നവർ ഉണ്ടോ ഇപ്പോൾ പാര്ട്ടിക്കുള്ളില്?

ഇല്ലെന്ന് തന്നെ വന്നിരിക്കുന്നു പുതിയ തലമുറയില്.

മറ്റ് പാര്ട്ടികളുമായി പേരില് അല്ലാതെ സ്വഭാവത്തിലും ഉള്ളടക്കത്തിലും യഥാര്ത്ഥത്തില് വല്ലവ്യത്യാസവും നിലവിലെ കമ്യൂണിസ്റ്റ്പാര്ട്ടിക്ക് അവകാശപ്പെടാന് പറ്റുമോ?

ഇല്ല.

അപ്പോൾ, അപചയം എന്ന് തന്നെ പറയാം.

ഒരുപക്ഷേ അപചയത്തിന്റെ പര്യായപദം മാത്രമായി അവശേഷിക്കുന്നു നിലവിലെ കമ്യൂണിസ്റ്റ് പാർട്ടി.

അവശേഷിക്കുന്ന അല്ലറചില്ലറ നന്മകള് വിസ്മരിക്കുന്നില്ല. അപവാദം പോലെ. പേര്ദോഷം പോലെ.

അപചയത്തിന്റെ, നടന്ന വഴിയില് സംഭവിച്ച ആശയപാപ്പരത്തത്തിന്റെ കാര്യത്തില് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്ട്ടിയെ വെല്ലാവുന്ന വേറെ ഏതെങ്കിലും പാർട്ടി ഉണ്ടാവുമോ?

ഇല്ല.

ഒരു പാർട്ടിയും ഉണ്ടാവില്ല. ഒരു പക്ഷെ ഡിഎംകെ ഒഴികെ.

സ്നേഹിച്ചവരെയും നമ്മളെയും നിരാശപ്പെടുത്തുന്നതില് മത്സരിക്കുന്ന, ഏറ്റവും മുന്പില് നില്ക്കുന്ന പാർട്ടി ഏത്?

ഇപ്പോൾ ഈ പാര്ട്ടി. കമ്യൂണിസ്റ്റ് പാർട്ടി.

ആത്മാര്പ്പണം ചെയ്ത കുറെ നല്ലവരുടെ ചോരയും നീരും വിലയാക്കിയ പാർട്ടി.

ശരിയല്ലേ?

Reshma കാണിക്കുന്ന ഈ സത്യസന്ധമായ ആത്മാര്ത്ഥതയെ വരെ.

ആകയാല് കമ്യൂണിസ്റ്റ് പാര്ട്ടിക്ക് വേണ്ടി ബാക്കിയുള്ളത് എന്ത്?

'തമ്മില് ഭേദം തൊമ്മന്' എന്ന പട്ടവും സാധ്യതയും മാത്രം.

ഉപ്പുപ്പാക്ക് ഒരാന ഉണ്ടായിരുന്നതിന്റെ പേരില്. ആ തഴമ്പിൽ.

അല്ലെങ്കിൽ പേരിലുള്ള വ്യത്യാസം മാത്രം.

കുപ്പിക്കുള്ളിലെ കള്ള് ഒന്ന്തന്നെയെന്ന് ഓരോ ദിവസവും നമ്മെ ഈ പാർട്ടിയുടെ നേതൃത്വം ബോധ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഓരോ പാർട്ടിയും പോലെ, അതിൽ കമ്യൂണിസ്റ്റ് പാർട്ടിയും.

ഇങ്ങനെയൊരു ജനാധിപത്യവ്യവസ്ഥിതിയില്, ഇത്ര വലിയൊരു രാജ്യത്ത്, പണി എടുക്കാനും വിലാസം ഉണ്ടാക്കാനും പ്രചരിപ്പിക്കാനും വേണ്ട പണം സമ്പാദിക്കുന്ന വഴിയില് തന്നെ ഏതൊരു പാർട്ടിയും, അതിൽ കമ്യൂണിസ്റ്റ് പാർട്ടിയും, അഴിമതിയില് കുളിച്ചിരിക്കും. സ്വയം പണയപ്പെടുത്തിയിരിക്കും

നിലവിലെ ഇന്ത്യയോ ഇന്ത്യൻ ജനതയോ ജനാധിപത്യത്തിന്‌ പറ്റിയതല്ല, അതിന്‌ മാത്രം വളര്ന്നിട്ടില്ല എന്നത്‌ ശരിക്കും തിരിച്ചറിഞ്ഞിട്ടും, അധികാരത്തിന്റെ അപ്പത്തിനും ആര്ഭാടത്തിനും വേണ്ടി രാജിയായയിടത്ത് തുടങ്ങിയിരിക്കുന്നു കമ്യൂണിസ്റ്റ് പാര്ട്ടിയുടെയും അപചയത്തിന്റെ തുടക്കം.

എന്നിരിക്കെ, കമ്യൂണിസ്റ്റ്പാർട്ടിയിൽ മാത്രം (SFI ല് മാത്രം) എങ്ങിനെ ക്രിമിനൽസുകള് കയറിപ്പറ്റാതിരിക്കും?

ആ ചോദ്യം തന്നെ അപ്രസക്തമാണ്.

നേതാക്കൾ തന്നെ വെറും ക്രിമിനല്സുകള് ആയി മാറിയ സ്ഥിതിക്ക്...

ക്രിമിനല്സുകള്ക്ക് മാത്രമേ പാർട്ടിയും നാടും ഭരിക്കാന് പറ്റു എന്ന അവസ്ഥ വന്ന സ്ഥിതിക്ക്...

ക്രിമിനൽസുകള് ആവുക എന്നത് പാര്ട്ടിയില് പ്രവര്ത്തിക്കാനും പാർട്ടിയും നാടും ഭരിക്കാനുമുള്ള അടിസ്ഥാനയോഗ്യത ആയ സ്ഥിതിക്ക്...

****

അതിനാല് ഇക്കാലത്ത് കമ്യൂണിസ്റ്റ്കാരെ കാണുമ്പോള്, കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് ഓര്ക്കുമ്പോള് തോന്നുന്ന നിരാശ ജീവിതത്തിൽ ഒരിക്കലും വേറൊന്നിനോടും ആരോടും തോന്നില്ല, തോന്നിയിട്ടില്ല.

ഇപ്പോള് ആ നിരാശ ദേശ്യമായി മാറുന്നു.

ഒരുവേള അത് വെറുപ്പ് പോലും ആയി മാറുന്നു.

നിരസിച്ച് അപഹസിക്കപ്പെട്ട പ്രണയം പോലെ.

******

ഒരു പ്രത്യയശാസ്ത്രത്തെയും, അതിനെ ആത്മാര്പ്പണം നടത്തി പിന്തുടര്ന്നവരേയും നോക്കുകുത്തിയാക്കി, പണയപ്പെടുത്തി, അധികാരത്തിനും ആര്ഭാടത്തിനും വേണ്ടി മാത്രം രാജിയായ, മതിമറന്ന, ഉള്ളുപൊള്ളയായ, ലക്ഷ്യബോധമില്ലാത്ത, ഒന്നിനുംകൊള്ളാത്ത, വെറും ഗുണ്ടകളും ഗുണ്ടാതലവന്മാരും മാത്രമായ ആ പാർട്ടിയുടെ നേതൃത്വത്തെ കാണുമ്പോള് പ്രത്യേകിച്ചും.

No comments: