Monday, July 22, 2019

തെറ്റായാലും ശരിയായാലും, ഏത് വിശ്വാസവും ദുര്‍ബലര്‍ക്ക് ഫലം ചെയ്യും. പരിഹാരമാകും, പരിഹാരമേകും.

തെറ്റായാലും ശരിയായാലും, ഏത് വിശ്വാസവും ദുര്ബലര്ക്ക് ഫലം ചെയ്യും. പരിഹാരമാകും, പരിഹാരമേകും. പക്ഷെ ആരും 'അത് മാത്രം' എന്ന് കരുതരുത്.
******

ചോദ്യം:
നിരീശ്വരവാദവും ഈശ്വരവിശ്വാസവും അല്ലെങ്കിൽ
ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും ശരിയാണ് എന്നു വിശ്വസിക്കുന്നതിലെ Logic എന്താണ്?

ഉത്തരം :
ആത്യന്തികതയെ (absolute നെ) ആപേക്ഷികതയില് (relative) നിന്നും കാണുമ്പോഴും, ആത്യന്തികതയെ കുറിച്ച് ആപേക്ഷികതയിൽ നിന്ന് പറയുമ്പോഴും നൂറു സാധ്യതകളും നൂറു കാഴ്ചകളും ഭാഷ്യങ്ങളും ഉണ്ടാവും.

അതിനാല് നൂറായിരം ബിംബങ്ങള്. നൂറായിരം കോണിപ്പടികള്.

ഉറുമ്പിന് ഉറുമ്പിന്റെയും ആനക്ക് ആനയുടെയും പക്ഷിക്ക് പക്ഷിയുടെയും അണുവിന് അണുവിന്റെയും മാനത്തിനും (dimension) മാനദണ്ഡത്തിനും (scale) അനുസരിച്ച കാഴ്ചയും ഭാഷ്യവും ബിംബവും വഴിയും വേറെ വേറെ.

ഇത്‌ ആത്യന്തികതക്ക് മനസ്സിലാവുകയും ഉള്കൊള്ളാന് പറ്റുകയും ചെയ്യും. അത് കൊണ്ട്‌ കൂടിയാണ്‌ ആത്യന്തികത ആത്യന്തികതയാവുന്നത്.

ആത്യന്തികത അതായി തന്നെ ആര്ക്കും, (എല്ലാവർക്കും) പ്രത്യക്ഷപ്പെട്ടു കിട്ടാത്തിടത്തോളം പ്രത്യേകിച്ചും.

ഇനി ആത്യന്തികത അങ്ങനെ ആപേക്ഷികതക്ക് മുന്പില് പ്രത്യക്ഷപ്പെട്ടു വന്നാല് തന്നെയും, ആത്യന്തികതയെ അതായി തന്നെ കാണാനും മനസ്സിലാക്കാനും ഉള്കൊള്ളാനും ആപേക്ഷികതക്ക് സാധിക്കയുമില്ല. അതിനുള്ള മാനവും വലിപ്പവും വ്യാപ്തിയും ആപേക്ഷികതക്ക് ഇല്ല.

ഇനി, മറിച്ച് ചിന്തിക്കുക.

ആത്യന്തികമായത് ആപേക്ഷികമായി തീരുമ്പോഴും മാറുമ്പോഴും, ആ filteringനിടയില്, നൂറു ഭാഷ്യവും രൂപവും ഭാവവും ആയിത്തീരും. അതിനാലും നൂറായിരം ബിംബങ്ങള് രൂപപ്പെടും. നൂറായിരം കോണിപ്പടികള്.

അത്‌ കൊണ്ട്‌ തന്നെ എല്ലാ വ്യത്യസ്തമായതും വിരുദ്ധങ്ങളായതും ഒരേ സമയം ശരിയാവും.

എല്ലാ ശരികളും ഒരേ സമയം തെറ്റാവും. എല്ലാ തെറ്റുകളും അപ്പടിയേ ശരിയുമാവും.

അത്‌ കൊണ്ട്‌ മാത്രമാണ്‌ മുകളില് അങ്ങനെയും പറഞ്ഞത്.

ആരും 'ഇത് മാത്രം' എന്ന് കരുതരുത്, പറയരുത് എന്ന്.

മനസ്സിലാക്കുമെങ്കിൽ മനസിലാക്കാനുള്ളത് പറഞ്ഞു.

No comments: