Sunday, September 25, 2022

സഹിഷ്ണുത ഉണ്ടായാല്‍ മതം മതമല്ലാതാവും.

മതമെന്നും സഹിഷ്ണുതയെന്നും ഒരുമിച്ച് കൂട്ടിപ്പറയരുത്.

സഹിഷ്ണുത ഉണ്ടായാല്‍ മതം മതമല്ലാതാവും.

മതം ഉള്ളിടത്ത് സഹിഷ്ണുതയും ഉണ്ടാവില്ല. 

*******

അതുപോലെ തന്നെ മതമെന്നും സമാധാനമെന്നും ഒരുമിച്ച് കൂട്ടിപ്പറയരുത്.

സമാധാനം ഉണ്ടായാല്‍ മതം മതമല്ലാതാവും.

അസ്വസ്ഥതയും അസമാധാനവും കൂട്ടുപിടിച്ച്, പേടിയും കുറ്റബോധവും മാത്രം ഉണ്ടാക്കി വളരുന്നത് മതം.

മതം ഉള്ളിടത്ത് സമാധാനം ഉണ്ടാവില്ല. സമാധാനം ഉള്ളിടത്ത് മതവും ഉണ്ടാവില്ല. 

******

മതം പറയുന്ന, മതവിശ്വാസികള്‍ മതത്തില്‍ ഉണ്ടെന്ന് പറയുന്ന, സഹിഷ്ണുത വെറും അവകാശവാദവും അഭിനയവും മാത്രം.

മതത്തിന്റെതായ ലോകം ഒരുക്കിയെടുക്കുന്നത് വരെ മാത്രമുള്ള അവരുടെ അവകാശവാദവും അഭിനയവും.

അതുവരെ അസഹിഷ്ണുതയുടെ വിഷപ്പാമ്പുകള്‍ തണുത്തുറഞ്ഞ് ഉറങ്ങിക്കിടക്കും. 

തങ്ങളുടേതായ, മതത്തിന്റെതായ ലോകം ഒരുങ്ങിവന്നാല്‍ മതമാകുന്ന, മതവിശ്വാസികളാവുന്ന വിഷപ്പാമ്പുകള്‍ ഉണര്‍ന്നു പത്തിവിടര്‍ത്തും. വിഷം കുത്തും. അതുവരെ പോറ്റിവളര്‍ത്തിയ അന്യവിശ്വാസത്തിന്റെ കൈകളെ വരെ അത് കുത്തും. 

മതം അന്യവിശ്വാസികളില്‍ രാജ്യദ്രോഹവും രാജ്ദ്രോഹവും ചാരവൃത്തിയും ശത്രുതയും ആരോപിക്കും. 

തിന്മയും നാശവും ആരോപിക്കും.

അന്യവിശ്വാസമാകുന്ന നാശത്തിനേക്കാള്‍ ഉത്തമമായത് ആ നാശത്തെ നശിപ്പിക്കുന്ന കൊലയും ശിക്ഷയും എന്ന വിധിയും ന്യായവും ഉണ്ടാക്കി, ആടിനെ പേപ്പട്ടിയാക്കും മതം.

ഈ കാലത്തെ ഭരണകൂട ഭീകരതയുടെ ആദ്യകാല രൂപമാണ് മതഭീകരത. രണ്ട് കൂട്ടര്‍ക്കും ഒരേ ന്യായം, ഒരേ വിധി. 

*****

വിശ്വാസികള്‍ ഭീരുക്കളാണ്‌.

വിശ്വാസികളുടെ ഭീരുത്വമാണ് അവരുടെ ധീരതയും അക്രമവും ആയി മാറുന്നത്. അവർ ഭീരുത്വത്തെ അങ്ങിനെ അവതരിപ്പിക്കും. 

അതുകൊണ്ട്‌ തന്നെയാണ് വിശ്വാസികള്‍ അസഹിഷ്ണുക്കളും ആവുന്നത്.

അന്യവിശ്വാസം വൈറസ് പോലെ അവരില്‍ അനാരോഗ്യം ഉണ്ടാക്കുന്നു എന്ന ന്യായവും ഭീതിയും വെച്ച്, പറഞ്ഞ്‌ പ്രചരിപ്പിച്ച് കൊണ്ട്‌. 

യഥാര്‍ത്ഥത്തില്‍ അവരുടെ വിശ്വാസം അവരെ ഭീരുക്കളാക്കിയിരിക്കുന്നു, ഉള്ളുപൊള്ളയാക്കിയിരിക്കുന്നു എന്നത് വാസ്തവം. 

അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപകടത്തിലും അരക്ഷിതാവസ്ഥയിലും ആണ് അവരുടെ ദൈവവും മതവും നേതാക്കളും.

വിശ്വാസികള്‍ ദൈവത്തെയും മതത്തെയും നേതാക്കളെയും രക്ഷിക്കാന്‍ വേണ്ട യോദ്ധാക്കള്‍. പട്ടാളക്കാര്‍ രാജ്യത്തിനെന്ന പോലെ. 

വിശ്വാസികള്‍ അല്ലാത്ത വെറും മനുഷ്യരെ മുഴുവന്‍ അവർ ശത്രുദേശത്തെ പട്ടാളക്കാരെ പോലെ, ചാരന്മാരെ പോലെ കണ്ട്, വെറുക്കുന്നു, ആക്രമിക്കുന്നു, ഒറ്റുകൊടുക്കുന്നു.

എന്നാലോ അവരുടെ ദൈവവും നേതാക്കളും ഇക്കാലമത്രയും അവരെ രക്ഷിക്കുന്നുമില്ല.

******

ഇതൊക്കെ പറയാൻ ഇപ്പോൾ എന്ത് ന്യായം ??

ഇപ്പോഴെന്നല്ല എപ്പോഴും ന്യായം സംഭവിക്കുന്നു, സംഭവിച്ചു കൊണ്ടിരിക്കുന്നു ...

അതുകൊണ്ട്‌ തന്നെയാണ് എല്ലാവരേയും മതം മാറ്റാൻ ശ്രമിക്കുന്ന, സ്വന്തം മതത്തിലേക്ക് മറ്റുള്ളവരെ വീഴ്ത്താന്‍ പ്രബോധന പ്രചാരണങ്ങൾ നടത്തുന്ന, വിശ്വാസികള്‍ക്കും മതസംഘങ്ങൾക്കും സ്വന്തം മക്കളും അനുയായികളും മതം മാറിപ്പോകുമ്പോള്‍ ഉള്ളു പൊള്ളുന്നത്.

അന്യന്റെ അമ്മക്ക് മാത്രമല്ല സ്വന്തം അമ്മക്കും ഭ്രാന്ത് വരുമെന്നതാണ് ആ നിലക്ക് ഇങ്ങ് പാലാ ബിഷപ്പിന്റെ വരെ പേടി?

യേശുവിന്റെ സ്നേഹം മാത്രം പറയേണ്ട പാലാ ബിഷപ്പില്‍ വരെ അത് സംഭവിക്കുന്നു....

ലഹരിയെക്കാള്‍ വലിയ മനോനില തകര്‍ക്കുന്ന ലഹരിയായി മതം മാറുന്നു. 

ഇതും മേല്‍ പറഞ്ഞതുമായി എന്ത് ബന്ധം ..? 

ശബരിമല വിഷയത്തില്‍ ഇങ്ങ് കേരളത്തില്‍ വരെ നടന്നതും, വിശ്വാസത്തെ ചോദ്യം ചെയ്യുന്നവരെ കൊല്ലുമ്പോള്‍ നടക്കുന്നതും, അങ്ങനെ അവിശ്വാസികളെ ഒറ്റുകൊടുക്കുമ്പോള്‍ നടക്കുന്നതും എല്ലാം അത് തന്നെ. 

ദുബായില്‍ അങ്ങനെ ഒരാളെ ഒറ്റുകൊടുത്ത് ജയിലില്‍ അടച്ചു എന്നും കേട്ടു.

അതാത് രാജ്യത്തിന്റെ നിയമം എന്ന് പറഞ്ഞു തടി രക്ഷപ്പെടാന്‍ സാധിക്കും.

ഒരേയൊരു മതവും അതിലെ വിശ്വാസവും അസഹിഷ്ണുതയും രാജ്യനിയമം ആകുന്നതാണ് അപ്പോൾ പ്രശ്നം.

ഒരേയൊരു മതം മാത്രം ശരി, അത് മാത്രം അവസാനത്തെ ശരി എന്ന് പറയുന്ന മതം വെച്ച് മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതാണ് അപ്പോൾ പ്രശ്നം. 

*******

കപട/അന്ധവിശ്വാസികൾ അല്ലേ ഭീരുക്കൾ...???? 

പക്ഷെ, അങ്ങനെ ഒരു തരംതിരിവ് സാധ്യമല്ലല്ലോ?

മാത്രമല്ല, അങ്ങനെയൊരു തരംതിരിവ് വെച്ചാല്‍ ആര്, എവിടെ നില്‍ക്കും?

99.99 ശതമാനവും മറുപക്ഷത്ത് വരില്ലേ?

99.99 ശതമാനവും കപട/അന്ധ വിശ്വാസികൾ ആവില്ലേ? 

വിശ്വാസം എന്ന നിലയില്‍ അന്ധവിശ്വാസവും കപടവിശ്വാസവും അറിവില്ലായ്മയും മാത്രം നിലനില്‍ക്കുമ്പോള്‍ എങ്ങിനെ നമുക്ക് അങ്ങനെയൊരു തരംതിരിവ് സാധിക്കും?

ശബരിമല വിഷയത്തില്‍ ഇങ്ങ് കേരളത്തില്‍ വരെ നമ്മൾ അത് കണ്ടില്ലേ? 

രാമജന്മഭൂമിയും ഗോവധവും ഒക്കെ ഈ വലിയ രാജ്യത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നത് ആയതും അതുകൊണ്ടല്ലേ?

99.99 ശതമാനവും വിശ്വാസം എന്ന നിലയില്‍ അന്ധവിശ്വാസവും കപടവിശ്വാസവും അറിവില്ലായ്മയും കൊണ്ടുനടക്കുന്നവർ തന്നെയല്ലേ?

*****

No comments: