Thursday, July 11, 2019

സത്യസന്ധമായതാണെങ്കിൽ, ഒരു സംശയവും വേണ്ട, ചോദ്യം തന്നെ ഉത്തരമാവും.

ചോദ്യം ഇങ്ങനെ:  All these sentences are true. From which marg have you got all these sentences?
സുഹൃത്തേ, നല്ല സത്യസന്ധമായ ചോദ്യം.
സത്യസന്ധമായതാണെങ്കിൽ, ഒരു സംശയവും വേണ്ട, ചോദ്യം തന്നെ ഉത്തരമാവും.
അല്ലാതെ തരമില്ല.
മുട്ട തന്നെ കുഞ്ഞും, വിത്ത് തന്നെ വൃക്ഷവും ആവും പോലെ ആവും.
കേട്ട വഴിയും കണ്ട വഴിയും വായനയും വായിച്ച അറിവും മുന്‍പില്‍ തടസ്സവും മുകളില്‍ ഭാരവും ആവില്ലെങ്കിൽ.
വളര്‍ച്ച സംഭവിക്കാന്‍  പ്രത്യേകം മാര്‍ഗവും വായനയും ഓര്‍മയും വേണ്ടതില്ല. ആയിരിക്കുന്ന അവസ്ഥയില്‍ ആയിരുന്ന് യോജിച്ചിരുന്നാല്‍ മതി
മുന്‍പും ഇങ്ങനെ ഒരു നല്ല ചോദ്യം താങ്കള്‍ ചോദിച്ചിരുന്നു. നിഷ്കളങ്കമായത്. സത്യസന്ധമായത്. "ഇത്തരം നല്ല വാക്കുകളും വരികളും എഴുതാന്‍ എങ്ങിനെ സാധിക്കുന്നു" എന്നായിരുന്നു താങ്കള്‍ അന്ന് ചോദിച്ചത്‌.
ഓര്‍മയുണ്ട്.
അന്നതിന്ഉത്തരം നല്‍കിയിരുന്നില്ല. സംഗതിവശാല്‍.
ക്ഷമ ചോദിക്കുന്നു.
അതിനുള്ള ഉത്തരം:
എല്ലാം കിട്ടുന്നിടത്ത് നിന്ന് തന്നെ, എല്ലാം പറയുന്നിടത്ത് നിന്ന് തന്നെ, ഇതും അതും കിട്ടുന്നു, പറയുന്നു.
നന്മ കിട്ടുന്നിടത്ത് നിന്ന് തന്നെ തിന്മയും കിട്ടുന്നു.
നന്മയും തിന്മയും ഒരേ ഇടത്ത് നിന്ന് തന്നെ കിട്ടുന്നു, പറയുന്നു.
അതാണ് അങ്ങനെയാണ് ജീവിതം, ദൈവം
എല്ലാത്തിനും ന്യായവും ആധാരവും ഒന്ന്. ദൈവം, ജീവിതം
നന്മയും തിന്മയും ഒരേ ഇടത്ത് നിന്ന് തന്നെ. ഒന്ന് തന്നെ. ദൈവം തന്നെ, ജീവിതം തന്നെ
ഒരേ മണ്ണില്‍ നിന്ന് തന്നെ എല്ലാ രുചികളും രുചിഭേദങ്ങളും.
മാങ്ങയുടെ മധുരവും പുളിയും, കാഞ്ഞിരത്തിന്റെ കയ്പും ഒരേ മണ്ണില്‍ നിന്ന്.
ജീവിതം, നമുക്ക് എന്ത് കിട്ടി എന്നിടത്തല്ല.
ജീവിതം നമ്മൾ, നമ്മുടെ സമീപനം വെച്ച്, അന്വേഷണം കൊണ്ട്‌, സ്വന്തം വേര് വെച്ച്, എന്തെടുക്കുന്നു, എങ്ങിനെ എടുക്കുന്നു എന്നിടത്താണ്.
കിട്ടുന്നത്വെറും മണ്ണാവാം.
പക്ഷെ മണ്ണില്‍ നിന്നും എടുക്കുന്നത് പൂവും പഴവും ആവാം.
യോഗയും മോക്ഷവും ബോധോദയവും അങ്ങിനെ തന്നെ.
എങ്ങിനെയും എവിടെനിന്നും.
ജീവിതം മാത്രം ആധാരം.
ജീവിതം മാത്രം ഉപാധി, മാര്‍ഗം, വഴി
യോഗയും മോക്ഷവും എല്ലാം അങ്ങിനെ മാത്രം.
തീര്‍ത്തും സ്വതന്ത്രമായി. സ്വാതന്ത്ര്യത്തില്‍.
ദൈവവും ജീവിതവും സ്വതന്ത്രമാണ്, സ്വാതന്ത്ര്യത്തിലാണ്
വഴിയും വായിച്ചതും അറിഞ്ഞതും reference കളും നമ്മുക്കതിന്തടസ്സമാവാതിരുന്നാല്‍.
വഴി നമുക്കും, നമ്മൾ വഴിക്കും തടസ്സമാവാതിരുന്നാല്‍ മതി
നാം വഴിയിലൂടെ കടന്ന് പോകണണം.
വഴിയില്‍ തങ്ങി നിന്ന് പോകരുത്.
വഴി നമ്മളിലൂടെയും കടന്ന് പോകണം.
വഴി നമ്മളിലും തങ്ങിനിന്ന് പോകരുത്.
വഴിയും നമ്മളും പരസ്പരം കെട്ടിത്തങ്ങി നില്‍ക്കരുത്. പരസ്പരം തടസ്സമാവരുത്
അതിനാല്‍ തന്നെ, മാര്‍ഗം എന്തെന്നും ഏതെന്നും എങ്ങിനെയെന്നും ചോദിക്കേണ്ടിവരരുത്.
യേശുവിന്റെതല്ല കൃഷ്ണന്റെ  യോഗമാര്‍ഗം.
അവയൊന്നുമല്ല മുഹമ്മദിന്റെതും ബുദ്ധന്റെതും.
എഴുതിവെച്ച പ്രത്യേക മാര്‍ഗ്ഗത്തിലൂടെ അനുകരിച്ചല്ല ഇവരാരും സഞ്ചരിച്ചതും, യോഗയും മോക്ഷവും നേടിയതും.
അവരവരുടെ മാത്രം വഴി, രീതി. തീര്‍ത്തും സ്വാഭാവികമായി
പ്രത്യേക മാര്‍ഗങ്ങളിലൂടെയല്ലാതെ. ഒന്നും പിന്തുടരാതെ. യാദൃശ്ചികമായും സ്വാഭാവികമായും.
ജീവിതം പോലെ. ജനനവും മരണവും പോലെ
ആരോ എഴുതിവെച്ച പ്രത്യേക മാര്‍ഗ്ഗത്തിലൂടെ പോകുന്നവര്‍ അനുകരിക്കുന്നവരാണ്. കഥയറിയാതെ ആടുന്നവർ.
അനുകരിക്കുന്നവർ യാന്ത്രികരും കൃത്രിമരും ആവും.
അവർക്ക് അനുഷ്ഠാനവും ആചാരവും പ്രധാനം. ആത്മാവും അര്‍ത്ഥവും ഉള്ളും അല്ല
അങ്ങനെയുള്ളവര്‍ നഗ്നതയും ആത്മാവും അകക്കാമ്പും തൊട്ടറിയില്ല. യാഥാര്‍ത്ഥ മോക്ഷയും യോഗയും അറിയില്ല.
ഒന്നറിയണം.
ദൈവവും ജീവിതവും സത്യവും യോഗയും മോക്ഷവും എല്ലാവർക്കും ഒരുപോലെ.
എല്ലാവർക്കും ഒരു പോലെ സാധ്യമായത്, പ്രാപ്യമായത്.
വെളിച്ചവും വായുവും വെള്ളവും പോലെ.
ജീവനും ജീവിതവും പോലെ.
ആര്‍ക്കെങ്കിലും മാത്രമായി പ്രത്യേകിച്ച് ഇല്ലാത്തത്. പ്രത്യേകിച്ചല്ലാത്തത്.

No comments: