Thursday, July 4, 2019

ഏഴു വിധം ഏഴു കൂട്ടര്‍: ഏഴ് ആകാശവും നിറവും സ്വരവും കടലും ദിവസവും പോലെ.

ഏഴു വിധം ഏഴു കൂട്ടര്‍:

ഏഴ് ആകാശവും നിറവും സ്വരവും കടലും ദിവസവും പോലെ തന്നെ ഏഴു വിധം, ഏഴു വിഭാഗം

സത്യം തേടുന്ന വഴിയില്‍, തേടുന്നവരെന്ന് അവകാശപ്പെടുന്നവർ, അങ്ങിനെ വരുത്തുന്നവർ, അതിനാല്‍ നിന്നെ പിന്‍തുടരുന്നവർ.

1. നിന്നോടൊപ്പവും സത്യത്തോടൊപ്പവും സ്ഥാനവും ബഹുമാനവും അധികാരവും പ്രശസ്തിയും നുണയാന്‍ കൂടെ കൂടുന്നവർ,

2. നിന്നിലും സത്യത്തിലും മഹത്വം എന്ന്കണ്ട്, അങ്ങിനെ ധരിച്ച്, അങ്ങനെയാവാന്‍ ശ്രമിക്കുന്നവര്‍. വഴിയില്‍, അതാവാതെ, അതിനാവാതെ, വെറുതെ അനുകരിക്കുന്നവർ

3. ഫാഷന്‍, അല്ലെങ്കിൽ കാലത്തിന്റെ ട്രെന്‍ഡ്, എന്ന്കണ്ട് വരുന്നവർ

4. നിലവിലുള്ളതിന്റെ ബാധ്യതകളില്‍ നിന്ന് ഒളിച്ച് ഓടുന്നവർ. ബാധ്യതകളെ പേടിച്ച് അതിൽ നിന്ന് രക്ഷനേടാൻ നിലവില്‍ ഉള്ളതിനെതിരെ നിങ്ങളെ മറയും തണലും ആക്കുന്നവർ

5. കാല്‍പനികതയില്‍ വന്ന്പെടുന്നവർ. യാഥാര്‍ത്ഥ്യബോധം തൊട്ടുതീണ്ടാതെ, വന്നിരിക്കുന്നവർ

6 നിന്റെ ശത്രു. കപടന്‍. നിന്നോടൊപ്പം എന്ന് നിന്നെ ധരിപ്പിച്ച്, നിന്നെ ഒറ്റ്കൊടുക്കുന്നവർ. നിന്നോടും നീ പറയുന്നതിനോടും യഥാര്‍ത്ഥത്തില്‍ അസൂയയും ശത്രുതയും അസഹിഷ്ണുതയും വെച്ച്പുലര്‍ത്തി നിന്നോടൊപ്പം നിന്ന് നിന്നെ തകര്‍ക്കുന്നവർ. ചിതല്‍, ചാരന്മാര്‍, കപടന്‍മാര്‍.

മേല്‍പറഞ്ഞ ആറ് കൂട്ടരാണ് അധികവും ആരുടെ കൂടെയും ഉണ്ടാവുക. നിന്റെ കൂടെ എന്നല്ല; സത്യം പേറി, സത്യം മാത്രം പറഞ്ഞ്നടക്കുന്ന ആരുടെയും കൂടെ. അത് യേശുവായാലും ബുദ്ധനായാലും മുഹമ്മദ് ആയാലും നീ ആയാലും.

പക്ഷെ ഇവരൊക്കെയും  മുഴുനീളെ കൂടെ നില്‍ക്കില്ല. അങ്ങിനെ മുഴുനീളെ കൂടെ നിൽക്കാൻ അവര്‍ക്കാവില്ല.

കടന്നുപോക്കിന്റെ ചൂടും ചൂരും അറിയുമ്പോൾ വഴിയില്‍ വെച്ച് അവർ അടര്‍ന്നും കൊഴിഞ്ഞും ഒഴിഞ്ഞ് പോകും.

7. ഏഴാമതൊരു വിഭാഗം. അവർ നിന്നെ ചരിത്രത്തിലും കഥയിലും ചർച്ചകൾക്കായി മനസിലാക്കും. കൂടെ അടുത്തുണ്ടായാല്‍ അറിയില്ല, കണ്ടെന്ന് നടിക്കില്ല.

പിന്നെയാര് കൂടെ ഉണ്ടാവുന്നവരും നില്‍ക്കുന്നവരും നിൽക്കാൻ സാധിക്കുന്നവരും?

വളരെ ചെറിയ ഒരു ന്യൂനപക്ഷം.

ചൂടും ചൂരും സഹിക്കാൻ സാധിക്കുന്നവർ.


ചൂടും ചൂരും അറിഞ്ഞ് അതിന്വേണ്ടി തന്നെ വന്നവർ.

No comments: