വെറും 6 വയസ്സുകാരന് കുട്ടി.
അന്വേഷണമായി തീരാത്ത കൗതുകം മാത്രം സ്വന്തമായുണ്ടാകാവുന്ന ഒരു കുഞ്ഞു കുട്ടി.
ആ കൗതുകത്തിന്റെ ഭാഗമായി, അടിച്ചേല്പിച്ച വിശ്വാസം വെച്ച്, വളരെ സ്വാഭാവികമായി തന്നെ "ഉമ്മാ സ്വര്ഗത്തില് ബുഗാട്ടി കാറും ഐസ്ക്രീമും ഉണ്ടാവില്ലേ" എന്ന് ചോദിച്ച അതേ കുഞ്ഞു കുട്ടി.
കുട്ടിക്ക് ജീവിതം എന്തെന്നറിയില്ല, അറിയേണ്ടതില്ല. വളരെ സ്വാഭാവികം.
കുട്ടിക്ക് മരണഭയം ഉണ്ടാവാം. പ്രകൃതിപരമായും പ്രതികരണപരമായും.
പക്ഷേ മരണമെന്തെന്നും മരണാനന്തരം എന്തെന്നും ചിന്തിക്കാനും അറിയാനും അന്വേഷിക്കാനും കുട്ടിക്കാവില്ല.
സ്വന്തം മാതാപിതാക്കൾക്ക് പോലും ഇക്കാലമത്ര ജീവിച്ചിട്ടും ആവാത്തതും അറിയാത്തതും പ്രത്യേകിച്ചും. അവര്ക്കും അത് വെറും കേട്ട്കേള്വിയും ആരോ പറഞ്ഞ് കൊടുത്ത വെറും വിശ്വാസ വും മാത്രമായിരിക്കെ. ഏറിയാല്.
കുട്ടിക്ക് ദൈവം എന്തെന്നും ആരെന്നും വിഷയം ആവേണ്ടതല്ല. അറിയുകയുമില്ല.
സൃഷ്ടിയും സ്രഷ്ടാവും എന്ത്, എങ്ങനെയെന്ന് അവന് വിഷയമല്ല, അറിയില്ല.
പ്രാർത്ഥന എന്തെന്നും എന്തിനെന്നും അറിയില്ലെന്നതിനപ്പുറം ആവശ്യം എന്തെന്നും ആരോട് എങ്ങിനെ എന്തിന് ചോദിക്കണമെന്നും അവനറിയില്ല, അറിയേണ്ടതില്ല.
അവന്റെ മാതാപിതാക്കളോടും ചുറ്റുപാടുള്ളവരോടും തോന്നുംപോലെ എന്തും എന്തിനും ചോദിക്കുക മാത്രമല്ലാതെ.
വാക്കും അര്ത്ഥവും ആ കുട്ടിക്ക് അറിയില്ല, അറിയേണ്ടതില്ല.
ആചാരവും ഉപചാരവും അനുഷ്ഠാനവും ഈ പ്രായത്തിലെ ഒരു കുട്ടിക്കും ബാധകമല്ല, അറിയില്ല, ആവശ്യമില്ല.
അതൊക്കെയും വേണ്ടിവരുന്നത്ര കൃത്രിമരാവരുത് ഒരു കുഞ്ഞ് കുട്ടിയും ഈ പ്രായത്തില്.
കുട്ടിയില് ഏറിയാല് ഉണ്ടാവുകയും ഉണ്ടാവേണ്ടതും കൗതുകം മാത്രം.
ആ കൗതുകം ഉണ്ടാക്കിക്കൊടുക്കുന്ന, ഉണ്ടാക്കിക്കൊടുക്കേണ്ട പുതുമയും ഉത്സാഹവും.
എന്നിട്ടും മേല്പറഞ്ഞ ഈ 6 വയസ്സുകാരന് കുട്ടി, ഈയുള്ളവന് യാത്ര ചെയ്യുകയായിരുന്ന വാഹനത്തില് കയറിയ ഉടനെ, ഈയുള്ളവന്റെ അടുത്ത് ഇരുന്ന്, പറഞ്ഞു.
"ബിസ്മില്ലാഹി തവക്കല്ത്തു അലല്ലാഹ്"
(അല്ലാഹുവിന്റെ നാമത്തില് തുടങ്ങുന്നു, ഞാന് അല്ലാഹുവില് സകലതും ഭരമേല്പിക്കുന്നു." എന്ന് സാരം).
സത്യം പറയാമല്ലോ, ഞെട്ടി, അന്തംവിട്ടു പോയി. ഈയുള്ളവന്.
വെറും മലയാളിയായ ഈ വളരെ ചെറിയ കുട്ടി അറബിയിൽ ഇങ്ങനെ ചൊല്ലുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു വലിയ വിശ്വാസിസമൂഹം ഉണ്ടായിരിക്കും.
പക്ഷേ, എന്താ കഥ? ഒന്നോര്ത്തു നോക്കുക. നമ്മളെ പേടിപ്പിക്കേണ്ടതല്ലേ ഈ ഒരു സംഭവം?
സത്യം പറയാമല്ലോ, ഈയുള്ളവന് അന്തംവിട്ടുപോയത് മറ്റൊന്നും കൊണ്ടല്ല.
കുട്ടിയിലെ കുട്ടി നഷ്ടപ്പെടാന് തുടങ്ങുന്നതിലെ വിഷമം ഉള്ളില് തള്ളിമറിഞ്ഞത് കൊണ്ട് മാത്രം.
കുട്ടിയില് ഇത്ര വലിയ കൃത്രിമത്വം ഇത്ര നേരത്തേ എത്ര സ്വാഭാവികമായി ചേക്കേറിയിരിക്കുന്നു എന്നോര്ത്ത് കൊണ്ട്.
എത്ര ചെറുപ്രായത്തില് മതം അത് സാധിച്ചു തുടങ്ങുന്നു എന്നോര്ത്തു കൊണ്ട്.
ഈ വെള്ളക്കടലാസ്സില് മതം എത്ര ചെറൂപ്പത്തില് തന്നെ എന്തും എങ്ങിനെയും കുത്തിവരയ്ക്കുന്നു എന്നോര്ത്ത് കൊണ്ട്.
മതാടിസ്ഥാനത്തില് കേരളത്തിലുടനീളമുള്ള, നടന്നുവരുന്ന സ്കൂളുകള് എത്ര ഭംഗിയായാണ് മതത്തെയും മതചിഹ്നങ്ങളെയും ആചാരങ്ങളെയും വളരെ ചെറിയ കുട്ടികളില് വരെ ഇക്കോലത്തില് ചെലുത്തി ഉറപ്പിക്കുന്നത്?
ഇങ്ങനെ ചെലുത്തിയതും കുത്തിവരച്ചതും മായ്ക്കാനും മറക്കാനും തിരുത്താനും ആ കുട്ടിക്ക് പോലും, അവന് വലുതായാല് തന്നെ, എത്ര ശ്രമിക്കേണ്ടണ്ടി വരും?
എത്ര മായ്ച്ചാലും മായുമോ കുട്ടികളിൽ ഇത്ര ചെറുപ്പത്തില് കുത്തിക്കുറിക്കുന്നതും ചെലുത്തിയതും.
ഇനി, എത്ര തന്നെ മാഞ്ഞാലും മായ്ച്ചാലും ആദ്യമേ വരച്ചതിന്റെ അടയാളം അവിടെത്തന്നെ, ഉപബോധമനസ്സിൽ കിടക്കില്ലേ? വലിയ ഒരു സ്വാധീനമായ്. അടിമപ്പെടുത്തലായ്.
അതിന്റെ ആധിപത്യം തന്നെയല്ലേ മതം വളരെ എളുപ്പത്തിൽ നേടുന്നതും?
മതം അതിന്റെ വിശ്വാസം കയറ്റി വെക്കുന്നത്, ഇത്ര ചെറുപ്പത്തില്, ഉപബോധമനസ്സിലേക്ക്.
ബോധമനസ്സിന് എത്ര ശ്രമിച്ചാലും മാറ്റാൻ കഴിയാത്ത, നായയുടെ വാല് പോലെ പിന്നീട് പെരുമാറുന്ന, വളഞ്ഞ് തന്നെ നില്ക്കുന്ന, ഉപബോധമനസ്സിൽ.
എന്നിട്ടും, ഇങ്ങനെ നിര്ബന്ധപൂര്വ്വം അടിച്ചേല്പിച്ചു കഴിഞ്ഞിട്ടും നാം മതേതരര് അവകാശപ്പെടും: വിശ്വാസം സ്വതന്ത്രമായി തെരഞ്ഞെടുക്കണമെന്ന്. വിശ്വാസസ്വാതന്ത്ര്യം വേണമെന്ന്.
കുട്ടികളില് അടിച്ചേല്പിച്ചു കൊണ്ട്.
കുട്ടികളെ വരെ സ്വതന്ത്രമാക്കി വിടാതെ.
വിശ്വാസകാര്യങ്ങളില്, വലുതാകുംവരെ കാത്തിരുന്ന്, അവരത് സ്വയം തെരഞ്ഞെടുക്കാന് അനുവദിക്കാതെ.
6 വയസ്സുള്ള ഈ കുട്ടി പറഞ്ഞത് തീര്ത്തും കനമുള്ള അര്ത്ഥവത്തായ വചനം.
പക്ഷേ, നല്ലതും അസ്ഥാനത്ത് അസമയത്ത് നല്ലതല്ലല്ലോ?
തെളിച്ചവും വെളിച്ചവും പോലെ അറിഞ്ഞ് പറയേണ്ടതല്ലേ ഇതൊക്കെ?
6 വയസ്സ് മാത്രമുള്ള ഈ കുട്ടി ഈ പ്രായത്തില് ഇങ്ങനെ പറയാമോ?
അവന് ആദ്യം ഉണ്ടാകേണ്ടത് തീരുമാനവും ഉറപ്പും ആണോ? അന്വേഷിക്കാനുള്ള തുറവി അല്ലേ? അന്വേഷിക്കേണ്ട വഴികള് അല്ലേ?
6 വയസ്സുള്ള കുട്ടിക്ക്, എത്രയെല്ലാം ബുദ്ധിയും അറിവും ഉള്ളവനായാലും, അങ്ങനെ ഒരു കാര്യം ഇക്കോലത്തില് യഥാര്ത്ഥത്തില് പറയാൻ സാധിക്കുമോ?
അതും തീര്ത്തും അന്യമായ ഒരു ഭാഷയില്...
ഭാഷ പഠിപ്പിക്കാന് ഒന്നുമല്ല ഇങ്ങനെ പറയിപ്പിക്കുന്നത് എന്നോര്ക്കാണം.
Nursery rhymes പഠിപ്പിക്കുന്നത് പോലെയുമല്ല.
അവന് യഥാര്ത്ഥത്തില് പറയേണ്ടതോ, അല്ലെങ്കിൽ പറഞ്ഞു പോകുന്നതോ അല്ല ഈ വചനം. അല്ലെങ്കിൽ ഇത് പോലുള്ള വചനങ്ങൾ.
ഒരു പക്ഷെ, മതവിശ്വാസിയായ ഏതൊരു മാതാവും പിതാവും കാഴ്ചക്കാരനും സന്തോഷിക്കും, അഭിമാനം കൊള്ളും, ആനന്ദനൃത്തമാടും, 6 വയസ്സുകാരന് ഇങ്ങനെ പറയുമ്പോൾ.
ഭാവിയിലേക്ക് ഒരുറച്ച വിശ്വാസിയെ കിട്ടുന്നതിന്റെ സന്തോഷത്തില്.
പക്ഷേ സാമാന്യബോധമുള്ള, സ്വതന്ത്രമായി ചിന്തിക്കുന്ന ഏതെങ്കിലും കാഴ്‌ചക്കാരന്റെ കാര്യമോ?
അന്തംവിട്ടു പോകും.അസ്വസ്ഥപ്പെട്ടുപോകും. പേടിച്ചു പോകും. മസ്തിഷ്ക പ്രക്ഷാളനത്തിന്റെ കരുത്ത് കണ്ടിട്ട്.
കുട്ടിയിലെ കുട്ടി നഷ്ടപ്പെട്ടുപോകുന്നത് കണ്ടിട്ട്.
മാതാപിതാക്കളിലൂടെ കുട്ടി മതത്തിന് വളരെ എളുപ്പം വില്ക്കപ്പെടുന്നത് കണ്ടിട്ട്.
കുട്ടി അടിമയായതും അടിമയാകുന്നതും കണ്ടിട്ട്.
നോക്കൂ, മതം എപ്പോൾ മുതൽ, എവിടെ വരെ കയറിപ്പിടിക്കുന്നുവെന്ന്.
മതം എത്ര ചെറുപ്പത്തിലെ അതിന്റെ വിത്തുകൾ വിതറുന്നുവെന്ന്. അടിച്ചേല്പിക്കാന് തുടങ്ങുന്നുവെന്ന്.
അവർ തന്നെ അവകാശപ്പെടുന്ന അന്വേഷിച്ച് തെരഞ്ഞെടുക്കുന്ന, അന്വേഷിച്ച് തെരഞ്ഞെടുക്കേണ്ട വിശ്വാസം.
വലുതാവുമ്പോൾ, സ്വാഭാവികമായും, അന്വേഷിച്ചും അന്വേഷിക്കാതേയും, അറിഞ്ഞും അറിയാതെയും, പ്രാപഞ്ചികതയുടെ വിശാലതയില് ആശ്ചര്യം പൂണ്ട്, സ്വന്തം നിസ്സഹായതയും നിസ്സാരതയും തൊട്ടറിഞ്ഞ് പറഞ്ഞു പോകേണ്ട വാക്കാണ്, തീരുമാനമാണ്, ഉറപ്പാണ് ഈ ഒരു കുട്ടി ഈ 6 ാം വയസ്സില് പറഞ്ഞത്.
അഥവാ ഈ 6 ാം വയസ്സില്, കുട്ടിയുടെ നാക്കില് ഉരുട്ടിയും കുരുക്കിയും ബന്ധപ്പെട്ടവർ വെച്ച് തിരുകിക്കൊടുത്തത് അത്തരം ഒരു തീരുമാനവും ഉറപ്പും. വഴിയില്ലാതെ. ഇനി വഴി അന്വേഷിക്കേണ്ട എന്ന സ്വരത്തോടെ.
മുഹമ്മദും ബുദ്ധനും യേശുവും അന്വേഷിച്ച് കണ്ടറിഞ്ഞത് കുട്ടി അനുകരിച്ച് യാന്ത്രികമായി പറയുക എന്നത്.
തീര്ത്തും കൃത്രിമമമായും യാന്ത്രികമായും കുട്ടികളെക്കൊണ്ട് അത് പറയിപ്പിക്കുക എന്നത്.
ഒരുതരം, എന്നല്ല പൂര്ണണാര്ത്ഥത്തില് തന്നെ, ബാലപീഡനവും ശിശുപീഡനവും ഒക്കെ ആയിക്കൊണ്ട്.
കുട്ടിയിലെ അന്വേഷണത്തിന് ഇപ്പോൾ തന്നെ ഫുൾസ്റ്റോപ്പ് ഇട്ടുകൊണ്ട്, ഇടാന് ശ്രമിച്ച് കൊണ്ട്.
കുട്ടിയെ എത്ര ചെറൂപ്പത്തിലെ മതം അടിമയാക്കി കഴിഞ്ഞിരിക്കുന്നു?
ഇനി ഒരു അന്വേഷണം വേണ്ടാത്ത വിധം.
ഇനി ഒരന്വേഷണം സാധിക്കാത്ത തരത്തില്.
ഈ 6 വയസ്സുകാരന് കുട്ടി, അത് പ്രയോഗവല്ക്കരിച്ചും കഴിഞ്ഞിരിക്കുന്നു.
ആരിലും ഒരസ്വസ്ഥതയും ജനിപ്പിക്കാത്ത വിധം കുട്ടികള് ഇങ്ങനെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.
ഭൂതം വേരുകൾ ആഴ്ത്താന് നിര്ബന്ധം, നല്ലത്.
പക്ഷെ പടർന്നു പന്തലിക്കുന്ന ശാഖകള് അതേ ഭൂതത്തെ അതായിത്തന്നെ കായും പൂവും പഴവും ആക്കണമെന്ന് ശഠിക്കുരുത്.
ഭാവിയായി വളര്ന്ന് ശാഖകള് പരത്തേണ്ട, തണലിടേണ്ട കുഞ്ഞുങ്ങളുടെ തലക്ക് മുകളില് ഭൂതം ഭാരമായി കയറി നില്ക്കരുത്.
അവരുടെ കാലുകളെയും കൈകളെയും തലച്ചോറിനെയും ഭൂതം വരിഞ്ഞു മുറുക്കരുത്.
ഭൂതം മാത്രമായ കുഴിമാടവും അതിലെ അസ്ഥികളും ദുര്ഗന്ധവും ഭീതി ജനിപ്പിക്കരുത്, ശ്വാസംമുട്ടിക്കരുത്, ഭീഷണിപ്പെടുത്തരുത്.
ഇനിയങ്ങോട്ട് കുഞ്ഞുങ്ങള് കുഴിമാടത്തിലെ അസ്ഥികളും ദുര്ഗന്ധ വും തന്നെ പേറി നടക്കണം, ആഭരണവും സുഗന്ധവും ആക്കണമെന്ന് ശഠിക്കരുത് .
വിശദീകരിച്ചും വ്യാഖ്യാനിച്ചും ആ ദുര്ഗന്ധത്തെ മാത്രം സുഗന്ധമായും എല്ലാറ്റിനുമുള്ള പരിഹാരമായും കരുതണമെന്നും ശഠിക്കരുത്.
ഭരണവും മേധാവിത്തവും ആധിപത്യവും ഭൂതത്തിന് മാത്രമായിരിക്കണമെന്ന് വരുത്തരുത്.
ദൈവവും സത്യവും ഭൂതത്തില് മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ എന്നും പറഞ്ഞ് വാശി പിടിക്കരുത്.