Tuesday, July 2, 2019

ബോധോദയത്തിന് ചരിത്രവഴിയില്ല. സൗന്ദര്യം മറക്കാനല്ല; വൈകൃതം മറക്കാൻ വസ്ത്രം.

അക്ഷരങ്ങൾ കൂട്ടി എന്തെങ്കിലും ശ്രമിക്കുകയല്ല
പറയാനുള്ളതിനാൽ അക്ഷരങ്ങൾ കൂടുന്നതാണ്
അർത്ഥത്തോടെ

**********

ചിലർ പറയും; അർത്ഥമൊന്നും ഉണ്ടാവുകയില്ല
മറ്റു ചിലരും പറയും; അർത്ഥമുണ്ടാവും
മുങ്ങുന്നവരും നീന്തുന്നവരും
മുളക്കാത്ത കല്ല് മുളക്കുന്ന വിത്ത്  

***********

ഗ്രീസും സിസിഫസും, ഇതാദ്യം
ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ
ദാര്ശനികത മാത്രം തുളുമ്പുന്ന മുഖം.
ഓരോ മണൽത്തരിയിലും ദാര്ശനികത മാത്രമുള്ള രാജ്യം.

*********

ആദ്യ ബസ്യാത്രയിലെ ഒരു തോന്നൽ
ഭൂമി പിറകോട്ടു പോകുന്നതോ
ബസ് ഭൂമിയെ പിറകോട്ടു തള്ളുന്നതോ
എന്തായാലും ബസ് മുന്നോട്ട് പോകുന്നതല്ല.

*********

ഏറ്റവും ക്ഷീണിക്കുന്നതെപ്പോൾ
ഒറ്റയ്ക്കാവുമ്പോൾ
ഉള്ളുറപ്പും ഊർജവും വേണ്ടത് ഒറ്റക്കിരിക്കാൻ
കളിക്കാനും അദ്ധ്വാനിക്കാനുമല്ല.

*********

യാചകൻ കളവു പറയുന്നില്ല, വേഷം കിട്ടുന്നില്ല
വിധേയപ്പെടുന്നില്ല, സ്വപ്നങ്ങൾ വിൽക്കുന്നില്ല.
പുരോഹിതനോ?
വെറുതെയല്ല ബുദ്ധൻ യാചന തെരഞ്ഞെടുത്തത്.

********

ഓരോ വിശ്വാസിയും നിഷേധി
ഓരോ നിഷേധിയും വിശാസി
ആത്മീയനാവാൻ വിശ്വാസി ആവേണ്ടതില്ല
എന്നല്ല, നിഷേധിയാണ് യഥാർത്ഥ ആത്മീയൻ.

********

സൗന്ദര്യം മറക്കാനല്ല; വൈകൃതം മറക്കാൻ വസ്ത്രം.
മുഖവും വസ്ത്രവും നൽകുന്ന സൗന്ദര്യവും ആത്മവിശ്വാസവും.

**********

ദൈവത്തിലേക്ക് ജീവിതത്തിന്റെ വഴി.
ദൈവത്തിനും ജീവിതത്തിന്റെ വഴിയേ ഉള്ളൂ.
ദൈവം തന്നെ ഇല്ലെന്നോ? എങ്കിൽ,  
ജീവിതം ദൈവം. ദൈവം ജീവിതം.

********

ബോധോദയത്തിനു മതം വഴിയല്ല. തെളിവെന്ത്?
മുഹമ്മതും ബുദ്ധനും കൃഷ്ണനും യേശുവും 
ബോധോദയം നേടിയത് മതം പിന്തുടർന്നല്ല
അവർ മതമായെങ്കിലും.

********

ദൈവം മതത്തിന്റേതല്ല; വിശ്വാസങ്ങൾക്കുമപ്പുറം.
മതനിരാസം ദൈവനിരാസമല്ല.  
ആത്മീയതയുടെ ശവപ്പറമ്പാണ് മതം
കാഴ്ചമുട്ടിക്കുന്ന അടഞ്ഞ വാതിൽ.

*******

ചിതൽ മരത്തെ പൊതിയുന്നു
മതം വിശ്വാസിയെയും. സംരക്ഷിക്കാനെന്നു തോന്നും.
പക്ഷെ, ഉൾക്കരുത്ത് നഷ്ടപ്പെടുത്തി നശിപ്പിക്കാൻ മാത്രം.

**********

ബോധോദയത്തിന് ചരിത്രവഴിയില്ല.
ബോധമുണ്ടാവുക മാത്രമതിന്റെ വഴി
ചരിത്രപുരുഷന്മാരെ വിശദീകരിക്കുക പണിയല്ല.
അത് പുരോഹിതന്റെ ഉപജീവന വഴി

********

പ്രായവും മരണഭയവും കൂടുമ്പോൾ 
മതവിശ്വാസത്തിലേക്കു അഭയം പഥ്യം
സാമൂഹ്യ സുരക്ഷിതത്വം, ഭാര്യ, മക്കൾ
പിൻവിളികൾ ബലം കൂട്ടും.

*********

മരണവും മരണാന്തരവും വെച്ചു തന്നെ മതക്കച്ചവടം.

*********

മരണവീട്ടിൽ മതക്കാരന് പ്രാമുഖ്യം, മേൽക്കോയ്മ
പുരോഗമനവാദിയും അപ്പോൾ മൗനിയാവുന്നു.
സംസ്കാരം മതപരമായി, മത ഇടങ്ങളിൽ.
മതേതരമായ ചടങ്ങും ഇടവുമില്ല.

*********

ഉണ്ടായാലും ഇല്ലേലും
ദൈവം മതത്തിന്റേതല്ല: മതം ദൈവത്തിന്റേതുമല്ല
മതം കാഴ് നിഷേധിക്കുന്ന അടഞ്ഞ വാതിൽ

മതം പറയുംപോലെ മാത്രമായ ദൈവം ഇല്ല.

No comments: