"ഗുരോ, ആരാണ് അങ്ങയുടെ ഗുരു?"
"ശത്രുക്കള്‍. ഇനിയും പഠിക്കാനും ഒരുങ്ങാനും ഉണ്ടെന്ന് അറിയിക്കുന്നവർ."
"ഗുരോ അങ്ങയ്ക്ക് ശത്രുക്കളോ?"
"ഇല്ലില്ല, തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്ന ആരും, എന്തും പ്രധാനമായും ഗുരുക്കന്മാര്‍?"
"ഗുരോ, എന്നു വെച്ചാല്‍?"
"തളര്‍ത്തുന്നതും തകര്‍ക്കുന്നതും തന്നെയാണ് വളര്‍ത്തുന്നതും വലുതാക്കുന്നതും.
"തളര്‍ച്ചയില്‍ വളര്‍ച്ചയും തകര്‍ച്ചയില്‍ നിര്‍മ്മാണവും ഉണ്ട്.
" തളര്‍ന്നുത്തുന്നതിനെയും തകര്‍ക്കുന്നതിനെയും പ്രതിരോധിച്ചാണല്ലോ, പ്രതിരോധിക്കാനാണല്ലോ, പ്രതിരോധിക്കേണ്ടതുള്ളതിനാലും ആണല്ലോ മനുഷ്യന്‍ ഇന്നിങ്ങനെ ഇതുവരെ ഇപ്പരുവത്തില്‍, അവന്‍ ഉദ്ദേശിച്ചത് പോലെ, പുരോഗമിചെത്തിയത്? അത് സിംഹത്തെ ആയാലും അണുവിനെ ആയാലും ബാക്ടീരിയയെ ആയാലും വൈറസിനെ ആയാലും."
"പ്രതിബന്ധങ്ങൾ ആണ്, പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുന്നരാണ് യഥാര്‍ത്ഥത്തില്‍ നിന്നെ ശക്തിപ്പെടുത്തുന്നത്, വളര്‍ത്തുന്നത്.
"ഗുരോ, അങ്ങും ആരെയെങ്കിലും ശത്രുവെന്ന് കരുതുന്നുവെന്നോ?"
"അല്ലല്ല, രസതന്ത്രം കൊണ്ട് സംഭവിക്കുന്ന ശത്രുത. അനാവശ്യമായത് ശത്രുവാകുന്ന ശത്രുത. ആവശ്യം സുഹ്രുത്താവുന്ന രസതന്ത്രം."
"ഗുരോ, മനുഷ്യരില്‍ താങ്കള്‍ക്ക് ശത്രുക്കൾ ഉണ്ടോ? താങ്കള്‍ അങ്ങനെ ആരെയെങ്കിലും ശത്രുവായി കണക്കാക്കുന്നുവോ?"
"അല്ല. അങ്ങനെയല്ല."
"ഗുരോ, പിന്നെ?"
"ചിലര്‍ നിന്നെ അവരുടെ ശത്രു എന്ന് കരുതും. നിന്റെ തീരുമാനവും കൂടിയാലോചനയും കൂടാതെ തന്നെ.
"അങ്ങനെ നീ അറിയാതെയും അവർ നിന്നെ ശത്രു ആക്കും."
"ഗുരോ എന്നു വെച്ചാൽ?"
"കൂടെ എന്ന് തോന്നിപ്പിച്ചു ചതിക്കുന്നവരും ശത്രുത സൂക്ഷിക്കുന്നവരും അവരിൽ കൂടുതൽ"
"ഗുരോ, അതെങ്ങിനെ?"
"ഈയുഉള്ളവന്‍ ചിലത് യഥാര്‍ത്ഥത്തില്‍ പറയുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തിത്തരുന്നത് അവരാണ്. അതിനാല്‍ അവരെന്റെ ഗുരുക്കന്മാര്‍.
"എങ്ങിനെയൊക്കെ പറയാം, പറയാതിരിക്കാം എന്നവർ തിരുത്തുന്നു. അതിനാലും അവരെന്റെ ഗുരുക്കന്മാര്‍.
"എനിക്കറിയാത്തത് വെച്ച് തിരുത്തുന്നു, പാഠം തരുന്നു. അതാണ് അവർ പോലും അറിയാത്ത എന്റെ ഗുരുക്കന്മാരിലെ ഗുരുത്വത്തിന്റെ ആഴം.
"ക്ഷമയും ജാഗ്രതയും എങ്ങിനെ എത്ര വേണമെന്ന് പഠിപ്പിക്കുന്നു. അത്രയ്ക്ക് ഗുരുക്കന്മാരിലെ ഗുരുത്വത്തിന്റെ മഹത്വം.
"മുള്ളുകള്‍ പൂവുകള്‍ അല്ലെന്നും, ഒരുപക്ഷെ പൂവിനെ പൂവായി വളര്‍ത്തുന്നതും സൂക്ഷിക്കുന്നതും മുള്ളുകള്‍ ആണെന്നും മനസ്സിലാക്കിത്തരുന്നു. ഗുരുക്കന്മാര്‍ എനിക്ക് തരുന്ന വലിയ പാഠം.
"അവരാണ് യഥാര്‍ത്ഥത്തില്‍ ഈയുള്ളവനെ ഇക്കോലത്തില്‍ വളർത്തിയവരും വളര്‍ത്തുന്നവരും.
"ഈയുള്ളവന്‍ ഈ പറയുന്നതൊക്കെ പറയുന്നത് അവര്‍ കാരണമായി, അവരെക്കൊണ്ട്.
"അവരാണ് ഈയുള്ളവന് പ്രതിരോധവും ശക്തിയും, ഉണ്ടാക്കിത്തന്നവർ, ഉണ്ടാക്കിത്തരുന്നവര്‍"
"അറിയാമല്ലോ, ഗുരുവെന്നാല്‍, ഉണ്ടാക്കുന്നവനും നിലനിര്‍ത്തുന്നവനും നശിപ്പിക്കുന്നവനും.
"എന്ന് വെച്ചാല്‍ നശിക്കാനും നിര്‍മ്മിക്കാനും നിലനിര്‍ത്താനും വേണ്ടത് ചെയ്യുന്നവർ എന്റെ ശത്രുക്കള്‍. അങ്ങിനെ വേണ്ടത് എന്നെക്കൊണ്ട് ചെയ്യിപ്പിക്കുന്നു അവർ.
"ഗുരോ, അങ്ങിനെ വരുമ്പോള്‍ ഗുരു തന്നെയല്ലാതെ ആരെങ്കിലും ഉണ്ടാവുമോ?
"കുഞ്ഞേ, ഇല്ല. എന്ന് മാത്രമല്ല, നിന്റെ ഗുരുക്കന്മാരില്‍ കേമനായവന്‍ നിന്റെ ശത്രു, അഥവാ നിന്നെ ശത്രു ആക്കുന്നവന്‍"
"ഗുരു ബ്രഹ്മ, ഗുരുര്‍ വിഷ്ണു, ഗുരു ദേവോ മഹേശ്വര. ഗുരു സ്സാക്ഷാല്‍ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:”
No comments:
Post a Comment