സരസ്വതീ പൂജയുടെ ഈ വേളയിൽ.
******
ഭാരതീയ ദർശനത്തിൻ്റെയും ഭാരതീയമായ ദൈവീക സങ്കല്പങ്ങളുടെയും സൗന്ദര്യവും സമതുലിതത്വവും നോക്കൂ.
ആദ്യം, ഏറ്റവും മേലെ തീർത്തും ആത്യന്തികമായത്.
നിരാകാര നിർഗുണമായി.
ഒന്നായി, ഒന്ന് പോലുമല്ലാതെയായി.
ദൈവമെന്നായി, ദൈവമല്ലെന്നായി.
നിരാകാര നിർഗുണ പരബ്രഹ്മം.
തീർത്തും നിരാകാര ഭാവത്തിൽ.
തീർത്തും നിർഗുണ ഭാവത്തിൽ.
എന്ത്കൊണ്ട് പരബ്രഹ്മം എന്ന ആത്യന്തികത തന്നെയായ ദൈവം നിരാകാരം, നിർഗുണം?
കാരണം മറ്റൊന്നുമല്ല.
ആത്യന്തികതയെ കുറിച്ച്, ആപേക്ഷികമായ മാനത്തിൽ വെച്ച് നാം പറയുന്നതൊന്നും, നാം വിശേഷിപ്പിക്കുന്ന ഒരു വിശേഷണവും കൃത്യമല്ല, ശരിയല്ല, ബാധകമല്ല.
അതുകൊണ്ട് തന്നെ പരബ്രഹ്മം എന്ന ആത്യന്തികതയെ നിർഗുണഭാവത്തിൽ എന്ന് പോലും പറഞ്ഞുകൂടാ.
കാരണം, സഗുണമെന്നതും നിർഗുണമെന്നതും നമ്മുടെ ആപേക്ഷിക മാനത്തിൻ്റെ സങ്കല്പങ്ങളും വിശേഷണങ്ങളും ആണ്. വിപരീത ധ്രുവങ്ങളാണ്.
ഗുണം എന്നതുള്ളത് കൊണ്ടുണ്ടാവുന്ന വിപരീതമായ നിർഗുണമാണ് നാം പറയുന്ന നിർഗുണം.
അതിനാൽ, പരബ്രഹ്മം എന്ന യഥാർത്ഥ ദൈവം സഗുണവും നിർഗുണവും അല്ലാത്ത ഭാവത്തിൽ, അവസ്ഥയിൽ.
പരബ്രഹ്മം
ഒന്നിൻ്റെയും വിപരീത അവസ്ഥയല്ല.
പരബ്രഹ്മത്തിൻ്റെ കാര്യത്തിൽ നമ്മുടെ നിസ്സഹായതയെ ഭാഷയാക്കും പോലെ മാത്രം.
പരബ്രഹ്മം.
നമ്മുടെ സങ്കല്പങ്ങളും ഭാഷകളും അഭിസംബോധന രീതികളും തോറ്റുപോകുന്നിടത്ത്, തോറ്റുപോകുന്ന കോലത്തിൽ, ഭാവത്തിൽ.
*****
പരബ്രഹ്മം എന്ന
ആത്യന്തികത തന്നെയായതിനെ ഒന്നെന്നും, ഒന്നല്ലെന്നും, ഒന്നിലധികമെന്നും പറഞ്ഞുകൂടാ, വിശേഷിപ്പിച്ചു കൂടാ.
കാരണം, ഒന്ന് എന്നതും, ഒന്നിലധികം എന്നതും ഒന്നുമല്ല എന്നതുമൊക്കെ നമ്മുടെ ആപേക്ഷിക മാനവുമായി ബന്ധപ്പെട്ട, ആ മാനത്തിനുള്ളിലെ എണ്ണലും കൂട്ടലും കിഴിക്കലും ഒക്കെയായി ബന്ധപ്പെട്ട ആപേക്ഷിക സങ്കല്പവും മനസ്സിലാക്കലുമാണ്.
രണ്ടുണ്ടെങ്കിലുള്ള ഒന്നാണ് നാം പറയുന്ന ഒന്ന്. ഒന്ന് മാത്രമായാൽ ഒന്നുമില്ല.
ഭൂമി ഉളളത് കൊണ്ടുള്ള ആകാശം നമ്മുടെ ആകാശം. ആകാശം മാത്രമായാൽ ആകാശമില്ല. ആകാശമെന്ന വിളിയില്ല, ആകാശമെന്ന് വിളിക്കപ്പെടില്ല.
പരബ്രഹ്മം.
പരബ്രഹ്മമായ ദൈവത്തെ സർവ്വജ്ഞനെന്നും സർവ്വശക്തനെന്നും വിശേഷിപ്പിക്കുന്നത് പോലും ശരിയല്ല.
കാരണം, ശക്തി, ജ്ഞാനം എന്നതൊക്കെ നമ്മുടെ മാനത്തിനുള്ളിൽ നമുക്കാവശ്യമാകുന്ന കര്യങ്ങൾ, ഗുണങ്ങൾ.
നമ്മുടെ മാനത്തിന് തൊട്ടപ്പുറം പോലും അത്തരം സംഗതികളുണ്ടോ, വേണ്ടതുണ്ടോ എന്നത് പോലും നാമറിയില്ല.
അപ്പോഴാണോ എല്ലാ മാനങ്ങൾക്കും അപ്പുറത്തെ, എല്ലാ മാനങ്ങളും തന്നെയായതിൻ്റെ, പരബ്രഹ്മത്തിൻ്റെ, ദൈവത്തിൻ്റെ കാരൃം.
പരബ്രഹ്മത്തെ ആപേക്ഷിതയുടെ വിപരീതമായി, ആ നിലക്ക് ആത്യന്തിക മെന്ന് പറയുന്നത് പോലും ശരിയല്ല.
കാരണം, ആ നിലക്ക് വേർതിരിച്ച് അറിയാനാവുന്ന പറയാനാവുന്ന ആത്യന്തികത പോലുമല്ല പരബ്രഹ്മം.
****
പരബ്രഹ്മം.
എന്തെന്നും ഏതെന്നും ആരെന്നും എങ്ങനെയെന്നും ഇല്ലാതെ.
പരബ്രഹ്മം.
ഒന്നുമായി, ആരുമായി വിവരിക്കാനാവാതെ. വിശേഷിപ്പിക്കപ്പെടാനില്ലാതെ.
******
അതുകൊണ്ട് തന്നെ നോക്കൂ...
ഗുണങ്ങളും വിശേഷങ്ങളും ഇല്ലാത്ത പാബ്രഹ്മത്തിന് ആരാധനകളും ആരാധനാലയങ്ങളും ഇല്ലാതെ, ഉണ്ടാക്കാൻ സാധിക്കാതെ.
കാരണം, വിശേഷങ്ങളും ഗുണങ്ങളും ഇല്ലാത്തതിനെ, ഒരു ഗുണവും വിശേഷണവും പറയാൻ പറ്റാത്തവനെ എങ്ങിനെ എന്ത് വിളിച്ച് ആരാധിക്കും?
അതുകൊണ്ട് തന്നെ വിശേഷങ്ങളും ഗുണങ്ങളും ഇല്ലാത്ത പരബ്രഹ്മത്തിന്
എങ്ങിനെ എന്തിൻ്റെ പേരിൽ അസാധനാലയങ്ങൾ ഉണ്ടാക്കും?
*****
പരബ്രഹ്മം.
ഒന്നുമല്ലാതെ, എല്ലാമായി.
പരബ്രഹ്മം.
നാം നമ്മുടെ ആപേക്ഷിക മാനങ്ങളിൽ സങ്കല്പിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്ന ഒരു ഗുണവും വിശേഷണവും അഭിസംബോധന രീതിയും ഇല്ലാതെ, നൽകാതെ, നൽകാൻ സാധിക്കാതെ, ആവശ്യമില്ലാതെ.
പരബ്രഹ്മം
എങ്ങിനെയോ അങ്ങനെ.
എങ്ങിനെയൊക്കെ ആവുന്നുവോ അങ്ങനെയൊക്കെയായി?
പരബ്രഹ്മം.
ഒന്നും വേണ്ടാതെ,
ഒന്നിനെയും ആശ്രയിക്കാതെ.
വേണം വേണ്ട എന്നത് പോലും ഇല്ലാതെ.
പരബ്രഹ്മം.
നമ്മുടെ എല്ലാ അളവുകോലുകളും നിർവചനങ്ങളും വിശേഷണങ്ങളും അഭിസംബോധന രീതികളും പരാജയപ്പെടുന്നത്.
പരബ്രഹ്മം.
എന്തെങ്ങിനെ സങ്കല്പിച്ച് വിളിച്ച് വിശേഷിപ്പിച്ചാലും അഭിസംബോധന ചെയ്യാൻ ശ്രമിച്ചാലും അതിനെല്ലാം അപ്പുറത്ത്.
പരബ്രഹ്മം.
എല്ലാം ചേരും
എന്നാൽ ഒന്നും ചേരില്ല.
*****
ഭാരതീയ ദർശത്തിലും ദൈവിക സങ്കൽപങ്ങളിലും ഇനി നാം നമ്മുടെ ആപേക്ഷിക മാനങ്ങളിൽ നിന്ന് സങ്കല്പിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്ന ഗുണങ്ങളും വിശേഷണങ്ങളും അഭിസംബോധന രീതികളും ബാധകമാവുന്ന ദൈവീക സങ്കല്പങ്ങൾ നോക്കൂ.
സഗുണഭാവങ്ങളിൽ.
സഗുണമായ പേരുകളും വിശേഷണങ്ങളുമായി.
നോക്കൂ...
ബ്രഹ്മാവ്, വിഷ്ണു, ശിവൻ.
സൃഷ്ടി, സ്ഥിതി, സംഹാരം.
ആപക്ഷിക ലോകത്തെ അടിസ്ഥാനപരമായ മൂന്ന് ഗുണങ്ങൾ.
അങ്ങനെ അടിസ്ഥാനപരമായ മൂന്ന് ഗുണങ്ങൾ പറഞ്ഞും, അവയ്ക്ക് വെറും മൂന്ന് പുരുഷഭാവങ്ങൾ കൊടുത്തും തീരുന്നില്ല, നിർത്തുന്നില്ല.
അതിനുമപ്പുറം നമ്മുടെ ആപേക്ഷികമാനങ്ങളെയും അതിൽ വരുന്ന സങ്കല്പങ്ങളെയും വിശേഷണങ്ങളെയും സമതുലനം ചെയ്ത് തന്നെ സങ്കൽപ്പിക്കുന്നു.
സ്ത്രീയും പുരുഷനും ആയിത്തന്നെ.
ആപേക്ഷിക തയിലെ വിപരീതങ്ങളെ ഒരുമിപ്പിച്ച് കൊണ്ട്.
പകുതി പുരുഷനും പകുതി സ്ത്രീയുമായിത്തന്നെ.
അർദ്ധനാരീശ്വരം.
നോക്കൂ...
അതും എത്ര കൃത്യമായി, യുക്തിഭദ്രമായി.
സൃഷ്ടിക്ക് ബ്രഹ്മാവ്.
ശരി.
എന്നാൽ ആ സൃഷ്ടിക്ക് (അഥവാ ബ്രഹ്മാവിന്) എന്തിനും ഏതിനും എപ്പോഴും നിർബന്ധമായും കൂടെ വേണ്ടത് എന്താണ്?
അഥവാ, സർഗാത്മകമായ, സൃഷ്ടിപരമായ എന്തിനും ഏതിനും നിർബന്ധമായും എന്താണ് എപ്പോഴും കൂടെ വേണ്ടത്?
സർഗാത്മകമായ, സൃഷ്ടിപരമായ എന്തും നടക്കണമെങ്കിൽ നിർബന്ധമായും വേണ്ടത് എന്താണ്?
ബുദ്ധി, ജ്ഞാനം, വിവേകം.
അതേ, സരസ്വതി.
അതേ, അതാണ് സരസ്വതി.
പുരുഷൻ്റെ ബുദ്ധി സ്ത്രീ.
കൃത്യമായും സരസ്വതി.
പുരുഷനെ പണിയെടുക്കാനും സൃഷ്ടിപരനാക്കാനും സഹായിക്കുന്ന, നിർബന്ധിക്കുന്ന ഏക സംഗതി, പ്രേരകശക്തി സ്ത്രീ, സ്ത്രീയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ.
സ്ത്രീക്ക് തൻ്റെ സർഗാത്മകത (അഥവാ ആവശ്യങ്ങൾ) നടത്തിക്കിട്ടാനുള്ള വഴിയും ഉപകരണവും പുരുഷൻ.
*******
സ്ഥിതിക്ക് അഥവാ നിലനില്പിന്, ജീവിതത്തിന് വിഷ്ണു.
സ്ഥിതിക്ക് അഥവാ നിലനില്പിനും ജീവിതത്തിനും ( വിഷ്ണുവിന്) നിർബന്ധമായും കൂടെ വേണ്ടത് എന്താണ്?
അഥവാ, സ്ഥിതിയും ജീവിതവും നടക്കാൻ നിർബന്ധായും വേണ്ടത് എന്താണ്?
സമ്പത്ത്, പണം.
അതേ, അതാണ് ലക്ഷ്മി.
പുരുഷൻ്റെ സമ്പത്ത് സ്ത്രീയായിരിക്കണം.
പുരുഷൻ ജീവിക്കുന്നത് തന്നെ ആ സമ്പത്ത് തന്നെയായ സ്ത്രീക്ക് വേണ്ടിയായിരിക്കണം.
*****
സംഹാരത്തിന് ശിവൻ.
സംഹാരത്തിന് (ശിവന്) നിർബന്ധമായും കൂടെ വേണ്ടത് എന്താണ്?
ശക്തി.
അതേ അതാണ് പാർവതി.
ശക്തി ഇല്ലാത്ത ശിവൻ അഥവാ ശിവം ശവം.
സ്ത്രീ കാരണം, സ്ത്രീക്ക് വേണ്ടി പുരുഷൻ ഉണ്ടാക്കുന്നു, നശിപ്പിക്കുന്നു.
സ്ത്രീ ഇല്ലാത്ത പുരുഷൻ പുരുഷനല്ല.
ആ ശക്തി നേടാനും ആ ശക്തിക്ക് വേണ്ടിയും മാത്രം പുരുഷൻ ജീവിക്കുന്നു.
എതിരെ, വിപരീതമായി സ്ത്രീ ഉള്ളത് കൊണ്ട് മാത്രം പുരുഷൻ പുരുഷനാവുന്നു.
എതിരെ, വിപരീതമായി പുരുഷൻ ഉള്ളത് കൊണ്ട് മാത്രം സ്ത്രീ സ്ത്രീയാവുന്നു.
നോക്കൂ..
എല്ലാറ്റിലും സ്ത്രീ പകുതി.
എല്ലാറ്റിലും പുരുഷൻ പകുതി.
എല്ലാറ്റിനും സ്ത്രീ വേണം.
എല്ലാറ്റിനും പുരുഷൻ വേണം.
എല്ലാം സ്ത്രീയിലൂടെ,
സ്ത്രീക്ക് വേണ്ടി.
എല്ലാം പുരുഷനിലൂടെ,
പുരുഷന് വേണ്ടി
****
ഇനിയും നോക്കൂ..
ആപേക്ഷിക ലോകത്ത് ഗുണങ്ങളും വിശേഷണങ്ങളും ഒരു നൂറായിരം കോടികൾ.
എണ്ണിയാൽ തീരാത്തത്ര ഗുണങ്ങളും വിശേഷണങ്ങളും അതിനാൽ ദൈവത്തിനും.
അതുകൊണ്ട് തന്നെ ദൈവസങ്കല്പങ്ങളും ദൈവത്തിനുള്ള വിശേഷണങ്ങളും പേരുകളും അഭിസംബോധന രീതികളും എണ്ണിയാൽ തീരാത്തത്ര.
അതിനാൽ തന്നെ, ദേവദേവതകളും സഗുണഭാവങ്ങളിലുള്ള ദൈവസങ്കല്പങ്ങളും ഒരു നൂറായിരം കോടികൾ.
ഒരോരുവനും അവൻ്റെ സങ്കല്പവും ഊഹവും പോലെ, ആവശ്യം പോലെ.
ഓരോ ആവശ്യനിവാരണവും ഓരോ ദേവനിലൂടെ ഓരോ ദേവതയിലൂടെ. ഓരോ ഗുണങ്ങളെ സ്വായത്തമാക്കിക്കൊണ്ട്
എല്ലാ ഓരോ സംഗതിയും ദൈവത്തിൻ്റെ സഗുണഭാവം. ഓരോ ദേവൻ, ഓരോ ദേവി.
എല്ലാ ഓരോ സംഗതിയും ദൈവമെന്ന ആത്യന്തികതയുടെ, നിരാകാര നിർഗുണത്തിൻ്റെ ആപേക്ഷികമായ സഗുണഭാവം, ഗുണം, ബിംബം. ഓരോ ദേവൻ, ഓരോ ദേവി.
അങ്ങനെ ആപേക്ഷികമായ ഓരോ ഗുണവും ഓരോ ദേവൻ, ഓരോ ദേവത.
അങ്ങനെ നൂറായിരം കോടി ദേവന്മാരും ദേവതകളും.
അങ്ങനെ ആപേക്ഷിക ലോകത്തെ നിശ്ചയിക്കുന്ന , നിയന്ത്രിക്കുന്ന, അവയെ അവയാക്കുന്ന നൂറായിരം കോടി ദേവന്മാരും ദേവതകളും.
No comments:
Post a Comment