ഗുരോ, മനുഷ്യന് മാറാരോഗം ഉണ്ടോ?
കുഞ്ഞേ, ഉണ്ട്. പക്ഷെ, അങ്ങനെ നീ ചോദിക്കാന്‍ കാരണം?
ഗുരോ പൂച്ചയെയും നായയെയും കാണുന്നു. ഒന്നിലും മുഴുകാതെ, എല്ലാറ്റിലും മുഴുകി. ആവുംപോലെ ആയിക്കൊണ്ട്. ആയിരിക്കുന്ന അവസ്ഥയില്‍ ആയിക്കൊണ്ട്. സംഘർഷമില്ലാതെ വെപ്രാളമില്ലാതെ. തെളിയിക്കലും സമര്‍ഥിക്കലും പ്രശ്നമാവാതെ, ആവശ്യമാവാതെ.
അതേ, കുഞ്ഞേ, മനുഷ്യന് മാറാരോഗമുണ്ട്.
അവനെ ജീവിപ്പിക്കുന്നതും ചലിപ്പിക്കുന്നതും തന്നെ ഈ മാറാരോഗങ്ങള്‍. ജീവിതത്തെ ജീവിതത്തിനുള്ള വഴിയും ഉപാധിയും ഉപകരണവും ആക്കുന്ന മാറാരോഗം.
ഗുരോ, അത്രയ്ക്കങ്ങനെയോ? എങ്കിൽ ആ മാറാരോഗത്തിന് ചികില്‍സയുണ്ടാവില്ലേ?
കുഞ്ഞേ, ഉണ്ട്, ചികില്‍സയുണ്ട്. ചികിത്സ നടക്കുന്നുമുണ്ട്. ഒരര്‍ത്ഥത്തില്‍ ചികിത്സ മാത്രമേ നടക്കുന്നുള്ളൂ.
കുഞ്ഞേ, മനുഷ്യജീവിതം ജീവിതമാകുന്നത് ആ ചികില്‍സയിലൂടെ. ചികിത്സ തന്നെ അവന്റെ ജീവിതം.
ഗുരോ, ചികിത്സയുണ്ടെങ്കിൽ പിന്നെ രോഗം ബാക്കിയാവുന്നത്?
കുഞ്ഞേ, ചികിത്സിച്ച് കൊണ്ടിരിക്കുന്നതിനെയാണ് വേറൊരര്‍ത്ഥത്തില്‍ ജീവിതം തന്നെയായി അവന്‍ കരുതുന്നത്, നിര്‍വ്വചിച്ച് പോരുന്നത്.
ഗുരോ, എങ്കിലത് മാറാരോഗം ആവുന്നതെങ്ങിനെ?
കുഞ്ഞേ, ചികിത്സിക്കുന്നു എന്നത് മനുഷ്യന്‍ പോലും അറിയാത്ത കാര്യം, ശ്രമം.
ഗുരോ, അപ്പോൾ പിന്നെ ചികിത്സ ചെയ്യുന്നത്? ചികിത്സയുടെ ഫലം?
കുഞ്ഞേ, രോഗം വലുതാകുക, വഷളാവുക എന്നത് അതിന്റെ ഫലം.
ചികിത്സിക്കുംതോറും വളരുന്ന, വലുതാകുന്ന രോഗം മനുഷ്യനിലെ മാറാരോഗം. കാമം പോലെ. താല്‍ക്കാലിക ശമനം മതിയെന്ന് തോന്നിപ്പിച്ചേക്കും. പക്ഷെ അപ്പടിയെ ആവര്‍ത്തിക്കും.
ഗുരോ, എന്താണ് മനുഷ്യന് മാറാരോഗത്തിന് നൽകുന്ന ചികിത്സ?
കുഞ്ഞേ, പറയാം. പക്ഷേ, അതിന് മുന്‍പ് മാറാരോഗം എന്തെന്നും നീ അറിയേണ്ടേ?
അതെ, ഗുരോ, അതെ. അങ്ങ് അതറിയിച്ചു തരണം.
കുഞ്ഞേ, ആഗ്രഹമാണ് അവന്റെ മാറാരോഗം. പിന്നെ മരണവും. അഥവാ മരണഭയം.
ചികിത്സിച്ചാലും ഇല്ലേലും തുടരുന്നത്, വളരുന്നത് മാറാരോഗം. ജീവിതം ജീവിതത്തെ തുടര്‍ത്തുന്നത്.
ഗുരോ, എന്നുവെച്ചാല്‍?
കുഞ്ഞേ, എപ്പോഴും വളര്‍ന്നു മാത്രം കൊണ്ടിരിക്കുന്ന രണ്ട് രോഗങ്ങള്‍ അവന്റെ മാറാരോഗങ്ങള്‍. മരണവും (മരണഭയവും) ആഗ്രഹവും.
എപ്പോഴും നാം വളര്‍ത്തിക്കൊണ്ടു നടക്കുന്ന രണ്ട് രോഗങ്ങള്‍.
അവകൊണ്ടുള്ളതാണ്, അവയുടെ വളര്‍ച്ചയാണ്, ആ വളര്‍ച്ചയുടെ ആകത്തുകയാണ് ജീവിതം.
അതിനാലെ, ആപേക്ഷിക ജീവിതത്തെ അതാക്കി മാറ്റുന്ന, നിലനിര്‍ത്തി, തുടര്‍ത്തുന്ന രണ്ട് രോഗങ്ങള്‍ അവ.
ഗുരോ, ഇവ രണ്ടും ശരിക്കും രോഗങ്ങളോ?
കുഞ്ഞേ, അതേ. എല്ലാം ചെയ്യിപ്പിച്ചക്കുന്ന രണ്ടേ രണ്ട് രോഗങ്ങള്‍.
ഗുരോ, ഇവ രണ്ടും രോഗങ്ങളെങ്കിൽ, ഇവക്ക് മനുഷ്യന്‍ നല്‍കുന്ന ചികിത്സ?
കുഞ്ഞേ, എല്ലാം ചെയ്യിപ്പിക്കുന്നതാണ് രോഗവും അതിന്റെ ചികിത്സയും. രോഗത്തിനും ചികിത്സക്കും വേണ്ടിയായത്കൊണ്ട് എന്തും ചെയത് പോകും.
അങ്ങിനെ വരുമ്പോൾ, അവന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചികിത്സ. അത് തന്നെ ജീവിതമായി ഭവിക്കുന്നു.
അതേ, ഗുരോ, അതേ. പക്ഷേ, പ്രത്യേകിച്ചും മനുഷ്യന്‍ നല്‍കുന്ന ചികിത്സ എന്താണ്?
കുഞ്ഞേ, അദ്ധ്വാനവും സമ്പാദ്യവും.
ആഗ്രഹമെന്ന, മരണഭയമെന്ന രോഗത്തിന് അവന്‍ നല്‍കുന്ന ചികിത്സയാണ്, മരുന്നാണ് അദ്ധ്വാനം, സമ്പാദ്യം.
രണ്ടും ആഗ്രഹം സാധിച്ചെടുക്കാൻ, മരണത്തെ പ്രതിരോധിക്കാന്‍.
ഗുരോ, അങ്ങിനെ ചെയത്കൊണ്ട് മനുഷ്യന് ചെയ്യുന്നത്?
മരണത്തെ പ്രതിരോധിക്കാന്‍ വേണ്ടി മരിക്കും, മരിച്ചുകൊണ്ടിരിക്കും .
ആഗ്രഹം നടത്താൻ ആഗ്രഹത്തെ കൊല്ലും.
മരിക്കാതിരിക്കാന്‍ മരിച്ചു കൊണ്ടിരിക്കും.
ഗുരോ, എന്നുവെച്ചാൽ?
കുഞ്ഞേ, അവനെക്കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത രണ്ട് ചികിത്സകള്‍, മരുന്നുകള്‍.
ആഗ്രഹത്തെയും മരണത്തെയും എപ്പോഴും വളര്‍ത്തുന്ന സാധ്യമാക്കുന്ന രണ്ട് ചികിത്സകള്‍, മരുന്നുകള്‍.
രോഗത്തിന്റെ തന്നെ പ്രായോഗിക രൂപമാണ് ചികിത്സയെന്ന് നാം കരുതുന്ന അദ്ധ്വാനം, സമ്പാദ്യം.
രോഗം തന്നെ ചികിത്സയാവും, ഉണ്ടാക്കും.
രോഗം തന്നെ മരുന്നും പ്രതിരോധവും കണ്ടെത്തും.
രോഗം തന്നെ മരുന്നും പ്രതിരോധവും ആയിത്തീരും.
ഗുരോ, പക്ഷേ മരണഭയം മനുഷ്യനെ മാത്രമല്ലല്ലോ ഭരിക്കുന്നത്? എല്ലാ ജീവജാലങ്ങളെയും അത് ഭരിക്കുന്നില്ലേ?
കുഞ്ഞേ, മറ്റെല്ലാ ജീവജാലങ്ങളിലും മരണവും മരണഭയവും ഒരു പ്രതികരണമായി, പ്രതികരണബോധമായി മാത്രം. മരണാനന്തരത്തെ കേന്ദ്രീകരിച്ചല്ല. അപകടം വരുമ്പോൾ പ്രതികരിക്കുന്ന പ്രതികരണപരതയില്‍ മാത്രം. ജീവിതത്തെ സൂക്ഷിക്കാനും നിലനിർത്താനും മാത്രം. അത് തന്നെ എപ്പോഴും സ്ഥാപനമായി കൊണ്ട് നടക്കാതെ.
മനുഷ്യനില്‍ മരണവും മരണഭയവും മരണാനന്തരത്തെ കേന്ദ്രീകരിച്ച സ്ഥാപനമായും വ്യവസായമായും പ്രത്യയശാസ്ത്രമായും മതമായും നിലകൊള്ളുന്നു.
മനുഷ്യന്‍ ജീവിക്കുന്നത് ജീവിക്കാനല്ല; പകരം മരണത്തെ പ്രതിരോധിക്കാനും മരണാനന്തരം സംരക്ഷിക്കാനും. അവന്‍ ജീവിക്കുന്നത് ഇന്നില്‍ അല്ല; പകരം നാളേക്ക് വേണ്ടി, നാളെയെ സങ്കല്പിച്ചു കൊണ്ട്.
അതിനാല്‍ തന്നെ മനുഷ്യന് ജീവിതം ഒരു സ്വാഭാവിക പ്രക്രിയ അല്ല. നൃത്തമല്ല.
പകരം ഒരുങ്ങലും ഒരുക്കലും ആണ്. ഒരിക്കലും ആവുംപോലെ ആയിരിക്കുന്ന അവസ്ഥയില്‍ ആവാന്‍ സാധിക്കാതെ.
No comments:
Post a Comment