നോമ്പ്, പ്രാര്‍ത്ഥന:
അത് സംഭവിക്കുന്നതാണ്. കല്പിച്ചു, പേടിപ്പിച്ചു നടത്തുന്നതല്ല, സംഭവിപ്പിക്കുന്നതല്ല.
വെള്ളം ചൂടായാല്‍ തിളക്കും. ചൂടായി തിളക്കുമ്പോള്‍ ആവി പറക്കും, പൊങ്ങും. അതാണ് അങ്ങനെയാണ്, അങ്ങനെയാവണം നോമ്പും പ്രാര്‍ത്ഥനയും.
പകരം, തണുത്ത വെള്ളത്തെ കൃത്രിമമായി ഇളക്കിയാല്‍ തിളക്കല്‍ ആവില്ല. ആവി പൊങ്ങുകയും ഇല്ല. വരുത്തിത്തിര്‍ക്കുന്ന ഒന്നല്ല നോമ്പും പ്രാര്‍ത്ഥനയും.
ഞെക്കി പഴുപ്പിക്കല്‍ അല്ല നോമ്പും പ്രാര്‍ത്ഥനയും. ഞെക്കിപ്പഴുപ്പിച്ചാല്‍ കെട്ടു പോകും. സ്വാഭാവികമായി മൂത്ത് പഴുക്കുന്നതും പിന്നെ അസാധ്യമാവും. മൂത്ത് പഴുത്ത് നോമ്പും പ്രാര്‍ത്ഥനയും സംഭവിക്കുന്നത് ഇല്ലാതാവും. വിത്ത് സ്വയം മൂത്ത് വീണ് മുളക്കും പോലെയാവണം നോമ്പും പ്രാര്‍ത്ഥനയും.
എങ്കിൽ നോമ്പ് എങ്ങിനെ സംഭവിക്കും? ഒന്നില്‍ ശ്രദ്ധയൂന്നുമ്പോൾ, മറ്റുള്ളതൊക്കെയും വേണ്ടാതാവലും കാണാതാവലും ആണ് നോമ്പ്. അങ്ങനെയാവുന്നതിലെ വളർച്ചയാണ് നോമ്പ്.
നോമ്പും പ്രാര്‍ത്ഥനയും അടയിരിപ്പ് ആണ്. അടയിരിക്കുന്ന കോഴിക്ക് മറ്റൊന്നും വേണ്ടതാവുന്നത് പോലെയാവണം നോമ്പും പ്രാര്‍ത്ഥനയും. ആരും പറഞ്ഞതിനാലും കല്‍പിച്ചതിനാലും അല്ല.
ആ നിലക്ക് ആരോ പറഞ്ഞത് പോലെ ആരോ പറഞ്ഞ സമയത്തും കാലത്തും ആരോ പറഞ്ഞ രീതിയില്‍ അനുകരിച്ച് യാന്ത്രികമായി കൃത്രിമമായി ചെയ്യുന്നതല്ല, സംഭവിക്കുന്നത് അല്ല നോമ്പും പ്രാര്‍ത്ഥനയും. അവനവന്റെ സമയത്ത് അവനവന്റെ ആവശ്യം പോലെ അവനവന്റെ രീതിയിലും ഉള്ളടക്കത്തിലും സ്വാഭാവികമായും സംഭവിച്ചു പോകുന്നതാണ് നോമ്പും പ്രാര്‍ത്ഥനയും.
നിങ്ങൾ ലോകം മുഴുവന്‍ കാണും, സാധാരണ ഗതിയില്‍. പക്ഷേ, വിരലിനെ നോക്കുന്ന മാത്രയില്‍ നിങ്ങൾ ലോകം കാണാതാവും. അതാണ് നോമ്പ്.
ഒന്നിനെ നോക്കുമ്പോൾ, ശ്രദ്ധിക്കുമ്പോൾ ബാക്കി എല്ലാം കാണാതാവുക, വേണ്ടാതാവുക. അതാണ് നോമ്പ്.
കള്ളനെയും പേപ്പട്ടിയെയും കണ്ട് പേടിച്ചോടുന്നവന്‍ മുള്ളും പൂവും ഒരുപോലെ കാണില്ല, ശ്രദ്ധിക്കില്ല. ഒന്നുമൊന്നും കാണില്ല. കാരണം അവന്റെ ശ്രദ്ധ അപ്പോൾ സ്വരക്ഷയില്‍ മാത്രമാണ്. സ്വരക്ഷ അവന്റെ തന്നെ ആവശ്യവും ബാധ്യതയും ആണ്. ആരും പറഞ്ഞു കൊടുക്കാതെ. ജീവ ബോധം പോലെ.
അത് പോലെ രക്ഷയെ കുറിച്ചും അപകടത്തെ കുറിച്ചും അനുഭവം തന്നെയായ ബോധ്യത വേണം. അപ്പോഴേ, വേണ്ടതായി നോമ്പും പ്രാര്‍ത്ഥനയും സംഭവിക്കൂ. അപ്പോഴേ എല്ലാം വിട്ടെറിഞ്ഞുള്ള ഓട്ടമായ നോമ്പും പ്രാര്‍ത്ഥനയും സംഭവിക്കൂ. അതാണ്, അപ്പോഴാണ് തേട്ടം പോലെ നോമ്പ് സംഭവിക്കുന്നത്. അപ്പോഴേ ദാഹിച്ചവന്റെ ജലപാനം പോലെ തന്നെ നോമ്പും പ്രാര്‍ത്ഥനയും സംഭവിക്കൂ. രുചിയും വേദനയും പോലെ സംഭവിക്കൂ.
അല്ലാതെ കുഞ്ഞു പ്രായത്തില്‍ അടിച്ചേല്‍പിക്കേണ്ട ഒന്നല്ല നോമ്പ്, പ്രാര്‍ത്ഥന. അറിയാത്തവരും ബോധ്യത്തില്‍ ഇല്ലാത്തവനും യാന്ത്രികമായും ശാരീരികമായും അനുകരിച്ച് ചെയ്യേണ്ട ഒന്നല്ല പ്രാര്‍ത്ഥനയും നോമ്പും. അങ്ങിനെ അടിച്ചേല്‍പിക്കുന്നത് കൊണ്ട് നടക്കുന്ന, നടക്കേണ്ട, സംഭവിക്കേണ്ട ഒന്നല്ല നോമ്പ്. വെറും വിശ്വാസമായി നടപ്പാക്കേണ്ട ഒന്നുമല്ല നോമ്പ്.
രോഗിയായ തന്റെ കുഞ്ഞിനെ ശുശ്രൂഷിക്കുന്ന അമ്മ അവരറിയാതെയും നോമ്പുകാരി ആവുന്നു. ആവശ്യം പോലെ. നിര്‍ബന്ധ ബുദ്ധിയോടെ ഉള്ള വൈരാഗ്യത്തോടെ, സ്വയംഭൂ ആയ വിരക്തിയോടെ
പേപ്പട്ടിയെ പേടിച്ച് ഓടുന്നവന്‍ സ്വരക്ഷ മാത്രം തേടിയുള്ള നോമ്പിലാണ്. ഒന്ന് മാത്രം ലക്ഷ്യം വെച്ച് ബാക്കി എല്ലാം വേണ്ടാത്തതാവുന്ന, കാണാതാവുന്ന, അപ്രസക്തമാകുന്ന നോമ്പിൽ.
ലക്ഷ്യം ബോധ്യപ്പെട്ടവന്‍ ലക്ഷ്യത്തിലേക്ക് ഓടുമ്പോള്‍ സംഭവിക്കുന്നതാണ് നോമ്പും പ്രാര്‍ത്ഥനയും. സമയവും സ്ഥലവും കാലവും ഇല്ലാതെ. എവിടെയോ അവിടെ. എപ്പോഴോ അപ്പോൾ.
പ്രയത്നം തന്നെ, പ്രയത്നത്തില്‍ തന്നെ നോമ്പും പ്രാര്‍ത്ഥനയും ഒന്നായി മാറുന്ന പ്രക്രിയ.....
ചുറ്റുപാട് ഇല്ലാതാവുന്ന, ലക്ഷ്യവും ലക്ഷ്യബോധവും മാത്രം ആവുന്ന നോമ്പും പ്രാര്‍ത്ഥനയും.....
ത്യാഗം എന്ന കൃത്രിമ ബോധം കൃത്രിമമായി ചെലുത്താന്‍ ഇല്ലാതെ തന്നെ ത്യജിച്ച് പോകു ന്ന നോമ്പും പ്രാര്‍ത്ഥനയും. സ്വരക്ഷ തേടിയുള്ള യാത്രയില്‍ സ്വാഭാവിക മായും സംഭവിക്കുന്നത്. സ്വരക്ഷ എന്നത് ഉണ്ടെങ്കില്‍ നേടാനും ഇല്ലെങ്കില്‍ ഇല്ലെന്ന് അറിയാനും.
No comments:
Post a Comment