നിങ്ങളൊന്നറിയണം.
മാതാപിതാക്കളെ, അവർ നിങ്ങളെ നോക്കിയത് പോലെ, നിങ്ങൾക്ക് ശ്രദ്ധിക്കാൻ കഴിയില്ല.
ഇത് വെറും കാല്പനികതക്കപ്പുറത്തെ ചില വസ്തുതകൾ.
തളിരിലകളെ സംരക്ഷിക്കുന്നത് പോലെ, നിലനിർത്തുന്നത് പോലെ, ഒരു വൃക്ഷവും ഉണങ്ങിയ ഇലകളെ സംരക്ഷിക്കില്ല, നിലനിർത്തില്ല. ഒരു ജീവിത വൃക്ഷത്തിനും അത് സാധ്യമല്ല.
കാരണം, തളിരിലകൾക്ക് വളരാനുണ്ട്.
തളിരിലകളെ വളർത്തുന്ന വഴിയിൽ ജീവിതവൃക്ഷത്തിന് ജീവിതവൃക്ഷത്തെ തന്നെ വളർത്താനുണ്ട്.
ഉണങ്ങിയ ഇലകൾക്ക് വളരാനില്ല. ഇനിയങ്ങോട്ട് വൃക്ഷത്തെ വളർത്താനില്ല.
തളിരിലകൾ ജീവിതത്തിൻ്റെ തുടർച്ചയാണ്.
തളിരിലകൾ ജീവിതത്തിൻ്റെ തുടർച്ചക്ക് വേണ്ടതാണ്.
ഉണങ്ങിയ ഇലകൾ ഇനിയങ്ങോട്ട് ജീവിതത്തിൻ്റെ തുടർച്ചയല്ല, തുടർച്ചക്ക് പറ്റിയതല്ല.
അതിനാൽ ഓരോ വൃക്ഷത്തിനുമറിയാം.
ഉണങ്ങിയ ഇലകൾ കൊഴിയാനുള്ളത് മാത്രമെന്ന്.
ഉണങ്ങിയ ഇലകളെ പിടിച്ചുനിർത്തുക വൃക്ഷത്തിൻ്റെ ധർമ്മത്തിൽ പെട്ടതേയല്ലെന്ന്.
*****
അതുകൊണ്ട് തന്നെ നിങൾ ഒന്നുകൂടി അറിയണം.
കുഞ്ഞുങ്ങളെ അച്ഛനമ്മമാർ നോക്കിയത് പോലെ കുട്ടികൾക്ക് അച്ഛനമ്മമാരെ നോക്കാൻ സാധിക്കില്ല.
കുട്ടികൾ തളിരിലകളാണ്.
കുട്ടികൾക്ക് വളരാനുണ്ട്.
കുട്ടികളിലൂടെ ജീവിതത്തിന് വളരാനുണ്ട്.
കുട്ടികളെ കേന്ദ്രീകരിച്ച് ജീവിതത്തിനും ജീവിക്കുന്നവർക്കും ജീവിതത്തെ കേന്ദ്രീകരിച്ച് കുട്ടികൾക്കും പ്രതീക്ഷയും കൗതുകവും ജിജ്ഞാസയും സ്വപ്നങ്ങളും തനിയേ ഉണ്ടാവും, രൂപപ്പെടും.
അത് കുട്ടികളുടെ ഉമനീരിലായാലും മൂത്രത്തിലായാലും കൊച്ചുവർത്തമാനങ്ങളിലായാലും കുസൃതികളിലായാലും.
മാതാപിതാക്കൾക്കും പിന്നെ മറ്റാർക്കും കുട്ടികളിലും കുട്ടികളുടെതിലും വല്ലാതെ വെറുപ്പ് തോന്നില്ല.
കാരണം, ജീവിതം ജീവിതമാകാൻ വേണ്ട, തുടരാൻ വേണ്ട പ്രതീക്ഷയും കൗതുകവും ജിജ്ഞാസയും സ്വപ്നങ്ങളും കുട്ടികളിലാണ്; വൃദ്ധന്മാരിലല്ല.
അങ്ങനെയതുകൊണ്ട്, ജീവിതം കുട്ടികളെ രാജാക്കന്മാരായി ശ്രദ്ധിച്ച്, സംരക്ഷിച്ച് വളർത്തുന്നു.
ജീവിതം കുട്ടികൾക്ക് വേണ്ടി എന്ന് മാത്രമാകുന്നു.
കുട്ടികൾക്കുള്ള ശ്രദ്ധയിലും സുരക്ഷയിലുമാണ് ജീവിതം ജീവിതത്തിന് തന്നെയുമുള്ള വളർച്ചയും സുരക്ഷയും തന്നെ കാണുന്നത്.
കുട്ടികൾക്ക് വേണ്ടി ജീവിതം, അതിനാൽ ജീവിക്കുന്നവർ മുഴുവരും, സ്വയം അടിമകളാവുന്നു, അടിമവേല ചെയ്യുന്നു. അത്തരം അടിമത്വത്തിൽ ജീവിതവും ജീവിക്കുന്ന വരും അഭിമാനം കൊള്ളുന്നു.
കുട്ടികൾ ഉറങ്ങാൻ, കുട്ടികൾ ഉണ്ണാൻ, കുട്ടികൾ ചിരിക്കാൻ, കുട്ടികൾ പഠിക്കാൻ... ശ്രദ്ധിച്ച്, സൂക്ഷിച്ച് അടിമയായിത്തന്നെ ജീവിതം ജീവിതത്തെ വളർത്തുന്നു.
*****
വൃദ്ധന്മാർക്ക്, വൃദ്ധന്മാരായ അച്ഛനമ്മമാർക്ക് ഇനിയങ്ങോട്ട് തളരാൻ മാത്രമേയുള്ളൂ; വളരാനില്ല.
വളരാനില്ലാത്ത വൃദ്ധന്മാരിൽ ജീവിതമെന്ന സ്വാഭാവികത, സ്വാഭാവികമായും അല്പവും താൽപര്യം കാണിക്കില്ല. ഏറിയാൽ കൃത്രിമമായല്ലാതെ.
കണക്ക് കൂട്ടലുകൾ ഒഴിവാക്കാൻ വേണ്ട ഒരു കൃത്രിമബോധം ഉണ്ടാക്കിയും വെച്ചുമല്ലാതെ ജീവിതത്തിന് വൃദ്ധന്മാരെ ശ്രദ്ധിക്കുക സാധ്യമല്ല.
കാരണം, വൃദ്ധന്മാരെ കേന്ദ്രീകരിച്ച് പ്രതീക്ഷയും കൗതുകവും ജിജ്ഞാസയും സ്വപ്നങ്ങളും ഒരുനിലക്കും ഇല്ല, ഉണ്ടാവില്ല.
അതുകൊണ്ട് തന്നെ വൃദ്ധന്മാരുടെ തുപ്പലും മൂത്രവും കൊച്ചുവർത്തമാനങ്ങളും ആരിലും താല്പര്യമുണർത്തില്ല. മറച്ചുവെക്കുന്ന മടുപ്പും വെറുപ്പും മാത്രമല്ലാതെ.
ജീവിതം മുന്നോട്ട് നീങ്ങുന്നത് ഇത്തരം തീർത്തും സ്വാർത്ഥമായ പ്രതീക്ഷയും കൗതുകവും ജിജ്ഞാസയും സ്വപ്നങ്ങളും ഒപ്പം മടുപ്പും വെറുപ്പും വെച്ച് തന്നെ.
നിസ്വാർത്ഥതയെന്ന് നാം ഓമനപ്പേരിൽ വിളിക്കുന്ന, അല്ലങ്കിൽ നമുക്ക് ഓമനയായി തോന്നിപ്പോകുന്ന സംഗതി പോലും ജീവിതത്തിൻ്റെ വഴിയിൽ യഥാർഥത്തിൽ സ്വാർത്ഥത മാത്രമാണ്.
*****
അറിയണം.
കുട്ടികൾ ഉദയസൂര്യൻമാരെ പോലെ.
ഉടയസൂര്യന് ഉയർന്നുപൊങ്ങാൻ വലിയ ആകാശമുണ്ട്.
ഉദയസൂര്യന് ഉയർന്ന് നിൽക്കുന്ന ആകാശത്തെ കേന്ദ്രീകരിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ട്.
ഉദയസൂര്യനെ കേന്ദ്രീകരിച്ച് ആകാശത്തിനും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ട്.
അതുകൊണ്ട് തന്നെ ഉദയസൂര്യന്മാരെ ശ്രദ്ധിച്ചുപോകും, വളർത്തിപ്പോകും.
ഉദയസൂര്യന്മാർ കയറിപ്പോകുന്നുവെന്ന് ഉറപ്പ് വരുത്തിപ്പോകും.
അതിന് വേണ്ട സംഗതികൾ ഒരുക്കിപ്പോകും.
******
മാതാപിതാക്കൾ അസ്തമയസൂര്യന്മാർ.
അസ്തമയസൂര്യന്മാർക്ക് ഉയർന്നുപൊങ്ങാൻ വലിയ ആകാശമില്ല.
അതിനാൽ മാതാപിതാക്കളെ (വൃദ്ധന്മാരെ) കേന്ദ്രീകരിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ല.
അതുകൊണ്ട് തന്നെ മാതാപിതാക്കളെ ശ്രദ്ധിക്കാനും വളർത്താനും (മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ ആയത് പോലെ) കുട്ടികൾക്കാവില്ല.
അതിനുള്ള താൽപര്യം വല്ലാതെ തോന്നില്ല.
അപ്പോഴേക്കും മക്കൾക്ക്, മക്കൾക്കിടയിൽ കണക്ക് വരും, മടുപ്പ് വരും.
തീർത്തും സ്വാഭാവികമായ വസ്തുത മാത്രം ഇത്.
കുട്ടികളെ വളർത്തുമ്പോൾ ഒരു കണക്കും കാര്യവും മാതാപിതാക്കൾക്കില്ല, അവർ കണക്ക് നോക്കില്ല.
തങ്ങൾക്കുള്ളതും വേണ്ടെന്ന് വെച്ച് മാതാപിതാക്കൾ മക്കളെ നോക്കും. നോക്കിപ്പോകും.
ജീവിതം വളരാനും തുടരാനും സ്വയം ഒരുങ്ങി ആഗ്രഹിക്കുന്നു എന്നതിനാൽ
അതേസമയം, മാതാപിതാക്കളെ ശുശ്രൂഷ നടത്തേണ്ടി വരുമ്പോൾ മക്കൾക്ക് കണക്ക് വരും.
കുട്ടികൾ അവരുടെ കുട്ടികൾക്കുള്ളത് മാറ്റിവെച്ച് മാത്രം നോക്കും...
കാരണം മറ്റൊന്നല്ല.
കുട്ടികളായമക്കളുടെ ശ്രദ്ധ അവരുടെ മക്കളിലേക്ക് (പുതിയ തളിരിലകളിലേക്ക്, പുതിയ ഉദയസൂര്യന്മാരിലേക്ക്) പോകും.
ഇതിനപ്പുറം സംഭവിക്കണമെങ്കിൽ...
ശക്തമായ നിയമം വേണ്ടിവരും.
കൃത്രിമ മനഃശാസ്ത്രം തന്നെ ഉണ്ടാക്കേണ്ടി വരും.
മതവും ധാർമ്മികതയും സഹതാപവും സ്വർഗ്ഗനരകവും മനസ്സാക്ഷിയും എല്ലാം കൂട്ടിക്കലർത്തി ഉണ്ടാക്കുന്ന ഉപദേശനിർദേശങ്ങൾ നൽകി ഉണ്ടാക്കുന്ന ഒരു പ്രത്യേകതരം നിയമവും മനഃശാസ്ത്രവും.
ഇത് ടി എസ് സുമേഷ് എന്ന സുഹൃത്തിനോട് സന്ദർഭവശാൽ പറയാനിടവന്നതും പറയാൻ തോന്നിയതും.
No comments:
Post a Comment