Thursday, September 15, 2022

ഇന്ന് വിവാഹത്തിൻ്റെ 23 വർഷങ്ങൾ തികയുന്നു....

ഇന്ന് 

വിവാഹത്തിൻ്റെ

23 വർഷങ്ങൾ തികയുന്നു....


******


ചിത്രങ്ങൾക്ക്

മനസില്ലെന്നാര് പറഞ്ഞു?


ചിത്രങ്ങൾക്ക് 

ജീവനില്ലെന്നും ആര് പറഞ്ഞു?


വെറും ചിത്രങ്ങൾ മാത്രമായ

ഈ രണ്ടു പേർ 

രണ്ട് ചിത്രങ്ങളായി, 

എന്നാൽ 

മനസറിഞ്ഞൊരുമിച്ച് 

ജീവിച്ചുവെന്നത് 

ചിത്രങ്ങൾക്ക് 

ജീവനും മനസ്സും

ഉണ്ടെന്ന തിരുത്ത്. 


ചിത്രം പോലെ

സുന്ദരമായി തെളിഞ്ഞ് നിന്ന

ഈ 23 വർഷങ്ങളും 

അതിന് സാക്ഷി.


സാക്ഷ്യം തന്നെ ജീവിതമായതും

23 വർഷങ്ങളായതും 

അതിന് സാക്ഷി. 


ജീവിതം തന്നെ

സുന്ദര ചിത്രമാകുന്ന

ജീവിതം 

അതിന് സാക്ഷി. 


ചിത്രത്തിൽ

കാണുന്നത് പോലെ

മരണമല്ലാത്ത ഒരറ്റമില്ലാത്ത

ജീവിതം തന്നെ

അതിന് സാക്ഷി.


ഇരുട്ടും വെളിച്ചവും

ആകാശവും ഭൂമിയും 

അവരുടെ ശ്വാസനിശ്വാസങ്ങൾ 

ഒരുമിപ്പിക്കുന്ന  

പെരുവഴി പോലെയായ 

ജീവിതം

അതിന് സാക്ഷി.


ആ പെരുവഴിയിൽ

കയറിയൊരുമിച്ച്

കൈപിടിച്ച് നടന്നുജീവിക്കാൻ 

തുടങ്ങിയ ഈ രണ്ട് പേരും

അതിന് സാക്ഷി.


അവരങ്ങനെ 

പരസ്പരവും അല്ലാതെയും 

നടന്നു തുടങ്ങിത്തുടർന്നിട്ട് 

ഇന്നേക്ക് 23 വർഷങ്ങൾ..... 


വിത്തിലെ മരവും

മരത്തിലെ വിത്തും ഒരുമിച്ച് 

ആകാശവും ഭൂമിയുമായി മാറിയ 

23 വർഷങ്ങൾ.....


മണ്ണും വിത്തും

മരവും വേരും

പിന്നെ ആകാശവും ഭൂമിയും

ഒന്നായൊരുമിച്ച് 

പെരുവഴിയുമായ

23 വർഷങ്ങൾ.....


ഒന്നുമറിയാത്തവർ

പരസ്പരം രണ്ടായി

മാറിനിന്നൊരുമിച്ച

വിവാഹജീവിതത്തിൻ്റെ

രാവും പകലും കലർന്ന 

23 വർഷങ്ങൾ തികയുന്ന 

ഈ ദിവസത്തിൻ്റെ

23 വർഷങ്ങൾ.....


ഒന്നുമില്ലാത്തവരായൊരുമിച്ച്,

എല്ലാമുള്ളവരായി ജീവിതം മാറ്റിയ,

മണ്ണ് പൊന്നായി മാറിയ, 

രണ്ട് പേരുടെ ഒന്നുമില്ലാത്ത

രസതന്ത്രത്തിൻ്റെ 

23 വർഷങ്ങൾ. 


എന്ത് കിട്ടി 

എന്നതിനപ്പുറം

കിട്ടിയതിൽ നിന്ന്

എന്തെടുത്തു, 

എങ്ങിനെയെടുത്തുവെന്നത് 

ജീവിതം രാവായി, പകലായി

വിജയിപ്പിച്ചതിൻ്റെ

23 വർഷങ്ങൾ. 


ജീവിതത്തിന് ജീവിതം

അസംസ്കൃത വസ്തുവായി,

ജീവിതം കൊണ്ട് 

ജീവിതം ചാലിച്ച്,

ഒരു ചുവർചിത്രം പോലെയായ 

സുന്ദര ജീവിതത്തിൻ്റെ

23 വർഷങ്ങൾ. 


അറിയാമെന്നാകിലും 

പരസ്പരമറിയാതെയും 

പരസ്പരമുള്ള കാൻവാസുകളായി, 

സർവ്വനിറങ്ങളും ഒരുമിച്ച് 

ഒരു നിറവും ഇല്ലാതായതിൻ്റെ

23 വർഷങ്ങൾ.


അറിയാതെ, 

അറിയായ്ക അറിവാക്കി, 

നിറങ്ങളെ നിറങ്ങൾ കൊണ്ട്

ഹരിച്ചും ഗുണിച്ചും

അങ്ങോട്ടുമിങ്ങോട്ടും

ചിത്രംവരച്ചതിൻ്റെ 

23 വർഷങ്ങൾ.


അവകാശപ്പെടാൻ 

ഒന്നുമില്ലാത്ത,

അവകാശവാദങ്ങൾ 

കാറ്റായി നിറച്ച് 

ബലൂണായി പൊക്കിയ 

ജീവിതത്തിൻ്റെ

23 വർഷങ്ങൾ.

  

കാറ്റത്തെ പൊടിപടലം പോലെ 

ഭാരമേതുമില്ലാതെ പാറിപ്പോകുമാറ്

ഒരു കാൻവാസിലും

ഒരു നിറത്തിലും ഒതുങ്ങാത്ത 

ജീവിതത്തിൻ്റെ 

23 വർഷങ്ങൾ.


പരസ്പരമൊട്ടും അറിഞ്ഞില്ല

എന്നത് ജീവിതത്തിൻ്റെ 

ഭാഷയും സൗന്ദര്യവുമായതിൻ്റെ 

23 വർഷങ്ങൾ.


കണ്ണടച്ചു നിന്ന്

സ്വയം കണ്ണാടികളായി,

കണ്ണാടികളിൽ പരസ്പരം 

ആരെന്നും എന്തെന്നും

അറിയാതെ പരസ്പരം 

പ്രതിബിംബിപ്പിച്ച 

23 വർഷങ്ങൾ.


അറിയുമെന്നിരിക്കെയും

അറിയുന്നില്ല,

പരസ്പരമറിയുന്നില്ലെന്നത്  

ഒരുമിച്ചുള്ള ജീവിതത്തിന് യോഗ്യതയാക്കിയ, 

അറിയായ്ക ഉണ്ടാക്കിയ പുതുമ 

മടുപ്പും ബോറടിയും ഒഴിവാക്കിയ 

രണ്ട് കണ്ണാടികളുടെ ഒരുമിച്ചുള്ള

23 വർഷങ്ങൾ.


രണ്ട് കണ്ണാടികളായിത്തന്നെ

സ്വാധീനിക്കാതെ, 

സ്വാധീനിക്കപ്പെടാതെ,

മുഖത്ത് കല വീഴ്ത്താതെ,

പരസ്പരം കാഴ്ചക്ക് 

തടസ്സമാവാതെ, 

ഹൃദയം പൊതിഞ്ഞു

കണ്ണുമിഴിച്ചു നിന്ന 

23 വർഷങ്ങൾ.


പരസ്പരമറിയായ്ക നൽകിയ 

അപരിചിതത്വവും പുതുമയും 

ധൈര്യമാക്കി 

ഒരുമിച്ചവർക്കിടയിലെ

സംരക്ഷണ ഭിത്തിയായി

ആ അപരിചിതത്വവും പുതുമയും 

സ്വയം മാറിയ 

23 വർഷങ്ങൾ.


അപരിച്ചിതതത്വവും പുതുമയും

ജീവിതത്തിലുടനീളം നൽകിയ 

കൗതുകവും ജിജ്ഞാസയും

ജീവിതത്തിൻ്റെ സൗന്ദര്യവും 

കണ്ണാടികളുടെ തെളിച്ചവുമായി മാറിയ 

23 വർഷങ്ങൾ.


ആ കൗതുകവും 

ജിജ്ഞാസയും

ജീവിതത്തിൻ്റെ വലിയ

ആയുധവും ശക്തിയും,

പിന്നെ സ്വാതന്ത്ര്യവും തന്നെയായ

23 വർഷങ്ങൾ.


പ്രതീക്ഷിക്കാതെ 

പ്രതീക്ഷിക്കാനില്ലാതെ

ഒന്നും പ്രതീക്ഷിക്കാനില്ലാത്തവർ 

ഇടവും വലവും നോക്കാതെ

വിഡ്ഢികളായി, 

അഭിനയിക്കാനില്ലാതെ 

പരസ്പരം ഒരുമിച്ചതിൻ്റെ 

23 വർഷങ്ങൾ.


തൊഴിലും കൂലിയും

സമ്പത്തും പാരമ്പര്യസ്വത്തും

ജീവിതം തന്നെയാക്കി, 

പിന്തുണയായി ജീവിതമല്ലാതെ 

മറ്റൊന്നുമില്ലാതെ തുടങ്ങിയ 

ഒരുമിച്ചുള്ള ജീവിതത്തിൻ്റെ

സമ്പന്നമായ 23 വർഷങ്ങൾ. 


മായാജാലം പോലെ, 

രാജകീയമായിത്തന്നെ

ഒന്നിനും ഒരു കുറവുമില്ലാതെ,

ഭാരമാവാതെ,

ആവശ്യത്തിലുമധികം 

പാറിപ്പറന്നാസ്വദിച്ച 

23 വർഷങ്ങൾ.


അധികാരമില്ലാത്ത

അധികാരികളായ

23 വർഷങ്ങൾ.


അധികാരം വേണ്ടാത്ത

രാജാവും രാജ്ഞിയുമായ

23 വർഷങ്ങൾ.


ചിരകില്ലാതെ 

ആകാശംമുട്ടെ 

തളരാതെ പറന്ന 

23 വർഷങ്ങൾ.


കൈകൾ മാത്രമല്ലാതെ

കയ്യിലെന്തെങ്കിലുമുണ്ടോ എന്ന് നോക്കാനറിയാതെ

പരസ്പരം സമ്പത്തായ,

വകയിലും വകുപ്പിലും

സമ്പത്തോ സമ്പാദ്യമോ

കണ്ടിട്ടില്ലാത്ത 

23 വർഷങ്ങൾ.


ജീവിതം മാത്രം പിന്തുണയായ, 

ജീവിതമല്ലാതൊന്നും 

കാണാതെ, ആഗ്രഹിക്കാതെ, 

നേടാതെ, കിട്ടാതെ 

തുടങ്ങി, ഒരുമിച്ച്, 

ജീവിച്ച്, ഇപ്പോഴായ

23 വർഷങ്ങൾ.


കൈകൾ മാത്രമല്ലാതൊന്നും 

കൈകളിലില്ലാതെ സമ്പന്നമായ

മൈനസ് ബാലൻസ് കൊണ്ട്  

ജീവിതം ശിഷ്ടമാക്കി 

തുടങ്ങിയ ജീവിതത്തിൻ്റെ

സമ്പന്നമായ 

23 വർഷങ്ങൾ.


മതിയെന്നത് സമ്പത്താക്കി,

സംതൃപ്തിയെന്നത് വിജയമാക്കി

ഒന്നുമില്ലാതെയും,

മതിയും സംതൃപ്തിയും കൊണ്ട് 

സമ്പന്നനായി ജിവിച്ച്,  

ഇതുവരെയെത്തിയ 

23 വർഷങ്ങൾ.


മാതാവും പിതാവും

തന്നെയല്ലാതെ

മാതൃ പിതൃ സ്വത്തിൻ്റെ

പിന്തുണ വേണ്ടാതെ,

കുടുംബവും പാരമ്പര്യവുമല്ലാതെ 

കുടുംബ പാരമ്പര്യ സ്വത്തിൻ്റെ 

കരുത്ത് കാണാതെ

ജീവിതം കൊണ്ട് ജീവിതത്തിൻ്റെ

കരുത്ത് നേടി ജീവിച്ച 

23 വർഷങ്ങൾ.


എങ്ങിനെ എങ്ങോട്ട് തിരിഞ്ഞാലും

സമൃദ്ധിയും സമ്പന്നതയും മാത്രം കൈമുതലായ വഴി പോക്കന്മാരുടെ

23 വർഷങ്ങൾ.


വഴിപോക്കരായി ജീവിച്ച

23 വർഷങ്ങളും 

മായാജാലം പോലുള്ള വർഷങ്ങൾ.


ജീവിച്ച 23 വർഷങ്ങളും 

കവിത പോലെ ജീവിച്ച

23 വർഷങ്ങൾ.

No comments: